കോഴിക്കോട്: മലയാളികളുടെ പ്രിയ എഴുത്തുകാരനും ചലച്ചിത്രകാരനുമായ എം.ടി. വാസുദേവൻനായരുടെ പേരിൽ കോഴിക്കോട്ട് ഒരുക്കുന്നത് രാജ്യത്തെ ഏറ്റവും വിശാലമായ സാംസ്‌കാരിക പാർക്കെന്ന് സാംസ്‌കാരികവകുപ്പ്മന്ത്രി പി.സി. വിഷ്ണുനാഥ് പറഞ്ഞു. എം.ടി.യുടെ വീട് സന്ദർശിച്ച്, കുടുംബാംഗങ്ങളുമായി സംസാരിക്കുകയായിരുന്നു മന്ത്രി.

To advertise here,

കേന്ദ്രത്തിന്റെ പ്രാഥമികപ്രവർത്തനങ്ങൾക്കായി ബജറ്റിൽ 50 കോടി വകയിരുത്തിയിട്ടുണ്ട്. കേവലം സ്മാരകം എന്നനിലയിലല്ല, വിവിധ കലാരൂപങ്ങളുടെ പഠന-ഗവേഷണങ്ങൾക്കുള്ള വേദിയായി ഇതൊരുക്കും. ചരിത്ര-സാഹിത്യ മ്യൂസിയം, വിശാലമായ ലൈബ്രറി, ബുക്ക് ഷോപ്പ്, ആർട്ട് ഗാലറി, സിനിമാ തിയേറ്റർ, എഴുത്തുകാരുടെ ശബ്ദമ്യൂസിയം എന്നിവയും ഷോർട്ട് ഫിലിമുകളുടെയും ഡോക്യുമെന്ററികളുടെയും ശില്പശാലകൾക്കുള്ള സംവിധാനങ്ങളും ഇവിടെയുണ്ടാകും. വിദേശത്തുനിന്ന് എഴുത്തുകാരും ചലച്ചിത്രപ്രവർത്തകരും മറ്റും എത്തിയാൽ താമസിക്കാനുള്ള ഹോട്ടലുകളും ഗസ്റ്റ്ഹൗസുകളും ഫുഡ്‌കോർട്ടുമെല്ലാം ചേർന്ന രാജ്യത്തെതന്നെ ഇത്തരത്തിലുള്ള ആദ്യത്തെ പാർക്കായിരിക്കും ഇതെന്നും മന്ത്രി പറഞ്ഞു.

ഉമ്പായിയുടെപേരിലുള്ള അക്കാദമിയും ഈ സാമ്പത്തികവർഷംതന്നെ ആരംഭിക്കും. ഇവ രണ്ടിനും സ്ഥലം കണ്ടെത്താൻ കളക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. എം.എൽ.എ.മാരായ കെ. ജയന്ത്, കെ. പ്രവീൺകുമാർ തുടങ്ങിയവർ മന്ത്രിക്കൊപ്പമുണ്ടായി. വീട്ടിലെത്തിയ മന്ത്രിയെ എം.ടി.യുടെ ഭാര്യ കലാമണ്ഡലം സരസ്വതിയും മകൾ അശ്വതി വി. നായരും മുൻമന്ത്രി എം.കെ. മുനീറും ചേർന്ന് സ്വീകരിച്ചു.