ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റും അധ്യാപകനുമായ സി. സദാനന്ദനെ രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്തതിനെ പരോക്ഷമായി വിമര്‍ശിച്ച് എഴുത്തുകാരനും കേരള സാഹിത്യ അക്കാദമി ഉപാധ്യക്ഷനുമായ അശോകന്‍ ചരുവില്‍. കലാ, കായിക, സാഹിത്യ, വൈജ്ഞാനിക മേഖലകളിലെ പ്രതിഭകള്‍ക്കുള്ള രാജ്യസഭാ മെമ്പര്‍ സ്ഥാനത്തേക്ക് സി.സദാനന്ദനെ നാമനിര്‍ദ്ദേശം ചെയ്തത് എന്തു സംഭാവനകളുടെ മാനദണ്ഡത്തിലാണെന്ന് ചരുവില്‍ ചോദിക്കുന്നു. ജി. ശങ്കരക്കുറുപ്പ് ഉള്‍പ്പെടെയുള്ള സാഹിത്യകാര്‍ക്ക് നല്‍കിയിരുന്ന ബഹുമതിയായിരുന്നു ഇതെന്നും ആ സ്ഥാനത്ത് ഇരിക്കാനുള്ള യോഗ്യതയ്‌ക്കെതിരേ പ്രതിഷേധിച്ചുകണ്ടത് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ രമേശ് ചെന്നിത്തല മാത്രമേണെന്നും അശോകന്‍ ചരുവില്‍ പറയുന്നു.
അശോകന്‍ ചരുവിലിന്റെ ഫേസ്ബുക് പോസ്റ്റിന്റെ പൂര്‍ണരൂപം:
ആര്‍.എസ്.എസ്. കടന്നുവന്നതോടെയാണ് കായികമായ സംഘട്ടനങ്ങളും ക്രൂരമായ കൊലപാതകങ്ങളും കേരളരാഷ്ട്രീയത്തിന്റെ ഭാഗമാകുന്നത്. അതുവരെ ആശയസംവാദങ്ങളിലൂന്നി മാത്രം പ്രവര്‍ത്തിച്ചിരുന്ന മതേതര ജനാധിപത്യ രാഷ്ട്രീയപാര്‍ട്ടികളെ പോലും തങ്ങളുടെ കൈക്കരുത്ത് ശൈലിയിലേക്ക് കൊണ്ടുവരാന്‍ കഴിഞ്ഞു എന്നത് ആര്‍.എസ്.എസിന്റെ വിജയമായി കരുതാം. ഹിംസയെ സമൂഹത്തിന്റെ സംസ്‌കാരമാക്കി മാറ്റാന്‍ ശ്രമിക്കുന്ന ഗോഡ്സെയിസ്റ്റുകളെ കായികമായി തടയുന്നത് നിഷ്ഫലമാണെന്ന് അന്ന് തിരിച്ചറിഞ്ഞിട്ടുണ്ടാവില്ല. അതിന്റെ ഫലമായി കണ്ണൂര്‍ജില്ലയിലെ ചില പ്രദേശങ്ങള്‍ ഒരുകാലത്ത് അത്യന്തം സംഘര്‍ഷഭരിതമായി.
അക്കാലത്തെ സംഘട്ടനങ്ങളില്‍ ആസൂത്രകന്‍ എന്ന നിലയില്‍ പങ്കെടുത്ത് കൊണ്ടും കൊടുത്തും പേരുകേള്‍പ്പിച്ച ഒരാളെയാണ് കലാ, കായിക, സാഹിത്യ, വൈജ്ഞാനിക മേഖലകളിലെ പ്രതിഭകള്‍ക്കുള്ള രാജ്യസഭാ മെമ്പര്‍ സ്ഥാനത്തേക്ക് ഇപ്പോള്‍ നിയോഗിച്ചിരിക്കുന്നത്. വിദ്യാഭ്യാസ/വൈജ്ഞാനിക മേഖലയില്‍ എന്തെങ്കിലും സവിശേഷ സംഭാവന അദ്ദേഹം ചെയ്തതായി അറിവില്ല. പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ ഏതെങ്കിലും ഒരു പൊതുജനസഭയിലേക്ക് ജനങ്ങള്‍ ഇദ്ദേഹത്തെ തെരഞ്ഞെടുത്തതായും അറിവില്ല. ആദ്യകാലത്ത് മഹാകവി ജി.ശങ്കരക്കുറുപ്പ് ഉള്‍പ്പെടേയുള്ളവര്‍ക്ക് നല്‍കിയിരുന്ന ബഹുമതിയാണ് ഇതെന്ന് ഓര്‍ക്കണം.
ഇങ്ങനെയൊരാളെ നിയോഗിച്ചതുകണ്ട് നമ്മുടെ ഒരു കൂട്ടം ചാനലുകളും പത്രങ്ങളും പ്രകടിപ്പിക്കുന്ന ആഹ്ലാദത്തെ അശ്ലീലം എന്നല്ലാതെ മറ്റൊരു മട്ടില്‍ വിശേഷിപ്പിക്കാനാവില്ല. കൊലക്കത്തിയുമായി രാഷ്ട്രീയപ്രവര്‍ത്തനം നടത്തുന്നവര്‍ക്ക് വലിയ പ്രോത്സാഹനം നല്‍കുന്നതാണ് ഇത്തരം മാധ്യമനിലപാടുകള്‍.
ഈ നിയമനത്തിനെതിരെ സുചിന്തിതമായ തന്റെ നിലപാടിലൂടെ പ്രതിഷേധിച്ചു കണ്ടത് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയാണ്. അദ്ദേഹത്തെ അഭിനന്ദിക്കുന്നു. കേരളത്തിലെ ജനാധിപത്യബോധവും മതേതരവീക്ഷണവുമുള്ള കോണ്‍ഗ്രസ് നേതാക്കളില്‍ ബാക്കിയുള്ള ഒരാളാണ് അദ്ദേഹമെന്ന് എനിക്ക് നേരത്തേയും തോന്നിയിട്ടുണ്ട്.
Content Highlights: Ashokan Charuvil criticizes C. Sadanandan Rajya Sabha Nomination
Published: 14 Jul 2025, 01:50 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented