വിഷ്ണുനാരായണൻ നമ്പൂതിരിയുടെ (1939-2021) ചരമദിനത്തിൽ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും വിദ്യാർഥികളും ചേർന്ന് രൂപീകരിച്ച 'ശ്രീ വല്ലി സ്മൃതി മന്ദിര ട്രസ്റ്റ്' ഒരു ശ്രാദ്ധ സ്മരണയായി അദ്ദേഹത്തിന്റെ സമാഹരിക്കാത്ത ലേഖനങ്ങളും കുറിപ്പുകളും പ്രസിദ്ധീകരിച്ചു പോരുന്നുണ്ട്. അനുസ്മൃതികളുടെ സൗഗന്ധികങ്ങൾ (ലോംഗാസ്)ഒരു മയിൽപീലിയും ഒരു രാഷ്ട്രവും (മാതൃഭൂമി) കുമാരനാശാൻ-വൈരാഗിയിലെ അനുരാഗി (ട്രസ്റ്റ്) നമുക്കെന്തു പറ്റീ സുഹൃത്തേ? (ട്രസ്റ്റ്) എന്നിങ്ങനെ നാലു പുസ്തകങ്ങൾ പുറത്തുവന്നു കഴിഞ്ഞു. കവി, അധ്യാപകൻ, പ്രഭാഷകൻ എന്നതിനപ്പുറമുള്ള മാസ്റ്ററുടെ വ്യക്തിത്വത്തിന്റെ മറ്റു ചില വശങ്ങൾ കൂടി അനാവരണം ചെയ്യുന്നതാണ് ഈ കൃതികൾ.

To advertise here,

ആത്മാവിഷ്‌ക്കാരത്തിന് വിഷ്ണുനാരായണൻ നമ്പൂതിരി തിരഞ്ഞെടുത്ത മാധ്യമം കവിതയായിരുന്നു. കർമരംഗമാകട്ടെ, അധ്യാപനവും. എന്നാൽ, തന്റെ പൗരസ്വത്വത്തെ ഗൗരവമായി കാണുകയും ജനാധിപത്യത്തിന്റെ നാലാം തൂണാണ് പത്രമാധ്യമങ്ങൾ എന്ന് കരുതുകയും ചെയ്തിരുന്നു. ഒരു വ്യക്തി ആ മാധ്യമത്തിലൂടെ പൊതുരംഗത്തെ വിഷയങ്ങളിൽ നടത്തിയ ഇടപെടലുകളുടെ സാക്ഷ്യമാണ് 'നമുക്കെന്തുപറ്റീ സുഹൃത്തേ?' എന്ന കൃതിയെന്ന് പുസ്തകം എഡിറ്റ് ചെയ്ത അദ്ദേഹത്തിന്റെ ശിഷ്യരായ അമൃത്ലാലും ജയപ്രകാശും സൂചിപ്പിക്കുന്നുണ്ട്. 1973 മുതൽ 2013 വരെയുള്ള കാലയളവിൽ മാസ്റ്ററുടെ മനസ്സിനെ മഥിച്ച സാമൂഹ്യ-രാഷ്ട്രീയ-സാമ്പത്തിക-വിദ്യാഭ്യാസ പ്രശ്നങ്ങളോടുള്ള പ്രതികരണമാണ് പുസ്തകത്തിലെ ലേഖനങ്ങളും കുറിപ്പുകളും.

''ലേഖനങ്ങളിൽ പലതിനും അതെഴുതിയ കാലത്ത് എന്നപോലെ ഇന്നുമുണ്ട് പ്രസക്തി എന്നത് അവയെ അനന്യമാക്കുന്നു. ക്ഷേത്ര സാമൂഹ്യാചാരങ്ങളെക്കുറിച്ചും സ്മൃതികളെക്കുറിച്ചും ജനതയുടെ സ്മൃതിനാശത്തെക്കുറിച്ചുമൊക്കെ എഴുതുമ്പോൾ തെളിഞ്ഞുവരുന്ന അസാധാരണങ്ങളായ ഉൾക്കാഴ്ചയും സത്യവും എപ്പോഴും പ്രസന്നമായി തുടരും'' എന്ന വിശ്വാസമാണ് ഈ പ്രസിദ്ധീകരണത്തിന്റെ പിറകിലുള്ള ചേതോവികാരം എന്ന് പ്രവേശികയിൽ എഡിറ്റർമാർ രേഖപ്പെടുത്തുന്നുണ്ട്.

കാഴ്ചപ്പാട് (26) പ്രതികരണങ്ങൾ (46), അനുഭവങ്ങൾ (4) സംവാദം (3) എന്നിങ്ങനെ നാലു ഭാഗങ്ങളിലായി 69 ലേഖന/കുറിപ്പുകളുടെ സമാഹാരമാണ് 'നമുക്കെന്തുപറ്റീ സുഹൃത്തേ' എന്ന പുസ്തകം. താൻ ശ്വസിച്ചു ജീവിച്ചിരുന്ന ലോകത്തിലെ പ്രശ്നസന്ദർഭങ്ങളിലെല്ലാം ആർജ്ജവത്തോടെ കൃത്യമായ നിലപാടോടെ അതിനെ നേരിട്ട വ്യക്തിയാണ് വിഷ്ണു നാരായണൻ നമ്പൂതിരി. അതാകട്ടെ സ്വന്തം നിലപാടുതറയിൽ ഉറച്ചുനിന്ന് മനുഷ്യത്വം എന്ന മഹത്തായ പ്രത്യയശാസ്ത്രത്തെ ഉദ്ദീപിപ്പിക്കാനായിരുന്നു താനും. ആ ആരായലകളുടെ, അഭിപ്രായങ്ങളുടെ പ്രതിഫലനം ഇതിലെ രചനകളിൽ കാണാം. അനുഭവത്തിലൂടെയും അറിവിലൂടെയും മനുഷ്യൻ വളർന്നപ്പോൾ എഴുത്തുകാരന്റെ കാഴ്ചപ്പാടുകൾ എത്രത്തോളം വികസിച്ചിരിക്കുന്നു എന്ന അന്വേഷണമാണ് 'നൂറ്റാണ്ട് പുലർച്ചയുടെ പ്രരിപ്രേക്ഷ്യം'(2002) എന്ന ലേഖനം.

പുതിയ നൂറ്റാണ്ടിൽ മനം നുറുങ്ങിയും ദുരന്ത ഭീതികളിൽ ചുവടുറപ്പിച്ചും പതറിനിൽക്കുന്ന മനുഷ്യരാശിയുടെ രക്ഷാമാർഗമായി സർ നിർദേശിക്കുന്നത് വിവേകം, അപരിഗ്രാഹം, ആത്മീയത എന്നിവയാണ്. ഇതിനോട് ചേർത്തുവച്ച് വായിക്കേണ്ടതാണ് 'വിവാദവിചാരം'എന്ന കുറിപ്പ് (1995). നിലനിൽപ്പിന്റെ സത്തയെപ്പറ്റിയും പ്രപഞ്ചത്തിന്റെ ആധാരമൂലകങ്ങളെ പറ്റിയും ധർമ്മാധർമങ്ങളെ പറ്റിയും വേദകാലത്ത് നടത്തിയിരുന്ന സംവാദങ്ങളുടെ രീതി ഇന്നുമുണ്ട്. എന്നാൽ അവയിൽ ഒട്ടുമിക്കതും ജല്പനം, വിതണ്ഡ തുടങ്ങിയ അഭ്യാസങ്ങളിൽനിന്ന് ഒഴിവായി സത്യഗ്രഹണ കൗതുകത്തെ മാത്രം മുൻനിർത്തി ചിത്തപ്രസന്നത കൈവരിക്കാൻ ഉതകുന്നുണ്ടോ എന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു എന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നുണ്ട്. 'ഓളത്തിൽ ഒതളങ്ങ പോലെ ഉയർന്നുതാണ് ഒഴുകി മറയാൻ വേണ്ട പ്രാണബലമേ ഇത്തരം അല്പായുസ്സുകൾക്കുള്ളൂ' എന്ന നിരീക്ഷണം അന്തിച്ചർച്ചകൾ പ്രബലമാക്കുന്നതിന് എത്രയോമുമ്പ് രചിച്ചതാണ്!

ഒരു പൗരനെന്നനിലയിൽ ഇന്ത്യയെ ഒരു വികാരമായി ദർശിച്ചിരുന്ന അദ്ദേഹം തന്റെ രാഷ്ട്രത്തിന്റെ വർത്തമാനത്തേയും ഭാവിയെയും കുറിച്ച് ആകുലപ്പെട്ടിരുന്നു. പിരിക്കുന്ന നികുതിയുടെ എത്രയോ മടങ്ങ് ശ്രേയസ്സായി പ്രജകൾക്ക് നൽകുന്ന ഒരു വ്യവസ്ഥയെ സംബന്ധിച്ച പരിചയവും നാടു വാഴുന്നവർക്ക് ശാസ്ത്രങ്ങളെ സംബന്ധിച്ച അവഗാഹം മാത്രമല്ല അഗാധമായ വിനയവും ഒപ്പം ധർമ വ്യസനിതയും വേണം എന്ന കാളിദാസീയമായ ദർശനവും സ്വായത്തമായ ഒരു പൗരൻ (പേജ് 31) ഈ കാഴ്ചപ്പാട് കൈമോശം വന്ന ഭരണകർത്താക്കളെ കുറിച്ചോർത്ത് പരിതപിക്കുന്നു. ഗാന്ധിജി, അംബേദ്കർ, ജയപ്രകാശ് നാരായണൻ എന്നിവരുടെ തത്വചിന്തകൾ സ്വാംശീകരിച്ചിരുന്ന മാസ്റ്റർ രാജ്യ പുനർനിർമാണത്തിനായി അവർ മുന്നോട്ടുവെച്ച ആശയങ്ങളും ജെപിയുടെ പഞ്ചായത്തീരാജ് ആശയവും പങ്കജാക്ഷക്കുറുപ്പിന്റെ അയൽക്കൂട്ടം എന്ന സങ്കല്പനവും പ്രായോഗികമാക്കിയാൽ സംഭവിക്കാവുന്ന പരിവർത്തനങ്ങളെക്കുറിച്ച് സൂചിപ്പിക്കുന്നുണ്ട്.

സഹസ്രമുഖമാർന്നൊരു സംസ്‌കൃതിയിൽ ഇത്തരം ആശയങ്ങളുടെ പ്രസക്തിയെക്കുറിച്ച് 'കക്ഷിരഹിത ജനാധിപത്യം അപ്രയോഗികമല്ല' (2000) എന്ന ലേഖനത്തിൽ പ്രതിപാദിക്കുന്നു. സ്വപക്ഷത്തിന്റെ പൂരകമായി പ്രതിപക്ഷം വർത്തിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഓർമ്മിപ്പിക്കുന്നതാണ് 'ഹൃദയം തരിശിടാമോ' (2007) എന്ന ലേഖനം. ഇതേ കാര്യം മറ്റു പല കുറിപ്പുകളിലും അദ്ദേഹം സൂചിപ്പിക്കുന്നുണ്ട്.

കള്ള് ചെത്തരുത്, വിൽക്കരുത്, കുടിക്കരുത് എന്ന് ആഹ്വാനം ചെയ്തിരുന്ന നാരായണ ഗുരുവിന്റെ പിൻമുറക്കാർ അതിനെ എങ്ങനെ അട്ടിമറിക്കുന്നു, അധികാരി വർഗം എങ്ങനെ അതിനു കൂട്ടുനിൽക്കുന്നു എന്നതിന്റെ വിവരണമാണ് 'പൊതുജനം എന്ന മാടുകൾ' (1985). ദേവാലയങ്ങളെയും വിദ്യാലയങ്ങളെയും നിഷ്പ്രഭമാക്കികൊണ്ട് അവൾക്കുള്ളിൽ നിന്ന് പരിമളം വീശി പൊന്തുന്ന സമാന്തര സംസ്‌കാരത്തെയും അവയിലേക്ക് ഇരമ്പിക്കയറുന്ന പുതിയ തലമുറയുടെ വിപ്ലവവീര്യത്തെയും കുറിച്ച് സർ വളരെ വേദനയോടെ പറയുന്നു. കള്ളുകുടി സാർവത്രികമാക്കി വരുമാനം തേടുന്ന സർക്കാരിനോട് ''സകലമാന കുടുംബങ്ങളിലും വെളിവുകേടുകളും കൂട്ടത്തല്ലും വിധിച്ചിട്ടു വേണോ ഖജനാവിൽ പണം നിറച്ച് വികസന പ്രവർത്തനം നടത്താൻ'' എന്ന് 1985-ൽ ഉന്നയിച്ച ചോദ്യം ഇന്നും പ്രസക്തമാണ്. അത് മയക്കുമരുന്നിലേക്ക് കൂടി വ്യാപിച്ചു എന്ന വ്യത്യാസമേ ഉണ്ടായിട്ടുള്ളൂ.

മതം രത്നമാണെങ്കിലും അതിനെ മൂടുകയും മലിനീകരിക്കുകയും ചെയ്യുന്ന ചെളിക്കട്ടയാണ് മതസംഘടനകൾ എന്ന് വിശ്വസിച്ചിരുന്ന ഒരു വ്യക്തിയാണ് വിഷ്ണുനാരായണൻ നമ്പൂതിരി. 'അയോദ്ധ്യ ആർക്ക്?'(1991) എന്ന ലേഖനത്തിൽ അദ്ദേഹം വിശദമായി ചർച്ചചെയ്യുന്നുണ്ട്. നമ്മുടെ റിപ്പബ്ലിക്കിന്റെ മതേതര സ്വഭാവം കേവലമൊരു കളിതമാശയായി മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ, രാഷ്ട്രീയകക്ഷികൾ ജാതിവോട്ടു ബാങ്കുകളുടെ തറയിന്മേൽ പൊടിച്ചു വളരുകയും ജാതിസംഘടനകൾ രാഷ്ട്രീയ മേൽവിലാസങ്ങളോടെ പടർന്നു പൊങ്ങുകയും ചെയ്യുമ്പോൾ സംഘവാസനകൾ ചിതലരിക്കുന്നത് നമ്മുടെ ചിരാർജിത ധാർമിക ബോധത്തിന്മേൽ ആണെന്ന് സർ മുന്നറിയിപ്പ് നൽകുന്നു. എത്ര ദീർഘവീക്ഷണം!

ദയയെ നീതിയോട് മനസുഖത്തെ നിയമ നിർവഹണത്തോട് വേൾപ്പിക്കുന്ന വീക്ഷണവും പ്രവർത്തനശൈലിയും അസ്തമിച്ചുകൊണ്ടിരിക്കുന്നു. ഒരു സാമൂഹ്യ രാഷ്ട്രീയ പരിതോവസ്ഥയിൽ അതു സംബന്ധമായ പല ആകാംക്ഷകളുമാണ് 'നീതിയുടെ അടിവേരുകൾ' (1980), 'നീതിയുടെ പരിമിതി' (2007), 'നിയമമല്ല; ധാർമികമായ ആദർശമാണ്' (2006) എന്നീ ലേഖനങ്ങളിൽ പ്രത്യക്ഷത്തിലും മറ്റു പലതിലും സൂചിതമായും കടന്നുവരുന്നത്. നിന്ദ്യമായ കൊലയും സ്തുത്യമായ കൊലയും അങ്ങനെ രണ്ടില്ല എന്ന് വിശ്വസിക്കുന്നു. കൊല തിരിഞ്ഞു കടിക്കുന്ന നായ ആകുന്നു. (തീരാത്ത സംശയങ്ങൾ) എന്നാണ് അദ്ദേഹം അഭിപ്രായപ്പെടുന്നത്.

മൗലികമായ കവിയെന്നതുപോലെതന്നെ മികച്ച അധ്യാപകനും കൂടിയായിരുന്നു വിഷ്ണുനാരായണൻ നമ്പൂതിരി. വിദ്യാഭ്യാസ സംബന്ധമായി അദ്ദേഹം എഴുതിയ ലേഖനങ്ങൾ എത്ര പ്രഗത്ഭനായ ഒരു വിദ്യാഭ്യാസ വിചക്ഷണനായിരുന്നു എന്ന് വിളംബരം ചെയ്യുന്നു. ഒരു സർവ്വകലാശാലയുടെ വൈസ് ചാൻസലർ പദവി നിരാകരിച്ച് മേൽശാന്തി ആകാൻ താൽപര്യം കാണിച്ച അദ്ദേഹത്തെ പദവിയും പ്രതാപവും അധികാരവുമൊന്നും ഒരിക്കലും ആകർഷിച്ചിരുന്നില്ല എന്നത് വ്യക്തമാണ്. പഠിപ്പിക്കുക, ശിഷ്യർക്ക് മാർഗനിർദേശം നൽകുക എന്നതാണ് തന്റെ ദൗത്യം എന്നദ്ദേഹം തിരിച്ചറിഞ്ഞി രുന്നു. അങ്ങനെയുള്ള ഒരാളുടെ ഉള്ളു തൊടുന്ന പരിചിന്തനങ്ങളാണ് 'ചുവടുപിഴച്ചതെവിടെ' (1990), 'ബലിയാടുകളെ തേടുന്നവർ' (1980) 'നീണ്ട കോളേജ് ഒഴിവും അതിലെ ചില പാഠങ്ങളും' (1983) 'അധ്യാപകരെ പരിശോധിക്കേണ്ടതുണ്ട്' (2000) തുടങ്ങിയ ലേഖനങ്ങളും കുറിപ്പുകളും അധികൃതരും അധ്യാപകരും വിദ്യാർഥികളും ക്ഷുദ്രമായ കക്ഷിരാഷ്ട്രീയാധിഷ്ഠിതമായ ശൈലിയിൽ ചിന്തിച്ചുരച്ചു വളരുന്നതിന്റെ വിപത്തുകൾ 1990-ൽ ചൂണ്ടിക്കാട്ടിയത് ഇന്നും പ്രസക്തമായിരിക്കുന്നു എന്നതാണ് വാസ്തവം.

ഗവേഷണം മൗലികതയിൽ ഊന്നുന്നതാവണം എന്നതിന്റെ പ്രാധാന്യം അദ്ദേഹം ചൂണ്ടിക്കാട്ടുന്നു (പേജ് 124) മണ്ണിന്റെ വേരോടുന്ന വിദ്യയെക്കുറിച്ച് സൂചിപ്പിക്കുന്ന (പേജ് 177) മനനവും നിദിധ്യാസവുംകൊണ്ട് മനസ്സിനെ സരസ്വതിയാക്കാൻ ആഹ്വാനം ചെയ്യുന്നു. (പേജ് 138) വിദ്യാഭ്യാസത്തിലെ തലതിരിഞ്ഞ തീരുമാനങ്ങളെ ഒരു കാലിലെ മന്ത് മറ്റേക്കാലിലേക്കും തെറ്റുചെയ്യുന്ന കുട്ടികളെ സ്നേഹം കൊണ്ട് തിരുത്തിയ ഒരു അധ്യാപകന്റെ അനുഭവം, തന്റേതു തന്നെ, 'ഗുരുശിഷ്യബന്ധം സ്നേഹമയം' (2000) എന്നതിൽ പങ്കുവെക്കുന്നു.

മത-രാഷ്ട്രീയ സ്വഭാവം കൈവരിക്കുന്ന ഒരു കാലത്ത് മതാതീതമായി ചിന്തിക്കാൻ കെൽപ്പുള്ള ഒരു വലിയ മനസ്സിന്റെ ഉടമയായിരുന്നു വിഷ്ണുനാരായണൻ നമ്പൂതിരി സർ. മതേതരത്വം നിറയെ തുളവീണ മൂടുപടമാണ് എന്ന് അനുഭവത്തിൽനിന്ന് മനസ്സിലായതിനെക്കുറിച്ച് അദ്ദേഹം സൂചിപ്പിക്കുന്നുണ്ട് (പേജ് 97) മതസംഘടനകൾക്കതീതമായി ചിന്തിക്കേണ്ട ഇടതുപക്ഷ പ്രസ്ഥാനങ്ങൾ പോലും അവയുടെ സൗഹാർദമേള നടത്തി ചാരിതാർത്ഥ്യമടയുകയാണ് എന്ന് പരിതപിക്കുന്നു (പേജ് 95). 'ക്ഷേത്രം ക്ഷയിക്കുന്നത് ഇങ്ങനെ' (2000), 'ഗർഭത്തിനുണ്ടോ മതം' (2010), 'ഈശ്വരഹിതം വസ്ത്രത്തിലല്ല, മനസ്സിൽ' (2007), 'ഭരണം, സംസ്‌കാരം, മതം' (2006) എന്നീ ലേഖനങ്ങളിലും സംവാദങ്ങളിലും ഒരു വിശ്വഗുരുവിനെ സ്പർശിച്ചറിയാ വുന്നതാണ്.

പരശുരാമൻ മഴു എറിഞ്ഞത് എങ്ങോട്ട് എന്ന ഐതിഹ്യം/കെട്ടുകഥയുടെ സാംഗത്യം മുതൽ കുക്കിംഗ് ഗ്യാസിന്റെ വിലക്കയറ്റം, നദികളെ പൊൻമടിശ്ശീലക്കാർ വിലക്കെടുക്കുമ്പോൾ വരുന്ന ജലക്ഷാമം വരെ നിരവധി വിഷയങ്ങളെക്കുറിച്ച് ലേഖനമായും കുറിപ്പായും എഴുതിയത് പുസ്തകത്തിൽ ചേർത്തിട്ടുണ്ട്. 'ധിക്കാരം' (2013) എന്ന ഈ കൃതിയിൽ ഉൾക്കൊള്ളിച്ചിട്ടുള്ള അവസാനമേഴുതിയ ലേഖനം, ഇന്നത്തെ സാഹചര്യത്തിൽ വളരെ പ്രസക്തമാണ്. ആയുധ ബലം കൊണ്ടല്ല പ്രാണഫലംകൊണ്ടാണ് ഒരു രാഷ്ട്രം പിടിച്ചുനിൽക്കേണ്ടതെന്നും നിവർന്ന നട്ടെല്ലാണ് നമുക്ക് രക്ഷാകവചം എന്നും സൈന്യം ഒരു പുറംമോടി മാത്രം എന്നും താൻ പഠിച്ച കാളിദാസീയ സംസ്‌കാരത്തിന്റെയും അനുഭവങ്ങളുടെയും ഭൂമികയിൽ നിന്നു കൊണ്ടുള്ള പ്രസ്താവന കുറച്ചുപേരെയെങ്കിലും ആഴത്തിൽ ചിന്തിക്കാൻ പ്രേരിപ്പിക്കാ തിരിക്കില്ല.

പാരമ്പര്യത്തെക്കുറിച്ച് ഈ മഹാനുഭാവന് ശക്തമായ കാഴ്ചപ്പാടുണ്ട്. പാരമ്പര്യം തുടർച്ചയല്ല (പരമ്പര) തുടരുന്ന ഭാവം എന്തോ അതാണ് പാരമ്പര്യം. ഗതാനുഗതിത്വമല്ല, ഗതാനുഗതിത്വ ഭഞ്ജനമാണ് പാരമ്പര്യം.

സത്തയുടെ നിലനിൽപ്പാണ് പാരമ്പര്യം. പുതിയ ചാലുകീറി ഒഴുകുന്ന ജീവിതമാണ്, പ്രവാഹമെന്ന പ്രക്രിയ അല്ല എന്ന് രേഖപ്പെടുത്തുന്ന വിഷ്ണുനാരായണൻ നമ്പൂതിരിയുടെ ദർശനത്തിന്റെ കരുത്ത് കാളിദാസനും വൈലോപ്പിള്ളിയുമാണ്. ഭംഗിയും അഭംഗിയും ധർമ്മവും ബലവും നിലാവും വെയിലും ചേർന്നാണ് ജീവിതത്തിന്റെ പ്രാണപടം നെയ്തിരിക്കുന്നത് എന്ന് വിശ്വസിക്കുന്ന (നേരുണ്ടോ പത്മനാഭൻ പറഞ്ഞതിൽ 2004) അദ്ദേഹം വാക്കിന്റെ ചാരിത്ര്യത്തെക്കുറിച്ച് ബോധവാനാണ്. വാക്ക് നഷ്ടപ്പെട്ടാൽ എഴുത്തുകാരൻ/എഴുത്തുകാരി രസം വറ്റിയ വ്യക്തിയാണ് എന്നദ്ദേഹം കരുതുന്നു. അതുകൊണ്ടുതന്നെ ഒരു പൗരനെന്ന നിലയിൽ അതതു കാലത്തെ സംഭവങ്ങളോട് ക്രിയാത്മകമായി പ്രതികരിക്കണം എന്ന് വിശ്വസിച്ചുപോന്ന രുദിരാനുസാരിയായ ഒരു കവിയെ ഈ സമാഹാരത്തിലെ കുറിപ്പുകളിൽ കാണാൻ കഴിയും. അവ ഒരനുഭവമാണ്. അമൂല്യ സ്വത്താണ്.