അന്തരിച്ച എഴുത്തുകാരന്‍ ഹിരണ്യനെ എഴുത്തുകാരന്‍ അഷ്ടമൂര്‍ത്തി അനുസ്മരിക്കുന്നു.

To advertise here,

കൃത്യം അമ്പതുവര്‍ഷംമുന്‍പാണ്. കേരളവര്‍മ കോളേജിലെ ഓഫീസിനിന്ന് വിടുതല്‍പ്പത്രം വാങ്ങി താഴേക്കിറങ്ങിയപ്പോള്‍ പുറത്ത് ഹിരണ്യന്‍ ആരെയോ കാത്തുനില്‍ക്കുകയാണ്. ഒരേ കോളേജിലാണ് പഠിച്ചിരുന്നതെങ്കിലും ഞാന്‍ അന്നുവരെ ഹിരണ്യനെ കണ്ടിരുന്നില്ല. ഹിരണ്യനാവട്ടെ, അന്നേ അതിപ്രശസ്തന്‍. എട്ടാംക്ലാസില്‍ പഠിക്കുമ്പോഴേ മാതൃഭൂമി വിഷുപ്പതിപ്പില്‍ കവിതയ്ക്ക് ഒന്നാംസമ്മാനം നേടിയ ആള്‍.

ശങ്കിച്ചുശങ്കിച്ചാണ് അടുത്തുചെന്നത്. ഹിരണ്യന്‍ പക്ഷേ, അതിനു മുന്‍പേതന്നെ ഞാന്‍ ഇറങ്ങിവരുന്നത് കണ്ടിരുന്നു. അടുത്തെത്തിയതേയുള്ളൂ, സ്വയം പരിചയപ്പെടുത്തുന്നതില്‍നിന്ന് എന്നെ തടഞ്ഞുകൊണ്ട് ചിരിച്ചു: ''എനിക്കറിയാം, അഷ്ടമൂര്‍ത്തിയല്ലേ?''

അക്കൊല്ലം കോളേജ് മാഗസിന്റെ എഡിറ്ററായിരുന്നു ഹിരണ്യന്‍. അതില്‍ എന്റെ ഒരു കഥയുമുണ്ടായിരുന്നു. ആ ധൈര്യമുപയോഗിച്ചാണ് ഞാന്‍ ഹിരണ്യന്റെ അടുത്തുപോയതുതന്നെ. പിന്നെ ഒരു വ്യാഴവട്ടത്തിനുശേഷമാണ് ഞങ്ങള്‍ തമ്മില്‍ കാണുന്നത്. അന്നേക്ക് ഹിരണ്യന്‍ ഗീതയെ വിവാഹം കഴിച്ചിരുന്നു. സാഹിത്യ അക്കാദമിയില്‍ ഒരു സ്ഥിരംസാന്നിധ്യമായിരുന്നു. അയാളുടെ സൗഹൃദവൈപുല്യം എന്നെ അമ്പരപ്പിച്ചിട്ടുണ്ട്. എല്ലാവരോടും സമഭാവംകലര്‍ന്ന പെരുമാറ്റം. എപ്പോഴും ചിരിച്ചുകൊണ്ടേ കാണൂ ഹിരണ്യനെ. പലപ്പോഴും എന്നെ സാക്ഷിയാക്കിനിര്‍ത്തി ഹിരണ്യന്‍ പകുതി തമാശയായും പകുതി അഭിമാനത്തോടെയും മറ്റുള്ളവരോടു പറഞ്ഞിട്ടുണ്ട്: ''അഷ്ടമൂര്‍ത്തിയുടെ ആദ്യത്തെ കഥ പ്രസിദ്ധീകരിച്ചത് ഞാനാണ്!''

ഹിരണ്യനെക്കുറിച്ചാവുമ്പോള്‍ ഗീതയെക്കുറിച്ചും എഴുതാതെവയ്യ. ഹിരണ്യനും ഗീതയും തൃശ്ശൂരിലെ വടക്കേ സ്റ്റാന്‍ഡിനടുത്ത് വീടുവെച്ചുതാമസമായതോടെ ആ എഴുത്തുദമ്പതിമാരെ കണ്ടുമുട്ടുന്നത് എളുപ്പമായി. ആ വീട്ടില്‍ കേറിയിറങ്ങാത്തവരും അന്തിയുറങ്ങാത്തവരും ചുരുക്കമായിരുന്നു. തന്റെ അടുക്കള കാപ്പി വിളയുന്ന ബ്രസീല്‍ ആണെന്ന് ഒരിക്കല്‍ ഗീത എഴുതിയിട്ടുണ്ട്. ഗീത ആ വീടിന്റെ ഐശ്വര്യമായിരുന്നു. ഒരുദിവസം രാവിലെ ജോലിക്കുപോകുംവഴി ഗസറ്റഡ് ഓഫീസറുടെ ഒരൊപ്പിനുവേണ്ടി ഞാന്‍ ഗീതയുടെ വീട്ടില്‍പ്പോയി. അന്ന് ഞാനൊരു കഥയെഴുതി. അതറിഞ്ഞ ഗീത പറഞ്ഞു: ''ഇനി ദിവസവും മുടങ്ങാതെ എന്നെ തൊഴുതുപൊയ്ക്കോളൂ. നല്ല കഥകളെഴുതാനാവും!''

placeholder
ഹിരണ്യനും ഗീതയും

ഐശ്വര്യം വിളയാടുന്ന ആ വീട്ടിലേക്ക് അപ്പോഴേക്കും ഉമയെത്തിയിരുന്നു; പിന്നീട് ആനന്ദനും. കഥകളും ലേഖനങ്ങളുമായി ഗീത സാഹിത്യരംഗത്ത് തിളങ്ങിനില്‍ക്കുന്നതാണ് പിന്നീടു നമ്മള്‍കണ്ടത്. പക്ഷേ, ഹിരണ്യന്‍ ഏറക്കുറെ എഴുത്തുവിട്ടിരുന്നു. എന്നാല്‍, മറ്റുള്ളവരുടെ രചനകള്‍ എല്ലാം കൃത്യമായി വായിക്കുകയും എഴുതിയവരെ വിളിച്ച് അഭിപ്രായം അറിയിക്കുകയും അയാള്‍ ഒരു നിഷ്ഠയാക്കി. പലര്‍ക്കും അത് വലിയപ്രചോദനവും പ്രോത്സാഹനവുമായിരുന്നു. മാത്രമല്ല, മറ്റുള്ളവരുടെ രചനകളുടെ സൂക്ഷ്മാംശങ്ങള്‍വരെ ഓര്‍മ്മവെക്കുന്ന ശീലവുമുണ്ടായിരുന്നു ഹിരണ്യന്. നമ്മളെ അമ്പരപ്പിച്ചുകൊണ്ട് ഏതെഴുത്തുകാരന്റെയും രചനകള്‍ വന്ന ലക്കവും തീയതിയുമൊക്കെ അയാള്‍ കാണാപ്പാഠം പറയും. 'സഞ്ചരിക്കുന്ന സാഹിത്യവിജ്ഞാനകോശം' എന്ന് ഞങ്ങള്‍ ഹിരണ്യനെ വിളിച്ചുപോന്നു.

placeholder
ഹിരണ്യനും ഗീതയും മക്കള്‍ ഉമയ്ക്കും ആനന്ദിനുമൊപ്പം

ഈ സിദ്ധി മറ്റുള്ളവര്‍ക്ക് പലപ്പോഴും പ്രയോജനപ്രദമായി. സ്വന്തം രചനകള്‍ തപ്പിയെടുക്കാന്‍ പലരും ഹിരണ്യന്റെ സഹായംതേടി. അറുപതുകളിലും എഴുപതുകളിലുമൊക്കെ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ കഥകളെഴുതിയിരുന്ന ഇ. ലതികയുടെ (കവയിത്രി ഇ. സന്ധ്യയുടെ മൂത്ത ജ്യേഷ്ഠത്തി) കഥകള്‍ തപ്പിയെടുക്കാനും അത് 'താമരനൂല്' എന്നപേരില്‍ ഒരു സമാഹാരമാക്കാനും മുന്‍കൈയെടുത്തത് ഹിരണ്യനാണ്.

അതേസമയം, ഒരു പുസ്തകംപോലും ഹിരണ്യന്റേതായി പുറത്തുവന്നില്ല. ഒരുതരത്തില്‍ പറഞ്ഞാല്‍ മറ്റുള്ളവര്‍ക്കുവേണ്ടിയായിരുന്നു ഹിരണ്യന്റെ ജീവിതം. നമ്മള്‍ ഇനിയും കണ്ടെത്താത്ത എന്തെല്ലാം നന്മകള്‍ ഹിരണ്യനിലുണ്ടായിരുന്നു എന്ന് കാലത്തിന്റെ രഹസ്യമാണ്. തൃശ്ശൂരില്‍ത്തന്നെയുള്ള ഒരു കവി മകള്‍ക്ക് ഫീസടയ്ക്കാന്‍ അത്യാവശ്യമായി കുറച്ചു പണംതേടി ഫലംകാണാതെ ഹതാശനായി നടക്കുമ്പോള്‍ വഴിയില്‍വെച്ച് ഹിരണ്യനെ കണ്ടതും വിവരമറിഞ്ഞപ്പോള്‍ അയാള്‍ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി അത്ര ചെറുതല്ലാത്ത ആ സംഖ്യ കൈയോടെ കൊടുത്തതുമൊക്കെ ആ കവിതന്നെ എന്നോടു പറഞ്ഞിട്ടുണ്ട്.

ഗീതയുടെ അകാലമരണം ഞങ്ങളില്‍ പലര്‍ക്കും താങ്ങാവുന്നതായിരുന്നില്ല. അപ്പോള്‍പ്പിന്നെ ഹിരണ്യന്റെ കാര്യം പറയേണ്ടതില്ലല്ലോ. ഗീതാരഹിതനായ ഹിരണ്യന്റെ ജീവിതത്തിലെ പിന്നീടുള്ള 22 വര്‍ഷം മറ്റൊരു ഹിരണ്യനെയാണ് നമ്മള്‍ കണ്ടത്. അവസാനത്തെ പത്തുവര്‍ഷമാവട്ടെ സാഹിത്യത്തില്‍നിന്നു മാത്രമല്ല ഏറക്കുറെ എല്ലാവരില്‍നിന്നും അകന്നുപോയിരുന്നു ഹിരണ്യന്‍. എന്തൊക്കെയോ ആയിത്തീരേണ്ട ജന്മം. രേഖപ്പെടുത്താതെപോയ ഒരു ജീവിതമായിരുന്നു ഹിരണ്യന്റേത്.