ചേര്‍പ്പ്: പെരുവനം പൈതൃകഗ്രാമം കേന്ദ്രീകരിച്ചുള്ള ആദ്യത്തെ ദേശാന്തര ഗ്രാമോത്സവം എന്‍.വി. കൃഷ്ണവാരിയരുടെ ഞെരുവുശ്ശേരിയിലെ തറവാട്ടുമുറ്റത്ത് അക്ഷരോത്സവത്തോടെ തുടങ്ങി. ആചാര്യസ്മൃതിക്കുശേഷം 'എന്‍.വി. കൃഷ്ണവാരിയരുടെ സാഹിത്യലോകം' എന്ന വിഷയത്തില്‍ സെമിനാര്‍ നടന്നു. എന്‍.വി. സ്മാരക ട്രസ്റ്റ് പ്രസിഡന്റ് കെ.വി. രാമകൃഷ്ണന്‍ അധ്യക്ഷനായി.

To advertise here,

'എന്‍.വി.യും ലിപിപരിഷ്‌കരണവും' എന്ന വിഷയത്തില്‍ ഡോ. വേണുഗോപാലപ്പണിക്കരും 'ഭാഷാപരിഷ്‌കരണം' എന്ന വിഷയത്തില്‍ ഡോ. എം.ആര്‍. രാഘവവാരിയരും 'കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടും ഭാഷാപരിഷ്‌കരണവും' എന്ന വിഷയത്തില്‍ ഡോ. പി. പവിത്രനും പ്രസംഗിച്ചു. എം. മുകുന്ദന്റെ സാന്നിധ്യത്തില്‍ എം.ടി. അടക്കമുള്ളവരുടെ പുസ്തകങ്ങള്‍ പ്രകാശനം ചെയ്തു. എന്‍.വി. രാധാകൃഷ്ണന്‍ പ്രസംഗിച്ചു.

ഉച്ചയ്ക്കുശേഷം ചേര്‍പ്പ് സി.എന്‍.എന്‍. ബോയ്‌സ് ഹൈസ്‌കൂളില്‍ നടന്ന ചടങ്ങില്‍ രാജ്യത്തെ ആദ്യ വനിതാ ഐ.പി.എസ്. ഉദ്യോഗസ്ഥയും പുതുച്ചേരി മുന്‍ ലെഫ്റ്റനന്റ് ഗവര്‍ണറുമായ കിരണ്‍ ബേദിയെ സ്റ്റുഡന്റ് പോലീസ് ഗാര്‍ഡ് ഓഫ് ഹോണര്‍ നല്‍കി ആദരിച്ചു. തുടര്‍ന്ന് അവര്‍ കുട്ടികളുമായി സംവദിച്ചു. മുന്‍ യു.എസ്. അംബാസഡര്‍ ടി.പി. ശ്രീനിവാസന്‍, പ്രവീണ്‍ പരമേശ്വരന്‍, സര്‍വമംഗള ചെയര്‍മാന്‍ ഡോ. അജയ്യകുമാര്‍, ജനറല്‍ കണ്‍വീനര്‍ രാജീവ് മേനോന്‍, ക്യൂറേറ്റര്‍ കേളി രാമചന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.

സാംസ്‌കാരികസമ്മേളനം കിരണ്‍ ബേദി ഉദ്ഘാടനം ചെയ്തു. പെരുവനത്തിന്റെ സാംസ്‌കാരികഭൂപടം ഡോ. ടി.പി. ശ്രീനിവാസന്‍, മുകേഷ് കപില എന്നിവര്‍ ചേര്‍ന്ന് അനാച്ഛാദനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സുജിഷ കള്ളിയത്ത് അധ്യക്ഷയായി. മാതൃഭൂമി സീനിയര്‍ ന്യൂസ് എഡിറ്റര്‍ എം.കെ. കൃഷ്ണകുമാര്‍, വൈദ്യരത്‌നം മാനേജിങ് ഡയറക്ടര്‍ ഡോ. ഇ.ടി. നീലകണ്ഠന്‍ മൂസ്സ്, ഡോ. സി.വി. കൃഷ്ണന്‍, വാര്‍ഡംഗം വേണുഗോപാലമേനോന്‍, ശ്രുതി ശ്രീശങ്കര്‍ എന്നിവര്‍ പങ്കെടുത്തു.

പിന്നണിഗായകനും സംഗീതസംവിധായകനുമായ സുദീപ് പാലനാടും ഭദ്ര രജിനും അവതരിപ്പിച്ച സംഗീതവിരുന്ന്, പെരുവനം കുട്ടന്‍ മാരാര്‍ നയിച്ച പാണ്ടിമേളം എന്നിവയും നടന്നു. കലാസാംസ്‌കാരിക സംഘടനയായ സര്‍വമംഗള ട്രസ്റ്റ്, മാതൃഭൂമി, എന്‍.വി. സ്മാരക ട്രസ്റ്റ് എന്നിവരാണ് പെരുവനം ഗ്രാമോത്സവത്തിന്റെ സംഘാടകര്‍.