
സാന്തിയാഗോ: ആധുനിക ചിലിയുടെ ചരിത്രത്തിലെ ഏറ്റവുംവലിയ നിഗൂഢതകളിലൊന്നായ കവി പാബ്ലോ നെരൂദയുടെ മരണത്തിന്റെ ചുരുളഴിഞ്ഞു. അദ്ദേഹം മരിച്ചത് വിഷം ഉള്ളില്‍ച്ചെന്നാണെന്ന് ഫൊറന്‍സിക് വിദഗ്ധര്‍ കണ്ടെത്തി. നൊബേല്‍ സമ്മാനജേതാവായ കവിയുടേത് സ്വാഭാവിക മരണമല്ല, കൊലപാതകമാണെന്ന് ഇതോടെ ഉറപ്പായി. നാഡീവ്യൂഹത്തെ തളര്‍ത്തി മരണത്തിലേക്കു നയിക്കുന്ന ബോട്ടുലിസം എന്ന രോഗാവസ്ഥയുണ്ടാക്കുന്ന ക്ലോസ്ട്രിഡിയം ബോട്ടുലിനം എന്ന ബാക്ടീരിയയാണ് അദ്ദേഹത്തിന്റെ മൃതദേഹാവശിഷ്ടങ്ങളില്‍ കണ്ടെത്തിയത്.
1973 സെപ്റ്റംബര്‍ 23-ന് സാന്തിയാഗോയിലെ ആശുപത്രിയിലാണ് നെരൂദ മരിച്ചത്. സുഹൃത്തും ജനാധിപത്യമാര്‍ഗത്തില്‍ തിരഞ്ഞെടുക്കപ്പെട്ട സോഷ്യലിസ്റ്റ് നേതാവുമായ ചിലിയന്‍ പ്രസിഡന്റ് സാല്‍വദോര്‍ അല്യെന്ദെ അമേരിക്കയുടെ പിന്തുണയോടെ നടന്ന പട്ടാള അട്ടിമറിയില്‍ പുറത്തായി 12 ദിവസം കഴിഞ്ഞായിരുന്നു നെരൂദയുടെ മരണം. പ്രോസ്ട്രേറ്റ് അര്‍ബുദവും പോഷകാഹാരമില്ലായ്മയുമാണ് മരണകാരണമെന്നായിരുന്നു ആശുപത്രിയുടെ വിശദീകരണം. മരണത്തിനു രണ്ടുദിവസംമുമ്പ് ഏതാണ്ട് 100 കിലോഗ്രാമായിരുന്നു കവിയുടെ തൂക്കമെന്നിരിക്കെയായിരുന്നു ഈ വാദം.
അദ്ദേഹത്തിന്റെ അനന്തരവന് റൊഡോള്‍ഫോ റെയ്സുള്‍പ്പെടെ ഒട്ടേറെപ്പേര്‍ ഇതു മുഖവിലയ്ക്കെടുത്തില്ല. ഏകാധിപതി അഗസ്റ്റോ പിനോഷെയെ എതിര്‍ത്തിരുന്ന നെരൂദയെ വധിച്ചതാണെന്ന് അവര്‍ വിശ്വസിച്ചു. നെരൂദയുടെ മൃതദേഹാവശിഷ്ടങ്ങള്‍ പുറത്തെടുത്തു പരിശോധിക്കാന്‍ 10 വര്‍ഷംമുമ്പ് ചിലിയന്‍ ജഡ്ജി അനുമതി നല്കി. ഉറങ്ങുമ്പോള്‍ വയറ്റില്‍ ആരോ കുത്തിവെച്ചെന്ന് മരണത്തിന് ഏതാനും മണിക്കൂര്‍മുമ്പ് ആശുപത്രിയില്‍നിന്ന് നെരൂദ തന്നെ ഫോണില്‍ വിളിച്ചുപറഞ്ഞെന്ന ഡ്രൈവര്‍ മാനുവല്‍ അരായയുടെ വെളിപ്പെടുത്തലിനെത്തുടര്‍ന്നായിരുന്നു ഈ ഉത്തരവ്.
പരിശോധിച്ചത് നാലു രാജ്യങ്ങളില്‍
നാലു രാജ്യങ്ങളിലെ ലബോറട്ടറികളിലാണ് അദ്ദേഹത്തിന്റെ മൃതദേഹാവശിഷ്ടങ്ങള്‍ പരിശോധിച്ചത്. ഡെന്മാര്ക്കിലെയും കാനഡയിലെയും ലാബുകളില്‍ നടത്തിയ പരിശോധനയിലാണ് ക്ലോസ്ട്രിഡിയം ബോട്ടുലിനം ബാക്ടീരിയ അദ്ദേഹത്തിന്റെ എല്ലുകളില്‍ കണ്ടെത്തിയതെന്ന് അഭിഭാഷകന്‍കൂടിയായ റെയ്സ് കഴിഞ്ഞദിവസം സ്പാനിഷ് വാര്‍ത്താ ഏജന്‍സിയായ എഫെയോടു പറഞ്ഞു. 2017-ല്‍ ഇതേ വിദഗ്ധര്‍ നെരൂദയുടെ പല്ലിലും ഈ ബാക്ടീരിയ കണ്ടെത്തിയിരുന്നു.
Content Highlights: Pablo Neruda, murder, mathrubhumi,Salvador Allende, Chile
Published: 16 Feb 2023, 12:32 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented