
എല്ലാം പിടിച്ചടക്കുക എന്ന മനോഭാവത്തിന്റെ ഭാഗമായി ടിബറ്റിനെ തങ്ങളുടെ കാല്‍ക്കീഴിലേക്ക് ചൈന കൊണ്ടുവന്നിട്ട് 70വര്‍ഷങ്ങള്‍ പിന്നിട്ടു.
കമ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ കടന്നുകയറ്റം ടിബറ്റിന്റെ സാംസ്കാരിക ഔന്നത്യത്തെയുമാണ് തകര്‍ത്തെറിഞ്ഞത്. ചൈനയുടെ പീപ്പിള്‍ ലിബറേഷന്‍ ആര്‍മി സാംസ്കാരിക വിപ്ളവം എന്ന പേരില്‍ നടത്തിയ കൊടുംക്രൂരതയ്ക്കൊടുവില്‍ ഇന്ത്യന്‍ സൈനികരുടെ സഹായത്തോടെയാണ് ദലൈലാമ ഇന്ത്യയില്‍ അഭയംതേടുന്നത്. അറുപതുവര്‍ഷം മുമ്പാണത്.
ഇന്ന് ലോകജനത ടിബറ്റിനെ ചൈനയുടെ ഭാഗമായാണ് കാണുന്നത്. എന്നാല്‍, ടിബറ്റന്‍ വംശജര്‍ ചൈനീസ് ആധിപത്യത്തിനെതിരേയുള്ള പോരാട്ടം ഇപ്പോഴും തുടരുകയാണ്. പിറന്ന മണ്ണിലേക്ക് സ്വാതന്ത്ര്യത്തോടെയുള്ള മടക്കം സ്വപ്നം കാണുന്നവരാണവര്‍. ബുദ്ധമത കേന്ദ്രങ്ങളെ തകര്‍ത്തെറിഞ്ഞ് ആ സംസ്കൃതിയെ മുച്ചൂടും ഇല്ലാതാക്കാന്‍ ചൈനീസ് ഭരണകൂടം നടത്തിയ ചെയ്തികള്‍ ഒരു കാലത്തിനും സഹിക്കാനാവുന്നതല്ല.
ടിബറ്റന്‍ ജനതയുടെ ഹൃദയവേദന ഇന്ത്യയുടെകൂടി വേദനയാണ്. 'ഫ്രണ്ട്സ് ഓഫ് ടിബറ്റ്' എന്ന പ്രസ്ഥാനംവഴി ടിബറ്റിന്റെ സ്വാതന്ത്ര്യപ്പോരാട്ടം നിര്‍ത്താതെ തുടരുന്ന വ്യക്തിയാണ് ടെന്സിന് സുന്‍ഡു. കവിയും എഴുത്തുകാരനും പോരാളിയും സ്വപ്നസന്നിഭമായ മനസ്സും പേറുന്ന വ്യക്തിത്വം. ടിബറ്റന്‍ ജനതയുടെ ധര്‍മസങ്കടമാണ് ടെന്‍സിന്റെ ജീവിതം. ചെറുപ്പത്തില്‍ത്തന്നെ സുന്‍ഡു ഹിമാലയം മറികടന്ന് ടിബറ്റിലെത്തി. ചൈനീസ് ഭരണകൂടത്തിന്റെ പീഡനത്തിനിരയായി ജയിലില്‍ കഴിയേണ്ടിവന്നു. മൂന്നുമാസത്തോളം ലാസ ജയിലില്‍. പിന്നീട് നിരപരാധിയാണെന്നുകണ്ട് ചൈനീസ് ഭരണകൂടം വിട്ടയച്ചു. തന്റെ മുത്തച്ഛനും അച്ഛനും വന്ന ആ ഭൂമിയില്‍ സ്വാതന്ത്ര്യത്തോടെ ജീവിക്കുകയെന്നത് ടെന്സിനിന്റെ സ്വപ്നമാണ്. ടിബറ്റിന്റെ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട് ഒട്ടേറെ കവിതകള്‍ ഈ പോരാളി എഴുതിയിട്ടുണ്ട്. ഒട്ടേറെ പുരസ്കാരങ്ങളും നേടിയിട്ടുണ്ട്. ടിബറ്റന്‍ ജനതയുടെ മൂന്നാം തലമുറയിലെ തീക്ഷ്ണ വ്യക്തിത്വം. അദ്ദേഹവുമായി നടത്തിയ കൂടിക്കാഴ്ചയില്‍നിന്ന്.
രാജ്യമില്ലാതെ, പതാകയില്ലാതെ, വേരുകളില്ലാതെ...
കൂര്‍ഗില്‍നിന്ന് 35 കിലോമീറ്റര്‍ അകലെയുള്ള ബൈരക്കുപ്പ ടിബറ്റന്‍ വംശജര്‍ താമസിക്കുന്ന കര്‍ണാടകയിലെ മേഖലയാണ്. വൈക്കോല്‍ മേഞ്ഞ കൊച്ചുവീടുകള്‍ ഇളക്കി മേയുമ്പോള്‍ കൂട്ടത്തിലെ കാരണവര്‍ പറയും: ഇത്രയൊന്നും നിഷ്കര്ഷിച്ചുമേയേണ്ട, അടുത്ത വര്‍ഷം ടിബറ്റിലെ നമ്മുടെ വീട്ടിലേക്ക് തിരിച്ചു പോകേണ്ടതല്ലേയെന്ന്. മഴക്കാലത്ത് വീടുകള്‍ ചോര്‍ന്നൊലിക്കും. മുറികളില്‍ വെള്ളംനിറയും. അഭയാര്‍ഥിയുടെ ജീവിതദുരന്തം ഇതാണ്. കഴിഞ്ഞ അറുപതുവര്‍ഷമായി ഓരോ ടിബറ്റുകാരനും വെച്ചുപുലര്‍ത്തുന്ന സ്വപ്നമാണ് ഒരു തിരിച്ചുപോക്ക്. എന്നെങ്കിലും ടിബറ്റിലേക്ക്്് തിരിച്ചുപോകാന്‍ കഴിയുമെന്ന ശുഭാപ്തി വിശ്വാസത്തിലാണ് ഓരോ ടിബറ്റുകാരനും ഇന്ത്യയില്‍ ജീവിക്കുന്നത്. രണ്ടായിരത്തിലെ ഒളിംപിക്സ് ഉദ്ഘാടനദിവസം ഞാന്‍ മുംബൈ സര്‍വകലാശാലയില്‍ എം.എ.യ്ക്ക് പഠിക്കുന്ന കാലം. ഒളിംപിക്സിന്റെ തുടക്കത്തിലെ മാര്‍ച്ച് പാസ്റ്റ് കാണുകയായിരുന്നു. വിവിധരാഷ്ട്രങ്ങളുടെ പ്രതിനിധികള്‍ തങ്ങളുടെ സംഘത്തിന്റെ മുന്നില്‍ അഭിമാനത്തോടെ മാതൃരാഷ്ട്രത്തിന്റെ പതാകയും വഹിച്ചു ഘോഷയാത്ര നടത്തുന്നു. എന്റെ മുറിയില്‍ വിവിധ രാജ്യക്കാരുണ്ടായിരുന്നു. സുഡാന് അവരുടെ പതാകയുമായെത്തിയപ്പോള് കൈയടിച്ചു. അങ്ങനെ നേപ്പാള്‍, മാലദ്വീപ്, ജര്‍മനി ഓരോരുത്തരും തകര്‍ത്ത് കൈയടിച്ചുകൊണ്ടിരുന്നു. ഇംഗ്ലീഷ് അക്ഷരമാലയിലെ എ മുതല്‍ തുടങ്ങുന്ന രാഷ്ട്രങ്ങള്‍. ടി എന്ന അക്ഷരത്തിലെത്തിയപ്പോള് എന്റെ രാജ്യത്തിന്റെ പേര് ടിബറ്റ് എവിടെയെങ്കിലുമുണ്ടോയെന്ന് എന്റെ ഹൃദയം തിരക്കി. ഇല്ല, ഞങ്ങള്‍ക്ക് ഒരു പതാകയില്ല, രാജ്യവുമില്ല, വേരുകളുമില്ല. എന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകിക്കൊണ്ടിരുന്നു. ആ വേദന ഇപ്പോഴും തുടരുന്നു.
സ്വപ്നം, ആ മണ്ണിലെ മരണം
ഞാന്‍ ടിബറ്റനാണ്. പക്ഷേ, ഞാന്‍ ടിബറ്റില്‍ നിന്നുള്ള ആളല്ല. അവിടെ ജീവിക്കാനായിട്ടില്ലെങ്കിലും ആ മണ്ണില്‍ മരിക്കുക എന്നത് എന്റെ സ്വപ്നമാണ്. ടിബറ്റില്‍നിന്ന് 1959-ല്‍ ഇന്ത്യയിലെത്തിയ സംഘത്തില്‍ എന്റെ മുത്തച്ഛനും അച്ഛനുമുണ്ടായിരുന്നു. പട്ടിണി എന്താണെന്നറിഞ്ഞ ആ നാളിലാണ് എന്റെ ജനനം. ഹൈവേ നിര്‍മാണത്തൊഴിലാളികളായിരുന്നു അച്ഛനും അമ്മയും. റോഡിനുസമീപം കെട്ടിയുയര്‍ത്തിയ, ഒട്ടേറെപ്പേര്‍ താമസിക്കുന്ന ചെറിയ ഒരു ടെന്റിലായിരുന്നു എന്റെ ജനനം. അഭയാര്‍ഥികള്‍ക്ക് മാത്രമായി അന്നവിടെ സ്കൂളുണ്ടായിരുന്നു. എന്നെപ്പോലെ നൂറു കണക്കിന് കുട്ടികള്‍. അവരുടെ വേദനകള്‍, പ്രശ്നങ്ങള്‍, മുഖത്തെ ദൈന്യത ഇതൊക്കെ തൊട്ടറിഞ്ഞ അക്കാലത്തുതന്നെ ഞാന്‍ നിശ്ചയിച്ചിരുന്നു. ടിബറ്റിനുവേണ്ടിയുള്ള സ്വാതന്ത്ര്യപോരാട്ടത്തില്‍ ഞാനും അണിചേരുമെന്ന്. ആ പോരാട്ടം ഇപ്പോഴും നിര്‍ത്താതെ തുടരുന്നു. ധര്‍മശാലയിലാണ് താമസമെങ്കിലും അത് താത്കാലിക വസതിയാണെന്ന തിരിച്ചറിവ് ഓരോ ടിബറ്റുകാരനുമുണ്ട്. നമ്മുടെ സ്വന്തമായതൊന്നും ഈ ഭൂമിയിലില്ലെന്നും നമുക്കറിയാം. ഞാന്‍ കര്‍ണാടകയിലാണ് വളര്‍ന്നത്; കൊളഗലില്. രണ്ടാംക്ലാസ് മുതല്‍ ഹിമാചല്‍പ്രദേശിലെ കുളു താഴ്വരയിലെ സ്കൂളിലാണ് പഠിച്ചത്. രണ്ടാംക്ലാസ് മുതല്‍ ഏഴാംക്ലാസുവരെ. പിന്നീട് ധര്‍മശാലയിലെ സ്കൂളില്‍ 12-ാം ക്ലാസ് വരെ. അവിടെനിന്ന് ചെന്നൈയിലെത്തി. ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം നേടി. പിന്നീട് മുംബൈയിലെത്തി.
ബിരുദാനന്തരബിരുദം കരസ്ഥമാക്കി. ഇംഗ്ലീഷിലും ഫിലോസഫിയിലും. അഭയാര്‍ഥിക്ക് ഭൂമി വീടായി തോന്നാറില്ല. എവിടെ എത്തിയാലും വീട്. എന്നാല്‍, ഓരോവീടും സംഘര്‍ഷം നിറഞ്ഞതാണ്. ഈ സംഘര്‍ഷമാണ് എന്നെ രൂപപ്പെടുത്തിയത്. അത് എന്നെ കൂടുതല്‍ ശ്രദ്ധാലുവും കരുത്തനും അനുകമ്പയുള്ളവനും സംവേദനക്ഷമതയുള്ളവനും ആവാനും ഉള്ളിലേക്ക് നോക്കാനും ശക്തനാവാനും പ്രേരിപ്പിച്ചു.
അമ്മൂമ്മ പറഞ്ഞ കഥകള്‍
ടിബറ്റിനെപ്പറ്റിയുള്ള ആദ്യ ഓര്മ എന്നിലെത്തുന്നത് അമ്മൂമ്മ വഴിയാണ്. അക്കാലത്ത് കര്‍ണാടകത്തിലെ അഭയാര്‍ഥിക്യാമ്പിലായിരുന്നു ഞങ്ങള്‍. അമ്മൂമ്മ ഓരോ കഥകള്‍ പറയും. മഞ്ഞുമൂടിയ മലകള്‍, അവിടെയുള്ള ജീവിതം, യാത്രകള്‍. അങ്ങനെയാണ് ആദ്യമായി ടിബറ്റ് എന്റെ മനസ്സിലെത്തുന്നത്. ആ രാജ്യത്തെ ഞാന്‍ സ്വപ്നംകണ്ടു. ഒരുദിവസം അവിടെ പോകുമെന്നും അവിടെയാണ് എന്റെ ജീവിതമെന്നും തിരിച്ചറിഞ്ഞു. അഭയാര്‍ഥിക്യാമ്പില്‍ ഞങ്ങള്‍ ടിബറ്റന്‍ ഭാഷ സംസാരിച്ചു, ആ ഭക്ഷണം കഴിച്ചു. സംഗീതം ആസ്വദിച്ചു, നൃത്തം ചെയ്തു. എന്നാല്‍, നമ്മള് ജീവിക്കുന്നത് ആ ദേശത്തല്ലെന്ന് ഓരോ സന്ദര്‍ഭത്തിലും തിരിച്ചറിഞ്ഞു. അവിടെയുണ്ടായിരുന്ന മുത്തച്ഛന്മാരും അമ്മൂമ്മമാരും ടിബറ്റില്‍നിന്ന് ഇന്ത്യയിലേക്കുള്ള പലായനത്തിന്റെ കഥകള്‍ പറഞ്ഞു. അതോടെയാണ് ടിബറ്റ് എന്ന രാഷ്ട്രം എന്റെ മനസ്സില്‍ തിടംവെച്ച് ദേശരാഷ്ട്രമായി മാറുന്നത്. അഭയാര്‍ഥിക്യാമ്പിലേക്ക് പഴങ്ങള്‍ വില്ക്കാന് ഇന്ത്യന്‍ സ്ത്രീകളെത്തുമായിരുന്നു. അപ്പോള്‍ ഞങ്ങള്‍ അച്ഛനമ്മമാരോട് ചോദിക്കും, എവിടെനിന്നാണ് ഇവര്‍ വരുന്നതെന്ന്. ഞങ്ങള്‍ അഭയാര്‍ഥികളാണെന്ന സത്യം അന്നെനിക്ക്്് അറിയുമായിരുന്നില്ല. നമ്മുടെ ഇടത്തേക്ക് മറ്റുള്ളവര്‍ എത്തുന്നുവെന്നായിരുന്നു ധാരണ. എന്നാല്‍, ക്യാമ്പിന് പുറത്ത് മുഴുവന്‍ ഇന്ത്യക്കാരുടെ താമസമായിരുന്നു. അവരോട് സംസാരിച്ച്, അവ?േ?രാടൊപ്പം കൃഷിചെയ്ത് ജീവിച്ചു. അവരില്‍നിന്ന് കന്നട ഭാഷയും ഞങ്ങളില്‍നിന്ന് അവര്‍ ടിബറ്റന്‍ ഭാഷയും പഠിച്ചു. സ്കൂളില്‍ എത്തിയതോടെയാണ് ടിബറ്റിന്റെ രാഷ്ട്രീയമാനം എന്നിലെത്തുന്നത്. കുളുവാലി പത്രിക്കൂള് എന്ന സ്ഥലത്താണ് സ്കൂള്‍ ഉണ്ടായിരുന്നത്. ബിയാസ് നദീതീരത്ത്. 250 കുട്ടികള്‍ അവിടെ താമസിച്ചിരുന്നു. പകല്‍ അവിടെ സ്കൂള്‍ പ്രവര്‍ത്തിക്കും. രാത്രി അവിടെത്തന്നെ താമസിക്കും. അവിടെവെച്ചാണ് ഞങ്ങള്‍ അഭയാര്‍ഥികളാണെന്നും ചൈന ടിബറ്റിനെ പിടിച്ചടക്കിയെന്നും അതുകൊണ്ടാണ് ഇന്ത്യയില്‍ അഭയം തേടേണ്ടി വന്നതെന്നും എനിക്ക് മനസ്സിലായത്. എന്റെ മനസ്സില്‍ രാജ്യബോധത്തിന്റെ വിത്തുമുളപ്പിച്ചത് സ്കൂളിലെ അധ്യാപകരാണ്. ഒരുദിവസം ടിബറ്റിലേക്ക് പോയി ചൈനയോട് യുദ്ധംചെയ്യുമെന്ന് ഞാന്‍ അക്കാലത്ത് മനസ്സിലുറപ്പിച്ചു.
ടിബറ്റിലേക്കുള്ള യാത്ര
ലയോള കോളേജിലെ ബിരുദത്തിനുശേഷം ലഡാക്കിലെ സ്കൂളില്‍ കുറച്ചുകാലം ഞാന്‍ പഠിപ്പിച്ചിരുന്നു. ലഡാക്ക് വഴി ടിബറ്റിലെത്താമെന്ന് അവിടെവെച്ചാണ് ഞാന്‍ മനസ്സിലാക്കിയത്. അന്ന് എനിക്ക് 22 വയസ്സാണ്. ടിബറ്റില്‍ നടക്കുന്ന സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമാകുക എന്നതായിരുന്നു ലക്ഷ്യം. 1997 മാര്‍ച്ച് മൂന്നിനാണ് ഞാന്‍ യാത്ര പുറപ്പെടുന്നത്. ഞാന്‍ അതുവരെ കാണാത്ത എന്റെ രാജ്യത്തിന്റെ മോചനത്തെ മുന്‍നിര്‍ത്തിയുള്ള വിപ്ലവത്തെ ഞാന്‍ സ്വപ്നം കണ്ടു. ഹിമാലയം മറികടന്നാണ് ഞാന്‍ ടിബറ്റിലെത്തിയത്. നാനൂറ് കിലോമീറ്റര്‍ കാല്‍നടയായി ടിബറ്റന്‍ അതിര്‍ത്തിയിലെത്തി. വെള്ളമില്ല, ഭക്ഷണമില്ല. അതിര്‍ത്തികടന്ന് എത്തിയപ്പോള്‍ വിശാലമായ ഭൂമി. പകല്‍ കനത്ത ചൂടും രാത്രി കഠിനമായ തണുപ്പും. പാത്രത്തിനുള്ളിലെ വെള്ളം ഐസായി പൊട്ടിത്തകര്‍ന്നു. കുടിക്കാന്‍ ഒരു തുള്ളി വെള്ളമില്ല. അഞ്ചുദിവസം ഒരു മനുഷ്യനെ കാണാതെ നടന്നു.
അഞ്ചാംദിവസം ചൈനീസ് പട്ടാളക്കാര്‍ എന്നെ അറസ്റ്റുചെയ്തു. കണ്ണുകള്‍ മൂടിക്കെട്ടി അവരെന്നെ ജയിലിനുള്ളിലേക്ക് വലിച്ചെറിഞ്ഞു. പിന്നീട് പീഡനത്തിന്റെയും ഭേദ്യത്തിന്റെയും നാളുകള്‍. എന്നെ ഏതെല്ലാംതരത്തില്‍ അപമാനവീകരണത്തിന് വിധേയമാക്കാമോ അതൊക്കെ ജയിലില്‍ നടന്നു. ആറടി മാത്രമുള്ള ഇടുങ്ങിയ അറ. ഒരു ഫ്രീസറിന് സമാനം. ഞാനെന്റെ ഷൂ തലയണയാക്കി. കോണ്‍ക്രീറ്റ് തറയിലാണ് കിടന്നത്. ചെറുപ്പക്കാരെ മെരുക്കാന്‍ ചൈനീസ് ഭരണകൂടം രൂപപ്പെടുത്തിയ മുറികള്‍. ഞാന്‍ ഇന്ത്യന്‍ ചാരനെന്നായിരുന്നു അവരുടെ വിചാരം അക്കാര്യം മുന്‍നിര്‍ത്തിയാണ് ചോദ്യംചെയ്യല്‍. ആയുധങ്ങള്‍ എവിടെ എന്നൊക്കെയായി ചോദ്യങ്ങള്‍. 12 ദിവസം ഭീകരമായ ചോദ്യംചെയ്യലും മര്‍ദനവും. ഞാന്‍ എന്റെ സ്വന്തം ഇഷ്ടപ്രകാരമാണ് ടിബറ്റിലെത്തിയതെന്ന് ഞാന്‍ അവരോട് പറഞ്ഞു. കഴിഞ്ഞ മൂന്നുവര്‍ഷം എന്തുചെയ്തു എന്നായി ചോദ്യം. ഞാന്‍, ഇംഗ്ലീഷ് സാഹിത്യത്തിന് പഠിക്കുകയായിരുന്നുവെന്നും ഞാന്‍ ഷേ്സ്പിയര്, ഷെല്ലി, കീറ്റ്സ്, ബൈറണ്‍, ടാഗോര്‍, സുബ്രഹ്മണ്യഭാരതി എന്നിവരുടെ കവിതകള്‍ പഠിച്ചിട്ടുണ്ടെന്നും പറഞ്ഞു. ലോകം ആദരിക്കുന്ന കവികളുടെ കവിതകള്‍ പഠിച്ച് ടിബറ്റിന്റെ മോചനത്തിനുവേണ്ടി ഇവിടെ എത്തി എന്നത് അവരെ അദ്ഭുതപ്പെടുത്തി. ഞാന്‍ എന്തോ ഒളിപ്പിക്കുന്നുവെന്ന് തോന്നി. അവിടെനിന്നാണ് എന്നെ ടിബറ്റിന്റെ കേന്ദ്രമേഖലയായ ലാസയിലെ തടവറയിലെത്തിക്കുന്നത്. അവിടെയും ഭീകരമായ ചോദ്യംചെയ്യല്‍ നടന്നു. ജയില്‍ ജീവിതം എന്റെ കണ്ണ് തുറപ്പിക്കുകയായിരുന്നു. അവരെന്നെ എപ്പോഴും ഇരുട്ടിലേക്ക് തള്ളിവിടുകയായിരുന്നു. ഓരോദിവസം ഇടവിട്ട് കനത്ത പീഡനമായിരുന്നു. ഒട്ടേറെ രാഷ്ട്രീയതടവുകാരെ അവിടെ ഞാന്‍ കണ്ടു. ഞാന്‍ മൂന്നാംനമ്പര്‍ തടവുകാരനായിരുന്നു. രണ്ടാം നമ്പറില്‍ ദവാഗാസിന് എന്ന 28-കാരന് തടവ് അനുഭവിക്കുകയായിരുന്നു. 18 വര്‍ഷത്തെ തടവ്. ടിബറ്റിനെ മോചിപ്പിക്കുക എന്ന പോസ്റ്റര്‍ പതിച്ചതായിരുന്നു കുറ്റം.
ഒരു രാഷ്ട്രത്തിന്റെ മോചനത്തിനുവേണ്ടിയുള്ള പ്രവര്‍ത്തനം ഇത്തരത്തിലല്ല നടത്തേണ്ടതെന്ന ബോധ്യം ജയില്‍ ജീവിതംതന്നു. പിന്നീട് ഞാന്‍ ചാരനല്ലെന്ന് അവര്‍ക്ക് മനസ്സിലായപ്പോള്‍ മൂന്നുമാസത്തെ ജയില്‍ ജീവിതത്തിനുശേഷം എന്നെ വിട്ടയക്കുകയായിരുന്നു. ലഡാക്ക് അതിര്‍ത്തിയില്‍ വിട്ടു. പിന്നീട് ഇന്ത്യന്‍ സൈന്യത്തോട് ഞാന്‍ നടന്ന കാര്യങ്ങള്‍ വ്യക്തമാക്കി. ഇന്ത്യയിലേക്ക് തിരിച്ചെത്തി. വീട്ടുകാരെ അറിയിക്കാതെയാണ് പോയത്. അവരോട് പറഞ്ഞിരുന്നെങ്കില്‍ വിടില്ലായിരുന്നു.
പ്രതിഷേധം ചൈനീസ് പ്രധാനമന്ത്രിക്കെതിരേ
മുംബൈ ഒബ്റോയി ഹോട്ടലിലെ പതിന്നാലാം നിലയിലേക്ക് വലിഞ്ഞുകയറി ചൈനീസ് പ്രധാനമന്ത്രി സുറോങ്ജിക്കെതിരേ ഫ്രീ ടിബറ്റ് എന്ന പോസ്റ്റര്‍ ഉയര്‍ത്തിയത് 2002-ലാണ്. പ്രധാനമന്ത്രിക്കെതിരേ പ്രതിഷേധിക്കാന്‍ മുംബൈ പോലീസ് അനുവാദം നല്‍കിയത് ആസാദ് മൈതാനത്താണ്. ആസാദ് മൈതാനത്ത് പ്രതിഷേധം നടത്തിയാല്‍ പ്രധാനമന്ത്രി അറിയില്ലെന്ന് ഞങ്ങള്‍ക്കറിയാം. ടിബറ്റിനോട് ചൈനീസ് ഭരണകൂടം നടത്തുന്ന ക്രൂരതയ്ക്ക് എതിരേ ഞങ്ങളുടെ പ്രതിഷേധം അറിയിക്കണമെന്നുതോന്നി. അതിനുവേണ്ടി എന്താണ് എനിക്ക് ചെയ്യാനാവുക എന്ന കാര്യം ഞാന്‍ കണ്ടെത്തുകയായിരുന്നു. ചൈനീസ് പ്രധാനമന്ത്രി രാവിലെ 11.15-ന് വ്യവസായ പ്രമുഖരുമായി കൂടിക്കാഴ്ച നടത്തുന്നുവെന്ന വിവരം ഞാനറിഞ്ഞു. അതിനുമുമ്പ് അദ്ദേഹം മ്യൂസിയം സന്ദര്‍ശിക്കാന്‍ പോകുന്നുവെന്നും അറിഞ്ഞിരുന്നു. ഞാന്‍ ഒബ്റോയ് ഹോട്ടലില്‍ എത്തിയപ്പോള്‍ പ്രധാനമന്ത്രി പുറത്തുപോയ സമയമായിരുന്നു. അതുകൊണ്ട് സുരക്ഷയില്‍ അല്പം അയവ് വന്നിരുന്നു. അവിടെനിന്ന് പുറത്തുള്ള പൈപ്പുവഴി അഞ്ചാംനിലയിലേക്ക് കയറി. അവിടെ നീന്തല്‍ക്കുളമാണ്.
അവിടെനിന്ന് വീണ്ടും കയറുകയായിരുന്നു. 'ഫ്രീ ടിബറ്റ് ബാനര്‍' താഴേക്ക് താഴ്ത്തി 'ടിബറ്റിനെ മോചിപ്പിക്കുക' എന്ന മുദ്രാവാക്യം മുഴക്കി. എന്റെ പ്രതിഷേധം ശക്തമായി പ്രകടിപ്പിച്ചു. ചാനലുകള്‍ ലൈവായി ടെലികാസ്റ്റ് ചെയ്തു. ലോകം മുഴുവന്‍ എന്റെ പ്രതിഷേധം അറിഞ്ഞു. പോലീസെത്തി ഹോട്ടലിന്റെ ജനല്‍ ചില്ല് തകര്‍ത്താണ് എന്നെ അറസ്റ്റുചെയ്തത്. രാത്രി എട്ടുമണിവരെ പോലീസ് കസറ്റഡിയിലായിരുന്നു. പിന്നീട് വിട്ടയച്ചെങ്കിലും കേസ് മൂന്നു വര്‍ഷത്തോളം തുടര്‍ന്നു.
ടിബറ്റന്‍ സംസ്കാരം
ടിബറ്റന്‍ സംസ്കാരം തകര്‍ക്കാന്‍ ചൈനീസ് സര്‍ക്കാരിനാവില്ല. അത് ടിബറ്റന്‍ ജനതയുടെ മനസ്സിലാണ് കുടികൊള്ളുന്നത്. എന്നാല്‍, ആയിരക്കണക്കിന് സന്ന്യാസിമാരെ കൊലപ്പെടുത്തി. എത്രയോ ബുദ്ധകേന്ദ്രങ്ങള്‍ തകര്‍ത്തു. ചൈനീസ് അധിനിവേശക്കാലത്ത് ആറ് ദശലക്ഷം ടിബറ്റന്‍ വംശജരാണ് അവിടെ ഉണ്ടായിരുന്നത്. പത്തുലക്ഷത്തോളം പേരെ ആ സമയത്ത് കൊലപ്പെടുത്തിയിട്ടുണ്ട്. പിന്നീടും ഒട്ടേറെപ്പേരെ. ടിബറ്റന്‍ ജനത ഇപ്പോഴും സ്വാതന്ത്ര്യത്തിനുവേണ്ടി ദാഹിക്കുകയാണ്. അവരുടെ സ്വാതന്ത്ര്യദാഹം അവസാനിക്കുന്നില്ല. ടിബറ്റന്‍ സംസ്കാരമാണ് നമ്മെ ചേര്‍ത്തു നിര്‍ത്തുന്നത്.
നിങ്ങള്‍ എന്റെ ദലൈലാമയെ കൊന്നുകൊള്ളൂ
എന്നെ ക്രൂരമായി ലാസയിലെ ജയിലില്‍ പീഡിപ്പിച്ച് മനസ്സ് മാറ്റാന്‍ ചൈനീസ് ഭരണകൂടം വലിയ ശ്രമം നടത്തി. ശാരീരികമായും മാനസികമായും പീഡിപ്പിച്ചു. പക്ഷേ, എന്റെ മനസ്സില്‍നിന്ന് ദലൈലാമയെ പറിച്ചെറിയാന്‍ ചൈനീസ് സാമ്രാജ്യത്തിന് കഴിയില്ല. ആ പശ്ചാത്തലത്തിലാണ് കവിത എഴുതുന്നത്. എന്റെ മനസ്സില്‍ ദലൈലാമയ്ക്കുള്ള ആദരം നിങ്ങള്‍ക്ക് മാറ്റാനാവില്ലെന്നു കാണിക്കാനാണ് 'നിങ്ങള്‍ എന്റെ ദലൈലാമയെ കൊന്നുകൊള്ളൂ' എന്ന് സൂചിപ്പിക്കുന്ന കവിതയെഴുതിയത്. അല്ലാതെ ദലൈലാമയോടുള്ള ആദരവിന്റെ കുറവല്ല. സാമ്രാജ്യത്വത്തിന് എന്റെ മനസ്സിലെ ദലൈലാമയെ കൊല്ലാനാവില്ലെന്ന വെല്ലുവിളിയായിരുന്നു ആ കവിത.
ദലൈലാമ
എല്ലാവരോടും കാരുണ്യം ഉണ്ടാവുക. അതുതന്നെയാണ് ബുദ്ധിസം. ചൈനക്കാര്‍ക്ക് ബുദ്ധിസം നശിപ്പിക്കാനായില്ല. അവരിപ്പോള്‍ പറയുന്നു അവര്‍ അടുത്ത ദലൈലാമയെ നിശ്ചയിക്കുമെന്ന്്്. ദലൈലാമയും ടിബറ്റന്‍ ജനതയുമായുള്ള ബന്ധം നാനൂറ് വര്‍ഷത്തെയാണ്. ഇപ്പോഴുള്ളത് പതിന്നാലാമത്തെ ദലൈലാമയാണ്. ദലൈലാമയെ ഇക്കാലമത്രയും തീരുമാനിച്ചത് ടിബറ്റന്‍ ജനതയാണ്. ഒരുദിവസം എല്ലാ സംസ്കാരവും നശിപ്പിച്ച് ദലൈലാമയെ തങ്ങള്‍ തീരുമാനിക്കുമെന്ന് ചൈനക്കാര്‍ പറയുന്നതില്‍ എന്താണ് അര്‍ഥം? 'തങ്ങള്‍ തീരുമാനിക്കുമെന്ന്' ചൈനീസ് ഭരണകൂടം നിശ്ചയിക്കുന്നതുനോക്കി ചിരിക്കാനേ കഴിയൂ. ദലൈലാമ അതിന് മറുപടി പറഞ്ഞിട്ടുണ്ട്. ചൈനക്കാര്‍ മാവോ സേ തുങ്ങിന് പുനര്ജന്മം നല്കട്ടെ എന്നിട്ടാവാം ഇത്തരമൊരാലോചനയെന്ന്.
Content Highlights: Tibetan poet tenzin tsundue Malayalam Interview
Published: 20 Jul 2020, 11:14 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented