
ഷാര്‍ജ: അക്ഷരങ്ങളെ നെഞ്ചേറ്റിയ ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയ്ക്ക് എക്‌സ്പോ സെന്ററില്‍ തിരശ്ശീലവീണു. 11 ദിവസത്തെ മേളയില്‍ ലക്ഷക്കണക്കിന് ആളുകള്‍ക്കാണ് അക്ഷരനഗരി ആതിഥ്യമരുളിയത്. സമാപനദിവസമായ ഞായറാഴ്ച മേളയില്‍ സന്ദര്‍ശക ബാഹുല്യമായിരുന്നു. പ്രിയപ്പെട്ട എഴുത്തുകാരുടെ പുസ്തകങ്ങള്‍ സ്വന്തമാക്കാനായി മലയാളി കുടുംബങ്ങള്‍ മേളയിലേക്കൊഴുകിയെത്തി. മലയാളികള്‍ പുസ്തകമേളയില്‍ ഒന്നിച്ചുകൂടിയും സെല്‍ഫിയെടുത്തും ഇഷ്ടപ്പെട്ട എഴുത്തുകാരോടൊപ്പം ഫോട്ടോയെടുത്തും ആഘോഷമാക്കുകയിരുന്നു.
ഈമാസം ആറിന് യു.എ.ഇ. സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയായിരുന്നു അക്ഷരമേള ഉദ്ഘാടനം ചെയ്തത്. തുടക്കം ഒരു പുസ്തകം എന്നതായിരുന്നു മേളയുടെ പ്രമേയം. വായനോത്സവത്തിന്റെ അനുബന്ധമായി ഒട്ടേറെപരിപാടികളും സംഘടിപ്പിച്ചു. മേളയുടെ ഏഴാം നമ്പര്‍ പവിലിയനിലായിരുന്നു ഏറ്റവുംകൂടുതല്‍ സന്ദര്‍ശകരെത്തിയത്. മാതൃഭൂമി ബുക്‌സ് അടക്കമുള്ള മലയാളി പ്രസാധകരില്‍നിന്ന് ഇഷ്ടകൃതികള്‍ സ്വന്തമാക്കാന്‍ തിരക്കനുഭവപ്പെട്ടു.
മേള സന്ദര്‍ശിച്ച മലയാളത്തിലെ എഴുത്തുകാരും രാഷ്ട്രീയനേതാക്കളും ജനപ്രതിനിധികളും പ്രസാധകരുടെ സ്റ്റാളുകള്‍ സന്ദര്‍ശിച്ചു. പുസ്തകങ്ങള്‍ക്ക് പ്രത്യേക വിലക്കിഴിവുണ്ടായി. എസ്.കെ. പൊറ്റെക്കാട്ട്, കാരൂര്‍, ഒ.വി. വിജയന്‍, ലളിതാംബികാ അന്തര്‍ജനം, എന്‍. മോഹനന്‍, വൈക്കം മുഹമ്മദ് ബഷീര്‍, മാധവിക്കുട്ടി എന്നിവരുടെ കൃതികള്‍ക്കെല്ലാം പതിവുപോലെ മേളയില്‍ ആവശ്യക്കാരുണ്ടായിരുന്നു. എം.ടി. വാസുദേവന്‍ നായര്‍, എന്‍.എസ്. മാധവന്‍, പെരുമ്പടവം ശ്രീധരന്‍ തുടങ്ങിയവരുടെ എഴുത്തുകള്‍ക്കും ആരാധകരേറെയായിരുന്നു. കുട്ടികളുടെ എഴുത്തുകള്‍തേടിയും ആളുകളെത്തി.
മേളയില്‍ അറബ് പ്രസാധകര്‍ക്കും ഇന്ത്യന്‍ വായനക്കാരുണ്ടായി. സ്‌കൂള്‍ വിദ്യാര്‍ഥികളും ദിനംപ്രതി മേളയിലെത്തുകയും ഇഷ്ടവായനകള്‍ തിരഞ്ഞെടുക്കുകയും ചെയ്തു. മേളയിലെ ഏറ്റവും പ്രത്യേകത പുതിയപുസ്തകങ്ങളുടെ പ്രകാശനമായിരുന്നു. അഞ്ചുവയസ്സുകാരുടെ പുസ്തകങ്ങള്‍ മുതല്‍ റൈറ്റേഴ്‌സ് ഫോറത്തില്‍ പ്രകാശനംചെയ്തു. കേരളത്തില്‍ നിന്നെത്തിയ രാഷ്ട്രീയ നേതാക്കളും ജനപ്രതിനിധികളും തങ്ങളുടെ ഏറ്റവും പുതിയപുസ്തകങ്ങള്‍ പ്രകാശനം നടത്തി.
മാതൃഭൂമി ബുക്‌സ് സ്റ്റാളില്‍ സുഭാഷ് ചന്ദ്രന്‍, വിനോദ് കോവൂര്‍, ആര്യാടന്‍ ഷൗക്കത്ത് തുടങ്ങിയവരും തങ്ങളുടെ പുസ്തകങ്ങള്‍ ഒപ്പിട്ടുനല്‍കി. വായന കൂടുതല്‍ ജീവിക്കുകയാണെന്ന് ഓര്‍മ്മിപ്പിക്കുംവിധമായിരുന്നു ഈ വര്‍ഷവും ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തിന് സമാപനമായത്.
ചര്‍ച്ചകളും ഒത്തുകൂടലുമായി ഇന്ത്യന്‍ അസോ. സ്റ്റാളും
ചര്‍ച്ചകളും പുസ്തക അവലോകനങ്ങളുമായി സജീവമായിരുന്നു മേളയുടെ ഭാഗമായുള്ള ഇന്ത്യന്‍ അസോസിയേഷന്‍ സ്റ്റാളും. ഒട്ടേറേ പ്രമുഖര്‍ അസോസിയേഷന്‍ സ്റ്റാള്‍ സന്ദര്‍ശിച്ച് ചര്‍ച്ചകളില്‍ പങ്കെടുത്തു. ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ഥികളെത്തി കഥ, കവിതാവതരണവും നടത്തി. എം.പി.മാരായ ഇ.ടി. മുഹമ്മദ് ബഷീര്‍, എം.പി. അബ്ദുസമദ് സമദാനി, മുന്‍ എം.പി.മാരായ കെ.മുരളീധരന്‍, ടി.എന്‍. പ്രതാപന്‍ തുടങ്ങിയവരും ഇന്ത്യന്‍ അസോസിയേഷന്‍ സ്റ്റാള്‍ സന്ദര്‍ശിച്ചു. കേരളത്തിലെ കോളേജ് അലംനൈ അസോസിയേഷനായ അക്കാഫ് അസോസിയേഷന്‍ സ്റ്റാളും മേളയില്‍ പ്രവര്‍ത്തിച്ചു. സ്റ്റാളില്‍ പുസ്തക പ്രദര്‍ശനങ്ങളുമുണ്ടായി.
വിഭാഗീയതയ്‌ക്കെതിരേ പ്രതികരിക്കുന്നവര്‍ എഴുത്തുകാര്‍ മാത്രമെന്ന് റഫീഖ് അഹമ്മദ്
ഷാര്‍ജ: കേരളത്തിലെ വിഭാഗീയതക്കെതിരെയും സ്വേച്ഛാധിപത്യ പ്രവണതകള്‍ക്കെതിരെയും ശബ്ദം ഉയര്‍ത്തുന്നത് എഴുത്തുകാര്‍ മാത്രമെന്ന് കവി റഫീഖ് അഹമ്മദ് പറഞ്ഞു. എന്നാല്‍ ക്ഷോഭിച്ചതുകൊണ്ടോ അട്ടഹസിച്ചതുകൊണ്ടോ കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. പുസ്തകമേളയിലെ കാവ്യസന്ധ്യയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എഴുത്തിനെ ശ്രദ്ധിക്കുന്ന സമൂഹമല്ല ഇന്നുള്ളത്. കവിത മുദ്രാവാക്യരീതിയില്‍ എഴുതേണ്ട ഒന്നല്ല. സാമൂഹികമാധ്യമങ്ങള്‍ ഉള്‍പ്പെടെയുള്ള മാര്‍ഗങ്ങളിലൂടെ പ്രതികരിക്കാന്‍ ഇപ്പോള്‍ അവസരമുണ്ട്.
കവിതയെ ആരും ഗൗരവത്തിലെടുക്കുന്നില്ല. 'ഇടുങ്ങിയ ആകാശം' എന്ന് പറയുമ്പോള്‍ മുകളിലേക്കാണ് നോക്കുന്നത്. മനസ്സിലേക്ക് ആരും നോക്കുന്നില്ലെന്നും റഫീഖ് അഹമ്മദ് വിമര്‍ശിച്ചു.
അനുഭവമില്ലാതെ കവിതയില്ലെന്ന് പി.പി. രാമചന്ദ്രന്‍
ഷാര്‍ജ: സത്യം അതേപടി പകര്‍ത്തിയാല്‍ പോലും കവിതയാവുന്ന കാലമാണിതെന്ന് കവി പി.പി. രാമചന്ദ്രന്‍ അഭിപ്രായപ്പെട്ടു. അനുഭവംതന്നെയാണ് കവിതയുടെ ആദ്യ ഹേതുവും ബീജവും. വിണ്ണില്‍ നിന്നെടുക്കുന്ന ഭസ്മംകൊണ്ട് കവിത ഉണ്ടാക്കാനാവില്ല, കാല്‍വെച്ച മണ്ണില്‍നിന്നാണ് കവിത ഉണ്ടാവുന്നതെന്നും അദ്ദേഹം പറഞ്ഞു.
2014-ല്‍ ഡല്‍ഹിയില്‍ കവി സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പോയപ്പോള്‍ കണ്ട അണ്ണാന്റെ തൊഴുകൈ നില്‍പ്പ് ഗുജറാത്തിലെ അന്‍സാരിയുടെ കൈകൂപ്പിയുള്ള നില്‍പ്പിനെയാണ് ഓര്‍മ്മിപ്പിച്ചത്. അങ്ങനെയാണ് 'തൊഴുകൈ' എന്ന കവിത എഴുതിയത്.
ആരെങ്കിലും ആവശ്യപ്പെട്ടാല്‍ വിവര്‍ത്തനം ചെയ്യാറില്ലെന്നും കവിതയെ തന്റെ കൂടി ഭാഗമാക്കുന്നതിനാണ് വിവര്‍ത്തനമെന്നും പി.പി. രാമചന്ദ്രന്‍ പറഞ്ഞു.
Content Highlights: sharjah international book fair 2024
Published: 18 Nov 2024, 09:07 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented