ഷാര്‍ജ: മരിച്ചതിനുശേഷമാണ് ഉമ്മന്‍ചാണ്ടി എന്ന രാഷ്ട്രീയനേതാവിനെ കേരളം കൂടുതല്‍ തിരിച്ചറിഞ്ഞതെന്ന് ഉമ്മന്‍ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മന്‍. ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവവേദിയില്‍ മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച ഉമ്മന്‍ചാണ്ടിയുടെ ആത്മകഥയായ 'കാലം സാക്ഷി' പ്രകാശനം ചെയ്യുകയായിരുന്നു അച്ചു ഉമ്മന്‍. 

To advertise here,

ചൊവ്വാഴ്ച ഉമ്മന്‍ചാണ്ടിയുടെ എണ്‍പതാം ജന്മദിനമായിരുന്നു. ഈ ജന്മദിനത്തില്‍ അദ്ദേഹത്തെക്കുറിച്ച് ഒട്ടേറെ ഓര്‍മകളാണ് പങ്കുവെക്കാനുള്ളത്. അദ്ദേഹം ആരായിരുന്നെന്നും എന്തായിരുന്നെന്നും ജനങ്ങള്‍ കൂടുതല്‍ മനസ്സിലാക്കിയ ദിവസങ്ങളാണ് കടന്നുപോയത്. അപ്പയുടെ ജീവിതം ജനങ്ങള്‍ക്കിടയിലായിരുന്നു, അദ്ദേഹം ഒരുപാട് പുസ്തകങ്ങളൊന്നും വായിക്കുന്ന ആളായിരുന്നില്ല. അറിവ് നേടിയത് ജനങ്ങളുമായുള്ള സമ്പര്‍ക്കത്തിലൂടെയായിരുന്നു. ജീവിതാനുഭവങ്ങളിലൂടെ ലഭിച്ച അറിവ് മറ്റുള്ളവരിലേക്ക് പകര്‍ത്താനും ഉമ്മന്‍ചാണ്ടി ശ്രമിച്ചിരുന്നു. അദ്ദേഹത്തിന്റെ ഏറ്റവും വലിയ സന്ദേശം അദ്ദേഹത്തിന്റെ ജീവിതംതന്നെയായിരുന്നു. ആ ജീവിതം ഏറ്റവും മനോഹരമായി മാതൃഭൂമി പ്രസിദ്ധീകരിച്ച 'കാലം സാക്ഷി'എന്ന ആത്മകഥയിലൂടെ സണ്ണിക്കുട്ടി ഏബ്രഹാം രേഖപ്പെടുത്തിയിട്ടുണ്ടെന്നും അച്ചു ഉമ്മന്‍ വ്യക്തമാക്കി. 

placeholder
'കാലം സാക്ഷി' പ്രകാശന ചടങ്ങിനെത്തിയ സദസ്സ്‌. 

ഉമ്മന്‍ചാണ്ടിയുടെ ജീവിതത്തിലെ വലിയ പ്രതിസന്ധികള്‍ ആത്മകഥയില്‍ വിവരിച്ചിട്ടുണ്ട്. അത്തരം പ്രതിസന്ധികള്‍ ഇല്ലാതാക്കാന്‍ എളുപ്പവഴികള്‍ സ്വീകരിക്കാമായിരുന്നിട്ടും അത്തരം വഴികളൊന്നും ഉമ്മന്‍ചാണ്ടി സ്വീകരിച്ചില്ലെന്നതാണ് ആ ജീവിതത്തെ വേറിട്ടുനിര്‍ത്തുന്നത്. ആദര്‍ശം വിട്ടുകൊണ്ട് ഉമ്മന്‍ചാണ്ടി മുന്നോട്ടുപോയിരുന്നില്ല. അതായിരിക്കാം അദ്ദേഹത്തിന് ഒട്ടേറെ തിക്താനുഭവങ്ങള്‍ നേരിടേണ്ടിവന്നത്. വേട്ടയാടലുകള്‍ക്കും ചതികള്‍ക്കും ഉമ്മന്‍ചാണ്ടി വിധേയനാകേണ്ടി വന്നിട്ടുണ്ട്. വൈകിയാണെങ്കിലും സത്യം തിരിച്ചറിയപ്പെടുമെന്ന വിശ്വാസം അവസാനംവരെ അദ്ദേഹം വെച്ചുപുലര്‍ത്തിയിരുന്നു. താന്‍ നിരപരാധിയാണെന്ന റിപ്പോര്‍ട്ട് കൈയില്‍കിട്ടിയശേഷമാണ് ഉമ്മന്‍ചാണ്ടി എന്ന ജനനേതാവ് ഈ ലോകം വിട്ടുപോയതെന്നും അച്ചു ഉമ്മന്‍ പറഞ്ഞു. ഇനിയും ഉമ്മന്‍ചാണ്ടിക്ക് നീതി ലഭിക്കേണ്ടതുണ്ട്, വൈകിയാണെങ്കിലും ആ നീതി ലഭിക്കുമെന്നും അച്ചു ഉമ്മന്‍ പറഞ്ഞു. 

'കാലം സാക്ഷി' ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം- സണ്ണിക്കുട്ടി ഏബ്രഹാം

ജനപ്രിയ നേതാവായ ഉമ്മന്‍ചാണ്ടിയുടെ ജീവിതം എഴുത്തിലൂടെ പകര്‍ത്താനായതാണ് ജീവിതത്തില്‍ താന്‍ അനുഭവിച്ച ഏറ്റവും വലിയ സന്തോഷമെന്ന് 'കാലം സാക്ഷി' എഴുതിയ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ സണ്ണിക്കുട്ടി ഏബ്രഹാം പറഞ്ഞു. ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ ഉമ്മന്‍ ചാണ്ടിയുടെ ആത്മകഥാ പ്രകാശനവേളയില്‍ സംസാരിക്കുകയിരുന്നു അദ്ദേഹം. 

മാതൃഭൂമിയുടെ ലേഖകനായിരിക്കെ ആരംഭിച്ച ആത്മബന്ധമായിരുന്നു തനിക്ക് ഉമ്മന്‍ചാണ്ടിയുമായി ഉണ്ടായിരുന്നത്. ആ സ്‌നേഹം അദ്ദേഹം മരണംവരെ തന്നോട് കാണിക്കുകയും ചെയ്തിരുന്നു. ആത്മകഥയില്‍ ആരെയും കുറ്റപ്പെടുത്താതിരിക്കാന്‍ ഉമ്മന്‍ ചാണ്ടി എന്ന മനുഷ്യസ്‌നേഹി പ്രത്യേകം ശ്രദ്ധിച്ചിരുന്നു. എഴുതുന്ന സമയത്ത് അദ്ദേഹം അത് പ്രത്യേകം നിര്‍ദേശിക്കുകയും ചെയ്തു. സ്വന്തം മനസ്സ് മുറിവേറ്റപ്പോഴും അതിനിടയാക്കിയവരോട് ആത്മാര്‍ഥമായി ക്ഷമിച്ച വ്യക്തിയുടെ പേരാണ് ഉമ്മന്‍ചാണ്ടി. അദ്ദേഹം മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ ആര്‍ക്കും ഏതുസമയത്തും ക്ലിഫ് ഹൗസില്‍ പ്രവേശനമുണ്ടായിരുന്നു. എന്നാല്‍, ഇപ്പോഴത്തെ സാഹചര്യം മറിച്ചാണെന്നും സണ്ണിക്കുട്ടി ഏബ്രഹാം പറഞ്ഞു. 

ഗള്‍ഫില്‍ കൊലപാതകക്കുറ്റത്തിന് നിയമക്കുരുക്കില്‍പെട്ടുപോയ മലയാളികളെ സംരക്ഷിച്ചതടക്കമുള്ള ഒട്ടേറെ സംഭവങ്ങളാണ് ആത്മകഥാരചനാവേളയില്‍ മനസ്സിലേക്കെത്തിയത്. കാസര്‍കോട്ടുള്ള കാല്‍ നഷ്ടപ്പെട്ട പെണ്‍കുട്ടിയോട് ഉമ്മന്‍ ചാണ്ടി കാണിച്ച കാരുണ്യമടക്കം നൂറുകണക്കിന് സംഭവങ്ങള്‍ ഓര്‍മയിലുണ്ട്. മകളായ അച്ചു ഉമ്മന് സ്‌കൂളില്‍ പോകുമ്പോള്‍ വാഹനാപകടം സംഭവിച്ചപ്പോഴും മകളെ ആശുപത്രിയിലെത്തിക്കുന്നതോടൊപ്പം നിശ്ചിത സമയത്തിന് നിയമസഭയിലെത്താനും പ്രതിജ്ഞാബദ്ധത കാണിച്ച ജനനേതാവായിരുന്നു ഉമ്മന്‍ ചാണ്ടിയെന്നും ചടങ്ങില്‍ സണ്ണിക്കുട്ടി ഏബ്രഹാം പറഞ്ഞു.

ഉമ്മന്‍ചാണ്ടിയുമായി സഹോദര ബന്ധം - സി.പി. സാലിഹ്

ഉയര്‍ന്ന രാഷ്ട്രീയ നേതാവെന്നതിലുപരി സഹോദരബന്ധമായിരുന്നു താനും ഉമ്മന്‍ ചാണ്ടിയുമായി ഉണ്ടായിരുന്നതെന്ന് ആസാ ഗ്രൂപ്പ് ചെയര്‍മാന്‍ സി.പി. സാലിഹ് പറഞ്ഞു. താന്‍ ചേട്ടനെന്നാണ് ഉമ്മന്‍ചാണ്ടിയെ വിളിച്ചിരുന്നത്. എത്ര തിരക്കുണ്ടെങ്കിലും കോട്ടയംവഴി പോകുമ്പോള്‍ തന്റെ വീട്ടിലെത്തി ഇളനീരും ആഹാരവും കഴിച്ചുമാത്രമേ ഉമ്മന്‍ചാണ്ടി മടങ്ങാറുള്ളൂവെന്നും സാലിഹ് ഓര്‍മിച്ചു.

ഏതൊരു രാഷ്ട്രീയ പ്രവര്‍ത്തകന്റേയും ആത്മകഥയില്‍ ഒരു വിവാദമുണ്ടാവും. പുസ്തക വില്‍പ്പനയ്ക്കുവേണ്ടി പലപ്പോഴും മറ്റു വ്യക്തികളെ കുറ്റപ്പെടുത്തുന്ന രീതിയിലാകും അത്. എന്നാല്‍, 'കാലം സാക്ഷി'യില്‍ ആരെയും ഉമ്മന്‍ചാണ്ടി കുറ്റപ്പെടുത്തുന്നില്ല. എല്ലാവരെയും കുറിച്ച് നല്ലതുമാത്രമേ അദ്ദേഹം പറയുന്നുള്ളൂ. എന്നും ജനങ്ങള്‍ക്കിടയില്‍ ജീവിച്ച നേതാവായിരുന്നു അദ്ദേഹം. കോവിഡ് കാലത്ത് ജനങ്ങള്‍ക്കിടയില്‍ ഇറങ്ങി ചെല്ലാന്‍ കഴിയാതിരുന്നതാണ് അദ്ദേഹത്തിന്റെ രോഗം വര്‍ധിക്കാന്‍ കാരണമായതെന്ന് തോന്നിയിട്ടുണ്ട്. വര്‍ഷങ്ങളായി അദ്ദേഹം ഞങ്ങളുടെ കുടുംബസുഹൃത്താണ്. എല്ലാ ദിവസവും ഫോണില്‍ വിളിച്ചുസംസാരിക്കും.

സ്വസ്ഥമായി ഭക്ഷണം കഴിക്കാന്‍ അദ്ദേഹത്തിന് തിരക്കുകള്‍ കാരണം പലപ്പോഴും കഴിയാറില്ല. മകന്റെ വിവാഹത്തിന് അദ്ദേഹം കുടുംബസമേതം വന്നിരുന്നു. അന്ന് അദ്ദേഹം ആസ്വദിച്ച് ഭക്ഷണം കഴിക്കുന്നത് കണ്ട് വലിയ സന്തോഷം തോന്നി. മാതൃഭൂമി മാനേജിങ് ഡയറക്ടര്‍ എം.വി. ശ്രേയാംസ് കുമാറും ഞാനും ഉമ്മന്‍ചാണ്ടിയെ ക്കുറിച്ച് പങ്കുവെക്കുന്ന ഒരു ഓര്‍മയുണ്ട്. ജനസമ്പര്‍ക്ക പരിപാടിയുടെ കാലമാണ്. അദ്ദേഹത്തിന് കുടിക്കാന്‍ ഇളനീര്‍ കൊണ്ടുവരട്ടെയെന്ന് പ്രവര്‍ത്തകര്‍ ചോദിച്ചു. അദ്ദേഹം വേണ്ടെന്നു പറഞ്ഞു. ഇളനീര്‍ കുടിച്ചാല്‍ അരമണിക്കൂര്‍ നേരമെങ്കിലും നഷ്ടപ്പെടും. പരിപാടിയുടെ ഒഴുക്ക് നഷ്ടപ്പെടും. ജനങ്ങളുമായി അത്രമാത്രം ചേര്‍ന്നുനിന്നിരുന്ന അദ്ദേഹത്തിന്റെ ഓര്‍മകള്‍ സി.പി സാലിഹ് പങ്കുവെച്ചു.

തലമുറകളുടെ വഴികാട്ടി -എം.ജി. പുഷ്പാകരന്‍

ഉമ്മന്‍ചാണ്ടി എന്ന രാഷ്ട്രീയനേതാവ് തലമുറകളുടെ വഴികാട്ടിയാണെന്ന് അദ്ദേഹത്തിന്റെ അടുത്തസുഹൃത്തും യു.എ.ഇ.യിലെ മുതിര്‍ന്ന സാമൂഹികപ്രവര്‍ത്തകനുമായ എം.ജി. പുഷ്പാകരന്‍ പറഞ്ഞു. ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച ഉമ്മന്‍ചാണ്ടിയുടെ 'കാലം സാക്ഷി' എന്ന ആത്മകഥയുടെ പ്രകാശനത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം. 

തനിക്ക് ഉമ്മന്‍ചാണ്ടിയുമായി 65 വര്‍ഷത്തെ ആത്മബന്ധമുണ്ട്. അദ്ദേഹത്തിന്റെ ജീവിതംതന്നെ ഒരു വലിയ പാഠപുസ്തകമാണ്. വരുംതലമുറയെ നേരായി നടത്താനുള്ള വഴിയായി ഉമ്മന്‍ചാണ്ടിയുടെ ജീവിതം മാര്‍ഗദര്‍ശമായി സ്വീകരിക്കാവുന്നതാണ്. രാഷ്ട്രീയത്തിനതീതമായാണ് ഉമ്മന്‍ചാണ്ടി ജനങ്ങളുമായി ഇടപെട്ടതെന്നും പുഷ്പാകരന്‍ ഓര്‍മിച്ചു. കഷ്ടതയനുഭവിക്കുന്നവര്‍ക്കൊപ്പം ജീവിതാവസാനംവരെ നിലകൊണ്ട പകരംവെക്കാനില്ലാത്ത ജനനേതാവായിരുന്നു ഉമ്മന്‍ചാണ്ടിയെന്നും എം.ജി. പുഷ്പാകരന്‍ ഓര്‍മിച്ചു.