ചില വാക്കുകള്‍ക്ക് 
ജീവനുണ്ട്.
അതുകൊണ്ട് അവ ആരും കാണാത്ത
ഒരു മൂലയില്‍
ചാക്കില്‍ കെട്ടിവെച്ച്
ശ്വാസം മുട്ടിച്ച്
കൊല്ലുക.
എന്നാലും
ചാക്കുകളുടെ കെട്ടു പൊട്ടിച്ച്
അവ ഉയിര്‍ത്തെഴുന്നേല്‍ക്കും.
ചില വാക്കുകള്‍
കൂര്‍ത്ത പാറക്കല്ലുകള്‍ പോലെയാണ്.
തീ തുപ്പുന്ന തോക്കുകള്‍ കൊണ്ട്
കുഞ്ഞുങ്ങളെ
കൊന്ന് തീര്‍ക്കുന്നവരുടെ
നെറ്റിമേല്‍ അവ
തുളച്ചു കയറും.
ചില വാക്കുകള്‍
തീക്ഷണമായ
ഓര്‍മകളാണ്.
എഡ്വെര്‍ഡ് സെയ്ദിനെപ്പോലെ
മരിച്ചു പോയവരുടെ
ഭൂമിയില്‍ തീര്‍ത്ത
പ്രധിരോധത്തിന്റെ
അടയാളങ്ങളെ
അവ ഓര്‍മിപ്പിക്കും.
സുഹൃത്തേ,
അതുകൊണ്ട്
ജീവനുള്ള, പിടയ്ക്കുന്ന
വാക്കുകളുണ്ടെങ്കില്‍
അവ നിങ്ങളുടെ
കവിതകളില്‍
ഉപയോഗിക്കരുത്.
വാക്കുകളുടെ നാഡി പിടിച്ചു നോക്കൂ.
ജീവന്‍ ബാക്കിയുണ്ടെങ്കില്‍
അത്തരം വാക്കുകള്‍
ദൂരെ വലിച്ചെറിയുക.

To advertise here,