ലളിതാംബിക അന്തര്‍ജനത്തിൻ്റെ 116-ാം ജന്മദിനവേളയില്‍ അമ്പതാം വാര്‍ഷികത്തിൻ്റെ നിറവിലെത്തുന്ന 'അഗ്‌നിസാക്ഷി' യെക്കുറിച്ച് തനുജ ഭട്ടതിരി എഴുതുന്നു...

To advertise here,

 ‘തങ്കത്തിന്,
എനിക്ക് ആകെയുള്ള ഭൗതികസമ്പത്തായ ഈ വസ്തു ഞാൻ തങ്കത്തിന് നൽകുന്നു. ഇത് പവിത്രമാണ്. ഉടമസ്ഥയെ കണ്ടാൽ ഏൽപ്പിക്കുകയോ ഗംഗയിൽ ത്യജിക്കുകയോ വിരോധമില്ലെങ്കിൽ ഈ അമ്മാവന്റെ ഓർമ്മയ്ക്കായി ദേവുവിന് കൊടുക്കുകയോ ചെയ്യാം. എന്റെ അവസാന ആഗ്രഹം ഇതാണ്.’ 
-സ്വന്തം ഉണ്ണ്യേട്ടൻ 
 
ശ്രീപാദങ്ങൾ അറിയാൻ,
‘നമ്മൾ വളരെ ദൂരെയായിരുന്നു. എന്നാൽ, ഇപ്പോൾ വളരെവളരെ അടുത്തിരിക്കുന്നു. ദൂരമേ തോന്നുന്നില്ല. 
കാണാം! കേൾക്കാം! സ്പർശിക്കാം! 
ആ പാദത്തിൽ തലവെച്ചു കൊണ്ടല്ലാതെ ഞാൻ ഇതുവരെ ഉറങ്ങിയിട്ടില്ല. തിരിച്ചുവരണമോ എന്ന് ഞാൻ പലപ്പോഴും ആലോചിച്ചു. പക്ഷേ, പിന്നെ തോന്നി ഏതായാലും ഭാഗീരഥി ഹിമാലയത്തിൽനിന്ന് പതിച്ചു. ഇനി ഇവിടെ ഒരു പിൻമടങ്ങൽ സാധ്യമല്ല. ഇനി മേലാൽ തേതിക്കുട്ടിയില്ല, സുമിത്രാനന്ദയേയുള്ളൂ!
നമസ്‌കാരം’ 
-സ്വന്തം... 

രണ്ടുപേർ അവരുടെ സ്നേഹം അറിയിച്ച് എഴുതിയ കത്തു കളാണ്. ഒരാണും ഒരു പെണ്ണും! ഭാര്യാഭർത്താക്കന്മാർ! പരസ്പരം അതിഗാഢമായി സ്നേഹിച്ചവർ! അഗ്നിപോലെ പ്രശോഭിച്ചവർ!
പ്രണയമോ സ്നേഹമോ പ്രേമമോ കാമമോ പരസ്പരം പങ്കുവെക്കാനോ പ്രകടിപ്പിക്കാനോ ആകാതെ  ജീവിതത്തിൽ അകന്നു പോയവർ! 

placeholder
Lalithambika Antharjanam and Husband Narayanan Namboothiri
ലളിതാംബിക അന്തര്‍ജനവും ഭര്‍ത്താവ് നാരായണന്‍ നമ്പൂതിരിയും

നാട്ടുകാരുടെമുന്നിൽ വിശുദ്ധി ഉറപ്പുവരുത്തേണ്ടി വന്ന സീതയുടെ ആത്മാഭിമാനം മുറിവേറ്റപോലെ തേതിയും നിന്നു ജീവിതവഴിയിൽ. വേദനയോടെയെങ്കിലും തന്റെ ധർമബോധത്തിൽനിന്ന് അണുവിട മാറാൻ തയ്യാറാകാത്ത ശ്രീരാമനെപ്പോലെ  ഉണ്ണിയേട്ടൻ!  ലളിതാംബിക അന്തർജനത്തിന്റെ അഗ്നിസാക്ഷി എന്ന നോവലിന്‌ അമ്പതുവർഷമാവുകയാണ്. മനുഷ്യബന്ധങ്ങളിൽ ഭോഗമുള്ളിടത്തോളം കാലം, ത്യാഗമുള്ളടത്തോളം കാലം, നിലനിൽക്കുന്ന,  പ്രസക്തി നഷ്ടപ്പെടാത്ത ഒരു രചന.

വ്യക്തിയെന്ന നിലയിൽ രാമായണത്തിലെ സീതയെക്കാൾ ഒരു പക്ഷേ ഒരു പടി മുകളിൽ തേതിയേടത്തിയെ ഞാൻ നിർത്താൻ  കാരണം അവരുടെ  ഭോഗത്തിൽ ത്യാഗത്തിൽ, നിരാശയിൽ അവർ അവരെത്തന്നെ മറ്റ് മനുഷ്യർക്കായി സമർപ്പിച്ചതുകൊണ്ടാണ്. അതും  സീതയെപ്പോലെ ഒരു തരം ഭൂമി പിളർന്നുള്ള  മറഞ്ഞുപോകൽ ആയിരുന്നു..! മാനമ്പള്ളിമന ഒരു തരത്തിൽ ഒരു  അയോധ്യതന്നെ! ഉണ്ണിയേട്ടൻ ശ്രീരാമനെപ്പോലെ മൂത്തപുത്രൻ. മാനമ്പള്ളി മനയിലെ എല്ലാ അംഗങ്ങളുടെയും സൗഖ്യ ജീവിതം ഉണ്ണിയേട്ടൻ ആഗ്രഹിച്ചു. ആരുമല്ലാത്ത ഭ്രാന്തി ചെറിയമ്മയ്ക്കുപോലും ഉണ്ണി എല്ലാമായിരുന്നു.

ധർമകർമങ്ങൾക്ക്, ഉത്തരവാദിത്വങ്ങൾക്ക് ഏറ്റവും പ്രാധാന്യം കൊടുക്കുന്ന ഉണ്ണിയേട്ടന് സ്നേഹവും പ്രണയവും  പ്രേമവും കാമവും എല്ലാം ഉത്തരവാദിത്വങ്ങൾ തന്നെയായിരുന്നു.  ആത്മീയമായി ഒന്നാമത്തെയും ഭൗതികമായി അവസാനത്തെയും ഉത്തരവാദിത്വം. കൈകേയി തനിക്ക് കിട്ടിയ വരമുപയോഗിച്ച് ശ്രീരാമനെ മാറ്റിനിർത്തി എങ്കിൽ, മനഃപൂർവമല്ലെങ്കിലും ഭ്രാന്തി ചെറിയമ്മയ്ക്ക് വരംപോലെ  കൊടുത്ത വാക്കുകാരണം  അവർ മരിച്ചപ്പോൾ ഉണ്ണിയേട്ടൻ എടുത്ത ദീക്ഷ  അദ്ദേഹത്തെ തേതിക്കുട്ടിയിൽ  നിന്നകറ്റി. 

ആത്മാഭിമാനത്തോടെ, സ്വന്തം സന്തോഷങ്ങളും ജീവിതവും ത്യജിച്ചുകൊണ്ട്, മുന്നോട്ടുപോകാൻ തീരുമാനിച്ച ഒരു സാധാരണ സ്ത്രീയായിരുന്നു ദേവകി എന്നതാണ് അഗ്നിസാക്ഷിയുടെ അസാധാരണത്വം. ഭർത്താവിനോടൊപ്പമുള്ള, ആഗ്രഹിച്ച ജീവിതം കിട്ടിയില്ലെങ്കിലും സഫലമായ ഒരു പൗരജീവിതം നേടാൻ ശ്രമിച്ചു എന്നുള്ളിടത്താണ് തേതി അനശ്വരയാകുന്നത്.
 പെണ്ണിന് വിദ്യാഭ്യാസം വേണ്ടാ, തൊഴിൽ ചെയ്യേണ്ട, സാമ്പത്തികവരുമാനം വേണ്ടാ, മാനസിക ഉല്ലാസം വേണ്ട, അവളുടെ വികാരവിചാരങ്ങൾ അടയാളപ്പെടുത്താൻ ഒരു മാർഗവും വേണ്ടാ, അവൾക്കു സന്തോഷം വേണ്ടാ, കൂട്ടുകൂടൽ വേണ്ടാ, ലൈംഗികചിന്തകൾ വേണ്ടാ പുരുഷന് ‘ഓണും ഓഫും’ ആക്കാൻ പറ്റുന്ന ഒരു യന്ത്രമായിരിക്കണം അവൾ. തേതി ആ ചുറ്റുപാടിൽ ശ്വാസംമുട്ടിക്കഴിഞ്ഞു. പെണ്ണിന്റെ ജീവിതം അടുക്കളയിൽനിന്ന് അടുക്കളയിലേക്കുമാത്രം. അന്ന് സ്ത്രീകൾക്കായി അരങ്ങ്‌ ഒരുങ്ങിയിരുന്നില്ല..

അങ്ങനെയുള്ള കാലത്താണ് പുരോഗമനത്തിന്റെ ആളുന്ന തീപ്പന്തവുമായി തേതി എന്ന ദേവകി തന്റെ വ്യക്തി-കുടുംബ ഇടങ്ങളിൽ നിന്ന് സാമൂഹികജീവിതയാത്ര ആരംഭിച്ചത്. 
തേതി, തേതിയേടത്തി, കുഞ്ഞാത്തോൽ, ദേവകി മാനമ്പള്ളി, ദേവിബഹൻ എന്ന  സുമിത്രാനന്ദസരസ്വതിക്ക്‌ എന്നും ജീവിതം ഒരു യാത്രയായിരുന്നു! 
ഓരോ കാൽവെപ്പും ഉറപ്പിച്ച യാത്ര! പലതരം യാത്രകൾ!

തേതി മറ്റു മനുഷ്യർക്കായി ജീവിക്കാൻ ആരംഭിച്ചു. അതിൽ അവർക്കു ശാന്തി മാത്രമല്ല കിട്ടിയത്, അനീതി വിമുക്തമായ, സ്വതന്ത്രമായ നാടെന്ന സ്വപ്നത്തിലേക്കുള്ള സഞ്ചാരം  ഒരു ഉന്മാദാവസ്ഥ  കൂടി നൽകി. അതോടെ അവർ സ്വന്തം ജീവിതത്തെ സ്വയം അറിയാതെത്തന്നെ പതിയെപ്പതിയെ ഉപേക്ഷിക്കാനും തുടങ്ങി.. അവിടെനിന്നാണ്  രാജ്യ സ്നേഹപ്രവർത്തകയായി തേതി പരിണാമം ചെയ്യപ്പെടുന്നത്.  മഹാത്മാഗാന്ധിയുടെ അനുഗാമിയായി വടക്കേ ഇന്ത്യയിൽ അവർ ചെന്നുകയറാത്ത ഗ്രാമങ്ങളില്ലാതായി.

ഓരോ വിജയത്തിലും പക്ഷേ, അവർ  തളർന്നു.  ഓരോ രാത്രിയിലും അവർ കരഞ്ഞു. ‘ആ പാദങ്ങളിൽ  തല വെച്ചല്ലാതെ ഒരു ദിവസവും ഞാൻ ഉറങ്ങിയിട്ടില്ല.’ എന്ന വരിയിൽ ഉണ്ണിയേട്ടനോടുള്ള സ്നേഹവും അതിനുപരി  ആത്മാഭിമാനത്തിനവർ കൊടുത്ത പ്രാധാന്യവും വ്യക്തമായി.

അഗ്നിസാക്ഷിയെ  കർമത്തിന്റെയും ധർമത്തിന്റെയും വിശുദ്ധിയുടെയും സ്നേഹത്തിന്റെയും നിയോഗത്തിന്റെയും വിയോഗത്തിന്റെയും കഥയായി ചിത്രീകരിക്കുമ്പോൾ   അഗ്‌നിസാക്ഷിയെ ലൈംഗികതയുമായി ചേർത്ത് വായിച്ചവരുമുണ്ട്. പെണ്ണിന്റെ ശരീരത്തിനും മനസ്സിനും ആവശ്യങ്ങളില്ലേ? 

മനുഷ്യന്റെ ഉള്ളിലുള്ള പലതരം ഊർജങ്ങൾ! അവയ്ക്ക്  പ്രകാശിതമായേ മതിയാകൂ! അവ അവയുടെ വഴി കണ്ടുപിടിക്കും. തേതിയുടെ ആത്മോർജവും  ലൈംഗികോർജവും അവരെ, കൊടുംവെയിലിലും പേമാരിയിലും വീറോടെ പ്രസംഗിക്കാനും അടികൊണ്ടു ജയിലിൽ കിടക്കാനും സജ്ജയാക്കി. ഏതുതരം  അവസ്ഥയിൽ ജീവിക്കാനും സ്വയംനൽകുന്ന ശിക്ഷണവും ശിക്ഷയും കൂടിയാവാമത്. ആഷാ മേനോൻ എഴുതിയ ‘രതിയുടെ ഗായത്രികൾ’  അഗ്നിസാക്ഷി എന്ന കൃതിയെ കുറിച്ചുള്ളതാണ്. 

ലളിതാംബിക അന്തർജനത്തെ, ഒരു അമ്മ, മുത്തശ്ശി, സങ്കല്പത്തിൽമാത്രം തളച്ചിടുന്നപോലെ വികലമായിരുന്നു, അഗ്നിസാക്ഷിയെ ദിവ്യത്വം നൽകി അപ്രാപ്യമാക്കുന്നത്. എന്നാൽ, ‘യഥാർഥസ്നേഹം വിയോഗമറിയില്ല’ എന്ന ധാരണയിലേക്കുതന്നെ  നമ്മൾ എത്തിച്ചേരുന്നു. അമ്പതാം വർഷത്തിൽ  എത്തിനിൽക്കുമ്പോഴും ‘അഗ്നിസാക്ഷി’ ഇനിയും വ്യത്യസ്തമായ വായന ആവശ്യപ്പെടുന്നുണ്ട് എന്ന്  പ്രത്യേകം പറയേണ്ട കാര്യമില്ലല്ലോ.

(ലളിതാംബിക അന്തർജനത്തിന്റെ കൊച്ചുമകളും എഴുത്തുകാരിയുമാണ് ലേഖിക )