കേളു എട്ടന്‍ പഠനഗവേഷണ കേന്ദ്രം സംഘടിപ്പിച്ച സെമിനാറില്‍ കേരള സാഹിത്യ അക്കാദമി പ്രസിഡണ്ട് കെ. സച്ചിദാനന്ദന്‍ ഫാസിസത്തെക്കുറിച്ച് നടത്തിയ പ്രഭാഷണത്തില്‍ നിന്ന്.
നമ്മുടെ പ്രധാനമന്ത്രിയെക്കുറിച്ചുള്ള പ്രകീര്‍ത്തനങ്ങളുടെ ആദ്യവാചകം അദ്ദേഹത്തിന്റെ നെഞ്ചിന്റെ അളവിനെക്കുറിച്ചുള്ളതാണ്. നെഞ്ചളവിനെക്കുറിച്ചുള്ള പുരുഷത്വാഹങ്കാരം എല്ലാ കാലത്തും ഫാസിസ്റ്റുകള്‍ക്കുണ്ടായിരുന്നു. വളരെ പൊക്കം കുറഞ്ഞ, തീര്‍ത്തും ദുര്‍ബലനായ ഒരാളായിരുന്നു ഹിറ്റ്‌ലര്‍. ഹിറ്റ്‌ലറെ പ്രകീര്‍ത്തിച്ച് ഏറ്റവും വലിയ നേതാവാക്കി, ആര്‍ക്കും നേരിടാന്‍ കഴിയാത്ത, അതിശക്തനായ ഒരാളാക്കി മാറ്റിയത് ഹിറ്റ്‌ലറുടെ അനുയായികളായ നാസികളായിരുന്നു. മാനസികമായി വളരെ ദുര്‍ബലരായ ആളുകളാണ് പുറമേയുള്ള ശക്തിപ്രകടനത്തിനു കൂടുതലായും മുതിരുന്നത്. പുരുഷാധിപത്യത്തിന്റെ ഒരു പ്രകടനം കൂടിയാണത്. അത്തരത്തില്‍ ഒരു സമൂഹത്തില്‍ സ്ത്രീകള്‍ രണ്ടാം തരം പൗരന്മാരായിരിക്കും. മറ്റ് തരത്തിലുളള ലൈംഗികോന്മത്തമുള്ളവര്‍ മൂന്നാം തരം പൗരന്മായിരിക്കും. വെറും പുരുഷത്വ പ്രകീര്‍ത്തനങ്ങളല്ലാതെ ഇവര്‍ ഹിറ്റ്‌ലറുടെ കാലത്തുണ്ടായതുപോലെ തങ്ങളുടെ നേതാവിനെക്കുറിച്ച് കഥകളുണ്ടാക്കി പ്രചരിപ്പിക്കും.
ഞാന്‍ വടക്കേഇന്ത്യയില്‍ ഒരുപാട് കാലം ജീവിച്ചതുകൊണ്ട് ഇന്നത്തെ പ്രധാനമന്ത്രിയെക്കുറിച്ച് പ്രചരിപ്പിക്കപ്പെട്ട ധാരാളം കഥകള്‍ കേള്‍ക്കാനുള്ള അവസരം ലഭിച്ചിട്ടുണ്ട്. കുട്ടിക്കാലത്ത് അദ്ദേഹം ചെയ്ത വീരകൃത്യങ്ങളെക്കുറിച്ച് പുസ്തകങ്ങള്‍ വരെ വന്നിട്ടുണ്ട്. സിംഹത്തിന്റെ വായില്‍ വിരലിടുന്നതോ ആനയെ വിരട്ടിയോടിക്കുന്നതോ ആയ മഹാചിത്രകഥകള്‍ മോദിയുടെ കുട്ടിക്കാലത്തെക്കുറിച്ച് പ്രചരിപ്പിക്കപ്പെട്ടിട്ടുണ്ട്. ഈ ചിത്രകഥകളിലൂടെ അദ്ദേഹം ഒരു മഹാപുരുഷനായി അവതരിപ്പിക്കപ്പെടുകയും ഇത് ക്രമേണ സാധാരണ ജനങ്ങളുടെ അബോധത്തിലേക്ക് സഞ്ചരിക്കുകയും ചെയ്യുന്നതാണ് നമ്മള്‍ കാണുന്നത്. അടുത്തകാലത്ത് ഞാന്‍ എഴുതിയ റോബിന്‍സണ്‍ ക്രൂസോ എന്ന കഥയില്‍ പ്രതീകാത്മകമായി ഇത്തരത്തിലുള്ള വീരാപദാനങ്ങളെക്കുറിച്ച് സൂചിപ്പിച്ചിട്ടുണ്ട്.
ഈ രീതിയിലുള്ള അപദാനങ്ങളെ, കൃത്രിമമായ കഥകളിലൂടെ നേതാവിന്റെ ശക്തിയെക്കുറിച്ചുള്ള അന്ധവിശ്വാസം പ്രചരിപ്പിക്കുക എന്നതും ഫാസിസത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട സ്വഭാവങ്ങളില്‍ ഒന്നാണ്. അതിന്റെ കൂടെ വരുന്നതാണ് മരണത്തിന്റെ ആരാധന. ഫലാഞ്ചിസ്റ്റുകള്‍ എന്നുപറയുന്ന സ്പാനിഷ് ഫാസിസ്റ്റുകളുടെ പ്രധാനപ്പെട്ട മുദ്രാവാക്യം മരണം വിജയിക്കട്ടെ എന്നതായിരുന്നു. കാരണം സ്വയം മരണം വരിക്കാന്‍ ഞങ്ങള്‍ തയ്യാറാണ് അതുകൊണ്ടുതന്നെ നിങ്ങളെ കൊല്ലാനുള്ള അധികാരവുമുണ്ട് എന്നതാണ് ഫാസിസ്റ്റുകളുടെ പൊതുവായ വാദം. ഞങ്ങള്‍ മരിക്കാന്‍ തയ്യാറാണെങ്കില്‍ ഞങ്ങള്‍ക്കുവേണ്ടി നിങ്ങളും മരിക്കാന്‍ തയ്യാറാവണം എന്ന വാദം എല്ലാ ഫാസിസങ്ങള്‍ക്കും പൊതുവായ സ്വഭാവങ്ങളില്‍ ഒന്നാണ്.
ഈ രീതിയില്‍ പലതരത്തില്‍ തങ്ങളുടെ പദ്ധതികളെ നീതിവത്ക്കരിച്ചുകൊണ്ടാണ്, അതായത് തങ്ങളുടെ ന്യായങ്ങള്‍ കണ്ടെത്തിക്കൊണ്ടാണ്, എല്ലാ കാലത്തും സമഗ്രാധിപത്യം, ഏകാധിപത്യം അല്ലെങ്കില്‍ ഫാസിസം മുന്നേറിയിട്ടുള്ളത്. അവര്‍ക്കാവശ്യം ഏകശിലാരൂപമായ ഒരു ജനതയെയാണ്. ഒരേ മതത്തില്‍ വിശ്വസിക്കുന്ന, ഒരേ രീതിയില്‍ എല്ലാ കാര്യങ്ങളെയും കാണുന്ന, ഒരേ വംശത്തില്‍ പെട്ട, ഒരേ ദൈവങ്ങളെ ആരാധിക്കുന്ന, ഒരേ ഭാഷയില്‍ സംസാരിക്കുന്ന ഒരു ജനതയെയാണ് ആവശ്യം. കാരണം അത്തരമൊരു ജനതയെയാണ് എളുപ്പത്തില്‍ അവര്‍ക്ക് കീഴ്‌പ്പെടുത്താന്‍ കഴിയുക. അവര്‍ക്കാവശ്യം ഒരു പൗരസമൂഹത്തെയല്ല, അവര്‍ക്കാവശ്യം പ്രജകളെയാണ്. പ്രജ, പൗരന്‍ എന്നീ രണ്ട് വാക്കുകള്‍ വളരെ വ്യത്യസ്തങ്ങളായ അര്‍ഥങ്ങള്‍ ഉദ്പാദിപ്പിക്കുന്നവയാണ്.
രാജാക്കന്മാരുടെ കാലത്ത് നാം ജനങ്ങളെക്കുറിച്ച് പറയാന്‍ ഉപയോഗിച്ച വാക്കാണ് പ്രജ. ജനാധിപത്യത്തില്‍ പ്രജകളില്ല, പൗരന്മാരേയുള്ളൂ. അവകാശങ്ങളും ചുമതലകളുമുള്ള ഭരണഘടനയാല്‍ നിര്‍വചിക്കപ്പെട്ട എല്ലാ സ്വാതന്ത്ര്യങ്ങളുമുള്ള പൗരന്മാര്‍ ആണ് ജനാധിപത്യത്തിലുള്ളത്. പൗരന്മാരെ പ്രജകളാക്കുന്ന പ്രക്രിയയാണ് അമിതാധികാര പ്രയോഗത്തിലൂടെ എല്ലാ ഫാസിസ്റ്റുകളും നടത്തിപ്പോന്നിട്ടുള്ളത്. അതുകൊണ്ടുതന്നെ സൈന്യത്തെ ആരാധിക്കുക, ശക്തിയെ ആരാധിക്കുക, പലപ്രശ്‌നങ്ങള്‍ക്കും ലളിതമായ പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുകയും ആ പരിഹാരങ്ങള്‍പോലും നടപ്പിലാക്കാതിരിക്കുകയും ചെയ്യുക എന്നതെല്ലാം ഫാസിസ്റ്റ് ഭരണകൂടത്തിന്റെ പ്രധാനപ്പെട്ട സ്വഭാവങ്ങളായി മാറുന്നു.
Content Highlights: Satchidanandan, Narendra Modi, Prime Minister, Mathrubhumi
Published: 15 Sept 2023, 05:11 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented