സ്വര്‍ഗം തുറക്കുന്ന സമയം, കാഴ്ച, ഷെര്‍ലക്, ഓളവും തീരവും, കഡുഗണ്ണാവ ഒരു യാത്രാക്കുറിപ്പ്, ശിലാലിഖിതങ്ങള്‍, വില്പന, കടല്‍ക്കാറ്റ്, അഭയം തേടി വീണ്ടും...എം.ടിയുടെ എക്കാലത്തെയും മികച്ച കഥകളില്‍ ഇടം പിടിച്ച ഒമ്പതു കഥകള്‍. ഒമ്പതിനും എം.ടിയുടെ തിരക്കഥ. സിനിമയുടെ ഏറ്റവും പുതിയ പ്രദര്‍ശനമാധ്യമമായ ഒ.ടി.ടി പ്ലാറ്റ്‌ഫോമിലേക്ക് എം.ടി അനായാസം നടന്നുകയറിയത് തന്റെ ക്ലാസിക് കഥകളുമായാണ്. ഒമ്പത് ഹ്രസ്വചിത്രങ്ങളുടെ സഞ്ചയം 'മനോരഥങ്ങള്‍' എന്ന പേരില്‍ ഒ.ടി.ടി പ്ലാറ്റ്‌ഫോമായ സീ 5 ലോകമെമ്പാടുമുള്ള പ്രേക്ഷകര്‍ക്കായി പ്രദര്‍ശിപ്പിച്ചപ്പോള്‍ പത്തുദിവസം തികയും മുമ്പ് 100 മില്യണ്‍ സ്ട്രീമിങ് ടൈം ലഭിച്ച വെബ്‌സീരീസായി മാറി 'മനോരഥങ്ങള്‍.' പുതിയകാലത്തോട് തന്റെ ഇഷ്ടമാധ്യമമായ സിനിമയുമായി സംവദിച്ചതെങ്ങനെയെന്ന് എം.ടി മാധ്യമങ്ങള്‍ക്ക് അനുവദിച്ച അഭിമുഖത്തില്‍ പറയുന്നു.  അഭിമുഖത്തിലെ പ്രസക്തഭാഗങ്ങള്‍ വായിക്കാം...

To advertise here,

 മനോരഥങ്ങള്‍ എന്ന ഹ്രസ്വചിത്രസഞ്ചയവുമായി സഹകരിച്ചവരില്‍ സിനിമയിലെ തുടക്കക്കാരുണ്ട്, പരിചയസമ്പന്നരായ മുതിര്‍ന്ന സംവിധായകരുണ്ട്, യുവതലമുറയിലെ പ്രതിഭകളായ അഭിനേതാക്കളുണ്ട്. എങ്ങനെയായിരുന്നു ഇവരൊക്കെയുമായുള്ള താങ്കളുടെ ഇടപെടല്‍?

ഇവരെല്ലാം 'മനോരഥങ്ങള്‍' എന്ന കഥാസഞ്ചയത്തിനുവേണ്ടി അണിനിരന്നതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. തിയേറ്റര്‍ റിലീസിനു പകരം സിനിമാ റിലീസുകള്‍ക്കായി മറ്റു വഴികള്‍ കണ്ടെത്തുന്ന ഈ കാലഘട്ടത്തില്‍ കാഴ്ചക്കാര്‍ക്ക് നല്ലൊരു ദൃശ്യവിരുന്ന് നല്‍കാന്‍ കഴിഞ്ഞതില്‍ ചരിതാര്‍ഥനാണ്. ഈ പ്ലാറ്റ്‌ഫോം ആളുകള്‍ വളരെയേറെ ആസ്വദിക്കുന്നു എന്നാണ് എന്റെ സുഹൃത്തുക്കളുടെയും സഹൃദയരുടെയും അഭിപ്രായങ്ങളില്‍നിന്നു മനസ്സിലാക്കാന്‍ കഴിഞ്ഞത്. എന്റെ രചനകള്‍ ഒ.ടി.ടി. പ്ലാറ്റ്‌ഫോമുമായി സഹകരിച്ച് റിലീസ് ചെയ്യാനായതിലും കാലഘട്ടത്തിന്റെ ഏറ്റവും പുതിയ ആസ്വാദന സംവിധാനങ്ങളുമായി സഹകരിച്ചു പ്രവൃത്തിക്കാന്‍ കഴിഞ്ഞതിലും എനിക്ക് സന്തോഷമുണ്ട്. 

placeholder
മനോരഥങ്ങള്‍ പോസ്റ്റര്‍

 പുതിയ തലമുറയുടെ ആസ്വാദനം ഏറെ വ്യത്യസ്തത പുലര്‍ത്തുന്ന വേളയിലാണ് 'മനോരഥങ്ങള്‍' ഇറങ്ങുന്നത്...

തീര്‍ച്ചയായും എല്ലാം കാലത്തിനനുസരിച്ച് മാറിക്കഴിഞ്ഞിരിക്കുന്നു. ഉദാഹരണത്തിന് ഒരു ഗ്രാമമോ ഗ്രാമത്തിലെ സംഭവമോ നമ്മള്‍ കഥാതന്തുവായി ഉപയോഗിച്ച് അന്ന് ഞാന്‍ ഭാവനയില്‍ കണ്ട, എഴുതിയ ഗ്രാമം ഇന്നില്ല. പക്ഷേ, യഥാര്‍ഥത്തില്‍ അതവിടെയുണ്ടായിരുന്നു, ഇപ്പോള്‍ ഇല്ല. അപ്പോള്‍ കഥയുടെ ചിത്രീകരണത്തിനുവേണ്ടി നമ്മള്‍ പകരം കണ്ടെത്തേണ്ടിയിരിക്കുന്നു. പഥേര്‍ പാഞ്ചലിക്കുവേണ്ടി സത്യജിത് റായി ചില പ്രദേശങ്ങള്‍ പോയി കണ്ട് ഉറപ്പിച്ചിരുന്നു. കുറച്ചുകാലം കഴിഞ്ഞ് ഷൂട്ടുചെയ്യാനായി പോയപ്പോള്‍ ആ പ്രദേശം പാടേ മാറിപ്പോയിരുന്നു. അദ്ദേഹം കണ്ടുവെച്ച പ്രദേശമല്ല പിന്നെ കണ്ടത്. ആളുകള്‍ അതിന്റെ ഛായ തന്നെ മാറ്റിക്കളഞ്ഞിരുന്നു. ബോംബെ പശ്ചാത്തലമായി വരുന്ന എന്റെ ഒരു കഥയും സമാന അനുഭവത്തിലൂടെയാണ് കടന്നുപോയത്. എന്റെ മകള്‍ പറഞ്ഞു, ഞാന്‍ കണ്ട ബോംബെ ഇന്നില്ല എന്ന്. വളരെക്കാലം മുമ്പ് ബോംബെ നഗരവുമായി എനിക്കത്രയേറെ പരിചയമുണ്ടായിരുന്നതിന്റെ പശ്ചാത്തലത്തില്‍ എഴുതിയ കഥയാണത്. പക്ഷേ, ഇന്ന് ആളുകള്‍ പറയുന്നു ഇതാണ് കഥയിലെ ബോംബെയെന്ന് പറയാനേ കഴിയില്ലെന്ന്. ബോംബെ ആകെ മാറി. അതേമാറ്റം കേരളത്തിലെമ്പാടും സംഭവിച്ചിട്ടുണ്ട്. ഗ്രാമങ്ങളെല്ലാം മാറിപ്പോയി. അതുകൊണ്ടുതന്നെ കഥയ്ക്ക് ആവശ്യമായ പുതിയ മാര്‍ഗങ്ങള്‍ കണ്ടെത്തേണ്ടി വന്നു. 

 മലയാളിയുടെ സിനിമാസ്വാദനം

എഴുത്തുകാരും സിനിമ നിര്‍മിക്കുന്നവരും പുതിയ കാര്യങ്ങള്‍ പഠിച്ചുകൊണ്ടേയിരിക്കുകയാണ്. പുതിയതിനു വേണ്ടിയുള്ള അന്വേഷങ്ങളിലാണ്. ആ അന്വേഷണങ്ങളില്‍ സംവിധായകര്‍ പുതിയവ കണ്ടെത്തുന്നു. നിരന്തരം മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടേയിരിക്കുന്ന മേഖലയാണ് ഫിലിം ഇന്റസ്ട്രി. മുമ്പ് സിനിമ സ്പര്‍ശിക്കാത്ത പ്രമേയങ്ങള്‍ ഇപ്പോള്‍ സിനിമയ്ക്ക് സ്വീകാര്യമായിരിക്കുന്നു. അന്നില്ലാത്ത പ്രവണതകള്‍ ഇന്ന് പരമാവധി ഉപയോഗപ്പെടുത്തുന്നു. അതുകൊണ്ടുതന്നെ സ്‌മോള്‍ സ്‌ക്രീന്‍ സിനിമകള്‍ മലയാളിയുടെ ജീവിതത്തിന്റെ ഭാഗമായി മാറുകയാണ്. 

 പ്രചോദനം

സത്യജിത് റായിയുടെ വലിയൊരു ആരാധകനാണ് ഞാന്‍. രണ്ടുമൂന്നു തവണയേ അദ്ദേഹത്തെ നേരില്‍ കണ്ടിട്ടുള്ളൂ. അദ്ദേഹം മഹാനായൊരു സിനിമാ സംവിധായകനാണ് അതിലൊരു സംശയവുമില്ല. ലോകത്തെമ്പാടും ധാരാളം മഹാന്മാരായ ചലച്ചിത്രസംവിധായകരുണ്ട്. പലരെയും നമ്മള്‍ കേട്ടിട്ടുണ്ടാവില്ല. നമുക്കുചുറ്റുമുള്ള ചെറിയ വ്യാപാരങ്ങളിലാണ് നമുക്ക് താല്‍പര്യം. 

മകള്‍ അശ്വതിയുടെ അഭിപ്രായത്തില്‍ വില്‍പനയും ഷെര്‍ലക്കുമാണ് വലിയ ചാലഞ്ച് തന്ന കഥകള്‍

ഷെര്‍ലക്ക് ഞാന്‍ ഏറെ ഇഷ്ടപ്പെടുന്ന കഥകളിലൊന്നാണ്. വില്‍പനയും അതേ. ചില കഥകള്‍ ചിത്രീകരിക്കുമ്പോള്‍ നമ്മുടെ നിയന്ത്രണപരിധിയില്‍ നില്‍ക്കാതെ പോകുന്നവയാണ്. ബോംബെ നഗരത്തില്‍ വെറുതേ അലഞ്ഞുനടന്ന ഒരു കാലമുണ്ടായിരുന്നു എനിക്ക്. പത്രങ്ങള്‍ അരിച്ചുപെറുക്കി അതിലെ പരസ്യങ്ങള്‍ കണ്ടുപിടിക്കുന്ന ശീലമുണ്ടായിരുന്നു. ഒരു ടൈപ്‌റൈറ്റര്‍ വില്ക്കാനുണ്ട് എന്ന പരസ്യം കണ്ട് ഞാനൊരു സ്ഥലത്തുപോയി. അവിടെ പോയപ്പോള്‍ കണ്ട കാഴ്ചയില്‍ നിന്നാണ് വില്‍പനയുടെ കഥാബീജമുണ്ടാവുന്നത്. അത് എന്റെ ഓര്‍മയില്‍ കുറേക്കാലം അങ്ങനേ തന്നെ കിടന്നു, പതുക്കെ പതുക്കെ വികാസം പ്രാപിച്ച് ഒരു കഥയായി. ആ കഥ നല്ല നിലയില്‍ സ്വീകരിക്കപ്പെട്ടു. എനിക്കും തൃപ്തി തന്നു. 

placeholder
ഷെര്‍ലക്കില്‍ നദിയ മൊയ്തുവും ഫഹദ് ഫാസിലും

ആത്മകഥാംശമുള്ള കഥകള്‍

ആത്മകഥ ഞാന്‍ എഴുതാന്‍ ശ്രമിച്ചിട്ടില്ല. അതിനു കാരണമുണ്ട്. എല്ലാ കഥയിലും ആത്മകഥയുടെ അംശങ്ങളുണ്ടാവും. എന്റെ നോവലുകളിലും കഥകളിലും അത് സംഭവിച്ചിട്ടുണ്ട്. എന്റെ സുഹൃത്തുക്കളായ എഴുത്തുകാര്‍ ആത്മകഥകള്‍ എഴുതിയിട്ടുണ്ട്. ഞാന്‍ ആത്മകഥയില്‍ എഴുതേണ്ടതായിട്ടുള്ള മിക്ക സംഭവങ്ങളും ഓര്‍മകളും കഥകളും കലയുടെ മറ്റു രൂപങ്ങളായ നോവലും കഥയും തിരക്കഥകളുമായി പുറത്തേക്കു വന്നുകഴിഞ്ഞു. 

placeholder
'വില്പന'യില്‍ ആസിഫ് അലി

മനോരഥങ്ങള്‍ എന്ന പേര്

നിങ്ങള്‍ എഴുതിയതെല്ലാം ഏറ്റവുമൊടുവില്‍ കോര്‍ത്തുവെച്ചു നോക്കുമ്പോള്‍ തീര്‍ച്ചയായും അതെല്ലാം നിങ്ങളുടെ മനോരഥങ്ങള്‍ മാത്രമായിരിക്കും. അതുകൊണ്ടുതന്നെയാണ്‌ ഈ സഞ്ചയത്തിന് മനോരഥങ്ങള്‍ എന്ന പേരിട്ടിരിക്കുന്നത്. അല്ലാതെ പ്രത്യേകിച്ച് മറ്റു കാരണങ്ങളൊന്നുമില്ല. 

സാഹിത്യസംബന്ധമായ വാര്‍ത്തകളും ലേഖനങ്ങളും വായിക്കാന്‍ ഈ വാട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകാം.

സ്വാധീനിക്കപ്പെട്ട എഴുത്തുകാര്‍

മാര്‍ക്കേസ്, റോസ ഷാവേസ് തുടങ്ങിയ ലാറ്റിന്‍ അമേരിക്കന്‍ എഴുത്തുകാരും മറ്റു രാജ്യങ്ങളിലെ നല്ല എഴുത്തുകാരും അവരുടെ കൃതികളും എന്നെ സ്വാധീനിച്ചിട്ടുണ്ട്. സാഹിത്യത്തില്‍ മാത്രമല്ല, ഞാന്‍ ഇടപെട്ട മറ്റ് മേഖലകളിലും ഈ സ്വാധീനമുണ്ടായിട്ടുണ്ട്. സാഹിത്യത്തിന്റെ കാര്യത്തില്‍ ഇന്ത്യയും ഒട്ടും മോശമല്ല. മഹത്തായ ഒരുപാട് സാഹിത്യങ്ങളുണ്ടായിട്ടുള്ള രാജ്യമാണ് ഇന്ത്യ. ഹിന്ദിയിലും ഉര്‍ദുവിലും മറാഠിയിലും കന്നഡയിലും തുടങ്ങി ഒട്ടുമിക്ക ഇന്ത്യന്‍ ഭാഷകളിലും മികച്ച സാഹിത്യസൃഷ്ടികളുണ്ടായിട്ടുണ്ട്. നമ്മുടെ സാഹിത്യശ്രേഷ്ഠന്‍മാര്‍ ലോകശ്രേഷ്ഠര്‍ കൂടിയാണ്. നമുക്ക് അറിയാത്തവരെ നമ്മള്‍ അറിഞ്ഞിരിക്കണം.