ഇന്ത്യയിലെ ആദ്യ വനിതാ ഐ.പി.എസ്. ഓഫീസര്‍, ആക്ടിവിസ്റ്റ്, രാഷ്ട്രീയനേതാവ്, പുതുച്ചേരി മുന്‍ ലഫ്റ്റനന്റ് ജനറല്‍, എഴുത്തുകാരി... അങ്ങനെ നീളുന്നു, കിരണ്‍ ബേദിയുടെ വിശേഷണങ്ങള്‍.

To advertise here,

''എന്റെ അച്ഛന്‍ പര്‍കാശ് പെഷാവാരിയ അമൃത്സറില്‍ വലിയ സ്വാധീനമുള്ള കുടുംബത്തില്‍നിന്നായിരുന്നു. നാട്ടിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഒട്ടേറെപ്പേര്‍ അച്ഛന്റെ അടുത്തുവരുന്നത് കണ്ടാണ് ഞാന്‍ വളര്‍ന്നത്. പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരം സര്‍ക്കാരാണെന്ന് കുഞ്ഞുനാളിലേ ഞാന്‍ മനസ്സിലാക്കിയിരുന്നു. എന്തുകൊണ്ട് എനിക്കുതന്നെ ആ പരിഹാരമായിക്കൂടായെന്ന് ചിന്തിച്ചുതുടങ്ങിയയിടത്താണ് സിവില്‍ സര്‍വീസ് എന്ന ലക്ഷ്യത്തിലേക്ക് നടന്നുതുടങ്ങുന്നത് -കിരണ്‍ ബേദി പറഞ്ഞുതുടങ്ങി.

സ്വാഭാവികമായും പുരുഷകേന്ദ്രീകൃതമായ ഈ സമൂഹത്തില്‍ നിലനില്‍ക്കുകയെന്നത് വലിയ വെല്ലുവിളിതന്നെയായിരുന്നു. എന്നാല്‍, മറ്റാരെങ്കിലും വെട്ടിയ വഴിയില്‍ക്കൂടി മുന്നോട്ടുപോയല്ല, സ്വന്തമായി പുതിയൊരു വഴിവെട്ടി അതിലൂടെ മുന്നോട്ടുപോയാണ് ഞാനൊരു മാതൃക തീര്‍ത്തത്. അന്നത്തെക്കാലത്ത് എല്ലാവരില്‍നിന്നും വ്യത്യസ്തയായിരിക്കണമെന്ന് ഞാനാഗ്രഹിച്ചു.

സ്‌കേര്‍ട്ടിനു പകരം ഷോര്‍ട്‌സിട്ട് ടെന്നീസ് കളിക്കാനും ട്രാക്ക് സ്യൂട്ടിട്ട് സൈക്ലിങ്ങിനു പോകാനും എനിക്ക് ധൈര്യമുണ്ടായി. പതിനാല് വയസ്സുള്ളപ്പോള്‍ ഒറ്റയ്ക്ക് തേഡ് ക്ലാസ് കംപാര്‍ട്ട്‌മെന്റില്‍ യാത്ര ചെയ്യാനെനിക്ക് പേടിയുണ്ടായില്ല.

ഒരു പുരുഷനായിരുന്നെങ്കില്‍ ഇതില്‍ക്കൂടുതല്‍ നേടാനാകുമായിരുന്നോയെന്ന ചോദ്യം പലതവണ കേട്ടിട്ടുണ്ട്. എനിക്ക് തോന്നുന്നത് ഒരു സ്ത്രീയെന്ന നിലയില്‍ ഞാന്‍ വളരെക്കൂടുതല്‍ നേടിക്കഴിഞ്ഞുവെന്നാണ്. പുരുഷനായിരുന്നെങ്കില്‍ ഞാന്‍ ലക്ഷത്തില്‍ ഒന്നുമാത്രമായിപ്പോയേനെ. പിന്നാലെ വരുന്ന അനേകം സ്ത്രീകള്‍ക്കായി ഞാനൊരു പുതിയ വഴി തീര്‍ത്തുവെന്നത് ഇപ്പോഴാണ് എനിക്ക് ബോധ്യമാകുന്നത്.

ഇന്ന് ഇന്ത്യയില്‍ സ്ത്രീകളുടെ സാഹചര്യം വലിയരീതിയില്‍ മാറിവരുന്നുണ്ട്. ചിലര്‍ നാടകീയമാംവിധം ശാക്തീകരിക്കപ്പെട്ടു. ചിലര്‍ക്കത് ഭാഗികമായി അനുഭവിക്കാനായി. മറ്റുള്ളവരിലേക്ക് ആ മാറ്റമെത്തിക്കൊണ്ടിരിക്കുന്നു. ചിന്താഗതി, അവസരങ്ങള്‍, സാഹചര്യങ്ങള്‍, പ്രൊഫഷന്‍ എല്ലാം തീര്‍ച്ചയായും നല്ലമാറ്റത്തിന് വിധേയമായിക്കഴിഞ്ഞു. മാറ്റത്തിന് തടസ്സം നില്‍ക്കുന്നതില്‍ സ്വന്തം ചിന്താഗതിക്കും സമൂഹത്തിനും തുല്യപങ്കാളിത്തമുണ്ട്. എന്നാല്‍, ഇവയെല്ലാം മറികടക്കാവുന്നതേയുള്ളൂ.

ചിന്താഗതി, കുടുംബം, സമൂഹം ഇവ വേണ്ടരീതിയില്‍ പാകപ്പെട്ടാല്‍ത്തന്നെ ലിംഗഭേദമില്ലാതെ ഓരോ വ്യക്തിക്കും ഈ ലോകത്ത് മായാജാലം തീര്‍ക്കാനാകും. കുട്ടികളെ വളര്‍ത്തുന്നതില്‍ അല്ലെങ്കില്‍ രക്ഷാകര്‍തൃത്വത്തില്‍ വലിയ രീതിയില്‍ മാറ്റമുണ്ടാകണം. ഇത് ചെയ്യരുത്, അത് ചെയ്യരുതെന്ന് പറഞ്ഞാണ് പെണ്‍കുട്ടികളെ വളര്‍ത്തുന്നത്. ആണ്‍കുട്ടികളെ മറിച്ചും. അതുകൊണ്ടുതന്നെ എല്ലാമെന്റേതെന്ന സമീപനം ആണിലുറച്ചുപോയി. സ്ത്രീകള്‍ വല്ലാതെ ഒതുങ്ങുകയും ചെയ്തു. ഈ ചിന്താഗതി മാറിയാല്‍ത്തന്നെ തുല്യതയുള്ള സമൂഹം രൂപപ്പെടുത്താം.-ഉറച്ച ശബ്ദത്തില്‍ കിരണ്‍ബേദി പറഞ്ഞുനിര്‍ത്തുന്നു.