എലത്തൂര്‍: ലൈബ്രറിയുടെ ചില്ലലമാരകളില്‍ക്കിടന്ന പുസ്തകങ്ങളെ പരശ്ശതം കൈകളിലെത്തിച്ച് വായനയുടെ വെളിച്ചംപകരുകയാണ് പെരച്ചന്‍ മാഷും അദ്ദേഹത്തിന്റെ അക്ഷരപ്പുരയും. എണ്ണായിരത്തോളം പുസ്തകങ്ങളുള്ള എലത്തൂര്‍ പബ്ലിക് ലൈബ്രറിയുടെ സാരഥിയായ ഈ എണ്‍പതുകാരന് ഗ്രന്ഥശാലാ പ്രവര്‍ത്തനം ജീവിതസപര്യയാണ്. 22 വര്‍ഷമായി ലൈബ്രറിയുടെ പ്രസിഡന്റാണ്.

To advertise here,

ഗ്രന്ഥശാലാ 'ബാലവേദി'യിലൂടെ മാസാന്ത പുസ്തകചര്‍ച്ചകളും പ്രശ്‌നോത്തരി മത്സരങ്ങളും നടത്തിയാണ് പുതുതലമുറയെ വായനയുമായി ചേര്‍ത്ത് നിര്‍ത്തുന്നത്. ബാലസാഹിത്യകാരന്മാരുമായുള്ള അഭിമുഖവും സംവാദങ്ങളും സവിശേഷ പരിപാടികളാണ്. സ്ത്രീകളെയും വയോജനങ്ങളെയും വായനയിലേക്ക് എത്തിക്കാന്‍ വീടുകളില്‍ ആഴ്ചകള്‍തോറും പുസ്തകമെത്തിക്കുന്നു. പുസ്തകചര്‍ച്ചകളും സജീവമാണ്.

വനിതാവേദിയും ബാലവേദിയും ഫിലിം ക്ലബ്ബും ഗ്രന്ഥശാലയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്നുണ്ട്. വായനയെ ജനകീയമാക്കുന്നതിന് നടത്തിയ ഇടപെടലിന് ലൈബ്രറി കൗണ്‍സിലിന്റെ ആദരവ് നേടിയിട്ടുണ്ട്. കോവിഡ് പ്രതിസന്ധികള്‍ക്കിടയിലും ഓണ്‍ലൈന്‍ സംവാദങ്ങളും മത്സരങ്ങളും നടത്തിയാണ് കുട്ടികള്‍ക്ക് പുസ്തകങ്ങളുമായുള്ള അടുപ്പം അറ്റുപോകാതെ നോക്കുന്നത്. ഇപ്പോള്‍ കുട്ടികള്‍ക്കായും വീടുകളില്‍ പുസ്തകങ്ങള്‍ എത്തിക്കുന്നു.

മികച്ച വായനക്കാരനാണ് പെരച്ചന്‍ മാഷ്. 1996-ല്‍ എലത്തൂര്‍ ഗവ. മാപ്പിള എല്‍.പി. സ്‌കൂളില്‍നിന്ന് പ്രധാനാധ്യാപകനായി വിരമിച്ചശേഷമാണ് പൂര്‍ണസമയ ഗ്രന്ഥശാലാ പ്രവര്‍ത്തനത്തിലേക്ക് തിരിഞ്ഞത്. കാസര്‍കോട്ടുനിന്ന് തിരുവനന്തപുരത്തേക്ക് പി.എന്‍. പണിക്കര്‍ നയിച്ച കാന്‍ഫെഡ് ജാഥയുടെ മേഖലയിലെ സംഘാടകനായിരുന്നു. എലത്തൂര്‍ ബോയ്‌സ്, ഗേള്‍സ് ഹൈസ്‌കൂളുകള്‍, ജി.എം.എല്‍.പി. എന്നിവയുടെ പിന്തുണാ ഗ്രൂപ്പിന്റെ കണ്‍വീനര്‍കൂടിയാണ് പി. പെരച്ചന്‍. വായനയെ കൂടുതല്‍ ജനകീയവും സര്‍ഗാത്മകവുമാക്കാന്‍ പുതുതലമുറ ഗ്രന്ഥശാലാപ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കണമെന്നാണ് ഇദ്ദേഹത്തിന്റെ അഭ്യര്‍ഥന.