നിലപാടുകളുടെ ഒരേയൊരു വി.എസ് ഇനി ഓര്‍മ. അണികള്‍ ആര്‍ത്തുവിളിക്കുന്ന 'കണ്ണേ കരളേ വി.എസ്സേ...' മുദ്രാവാക്യത്തോടെ തന്റെ സമരകാലവീര്യം ഒട്ടും ചോരാതെ വേദിയില്‍ വാക്കുകളാല്‍ കത്തിപ്പടരുന്ന വി.എസ് ഇനി ജന്മനാട്ടില്‍ അന്തിയുറങ്ങും. പതിനൊന്നാം വയസ്സില്‍ സ്‌കൂള്‍ പഠനം നിര്‍ത്തി, ജീവിതസാഹചര്യങ്ങളോട് സമരസപ്പെടാന്‍ സ്വന്തം സഹോദരന്റെ ജൗളിക്കടയില്‍ സഹായിയായി തുടങ്ങിയ തൊഴിലാളിക്കാലം നയിച്ച രാഷ്ട്രീയപ്രവേശം വി.എസ്സിനെ ജനലക്ഷങ്ങളുടെ നായകനാക്കി മാറ്റി. മുഖ്യമന്ത്രിയായിരുന്നപ്പോളും പൊതുപ്രവര്‍ത്തകനായിരുന്നപ്പോഴും നിലപാടുകള്‍ കൊണ്ട് വിവാദങ്ങളുടെ അകമ്പടിയില്‍ ജീവിച്ചു അദ്ദേഹം. അരിവാള്‍ചുറ്റിക നക്ഷത്രം മുന്നില്‍ നിന്നുനയിച്ച വി.എസ്സിന്റെ പൊതുജീവിതത്തിലെ പ്രമാദമായ വിവാദങ്ങളെക്കുറിച്ച് കെ. ബാലകൃഷ്ണന്‍ എഴുതുന്നു.  

To advertise here,

ഇടതുപക്ഷജനാധിപത്യമുന്നണിസര്‍ക്കാര്‍ അധികാരത്തില്‍ വന്ന് ഏതാനും ആഴ്ചയ്ക്കിടയില്‍ ഡല്‍ഹിയില്‍വെച്ച് എ.ഡി.ബിയുമായി സംസ്ഥാന സര്‍ക്കാരിനുവേണ്ടി തദ്ദേശസ്വയംഭരണവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എസ്.എം. വിജയാനന്ദ് കരാര്‍ ഒപ്പുവെച്ചു. ഈ വാര്‍ത്ത മുഖ്യമന്ത്രി അറിയുന്നത് ചാനല്‍ വാര്‍ത്തയിലൂടെയാണ്. തദ്ദേശസ്വയംഭരണവകുപ്പുമന്ത്രിയുടെ ഉത്തരവനുസരിച്ചാണ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഒപ്പുവെച്ചത്.

നേരത്തേ വിവാദത്തിലും പ്രതിഷേധത്തിലുമുള്ള ഒരു സുപ്രധാനവിഷയത്തില്‍ തന്നെ ഇരുട്ടില്‍നിര്‍ത്തി തീരുമാനമെടുത്ത് നടപ്പാക്കിയെന്നതില്‍ മുഖ്യമന്ത്രി രോഷാകുലനായി. അടുത്തദിവസം പത്രസമ്മേളനത്തില്‍ ചോദ്യമുയര്‍ന്നപ്പോള്‍ കരാര്‍ ഒപ്പിട്ടതിനെ പരസ്യമായി തള്ളിപ്പറയുന്ന സ്ഥിതിയുണ്ടായി. മന്ത്രിസഭ അറിയാതെയാണ് ഒപ്പിട്ടതെന്നും ആ കരാറില്‍ ഉത്തരവാദിത്വമില്ലെന്നുമാണ് വി.എസ്. പറഞ്ഞത്. മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വം നഷ്ടപ്പെട്ടുവെന്നും മുഖ്യമന്ത്രിക്ക് തദ്ദേശസ്വയംഭരണവകുപ്പുമന്ത്രിയില്‍ വിശ്വാസമില്ലെന്ന് പരസ്യമായിരിക്കുകയാണെന്നും മന്ത്രി പാലോളി മുഹമ്മദ്കുട്ടി മന്ത്രിസ്ഥാനം രാജിവെക്കണമെന്നും പ്രതിപക്ഷം ആവശ്യമുയര്‍ത്തി. മുന്നണി അറിയാതെയും മന്ത്രിസഭയില്‍ വെക്കാതെയുമാണ് ഒപ്പിട്ടതെന്നതിന്റെ പേരില്‍ സി.പി.ഐയും നീരസത്തിലായി.

അടുത്തതായി മുഖ്യമന്ത്രി ആഭ്യന്തരവകുപ്പില്‍ നേരിട്ടിടപെടാന്‍ ശ്രമിക്കുന്നുവെന്ന് ആക്ഷേപമുയര്‍ന്നു. സിനിമകള്‍ റിലീസാകുമ്പോള്‍ത്തന്നെ അതിന്റെ വ്യാജപതിപ്പുകള്‍ പുറത്തിറങ്ങുന്നത് വലിയ പ്രശ്നമായ കാലമായിരുന്നു അത്. ചലച്ചിത്ര നിര്‍മ്മാതാക്കളുടെ പരാതിയെ തുടര്‍ന്ന് പോലീസ് ശക്തമായ നടപടികളുമാരംഭിച്ചു. ഡി.ഐ.ജി. ഋഷിരാജ് സിങ്ങിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് ശക്തമായ രീതിയില്‍ ആന്റിപൈറസി റെയിഡ് നടന്നത് മാദ്ധ്യമങ്ങളില്‍ വന്‍തോതില്‍ വാര്‍ത്തയായി. അടുത്തദിവസം കൊച്ചിയില്‍ ഒരു സ്റ്റുഡിയോ റെയ്ഡ് ചെയ്തേക്കുമെന്ന വാര്‍ത്തയും വന്നു. പോലീസിലെ ഒരു ഡി.ഐ.ജിയുടെ ഭാര്യയുടെ ഉടമസ്ഥതയിലുള്ള സ്റ്റുഡിയോ ആണ്. ആ സ്റ്റുഡിയോവില്‍നിന്നാണ് വ്യാജപതിപ്പുകളിറങ്ങുന്നതെന്ന കിംവദന്തിയുണ്ടായിരുന്നു. പ്രസ്തുത സ്റ്റുഡിയോ റെയ്ഡ് ചെയ്യാനുള്ള ഡി.ഐ.ജി. ഋഷിരാജ് സിങ്ങിന്റെ നീക്കം ഡി.ജി.പി. രമണ്‍ ശ്രീവാസ്തവ ഇടപെട്ട് തടഞ്ഞുവെന്നായി പിന്നീടുവന്നബ്രേക്കിങ്‌
ന്യൂസ്. ആ വാര്‍ത്തയെ തുടര്‍ന്ന് അടുത്തദിവസം മുഖ്യമന്ത്രി ഡി.ജി.പിയെ ഔദ്യോഗികവസതയിലേക്ക് വിളിച്ചു. ചര്‍ച്ച കഴിഞ്ഞശേഷം രമണ്‍ ശ്രീവാസ്തവ തിരിച്ചുപോകാന്‍ ഇറങ്ങുമ്പോഴേക്കും മാധ്യമപ്പട അവിടേക്ക് എത്തിയിരുന്നു. കൊച്ചിയിലെ സ്റ്റുഡിയോ റെയ്ഡ് ചെയ്യാനുള്ള നീക്കം തടഞ്ഞ ഡി.ജി.പിയെ മുഖ്യമന്ത്രി വിളിച്ചുവരുത്തി ശാസിച്ചുവെന്ന വാര്‍ത്ത ബ്രേക്കിങ്ങായി വരാന്‍ തുടങ്ങി. മുഖ്യമന്ത്രിയുടെ ഓഫീസും ഇക്കാര്യം അറിഞ്ഞത് വാര്‍ത്ത വന്നശേഷം മാത്രമാണ്. ഡി.ഐ.ജിയെ വിലക്കിയെന്നതുമുതല്‍ ഡി.ജി.പിയെ ശാസിച്ചുവെന്നതുവരെയുള്ള തുടര്‍വാര്‍ത്തകളും അതിനാധാരമായ സംഭവങ്ങളും ആസൂത്രിതമാണെന്ന ആക്ഷേപമുയര്‍ന്നു. മുഖ്യമന്ത്രിയാണ് ഭരണനേതൃത്വം കൈയാളുന്നതെന്നതും കേന്ദ്രസര്‍വീസ് മുഖ്യമന്ത്രിയുടെ വകുപ്പാണ് എന്നെല്ലാം ന്യായീകരണമുണ്ടാകാമെങ്കിലും സര്‍ക്കാരില്‍ ഭിന്നാഭിപ്രായമുണ്ടെന്ന് തോന്നിക്കുന്നതും നല്ലവരും മോശക്കാരും എന്ന പ്രതീതി സൃഷ്ടിക്കുന്നതുമായ നടപടികളുടെ ഭാഗമെന്ന നിലയിലാണ് വ്യാഖ്യാനമുണ്ടായത്. പ്രതിപക്ഷനേതാവായിരുന്നപ്പോള്‍ ഒപ്പമുണ്ടായിരുന്ന ചിലര്‍ തുടര്‍ന്നും വി.എസ്സിനെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നുവെന്ന ആരോപണം പാര്‍ട്ടിക്കകത്ത് ഉയര്‍ന്നു.

ആന്റിപൈറസി വിഷയത്തില്‍ വിവാദത്തിലായ പോലീസ് ഉദ്യോഗസ്ഥന്‍ സംശയനിഴലിലായിരുന്നു. പലപ്പോഴും പലതരത്തിലുള്ള ആരോപണങ്ങള്‍ അദ്ദേഹത്തിനെതിരെ ആ സര്‍ക്കാരിന്റെ കാലത്തു മാത്രമല്ല, പിന്നെയുമുണ്ടായി. ഈ ഉദ്യോഗസ്ഥന് ജോലിക്കു പുറമേ ബിസിനസ്സുമുണ്ടെന്ന ആരോപണമുണ്ടായിരുന്നു. ആ ഉദ്യോഗസ്ഥന്‍ സര്‍ക്കാര്‍ അറിയാതെ വിദേശത്തുപോയതാണ് അടുത്തതായി വിവാദമായത്. ഐ.പി.എസ്. ഉദ്യോഗസ്ഥന്‍ വിദേശത്തു പോകണമെങ്കില്‍ മുഖ്യമന്ത്രിയുടെ അനുമതി ആവശ്യമാണ്. കേരളത്തില്‍നിന്ന് ഇങ്ങനെയൊരു ഉദ്യോഗസ്ഥന്‍ അനുമതിയോടെയാണോ വന്നതെന്ന് ആരാഞ്ഞുകൊണ്ട് അവിടത്തെ എംബസിയിലെ ഐ.എഫ്.എസ്. ഉദ്യോഗസ്ഥ കേന്ദ്രസര്‍ക്കാരിന് കത്തയച്ചിരുന്നു. പ്രസ്തുത ഉദ്യോഗസ്ഥന്‍ അവിടെ അക്കൗണ്ട് തുടങ്ങിയതായും വിവരം ലഭിച്ചു. വിവരമറിഞ്ഞ മുഖ്യമന്ത്രി പ്രസ്തുത ഡി.ഐ.ജിയെ സസ്പന്റ് ചെയ്ത് ഉത്തരവിറക്കി. വലിയ ബ്രേക്കിങ് വാര്‍ത്തയായി അതുവരാന്‍ തുടങ്ങി. ആഭ്യന്തരമന്ത്രിയോ ആഭ്യന്തരവകുപ്പ് സെക്രട്ടറിയോ അറിയാതെയാണ് നടപടിയുണ്ടായത്. തന്റെ വകുപ്പിലെ ഉന്നതനായ ഒരു ഉദ്യോഗസ്ഥനെ താനറിയാതെ സസ്പന്റ് ചെയ്തുവെന്നതില്‍ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ വലിയ പ്രതിഷേധത്തിലായി. സര്‍ക്കാരിന്റെ കൂട്ടുത്തരവാദിത്വം നഷ്ടപ്പെട്ടുവെന്ന ആക്ഷേപം വീണ്ടുമുയര്‍ന്നു. പാര്‍ട്ടിക്കകത്തെ പ്രശ്നങ്ങള്‍, വിഭാഗീയത കുറയുകയല്ല കൂടുകയാണ്, അത് സര്‍ക്കാരിനുമേലും കരിനിഴല്‍വീഴ്ത്തുകയാണെന്ന് പ്രചാരണം ശക്തിപ്പെടുന്ന സ്ഥിതിയാണുണ്ടായത്. അന്യസംസ്ഥാനലോട്ടറികളെ നിയന്ത്രിക്കുന്നതിനുള്ള നടപടികളുടെ കാര്യത്തിലും മുഖ്യമന്ത്രി നേരിട്ടിടപെട്ട് തീരുമാനമെടുക്കുകയും ഉത്തരവിറക്കുകയും ചെയ്തത് പ്രശ്നമായി.

ഇത്തരത്തില്‍ ഭിന്നാഭിപ്രായവും വിഭാഗീയതയും വളരുന്നത് നിയന്ത്രിക്കുന്നതിന് പാര്‍ട്ടിയുടെ പി.ബി. പ്രത്യേകമായ ഇടപെടല്‍ നടത്തി. സര്‍ക്കാരും പാര്‍ട്ടിയും തമ്മിലുള്ള ബന്ധം ശക്തമാക്കുക, മന്ത്രിസഭയില്‍ ഐക്യമുണ്ടാക്കുക എന്നീ ലക്ഷ്യങ്ങളോടെ അഞ്ചംഗസമിതി രൂപീകരിക്കുകയായിരുന്നു. നയപരമായ കാര്യങ്ങള്‍ ഈ സമിതിയില്‍ ചര്‍ച്ച ചെയ്ത് ധാരണയിലെത്തിയശേഷമേ തീരുമാനിക്കാവൂ എന്ന കര്‍ശനനിര്‍ദ്ദേശവും നല്‍കി. മുഖ്യമന്ത്രി മാത്രമല്ല, ഈ ഘട്ടമാവുമ്പോഴേക്കും കോടിയേരി ബാലകൃഷ്ണനും പോളിറ്റ്ബ്യൂറോവില്‍ അംഗമായിക്കഴിഞ്ഞിരുന്നു. മുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി, തൊഴില്‍മന്ത്രിയും കേന്ദ്ര കമ്മിറ്റി അംഗവുമായ പി.കെ. ഗുരുദാസന്‍, പാര്‍ട്ടി സംസ്ഥാനസെക്രട്ടറി പിണറായി വിജയന്‍, എല്‍.ഡി.എഫ്. കണ്‍വീനറും കേന്ദ്രകമ്മിറ്റി അംഗവുമായ വൈക്കം വിശ്വന്‍ എന്നിവരടങ്ങിയതായിരുന്നു അഞ്ചംഗസമിതി. 1996-ലെ നായനാര്‍ മന്ത്രിസഭയുടെ കാലത്തും ഇത്തരം സമിതിയുണ്ടായിരുന്നു.

രാഷ്ട്രീയമോ നയപരിപാടികളുമായി ബന്ധപ്പെട്ടതോ അല്ലാത്ത പ്രശ്നത്തിലും ചില വിവാദങ്ങളുണ്ടായി. ചീഫ് സെക്രട്ടറി സ്ഥാനത്തുനിന്ന് ലിസി ജേക്കബ്ബ് രാജിവെക്കാനിടയായതാണ് ഒരു വിഷയം. സര്‍ക്കാരുമായി നല്ല ബന്ധത്തില്‍ പോയിരുന്ന ചീഫ് സെക്രട്ടറിയാണ് ലിസി ജേക്കബ്ബ്. മികച്ചൊരു ചിത്രകാരിയും കവിയുമായിരുന്നു അവര്‍. അവരുടെ ഭര്‍ത്താവ് ബാബു ജേക്കബ്ബും ചീഫ് സെക്രട്ടറിയായിരുന്നു. അവരുടെ അടുത്ത ബന്ധുവാണ് അല്പകാലത്തിനുശേഷം ചീഫ് സെക്രട്ടറിയായ പി.ജെ. തോമസ്. ലിസി ജേക്കബ്ബ് ചീഫ് സെക്രട്ടറിയായിരിക്കെ കേന്ദ്രത്തില്‍നിന്നും വന്ന ഒരു കത്തുമായി ബന്ധപ്പെട്ട പ്രശ്നമാണിവിടെ സൂചിപ്പിക്കുന്നത്. പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് സംസ്ഥാനത്ത് സന്ദര്‍ശനം നടത്തുന്നതുമായി ബന്ധപ്പെട്ട കമ്യൂണിക്കേഷന്‍. ആ വിവരം തന്റെ ഓഫീസില്‍ യഥാസമയം ചീഫ് സെക്രട്ടറി അറിയിച്ചില്ലെന്ന് ഒരു സാധാരണകാര്യമായാണ് മുഖ്യമന്ത്രി മന്ത്രിസഭായോഗത്തില്‍ പറഞ്ഞത്. പക്ഷേ, ആ വിവരം ഏതോ മന്ത്രി ചില പത്രങ്ങളെ അറിയിച്ചു. അതൊരു വാര്‍ത്തയായി. പക്ഷേ, വിവാദമായത് അതുകൊണ്ടല്ല. അടുത്തയാഴ്ച മന്ത്രിസഭായോഗതീരുമാനങ്ങള്‍ ബ്രീഫ് ചെയ്ത ശേഷമുണ്ടായ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യവും അതിനുള്ള ഉത്തരവുമാണ്. ചീഫ് സെക്രട്ടറി യഥാസമയം വിവരം തന്നെ അറിയിക്കണമായിരുന്നു, അതുണ്ടായില്ല എന്ന് മുഖ്യമന്ത്രി പറഞ്ഞു. അത് വലിയ വാര്‍ത്തയായി. ലിസി ജേക്കബ്ബ് അന്നുതന്നെ രാജിവെച്ചു. മുഖ്യമന്ത്രി അത്തരമൊരു പരമാര്‍ശം നടത്തേണ്ടിയിരുന്നില്ലെന്ന് പാര്‍ട്ടി പിന്നീടു വിലയിരുത്തി.


മൂന്നാറിലെ കൈയേറ്റമൊഴിപ്പിക്കലാണ് വി.എസ്. സര്‍ക്കാരിനെ രാജ്യാന്തരപ്രശസ്തമാക്കിയ ഐതിഹാസികമെന്നുതന്നെ വിശേഷിപ്പിക്കപ്പെട്ട സംഭവം. യൂറോപ്യന്‍കാലാവസ്ഥയുള്ള മൂന്നാറില്‍ പതിറ്റാണ്ടുകളായി വന്‍തോക്കുകള്‍ നടത്തുന്ന കൈയേറ്റം നിര്‍ബാധമാണ്. സര്‍ക്കാരുകള്‍ ഇടപെടുമെന്ന് പറയും, കോടതികള്‍ നിര്‍ദ്ദേശിക്കും, ചില ശ്രമങ്ങള്‍ നടക്കും, പിന്നെ മന്ദീഭവിക്കും. കൈയേറ്റം തുടര്‍ന്നുകൊണ്ടേയിരിക്കുകയും ചെയ്യും. ഇതാണ് മൂന്നാറിലെ അവസ്ഥ. വി.എസ്. സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് ഒരു വര്‍ഷത്തിനകമാണ് മൂന്നാറില്‍നിന്ന് വീണ്ടും കൈയേറ്റവാര്‍ത്തകള്‍ പുറത്തുവന്നത്. വി.എസ്. പ്രതിപക്ഷനേതാവായിരിക്കെ പ്രത്യേകം ശ്രദ്ധിച്ചതും പിന്തുടര്‍ന്നതും നിരന്തരം ഉന്നയിച്ചുതുമായ ഒരു വിഷയമാണ് മൂന്നാറിലെ പ്രശ്നം. സാധാരണകൈയേറ്റം ഒഴിപ്പിക്കുകയെന്നതിനപ്പുറം അഗാധമായ ഒരു തലം അതിനുണ്ടായിരുന്നു. അന്യാധീനപ്പെട്ട തോട്ടങ്ങള്‍ പൊതുസ്വത്താക്കി മാറ്റുകയെന്ന ലക്ഷ്യം. ഹാരിസണ്‍ മലയാളത്തിലേക്കടക്കം നീളുന്നതാണത്. മൂന്നാറിന്റെ പ്രകൃതിസവിശേഷതകളെ അട്ടിമറിക്കുന്ന തരത്തിലുള്ള കൈയേറ്റം, ടാറ്റ മൂന്നാര്‍ മുഴുവന്‍ കൈപ്പിടിയിലാക്കിയ പ്രശ്നം എന്നിവ വി.എസ്. നിരന്തരം ചൂണ്ടിക്കാട്ടുന്നുണ്ടായിരുന്നു.

മൂന്നാറില്‍ ഇപ്പോഴും കൈയേറ്റം നടക്കുന്നുവെന്ന് ഒരു ചാനലില്‍ അപ്രധാനമായാണ് വാര്‍ത്ത വന്നത്. ഡോ. സുകുമാര്‍ അഴീക്കോടിന്റെ പുതിയ വീട്ടിന്റെ പാലുകാച്ചല്‍ച്ചടങ്ങില്‍ പങ്കെടുക്കാന്‍ തൃശ്ശൂരില്‍ പോകുമ്പോഴാണ് വി.എസ്. വിവരമറിയുന്നത്. ഗൃഹപ്രവേശച്ചടങ്ങു കഴിഞ്ഞ് മടങ്ങുമ്പോള്‍ ഒരു തീരുമാനമെടുത്തു, ആലുവ ഗസ്റ്റ്ഹൗസില്‍ ഒരു ദിവസം തങ്ങാം. ഇടുക്കിയില്‍ വിളിച്ച് വിവരങ്ങളാരാഞ്ഞു. മൂന്നാര്‍ ഭൂപ്രശ്നവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ തനിക്ക് നേരത്തേ വിവരങ്ങള്‍ ലഭ്യമാക്കിയ തന്റെ അഡീഷണല്‍ സെക്രട്ടറികൂടിയായ കെ. സുരേഷ്‌കുമാര്‍ ഐ.എ.എസ്, ഹൈക്കോടതിയിലെ അഭിഭാഷകനായ ഡി. അനില്‍കുമാര്‍ എന്നിവരോട് അടിയന്തരമായി ആലുവയിലെത്താന്‍ ആവശ്യപ്പെടുന്നു. പിറ്റേന്ന് അതിരാവിലെ മുതല്‍ അവരുമായി സംസാരിച്ച് പ്രശ്നത്തിന്റെ ആഴത്തിലുള്ള പഠനം. അന്നത്തെ മംഗളം പത്രത്തില്‍ ഏറക്കുറെ ഒരു പേജോളം മൂന്നാറിലെ കൈയേറ്റത്തെക്കുറിച്ച് വാര്‍ത്തയുണ്ടായിരുന്നു. അതും വായിച്ച ശേഷമാണ് വി.എസ്. പത്രസമ്മേളനത്തിനു തയ്യാറായത്. പാര്‍ട്ടിയുടെ ഇടുക്കി ജില്ലാ സെക്രട്ടറിയായ എം.എം. മണിയുമായി സംസാരിച്ച ശേഷമാണ് പത്രസമ്മേളനം നടത്തിയത്. മൂന്നാറിലെ കൈയേറ്റം എന്തുവിലകൊടുത്തും അവസാനിപ്പിക്കും. പാവപ്പെട്ട കുടിയേറ്റക്കാരെയല്ല, വന്‍കിടക്കാരായ കൈയേറ്റക്കാരെ ഉടനെ ഒഴിപ്പിക്കും എന്നായിരുന്നു പ്രഖ്യാപനം.

ഏതാനും ദിവസത്തിനകംതന്നെ മുഖ്യമന്ത്രി മൂന്നാറിലെത്തി. കൈയേറ്റങ്ങള്‍ നേരിട്ടു കണ്ടു. മൂന്നാര്‍ ഗസ്റ്റ്ഹൗസില്‍ ജനപ്രതിനിധികളുമായും മുതിര്‍ന്ന ഉദ്യോഗസ്ഥരുമായും ചര്‍ച്ച നടത്തി. ജനാധിപത്യപരമായിത്തന്നെയാണ് സ്ഥലസന്ദര്‍ശനം നടത്തി വിവരശേഖരണം നടത്തിയതും. സന്ദര്‍ശനം നടത്തി തിരുവനന്തപുരത്ത് തിരിച്ചെത്തിയ മുഖ്യമന്ത്രി കാര്യങ്ങളെല്ലാം അവലോകനം ചെയ്യുകയും ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തുകയും ചെയ്തശേഷം പാര്‍ട്ടി സെക്രട്ടേറിയറ്റില്‍ വിഷയം അവതരിപ്പിക്കുകയും ചെയ്തു. പാര്‍ട്ടിയുടെ അനുമതികൂടി വാങ്ങിയ ശേഷമാണ് മന്ത്രിസഭയില്‍ വിഷയം അവതരിപ്പിക്കുന്നതും അന്നുതന്നെ തീരുമാനത്തിലെത്തുന്നതും. കെ. സുരേഷ്‌കുമാര്‍ ഐ.എ.എസ്., ഇടുക്കി കളക്ടറായ രാജുനാരായണസ്വാമി, ഡി.ഐ.ജി. ഋഷിരാജ് സിങ് എന്നിവരടങ്ങിയ സംഘത്തെ കൈയേറ്റമൊഴിപ്പിക്കല്‍യത്നത്തിന് ചുമതലപ്പെടുത്തിയതായി വി.എസ്. മന്ത്രിസഭായോഗത്തിനുശേഷം വെളിപ്പെടുത്തുമ്പോള്‍ മാത്രമാണ് സ്വന്തം ഓഫീസ് പോലും കാര്യമറിയുന്നത്. 2007 മേയ് 13 മുതല്‍ ജൂണ്‍ 18 വരെയാണ് ആദ്യഘട്ടം ദൗത്യം നടന്നത്. വന്‍കിടക്കാര്‍ കൈയേറി അനധികൃതമായി പണിത 91 കൂറ്റന്‍ റിസോര്‍ട്ടുകള്‍ ജെ.സി.ബികൊണ്ട് തകര്‍ത്തുനിരപ്പാക്കുകയും 11,350 ഏക്കര്‍സ്ഥലം വീണ്ടെടുക്കുകയും ചെയ്ത ഐതിഹാസികദൗത്യം. ആഴ്ചകളോളം രാജ്യത്തിന്റെ ശ്രദ്ധ മൂന്നാറില്‍ കേന്ദ്രീകരിച്ചു. മാധ്യമങ്ങള്‍ പൂര്‍ണ്ണസമയം അവിടെ തമ്പടിച്ചു. കെട്ടിടങ്ങള്‍ പൊളിക്കുന്നതു തടയാന്‍ ഉടമകള്‍ കോടതികളെ സമീപിച്ചെങ്കിലും കോടതികള്‍ ഒരു തടസ്സവുമുണ്ടാക്കിയില്ല. വാസ്തവത്തില്‍ ദൗത്യസംഘത്തിന്റെ പ്രവര്‍ത്തനത്തിന് നീതിപീഠത്തിന്റെ പിന്തുണയുമുണ്ടായിരുന്നു. എന്നാല്‍, സി.പി.ഐയുടെ ഒരു ഓഫീസിന്റെ അല്‍പം ഭാഗം പൊളിക്കേണ്ടിവന്നതോടെ വിവാദമായി. മേഖയിലെ രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് ദൗത്യത്തില്‍ കടുത്ത വിയോജിപ്പുണ്ടായിരുന്നു. രണ്ടോ മൂന്നോ സെന്റ് സ്ഥലത്ത് വീടുവെച്ച് താമസിക്കുന്നവരെ ഒരു കാരണവശാലും ഇറക്കിവടരുതെന്ന് മുഖ്യമന്ത്രി കര്‍ശനനിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍, നാലോ അഞ്ചോ സെന്റില്‍ ആറോ ഏഴോ നിലയില്‍ കെട്ടിയ റിസോര്‍ട്ടുകള്‍ക്ക്‌ ആ ഇളവ് ബാധകമല്ലെന്നും വ്യക്തമാക്കിയിരുന്നു. എന്നാല്‍, ചെറുകിടക്കാര്‍ക്കെതിരേ നടപടിയെടുക്കുന്നുവെന്ന ദുഷ്പ്രചാരണമുണ്ടായി. അന്‍പതു ദിവസത്തോളം നീണ്ട ആദ്യഘട്ടദൗത്യം ഭൂമികൈയേറ്റത്തിനെതിരായ ശക്തമായ വൈകാരികത സംസ്ഥാനത്താകെ വളര്‍ത്തി. സംസ്ഥാനത്താകെ റവന്യൂവകുപ്പ് പുറമ്പോക്കുഭൂമി ഒഴിപ്പിച്ചെടുക്കുന്നതിന് ശ്രമം നടത്തി. എന്നാല്‍, വിവാദങ്ങളെ തുടര്‍ന്ന് അത് മന്ദീഭവിക്കുകയായിരുന്നു. രവീന്ദ്രന്‍പട്ടയമുള്‍പ്പെടെ ഒട്ടേറെ പ്രശ്നങ്ങള്‍ മൂന്നാര്‍പ്രശ്നവുമായി ബന്ധപ്പെട്ട് വിവാദമുയര്‍ത്തി. അന്നുയര്‍ത്തിവിട്ട പ്രശ്നങ്ങള്‍ ഇപ്പോഴും തുടരുകയാണ്. മൂന്നാറിലെ കൈയേറ്റമൊഴിപ്പിക്കാന്‍ ഹൈക്കോടതിതന്നെ സ്വമേധയാ ചില നടപടികളും സ്വീകരിക്കുകയുണ്ടായി. ഹൈക്കോടതിയിലെ ജഡ്ജിമാര്‍ ഒന്നിച്ച് മൂന്നാര്‍ സന്ദര്‍ശിക്കുകയും മൂന്നാറിന്റെ പച്ചനിറം മാറിപ്പോയെന്ന് പരിതപിക്കുകയും ചെയ്തു. കെ. സുരേഷ്‌കുമാര്‍ ഉള്‍പ്പെട്ട ദൗത്യസംഘത്തെ ഒഴിവാക്കിയശേഷം പല ഘട്ടങ്ങളിലായി ദൗത്യസംഘങ്ങളെ ചുമതലപ്പെടുത്തുകയുണ്ടായി. ഇപ്പോഴും ചുമതലപ്പെടുത്തിക്കൊണ്ടിരിക്കുന്നു.

വി.എസ്. സര്‍ക്കാരിന്റെ കാലത്ത് 'നവീനമൂന്നാര്‍' എന്ന ഒരു പദ്ധതിതന്നെ ആവിഷ്‌കരിക്കുകയുണ്ടായി. മൂന്നാറിലെ ഏറ്റവും വലിയ പ്രശ്നം, സ്വാതന്ത്ര്യപൂര്‍വ്വകാലത്ത് ടാറ്റയ്ക്ക് പാട്ടത്തിനു നല്‍കിയതാണ് മൂന്നാറിലെ ഏറെ ഭൂമിയും എന്നതാണ്. അതിനാല്‍ പാവപ്പെട്ടവര്‍ക്ക് തലചായ്ക്കാന്‍ ഒരിഞ്ചു മണ്ണില്ല. കേരളത്തിലെ ഏറ്റവും വലിയ ടൂറിസ്റ്റുകേന്ദ്രമാണെങ്കിലും താമസസൗകര്യമടക്കം വികസിപ്പിക്കുന്നതിനും ടൗണ്‍ഷിപ്പ്  ഉണ്ടാക്കുന്നതിനും സ്ഥലമില്ല. ഇതെല്ലാം പരിഗണിച്ചാണ് നവീനമൂന്നാറിന് ഒരു മാസ്റ്റര്‍പ്ലാന്‍ വിഭാവനം ചെയ്തത്. അതു പക്ഷേ, വേണ്ടവിധം മുന്നോട്ടു പോയില്ല.
മൂന്നാര്‍ കൈയേറ്റമൊഴിപ്പിക്കാനുള്ള തീരുമാനമെടുത്തത് പാര്‍ട്ടിയുടെ സെക്രട്ടേറിയറ്റിലെ ചര്‍ച്ചയ്ക്കുശേഷമാണ്. മന്ത്രിസഭായോഗം തീരുമാനിച്ചതുമാണ്. എന്നാല്‍, ദൗത്യം വി.എസ്സിന്റെ വ്യക്തിപരതീരുമാനമാണെന്ന മട്ടില്‍ ചിത്രീകരിക്കാന്‍ ചില മാധ്യമങ്ങള്‍ ശ്രമിച്ചു. വി.എസ്സിനെ പാര്‍ട്ടിയില്‍നിന്നും മുന്നണിയില്‍നിന്നും വേറിട്ടുകാണിച്ച് ചിത്രീകരിക്കുന്ന പ്രവണത. ഈ വേറിട്ടുകാണല്‍ പ്രവണതയെക്കുറിച്ച് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഒരു പ്രസംഗത്തില്‍ വിമര്‍ശിച്ചു. ''കൈയേറ്റമൊഴിപ്പിക്കലിന്റെ ക്രെഡിറ്റ് മുഴുവന്‍ ഒരാള്‍ക്കാണെന്ന് പ്രചരിപ്പിക്കുന്നവര്‍ക്ക് നല്ല നമസ്‌കാരം'' എന്നാണ് പിണറായി പറഞ്ഞത്. 'നല്ല നമസ്‌കാരം' എന്ന പ്രയോഗം പിന്നീട് ഭാഷയില്‍ രൂഢിയായി. ഈ പരാമര്‍ശത്തെക്കുറിച്ച് മാധ്യമപ്രവര്‍ത്തകരുടെ കൂടെക്കൂടെയുള്ള, തുടര്‍ചോദ്യങ്ങള്‍ക്ക് മറുപടി പറയുന്നതിനിടയില്‍ വി.എസ്. സംസ്ഥാന സെക്രട്ടറിക്കെതിരേ നേരിട്ട് ആക്ഷേപമുന്നയിക്കുന്ന സ്ഥിതി വന്നു, മാധ്യമസിന്‍ഡിക്കേറ്റ് എന്നു പറയുന്നവര്‍തന്നെ മാധ്യമസിന്‍ഡിക്കേറ്റിനെ പ്രോത്സാഹിപ്പിക്കുന്നുവെന്ന മട്ടില്‍. അടുത്തദിവസം ചേര്‍ന്ന പോളിറ്റ്ബ്യൂറോ യോഗം (2007 മേയ് 26) വി.എസ്സിനെയും പിണറായിയെയും പോളിറ്റ് ബ്യൂറോവില്‍നിന്ന് സസ്പന്റ് ചെയ്തു. ഒക്ടോബറില്‍ ഇരുവരെയും പി.ബിയിലേക്ക് തിരിച്ചെടുത്തുവെങ്കിലും വിഭാഗീയതയുണ്ടാക്കിയ കനല്‍ അടങ്ങിയില്ല.

പിണറായി വിജയന്‍ വൈദ്യുതിമന്ത്രിയായിരിക്കെ ഒപ്പുവെച്ച എസ്.എന്‍.സി. ലാവലിന്‍ കരാറുമായി ബന്ധപ്പെട്ട് ക്രമക്കേടും അഴിമതിയും നടന്നുവെന്ന് യു.ഡി.എഫ്. ആരോപണമുന്നയിക്കുകയുണ്ടായി. സംസ്ഥാനത്തിന് നഷ്ടം സംഭവിച്ചുവെന്ന് സി.എ.ജി. റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. അതേക്കുറിച്ചന്വേഷിക്കാന്‍ യു.ഡി.എഫ്. സര്‍ക്കാര്‍ വിജിലന്‍സിന്റെ ഉന്നതതലസംഘത്തെ നിയോഗിച്ചു. വിജിലന്‍സ് നല്‍കിയ റിപ്പോര്‍ട്ട്, ആരോപണം അടിസ്ഥാനരഹിതമാണെന്നാണ്. യു.ഡി.എഫ്. സര്‍ക്കാരിന്റെ കാലാവധി തീരാറായ ഘട്ടത്തില്‍, തിരഞ്ഞെടുപ്പുവിജ്ഞാപനം വരുന്നതിന്റെ തൊട്ടുമുമ്പാണ് ലാവലിന്‍ ആരോപണമന്വേഷിക്കാന്‍ സി.ബി.ഐക്ക് വിടാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചത്. തിരഞ്ഞെടുപ്പില്‍ പ്രചാരണത്തിനായി ഉപയോഗിക്കാനുള്ള തന്ത്രമായിരുന്നു സി.ബി.ഐക്ക് വിടല്‍ തീരുമാനം. തുടര്‍ന്നുള്ള എല്ലാ തിരഞ്ഞെടുപ്പിലും യു.ഡി.എഫ്. അതാവര്‍ത്തിച്ചുകൊണ്ടിരിക്കുകയും ചെയ്തു.
ലാവലിന്‍ വിഷയത്തില്‍ സി.ബി.ഐ. പിണറായിയെക്കൂടി പ്രതിസ്ഥാനത്തു ചേര്‍ത്ത് കുറ്റപത്രം നല്‍കിയപ്പോള്‍ വി.എസ്. സ്വീകരിച്ച സമീപനം വിവാദാസ്പദമായി. സി.എ.ജി. റിപ്പോര്‍ട്ട് വന്നതുമുതല്‍ പ്രശ്നം ചര്‍ച്ചചെയ്യാന്‍ പാര്‍ട്ടി പി.ബിയോട് വി.എസ്. ആവശ്യപ്പെട്ടുകൊണ്ടിരുന്നു. പി.ബി. വിശദമായ പരിശോധന നടത്തിയശേഷം എത്തിയ നിഗമനം ലാവലില്‍ കേസ് പാര്‍ട്ടിയെ തകര്‍ക്കാന്‍ മനഃപൂര്‍വം കെട്ടിച്ചമച്ച വ്യാജകേസാണെന്നാണ്. ഇടപാടുമായി ബന്ധപ്പെട്ട് പ്രതിചേര്‍ക്കപ്പെട്ട ഒന്‍പതുപേരും സാമ്പത്തികനേട്ടമുണ്ടാക്കിയതായി തെളിവു ലഭിച്ചിട്ടില്ലെന്നാണ് സി.ബി.ഐയും കോടതിയില്‍ വ്യക്തമാക്കിയത്. സി.ബി.ഐ. കോടതി പിണറായിയെ കുറ്റവിമുക്തനാക്കുകയും ചെയ്തു. ഈ വിഷയത്തില്‍ പരസ്യപ്രസ്താവന നടത്തുകയും അവിശ്വാസം വളര്‍ത്തുകയും ചെയ്തുവെന്ന് വിലയിരുത്തുകയും ആ കുറ്റത്തിന് വി.എസ്സിനെ പാര്‍ട്ടിയുടെ പോളിറ്റ് ബ്യൂറോവില്‍നിന്ന് പുറത്താക്കുകയും ചെയ്തു- 2009 ജൂലായ് 12ന്. ലാവനിനുമായി ബന്ധപ്പെട്ട് ശത്രുക്കള്‍ക്ക് ആയുധം നല്‍കുന്ന നിലയിലാണ് വി.എസ്സിന്റെ ഇടയ്ക്കിടെയുള്ള പ്രസ്താവനകളെന്നാണ് കേന്ദ്രകമ്മിറ്റി കുറ്റപ്പെടുത്തിയത്.

പി.ബിയില്‍നിന്ന് പുറത്താക്കുന്നതിനു മുമ്പേതന്നെ ചില വലിയ പ്രശ്നങ്ങള്‍ ഉദ്ഭവിച്ചിരുന്നു. 2009-ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന്റെ പ്രചാരണാര്‍ത്ഥം പാര്‍ട്ടി സംസ്ഥാനസെക്രട്ടറി പിണറായി വിജയന്റെ നേതൃത്വത്തില്‍ കാസര്‍കോടുനിന്ന് തിരുവനന്തപുരത്തേക്ക് നവകേരളയാത്ര സംഘടിപ്പിക്കുകയുണ്ടായി. വലിയ പ്രചാരണത്തോടും ആസൂത്രണത്തോടുംകൂടി ആരംഭിച്ച യാത്ര വിവാദത്തിലാക്കാന്‍ ദൃശ്യമാധ്യമങ്ങള്‍ തുടക്കംതൊട്ടേ ശ്രമമാരംഭിച്ചു. യാത്രയില്‍ വി.എസ്. പങ്കെടുക്കാനിടയില്ലെന്ന വാര്‍ത്തയാണ് നിരന്തരം കൊടുത്തുകൊണ്ടിരുന്നത്. വി.എസ്സാകട്ടെ ഇക്കാര്യത്തില്‍ സമ്പൂര്‍ണ്ണമൗനം പാലിച്ചു. ഓരോ ദിവസവും വി.എസ്. ഇന്ന് പങ്കെടുത്തില്ല, നാളെയും വരാനിടയില്ല എന്നു പറഞ്ഞ് വിവാദമാക്കുകയായിരുന്നു. മുഖ്യമന്ത്രി പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പുപ്രചാരണത്തിന്റെ ഭാഗമായ യാത്രയില്‍നിന്ന് വിട്ടുനില്‍ക്കുന്നുവെന്നത് വളരെ ഗൗരവമുള്ള കാര്യമാണ്. ഇക്കാര്യത്തില്‍ പാര്‍ട്ടിയുടെ പല നേതാക്കളും പറഞ്ഞ മറുപടി വി.എസ്. യഥാസമയം ജാഥയില്‍ പങ്കെടുക്കുമെന്നാണ്. ആ കാലത്ത് ദേഹാസ്വാസ്ഥ്യംമൂലം പരിപാടികളിലൊന്നും മുഖ്യമന്ത്രി പങ്കെടുക്കുന്നുണ്ടായിരുന്നില്ല. ഓഫീസിലെത്തി ഔദ്യോഗികകാര്യങ്ങള്‍ നിര്‍വ്വഹിക്കുന്നുവെന്നുമാത്രം. പൊതുയോഗങ്ങള്‍ക്ക് പോയിരുന്നില്ല. വി.എസ്. പങ്കെടുക്കാത്തത് വലിയ വിവാദമായി വളര്‍ന്നെങ്കിലും പാര്‍ട്ടി ഔദ്യോഗികമായി അക്കാര്യത്തില്‍ പ്രതികരിച്ചില്ല. യാത്രയുടെ സമാപനം 2009 ഫെബ്രുവരി 15ന് തിരുവനന്തപുരത്ത് ശംഖുംമുഖം ബീച്ചിലായിരുന്നു. പതിനായിരങ്ങള്‍ പങ്കെടുക്കുന്ന റാലിയാണ്. മുഖ്യമന്ത്രി അതിലും പങ്കെടുക്കില്ലെന്ന വാര്‍ത്തകളാണ് പ്രചരിച്ചത്. എന്നാല്‍, സമാപനസമ്മേളനത്തില്‍ പങ്കെടുക്കാന്‍ വി.എസ്. എത്തി. സ്വാഭാവികമായും വേദിയിലുള്ളവര്‍ ഊഷ്മളമായി സ്വീകരിച്ചില്ല. റാലിയിലെ മുഖ്യപ്രസംഗത്തില്‍ ജാഥാനേതാവായ പിണറായി വി.എസ്സിനെ പരോക്ഷമായി നിശിതമായി വിമര്‍ശിച്ചു. ഒരു ഉറുദുകവിത ഉദ്ധരിച്ചുകൊണ്ടാണത് നിര്‍വ്വഹിച്ചത്. സമുദ്രത്തിന്റെ മാര്‍ത്തട്ടിനോടു ചേര്‍ന്നുനില്‍ക്കുമ്പോഴേ തിരയുണ്ടാകൂ എന്നതാണ് കവിതയുടെ സാരം. 'പ്രസ്ഥാനമാകുന്ന സമുദ്രത്തിന്റെ മാര്‍ത്തട്ടിനോട് ചേര്‍ന്നുനില്‍ക്കുമ്പോഴേ നേതാവിന് കരുത്തുള്ളൂ' എന്ന് കവിതയുടെ പരാവര്‍ത്തനവും പിണറായി നടത്തി.

ഏതാനും ദിവസത്തിനുശേഷം ഒരു പൊതുപരിപാടിയില്‍ വി.എസ്. നടത്തിയ പ്രസംഗത്തില്‍ പിണറായി ഉദ്ധരിച്ച കവിതയ്ക്ക് മറുപടിയെന്നപോലെ സോവിയറ്റ് യൂണിയനെ സമുദ്രമായും ഗോര്‍ബച്ചേവുമാരുടെ വരവോടെ ആ സമുദ്രങ്ങള്‍ വറ്റിവരണ്ടെന്നും പ്രസംഗിച്ചു. അതും വലിയ വാര്‍ത്തയായി.
പാര്‍ട്ടിയുമായും ഓഫീസുമായും ബന്ധപ്പെട്ടവരില്‍നിന്നല്ലാതെ പാര്‍ട്ടിയുമായി ബന്ധമില്ലാത്ത പുറമേയുള്ള ചിലരുടെ ഉപദേശങ്ങളില്‍ വി.എസ്. വീണുപോകുന്നുവെന്ന വിമര്‍ശം അക്കാലത്ത് പാര്‍ട്ടിയില്‍ ശക്തമായിരുന്നു. സംഘടനാപരമായ ശൈലികളും രീതികളും അവഗണിക്കുന്നവരുടെ വരുതിയിലാകുന്നുവെന്ന വിമര്‍ശം.  

ശംഖുംമുഖം റാലി കഴിഞ്ഞ് ദിവസങ്ങള്‍ക്കകം ലോകസഭാ തിരഞ്ഞെടുപ്പ് വിജ്ഞാപനം വന്നു. മുന്നണിയിലെ സീറ്റുവിഭജന ചര്‍ച്ച സാധാരണയിലുമധികം പ്രശ്നസങ്കീര്‍ണ്ണമായിരുന്നു. ജനതാദള്‍ സ്ഥിരമായി മത്സരിച്ചുവരുന്ന കോഴിക്കോട് സീറ്റ് ഇത്തവണ അവര്‍ക്ക് കൊടുക്കാനാവില്ലെന്ന് സി.പി.ഐ.എം. നിലപാടെടുത്തു. അത് ആ പാര്‍ട്ടിയുമായുള്ള ബന്ധം തകരുന്നതിലേക്കാണെത്തിയത്. ജനതാദളിന്റെ പ്രതിനിധിയായ മന്ത്രി മാത്യു ടി. തോമസ് മന്ത്രിസഭയില്‍നിന്ന് രാജിവെച്ചു. അടുത്ത പ്രശ്നം പൊന്നാനി സീറ്റ് സംബന്ധിച്ചാണ്. പൊന്നാനി സീറ്റ് സാധാരണഗതിയില്‍ ജയിക്കാന്‍ വിദൂരസാദ്ധ്യതപോലുമുള്ളതല്ല. എന്നാല്‍, അബ്ദുനാസര്‍ മദനിയുടെ പാര്‍ട്ടി ഉള്‍പ്പെടെയുള്ള മുസ്ലിം ന്യൂനപക്ഷഗ്രൂപ്പുകളുടെ പിന്തുണയുണ്ടായാല്‍ ജയിക്കാമെന്ന് നേതൃതലത്തില്‍ തോന്നലുണ്ടായി. അതിനാല്‍ അവര്‍ക്ക് താത്പര്യമുണ്ടായേക്കാവുന്ന ഒരു സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയാല്‍ ആ സീറ്റിലും ജയിക്കാം, അവരുടെ പിന്തുണയോടെ വേറെ പല മണ്ഡലത്തിലും ജയിക്കാം എന്നാണ് പാര്‍ട്ടിയുടെ സംസ്ഥാനനേതൃത്വം കണക്കുകൂട്ടിയത്. സി.പി.ഐ. സ്ഥിരമായി മത്സരിക്കുന്ന മണ്ഡലമായിരുന്നു അത്. തോല്‍വിയെങ്കില്‍ തോല്‍വി. ആ മണ്ഡലം തന്നേതീരൂ എന്ന് സി.പി.ഐ. സംസ്ഥാനസെക്രട്ടറി വെളിയം ഭാര്‍ഗ്ഗവന്‍ ശഠിച്ചു. കോഴിക്കോടിനു പകരം ജനതാദളിന് കൊടുക്കാമെന്നു പറഞ്ഞ വയനാട് അവര്‍ വേണ്ടെന്നുവെച്ച സാഹചര്യത്തില്‍-മുന്നണി വിട്ട സാഹചര്യത്തില്‍-പൊന്നാനിക്കു പകരമായി സി.പി.ഐക്ക് വിട്ടുകൊടുത്തു. ഒടുവില്‍ അവര്‍ അതു സ്വീകരിക്കാന്‍ നിര്‍ബന്ധിതരായി. പൊന്നാനിയിലാകട്ടെ ഡോ. ഹുസൈന്‍ രണ്ടത്താണിയെ സ്ഥാനാര്‍ത്ഥിയാക്കി. മണ്ഡലം തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ അബ്ദുനാസര്‍ മദനി പങ്കെടുത്തതും വിവാദമായി. പൊന്നാനി സീറ്റുമായി ബന്ധപ്പെട്ട വിവാദം ആ തിരഞ്ഞെടുപ്പിലുടനീളം ബാധിക്കുന്ന സ്ഥിതിവന്നു. നവകേരളയാത്രയില്‍ പിണറായി നടത്തിയ പ്രസംഗവും അതിന് മറുപടിയെന്നപോലെ വി.എസ്. നടത്തിയ പരാമര്‍ശവും നവകേരളയാത്രയുടെ പര്യടനവേളയിലെവിടെയും വി.എസ്. പങ്കെടുക്കാത്തതുമെല്ലാം പ്രചാരണരംഗത്ത് യു.ഡി.എഫ്. വലിയതോതില്‍ ഉപയോഗിച്ചു. തിരഞ്ഞെടുപ്പില്‍ 20-ല്‍ നാല് സീറ്റു മാത്രമേ എല്‍.ഡി.എഫിന് ലഭിച്ചുള്ളൂ. 2004-ല്‍ 18 സീറ്റ് ലഭിച്ച മുന്നണി നാലു സീറ്റിലേക്കു തള്ളപ്പെട്ടത് വലിയ തിരിച്ചടിയായി. കാസര്‍കോട്, പാലക്കാട്, തൃശ്ശൂര്‍, ആറ്റിങ്ങല്‍ സീറ്റുകളാണ് ജയിച്ചത്.

തിരഞ്ഞെടുപ്പുഫലം വന്ന ദിവസം അതുസംബന്ധിച്ച് പത്രലേഖകരോട് പ്രതികരിക്കുന്നതിനിടയില്‍ ഒരു ചോദ്യമുയര്‍ന്നപ്പോള്‍ വി.എസ്. പൊട്ടിച്ചിരിച്ചത് ദുര്‍വ്യാഖ്യാനം ചെയ്ത് ചാനലുകളിലൂടെ പ്രചരിപ്പിക്കുന്ന സ്ഥിതിയുണ്ടായി. പാര്‍ട്ടിയുടെ പരാജയത്തിലുള്ള സന്തോഷത്താലാണ് വി.എസ്. ചിരിച്ചതെന്ന ദുര്‍വ്യാഖ്യാനം. ഇതുമായി ബന്ധപ്പെട്ട് ഡോ. സുകുമാര്‍ അഴീക്കോടിന്റെ പ്രതികരണമായി ദുരുപദിഷ്ടമായ വ്യാഖ്യാനമാണ് വന്നത്. സ്വന്തം കൂടിനെ വൃത്തികേടാക്കുന്ന ജന്തുവിനെയാണ് ആ പ്രതികരണത്തിലൂടെ വി.എസ്. ഓര്‍മ്മിപ്പിച്ചതെന്നാണ് സുകുമാര്‍ അഴീക്കോട് പറഞ്ഞത്. അടുത്തദിവസം പത്രസമ്മേളനത്തില്‍ ചോദ്യത്തിനുള്ള മറുപടിയായി അതേ നാണയത്തില്‍ വി.എസ്സ്. തിരിച്ചടിച്ചു. അഴീക്കോടിനെതിരെ വലിയ തോതില്‍ പ്രതിഷേധമുയരുകയും ചെയ്തു. തിരഞ്ഞെടുപ്പുഫലത്തെക്കുറിച്ച് പ്രതികരിച്ചുകഴിഞ്ഞശേഷം ഒരു ലേഖകന്‍ രാഷ്ട്രീയേതരമായ എന്തോ കാര്യം പറഞ്ഞപ്പോഴാണ് വി.എസ്. ചിരിച്ചത്. ഉത്തരേന്ത്യയിലൊക്കെ ദീര്‍ഘകാലം പ്രവര്‍ത്തിച്ച ജീമോന്‍ ജേക്കബ്ബായിരുന്നു ചോദ്യകര്‍ത്താവ്. നിര്‍ദ്ദോഷമായ ആ സംഗതിയെ ദോഷൈകദൃക്കുകള്‍ മറ്റുതരത്തില്‍ ആസൂത്രിതമായി പ്രചരിപ്പിക്കുകയായിരുന്നു.

ഇടതുപക്ഷജനാധിപത്യമുന്നണി മന്ത്രിസഭയില്‍ പൊതുമരാമത്ത് കൈകാര്യംചെയ്തത് പി.ജെ. ജോസഫാണ്. കേരളാ കോണ്‍ഗ്രസ്സുകളുടെ സഹജസ്വഭാവത്തില്‍നിന്ന് ജോസഫ് ഗ്രൂപ്പും വ്യത്യസ്തമല്ലായിരുന്നു. ജോസഫ് ഗ്രൂപ്പിലെയും മാണി ഗ്രൂപ്പിലെയും പ്രശ്നങ്ങള്‍ മൂര്‍ച്ഛിക്കാന്‍ ആ ഗ്രൂപ്പുകളിലൊന്നുമല്ലാതെ ഏകനായി നില്‍ക്കുകയായിരുന്ന പി.സി. ജോര്‍ജും അവസരം പാഴാക്കിയില്ല. പി.ജെ. ജോസഫിന് ആരോഗ്യപരമായ ചില 
പ്രശ്നങ്ങളുമുണ്ടായിരുന്നു. കേരളാകോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ തന്റെ മുഖ്യശത്രുവായ മാണി ഗ്രൂപ്പുമായി ലയിക്കുന്നതിലേക്ക് ജോസഫിനെ നയിച്ചതും രോഗാവസ്ഥയായിരുന്നുവെന്ന് അഭിപ്രായമുണ്ടായിരുന്നു. ജോസഫ് ഗ്രൂപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ വി.എസ്. സര്‍ക്കാരിനെ മോശമായ വിവാദങ്ങളിലേക്കെത്തിച്ചു. സര്‍ക്കാരിനുതന്നെ അപകീര്‍ത്തിയുണ്ടാകുന്ന തരത്തില്‍ അത് വളര്‍ന്നു. മന്ത്രി ജോസഫ് ഒരു ദിവസം ചെന്നൈയില്‍ നിന്ന് കൊച്ചിയിലേക്ക് വിമാനത്തില്‍ വരുമ്പോള്‍ ഒരു സ്ത്രീയുടെ ശരീരത്തില്‍ ദുരുദ്ദേശ്യത്തോടെ സ്പര്‍ശിച്ചുവെന്ന പരാതിയുയര്‍ന്നു. ഒരു സ്വകാര്യചാനലിലെ വാര്‍ത്തവായനക്കാരിയാണ് പരാതി നല്‍കിയത്. ജോസഫ് അദ്ദേഹത്തിന്റെ സീറ്റില്‍നിന്നെഴുന്നേറ്റ് യുവതിയുടെ സീറ്റിനടുത്തുള്ള ഒഴിഞ്ഞ സീറ്റില്‍ ചെന്നിരിക്കുകയായിരുന്നു. തുടര്‍ന്ന് അറിയാതെയെന്നോണം അദ്ദേഹത്തിന്റ കൈ തുടര്‍ച്ചയായി അവരുടെ ശരീരത്തില്‍ വീഴുകയായിരുന്നുവെന്നായിരുന്നു പരാതി. പരാതിനല്‍കി കുറേ നാള്‍ കഴിഞ്ഞാണ് സംഭവം പുറത്തറിഞ്ഞത്. അതുസംബന്ധിച്ച അന്വേഷണം നടന്നുകൊണ്ടിരിക്കെ ഒരു വീട്ടമ്മ ജോസഫിനെതിരെ പരാതി നല്‍കി. അവരുടെ ഫോണിലേക്ക് അനാവശ്യമായ മെസേജയക്കുന്നു. രണ്ടാമത്തെ വിഷയത്തില്‍ അന്വേഷണം നടത്താന്‍ മുഖ്യമന്ത്രി ഉത്തരവിട്ടു. പോലീസിലെ ഏറ്റവും മുതിര്‍ന്ന വനിതാ ഉദ്യോഗസ്ഥയായ ഡി.ഐ.ജി. ബി. സന്ധ്യയെ അന്വേഷണഉദ്യോഗസ്ഥയായി നിശ്ചയിച്ചു. ജോസഫിന്റെ ഭാഗത്ത് തെറ്റുണ്ടെന്നായിരുന്നു അന്വേഷണറിപ്പോര്‍ട്ട്. അതേത്തടുര്‍ന്ന് ജോസഫിനോട് രാജിവെക്കാന്‍ ആവശ്യപ്പെട്ടു. ജോസഫ് രാജിവെച്ചപ്പോള്‍ പകരം മന്ത്രിയായത് ടി.യു. കുരുവിളയാണ്. അദ്ദേഹത്തെ പുകച്ചു പുറത്തുചാടിക്കാന്‍ ഗൂഢനീക്കങ്ങള്‍ നടന്നുകൊണ്ടിരിക്കെ ശക്തമായ ഒരു വിഷയം കിട്ടി; കേരളാ കോണ്‍ഗ്രസ്സുകളുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍തന്നെ പിന്നില്‍. കെ.ജി. എബ്രഹാം എന്ന ഒരു പ്രവാസിവ്യവസായിയാണ് മന്ത്രി ഷെവലിയിര്‍ കുരുവിളയ്ക്കെതിരെ പരാതിയുമായി മുഖ്യമന്ത്രിയെ സമീപിച്ചത്. കുരുവിളയും മക്കളും പരാതിക്കാരന് 20 ഏക്കര്‍ സ്ഥലം കച്ചവടമാക്കി ആറര കോടി രൂപ കൈപ്പറ്റിയെന്നും സ്ഥലത്തിന്റെ ആധാരം ശരിയല്ലാത്തതിനാല്‍ രജിസ്ട്രേഷന്‍ നടന്നില്ലെന്നും അയാള്‍ അറിയിച്ചു. കബളിപ്പിച്ച് കൈപ്പറ്റിയ പണം തിരിച്ചുതന്നില്ല എന്നാണ് പരാതി. ഇടുക്കി ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട് കുരുവിളയ്ക്കെതിരായിരുന്നു. ജോസഫ് ആദ്യഘട്ടത്തില്‍ നാലു മാസംകൊണ്ടാണ് രാജിവെച്ചതെങ്കില്‍ കുരുവിളയ്ക്ക് ഒരു വര്‍ഷം പൂര്‍ത്തിയാകുമ്പോഴേക്ക് മന്ത്രിസ്ഥാനം ഒഴിയേണ്ടിവന്നു. തുടര്‍ന്ന് മന്ത്രിയായത് മോന്‍സ് ജോസഫാണ്. മോന്‍സിന് 22 മാസം മന്ത്രിയായി പ്രവര്‍ത്തിക്കാന്‍ അവസരം കിട്ടി. അപ്പോഴേക്കും പി.ജെ. ജോസഫ് മുന്‍ ആരോപണങ്ങളില്‍നിന്ന് കുറ്റവിമുക്തനായി. 

2009 ഓഗസ്റ്റില്‍ ജോസഫ് വീണ്ടും മന്ത്രിയായി. ഒരു വര്‍ഷം പൂര്‍ത്തിയാകുമ്പോഴേക്കും കേരളാ കോണ്‍ഗ്രസ്സുകളുടെ സഹജസ്വഭാവം ജോസഫില്‍ ഒന്നുകൂടി തികട്ടിവന്നു. മാണി ഗ്രൂപ്പുമായി യോജിക്കാനുള്ള നീക്കം. എല്ലാ കേരളാ കോണ്‍ഗ്രസ്സുകളെയും ഒന്നിപ്പിക്കുന്നതിന് താന്‍ മുന്‍കൈയെടുക്കുമെന്ന് പി.സി. ജോര്‍ജാണ് ആദ്യം പറഞ്ഞതും അതിനായി ചരടുവലിച്ചതും. എന്നാല്‍, പി.സി. ജോര്‍ജിനെ എടുക്കുന്നതില്‍ ജോസഫിനോ മാണിക്കോ താത്പര്യമുണ്ടായിരുന്നില്ല. തന്റെ കേരളാ കോണ്‍ഗ്രസ് മാണികേരളയോടൊപ്പം ചേര്‍ന്ന് ഒറ്റക്കേരളയാവുകയാണെന്നും താന്‍ മന്ത്രിസഭയില്‍നിന്ന് രാജിവെക്കുകയാണെന്നും ജോസഫ് മാധ്യമപ്രവര്‍ത്തകരോടാണ് പറഞ്ഞത്. രാജിക്കത്ത് കിട്ടുന്നതിനു മുമ്പേതന്നെ ജോസഫിനെ മന്ത്രിസഭയില്‍നിന്ന് പുറത്താക്കുകയായിരുന്നു മുഖ്യമന്ത്രി. എന്നാല്‍, അലോസരം അതുകൊണ്ടും തീര്‍ന്നില്ല. ലയനവിരുദ്ധ കേരളാകോണ്‍ഗ്രസ് എന്ന പുതിയൊരു കേരളാ കോണ്‍ഗ്രസ് ഉദ്ഭവിച്ചു. വി. സുരേന്ദ്രന്‍പിള്ള എം.എല്‍.എ. തന്ത്രപൂര്‍വ്വം അതിന്റെ ഭാഗമായി. സര്‍ക്കാരിന്റെ കാലാവധി തീരാന്‍ ആറോ ഏഴോ മാസം മാത്രമേയുള്ളൂവെങ്കിലും സുരേന്ദ്രന്‍ പിള്ളയെ മന്ത്രിയാക്കാന്‍ എല്‍.ഡി.എഫ്. തീരുമാനിച്ചു. തുറമുഖം-യുവജനക്ഷേമം വകുപ്പുമന്ത്രിയായി അദ്ദേഹം സത്യപ്രതിജ്ഞ ചെയ്തു.

2009-ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ കോഴിക്കോട് സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് ട്രാന്‍സ്പോര്‍ട്ട് മന്ത്രിയായ മാത്യു ടി. തോമസിനെ ജനതാദള്‍ (എസ്) മന്ത്രിസഭയില്‍നിന്ന് രാജിവെപ്പിക്കുകയും മുന്നണി വിടുകയും ചെയ്തിരുന്നല്ലോ. എന്നാല്‍, ജനതാദള്‍ ദേശീയ അദ്ധ്യക്ഷനായ ദേവഗൗഡ തന്റെ പാര്‍ട്ടി എല്‍.ഡി.എഫില്‍ത്തന്നെയാണെന്ന് വ്യക്തമാക്കി. ജനതാദള്‍ പിളര്‍ന്നു. മാത്യു ടി. തോമസും ജോസ് തെറ്റയിലും ദേവഗൗഡ വിഭാഗത്തിനൊപ്പം. കെ.പി. മോഹനനും ശ്രേയാംസ്‌കുമാറും വീരേന്ദ്രകുമാര്‍ വിഭാഗത്തില്‍. വീരേന്ദ്രകുമാര്‍ വിഭാഗത്തിലെ കൃഷ്ണന്‍കുട്ടിയെ നേരത്തേ ദേവഗൗഡ പാര്‍ട്ടിയില്‍നിന്ന് സസ്പന്റ് ചെയ്തിരുന്നു. തന്റെ വിഭാഗത്തിലെ ജോസ് തെറ്റയിലിനെ മന്ത്രിയാക്കണമെന്ന് ദേവഗൗഡ ആവശ്യപ്പെടുകയും എല്‍.ഡി.എഫ്. അംഗീകരിക്കുകയും ചെയ്തു.

വി.എസ്. സര്‍ക്കാരിന്റെ കാലത്ത് വേറെയും വിവാദങ്ങള്‍ ഒരുപാടുണ്ടായി. ചാനലുകളുടെ നിലനില്‍പ്പും വളര്‍ച്ചയും വിവാദങ്ങള്‍ സൃഷ്ടിച്ചും വളര്‍ത്തിയുമാണല്ലോ. അത് അന്നത്തേതിനെക്കാള്‍ പതിന്മടങ്ങാണിപ്പോള്‍ എന്നത് വേറെക്കാര്യം. ബോംബെ ഭീകരാക്രമണത്തില്‍ ശത്രുക്കള നേരിടുന്നതില്‍ അസാമാന്യമായ ധൈര്യവും സാമര്‍ത്ഥ്യവും പ്രകടിപ്പിച്ച് നാട്ടിനുവേണ്ടി പൊരുതിമരിച്ച കമാന്‍ഡോ മേജര്‍ സന്ദീപ് ഉണ്ണിക്കൃഷ്ണന് അന്ത്യോപചാരമര്‍പ്പിക്കാന്‍ മുഖ്യമന്ത്രി വി.എസ്. എത്തിയില്ലെന്നതാണ് വലിയ വിവാദമായത്. 2008 നവംബര്‍ 26നു തുടങ്ങിയ ഭീകരാക്രമണത്തെ പൂര്‍ണ്ണമായും പരാജയപ്പെടുത്താന്‍ മൂന്നു ദിവസമെടുത്തു. മേജര്‍ സന്ദീപ് ഉണ്ണിക്കൃഷ്ണന്‍ വീരമൃത്യുവരിച്ചത് 28നാണ്. ആ ദിവസങ്ങളില്‍ സി.പി.ഐ.എം. കേന്ദ്രകമ്മിറ്റി യോഗമായതിനാല്‍ വി.എസ്. ഡല്‍ഹിയിലായിരുന്നു. സന്ദീപിന്റെ രക്തസാക്ഷിത്വവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വി.എസ്. അറിയാന്‍ വൈകി. ബെംഗളൂരുവിലെ വീട്ടില്‍ സന്ദീപിന്റെ സംസ്‌കാരച്ചടങ്ങില്‍ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി കെ.എന്‍. ബാലഗോപാല്‍ പങ്കെടുത്തിരുന്നു. മുഖ്യമന്ത്രി ഒരു ദിവസം വൈകിയാണ് അനുശോചനമറിയിക്കാന്‍ ബെംഗളൂരുവിലെ സന്ദീപിന്റെ വീട്ടിലെത്തിയത്. സന്ദീപിന്റെ പിതാവായ ഉണ്ണിക്കൃഷ്ണന്റെ മാനസികാവസ്ഥ ഊഹിക്കാവുന്നതേയുള്ളൂ. എന്നാല്‍, അദ്ദേഹം അതിനെല്ലാമപ്പുറം കുപിതനായാണ് പെരുമാറിയത്. അതുമായി ബന്ധപ്പെട്ട് പത്രലേഖകര്‍ ചോദിച്ചപ്പോള്‍ മുഖ്യമന്ത്രി പറഞ്ഞ മറുപടിയില്‍ ചില വാക്കുകള്‍ പ്രശ്നമായി. തന്നോട് കാണിച്ച തികച്ചും അപമര്യാദയായുള്ള പെരുമാറ്റത്തെക്കുറിച്ചാണ് വി.എസ്. പറഞ്ഞത്. അതും വലിയ വിവാദമായി. നിയമസഭയില്‍ പ്രതിപക്ഷം അത് വലിയൊരു സംഭവമാക്കിമാറ്റാന്‍ ശ്രമിച്ചു. കുറേ ദിവസത്തെ വിവാദം അതായിരുന്നു.

വി.എസ്സിന്റെ ജനപ്രീതി യു.ഡി.എഫിന് കടുത്ത ദോഷം ചെയ്യുമെന്ന തിരിച്ചറിവില്‍ വി.എസ്സിനെതിരെ സ്വജനപക്ഷപാതമെന്ന ആരോപണമുന്നയിക്കാന്‍ വലിയ ഗൂഢാലോചനതന്നെ നടന്നു. ധനാഭ്യര്‍ത്ഥനാചര്‍ച്ചയ്ക്കിടയില്‍ കോണ്‍ഗ്രസ്സിലെ പി.സി. വിഷ്ണുനാഥാണ് വി.എസ്സിനെതിരെ ആരോപണമുന്നയിച്ചത്. മകനായ വി.എ. അരുണ്‍കുമാറിന് ഐ.എച്ച്.ആര്‍.ഡി.യില്‍ സ്ഥാനക്കയറ്റം ലഭിച്ചത് മാനദണ്ഡങ്ങള്‍ക്കനുസൃതമല്ല എന്നു തുടങ്ങിയ ആരോപണങ്ങള്‍. വി.എസ്സിനെതിരെയും കിടക്കട്ടെ കുറേ ആരോപണങ്ങള്‍ എന്ന ദുഷ്ടചിന്തയില്‍ ഉരുത്തിരിഞ്ഞതാണ് വ്യാജ ആരോപണങ്ങള്‍. എന്നാല്‍, ആരോപണമുന്നയിച്ച വിഷ്ണുനാഥോ അതിനായി അദ്ദേഹത്തെ ചുമതലപ്പെടുത്തിവിട്ടവരോപോലും നിനയ്ക്കാത്ത അനുഭവമാണുണ്ടായത്. ശരി, വിഷ്ണുനാഥിന്റെ ആരോപണങ്ങളെല്ലാം നിയമസഭാസമിതി അന്വേഷിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷത്തെ സംബന്ധിച്ച് അപ്രതീക്ഷിതമായിരുന്നു ഇത്.

 സംയുക്തനിയമസഭാസമിതി രൂപീകരിക്കപ്പെട്ടു. പി.കെ. ഗുരുദാസനും സി.കെ. നാണുവും ഭരണപക്ഷത്തുനിന്ന്. വി.ഡി. സതീശന്‍ പ്രതിപക്ഷത്തുനിന്ന്. എല്ലാ രേഖകളും വിളിച്ചുവരുത്തി പരിശോധിച്ചപ്പോള്‍ നിയമസഭാസമിതിക്ക് കാര്യം ബോധ്യപ്പെട്ടു. വി.എസ്സിനെതിരായ ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണ്.

ഉമ്മന്‍ചാണ്ടിസര്‍ക്കാരിന്റെ കാലത്തുണ്ടായ കിളിരൂര്‍ പെണ്‍വാണിഭസംഭവവുമായി ബന്ധപ്പെട്ട് വി.എസ്. നടത്തിയ വി.ഐ.പി. പരാമര്‍ശം വര്‍ഷങ്ങളോളം മാധ്യമങ്ങളിലും നിയമസഭയ്ക്കകത്തും ഉയര്‍ന്നുവന്നുകൊണ്ടിരുന്നു. കിളിരൂരില്‍ പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടി ചികിത്സയില്‍ കഴിയുന്ന ആശുപത്രിയില്‍ വി.എസ്. സന്ദര്‍ശിച്ചപ്പോള്‍ അവിടുത്തെ ഡോക്ടര്‍ പറഞ്ഞത് വി.ഐ.പികളുടെ സന്ദര്‍ശനം പ്രശ്നമാകുന്നുവെന്നാണ്. ഇക്കാര്യം വി.എസ്. മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ആ പറഞ്ഞത് സി.പി.ഐ.എം. നേതാക്കളുമായി ബന്ധപ്പെട്ടാണെന്ന് ദുരാരോപണമുന്നയിച്ച് നുണപ്രചാരണം നടത്തുകയായിരുന്നു ചിലര്‍. അതീവഗുരുതരാവസ്ഥയിലുള്ള രോഗിയെ ഇടയ്ക്കിടെ വി.ഐ.പിമാര്‍ വന്നുകാണുന്നത് അലോസരമാകുമെന്നാവാം ഡോക്ടര്‍ ഉദ്ദേശിച്ചത്. വി.എസ്. ആശുപത്രിയില്‍ പോകുന്നതിന് തൊട്ടുമുമ്പ് അവിടെ സന്ദര്‍ശിച്ചത് പി.കെ. ശ്രീമതി ടീച്ചറും എം.സി. ജോസഫൈനുമാണ്; മഹിളാ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റും സെക്രട്ടറിയും എന്ന നിലയില്‍. പ്രസ്താവനയുമായി ബന്ധപ്പെട്ടുണ്ടായ തെറ്റിദ്ധാരണ തിരുത്താന്‍ ഏറെ വൈകി. നിയമസഭയിലടക്കം കുത്തുവാക്കായി നുണപ്രചാരണം ഉയര്‍ന്നുവന്നു. ഒടുവില്‍ ഇന്ത്യാവിഷനുവേണ്ടി നികേഷ്‌കുമാര്‍ നടത്തിയ അഭിമുഖത്തില്‍ നികേഷിന്റെ ചോദ്യത്തിനുള്ള മറുപടിയിലാണ് വി.ഐ.പിയെന്നല്ല, വി.ഐ.പിമാര്‍ എന്നാണ് ഉദ്ദേശിച്ചതെന്നും അത് ഏതെങ്കിലും വ്യക്തിയെക്കുറിച്ചല്ല എന്നും വി.എസ്. വ്യക്തമാക്കിയത്. പുകമറ മാറാന്‍ ഏറെക്കാലമെടുത്തു. കിളിരൂരിലെ ശാരിയുടെ പിതാവിനെ ഇടയ്ക്കിടെ സെക്രട്ടേറിയറ്റിലെത്തിച്ച് വി.എസ്സിനെ കാണണമെന്നാവശ്യപ്പെടുന്നത് അക്കാലത്തെ ഒരു സ്ഥിരം ഏര്‍പ്പാടായിരുന്നു. ചാനലുകളെ ഒരുക്കിനിര്‍ത്തിയാണ് ഇതെല്ലാം ചെയ്തുകൊണ്ടിരുന്നത്. വിവാദമുണ്ടാക്കുകയെന്ന ഏകലക്ഷ്യത്തോടെയായിരുന്നു ആസൂത്രിതമായ ഈ പരിപാടി.

ഈവിധത്തിലല്ലാത്ത മറ്റൊരു വിവാദവും സംവാദവും അക്കാലത്തുണ്ടായത് 'മതമില്ലാത്ത ജീവന്‍' എന്ന പാഠവുമായി ബന്ധപ്പെട്ടാണ്. എട്ടാം ക്ലാസിലെ സാമൂഹ്യശാസ്ത്രം പുതുക്കിയ പാഠപുസ്തകത്തിലെ ഒരു പാഠമായിരുന്നു 'മതമില്ലാത്ത ജീവന്‍.' സ്‌കൂളില്‍ അഡ്മിഷനായി എത്തിയ കുട്ടികളോട് പ്രഥമാദ്ധ്യാപകന്‍ പേരും വിവരങ്ങളും ചോദിക്കുകയാണ്. കുട്ടികള്‍ ഓരോ പേരും ജാതിയും മതവുമൊക്കെ പറഞ്ഞു. 'ജീവന്‍' എന്ന കുട്ടിയുടെ അച്ഛന്റെ പേരു ചോദിച്ചപ്പോള്‍ 'അന്‍വര്‍ റഷീദ്' എന്ന് മറുപടി. അമ്മ-ലക്ഷ്മീദേവി. ''മതമേതാണ് ചേര്‍ക്കേണ്ടത്?'' ''ഒന്നും ചേര്‍ക്കേണ്ട. മതമില്ലെന്ന് ചേര്‍ത്തോളൂ'' എന്നു മറുപടി. ''ജാതിയോ?'' അതും വേണ്ടെന്ന് മറുപടി. ''കുട്ടി വലുതാവുമ്പോള്‍ അവനു മതവിശ്വാസമുണ്ടയാലോ?'' ''അപ്പോള്‍ ഇഷ്ടമുള്ള മതം സ്വീകരിച്ചോട്ടെ'' എന്ന് രക്ഷിതാക്കളുടെ മറുപടി.

ഈ പാഠമാണ് വി.എസ്. സര്‍ക്കാരിനെ ഏതാനും മാസങ്ങളോളം പ്രയാസത്തിലാക്കിയത്. മതത്തിനെതിരായതും മിശ്രവിവാഹം പ്രോത്സാഹിപ്പിക്കുന്നതുമായ പാഠമാണിത്. ചെറുപ്പത്തിലേ പിടികൂടി ഭൗതികവാദം അടിച്ചേല്‍പ്പിക്കാന്‍ മന്ത്രി എം.എ. ബേബിയും കൂട്ടരും നടത്തുന്ന കുത്സിതശ്രമമാണിത് എന്നു പ്രതിപക്ഷമായ യു.ഡി.എഫും കത്തോലിക്കാസഭയും മറ്റ് മതസംഘടനകളുമെല്ലാം കടുത്ത പ്രചാരണവുമായി രംഗത്തുവന്നു. വിദ്യാഭ്യാസമേഖലയിലെ ഏറ്റവും പിന്തിരിപ്പിന്മാരെല്ലാം യോജിച്ചു. ഒരു വിമോചനസമരത്തിന് 'മതമില്ലാത്ത ജീവന്‍' ഉപയോഗിക്കാനാവുമോ എന്ന പരീക്ഷണത്തിലായി യാഥാസ്ഥിതികരാകെ. അവര്‍ക്ക് ഇന്ധനം നല്‍കാന്‍ മനോരമയും ദീപികയും ചന്ദ്രികയും മത്സരിച്ചു. 1957-ല്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ ബാല്യകാലസഖി ഉപപാഠപുസ്‌കമായപ്പോള്‍ അതിനെതിരെ സമരം ചെയ്ത് മുഖ്യമന്ത്രി ഇ.എം.എസ്സിനും വിദ്യാഭ്യാസമന്ത്രി മുണ്ടശ്ശേരിക്കുമെതിരെ അശ്ലീലമുദ്രാവാക്യം വിളിച്ചു നടക്കുകയായിരുന്നു ജാതി-മത വര്‍ഗ്ഗീയവാദികളും കോണ്‍ഗ്രസ്സും. അതിനാല്‍ ബാല്യകാലസഖി 
സ്‌കൂളുകളില്‍ വിതരണം ചെയ്യാന്‍പോലുമായില്ല. പിന്നീട് കേരളത്തിലെ പിന്തിരിപ്പന്മാര്‍ കെ.എസ്.യുപോലുള്ള സംഘടനകളെ ഉപയോഗിച്ച് എത്രയെത്ര പുസ്തകങ്ങള്‍ക്കെതിരെയാണ് സമരം നടത്തിയത്. വിശ്വപ്രസിദ്ധ നോവലിസ്റ്റായ തോമസ് മന്നിന്റെ മാറ്റിവെച്ച തലകള്‍ എന്ന നോവല്‍ പ്രൊഫ. എം.ആര്‍. ചന്ദ്രശേഖരന്‍ വിവര്‍ത്തനംചെയ്ത് ബി.എ. മലയാളം പാഠപുസ്തകങ്ങളിലൊന്നായി കാലിക്കറ്റ് സര്‍വ്വകലാശാല തീരുമാനിച്ചപ്പോള്‍ അക്രമസമരം നടത്തി. വി.കെ.എന്നിന്റെ അധികാരം എന്ന നോവല്‍ പാഠപുസ്തകമായപ്പോഴും കെ.എസ്.യു. അടക്കമുള്ളവര്‍ സമരം ചെയ്തു. ഉല്‍പതിഷ്ണുത്വത്തിന്റെ മറുവശത്തുള്ള ഈ പിന്തിരിപ്പന്മാരും മതമൗലികവാദികളുമാണ് 'മതമില്ലാത്ത ജീവനെ'തിരെ ഉറഞ്ഞുതുള്ളിയത്.

(മാതൃഭൂമി ബുക്സ് ഉടന്‍ പ്രസിദ്ധീകരിക്കുന്ന വി.എസ്. രാഷ്ട്രീയജീവിതം എന്ന പുസ്തകത്തില്‍നിന്ന്.)