കേരളം ലോകത്തിന് സംഭാവന നല്‍കിയ മഹാനായ ചിത്രകാരനായിരുന്നു രാജാ രവിവര്‍മ്മയുടെ ജന്മവാര്‍ഷികദിനമാണ് ഇന്ന്. ഭാരതീയ ചിത്രകലയുടെ നവോത്ഥാന നായകനായിരുന്നു അദ്ദേഹം. 1848 ഏപ്രില്‍ 29 ന് കിളിമാനൂര്‍ കൊട്ടാരത്തിലാണ് അദ്ദേഹം ജനിക്കുന്നത്. യൂറോപ്പിലെ യഥാതഥ ചിത്രരചനാ സങ്കേതങ്ങളെ അവലംബിച്ച് ഭരതീയ മാതൃകയില്‍ ചിത്രങ്ങള്‍ വരച്ച രവിവര്‍മ്മ ഭാരതീയ ചിത്രകലാ പാരമ്പര്യത്തെ സമ്പുഷ്ടമാക്കി. അദ്ദേഹത്തിന്റെ ദേവതാ സങ്കല്‍പം ഹൈന്ദവ ദൈവങ്ങള്‍ക്ക് മുഖശ്രീ നല്‍കി. അദ്ദേഹം വരച്ച സരസ്വതിയും മഹാലക്ഷ്മിയും മറ്റും എന്നും പൂജിക്കപ്പെടുന്നു.

To advertise here,

രവിവര്‍മ്മ എണ്ണച്ചായത്തില്‍ വരച്ച ബക്കിങ്ങ്ഹാം പ്രഭുവിന്റെ ഛായാചിത്രം മദ്രാസ് ഗവണ്‍മന്റ് ആസ്ഥാനത്ത് സ്ഥാപിച്ചതോടെ രവിവര്‍മ്മ പ്രശസ്തിയിലേക്ക് ഉയര്‍ന്നു. 1871ല്‍ മഹാരാജാവില്‍ നിന്ന് അദ്ദേഹത്തിന് വീരശൃംഖല ലഭിച്ചു, കൂടാതെ ആസ്ഥാന ചിത്രകാരനായി അവരോധിക്കപെടുകയും ചെയ്തു.

1873ല്‍ മദ്രാസില്‍ നടന്ന കലാപ്രദര്‍ശനത്തില്‍ പല യൂറോപ്പ്യന്‍ ചിത്രകാരന്മാരുടെ ചിത്രങ്ങളേയും പിന്തള്ളി രവിവര്‍മ്മയുടെ 'മുല്ലപ്പൂ ചൂടിയ നായര്‍ വനിതക്ക്' ഒന്നാം സമ്മാനമായ സുവര്‍ണമുദ്ര ലഭിച്ചതോടെ അദ്ദേഹത്തിന്റെ പ്രസിദ്ധി കടല്‍ കടന്നും പരക്കാന്‍ തുടങ്ങി. 

അതേകൊല്ലം തന്നെ വിയന്നയില്‍ നടന്ന ലോകകലാ പ്രദര്‍ശനത്തിലും ഇതേ ചിത്രത്തിനു സമ്മാനം ലഭിച്ചു. ഇതോടെ ഇന്ത്യയിലേയും വിദേശത്തേയും പത്രങ്ങള്‍ രവിവര്‍മ്മയുടെ പ്രതിഭയെ പ്രകീര്‍ത്തിച്ച് ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു. 1874ല്‍ മദ്രാസില്‍ നടന്ന കലാപ്രദര്‍ശനത്തില്‍ 'തമിഴ്സ്ത്രീയുടെ ഗാനാലാപനം' എന്ന ചിത്രം ഒന്നാം സമ്മാനത്തിനര്‍ഹമായി, അതോടു കൂടി രവിവര്‍മ്മയുടെ പ്രശസ്തി വീണ്ടു ഉയരങ്ങളിലേക്കെത്തി. 1876ല്‍ മദ്രാസില്‍ നടന്ന ചിത്രപ്രദര്‍ശനത്തിലേക്ക് രവിവര്‍മ്മ തന്റെ 'ശകുന്തളയുടെ പ്രേമലേഖനം' എന്ന ചിത്രം അയച്ചു. ചിത്രകലയിലെ വിസ്മയമായി ആ ചിത്രം വാഴ്ത്തപ്പെട്ടു.

ഈ ചിത്രം കണ്ട സര്‍ മോണിയര്‍ വില്യംസ് തന്റെ അഭിജ്ഞാന ശാകുന്തളത്തിന്റെ ഇംഗ്ലീഷ് തര്‍ജമക്ക് മുഖചിത്രമായി ചേര്‍ക്കാന്‍ അനുവാദം തേടി. അങ്ങനെ 28 വയസ്സ് തികയും മുമ്പെ ലോക പ്രശസ്ത ചിത്രകാരനായി രവിവര്‍മ്മ മാറിയിരുന്നു.

1880ല്‍ പുണെയില്‍ നടന്ന ചിത്രപ്രദര്‍ശനത്തിലും രവിവര്‍മ്മക്ക് ഒന്നാംസ്ഥാനം ലഭിച്ചു. ബറോഡ് രാജാവിന്റെ സ്ഥാനാരോഹണ ചടങ്ങില്‍ ചിത്രകാരന്‍ എന്ന നിലയില്‍ പ്രത്യേക അതിഥിയായി, ആര്‍ക്കും തന്നെ ലഭിച്ചിട്ടില്ലായിരുന്ന സ്ഥാനമായിരുന്നു അത്. പുതുക്കോട്ട, മൈസൂര്‍, ഭവനഗര്‍, ജയ്പൂര്‍, ആള്‍വാര്‍, ഗ്വാളിയോര്‍, ഇന്‍ഡോര്‍ മുതലായ നാട്ടുരാജ്യങ്ങളുടെയും ആതിഥ്യം സ്വീകരിച്ച് അദ്ദേഹം ചിത്രങ്ങള്‍ വരച്ചു. ആക്കാലത്ത് രവിവര്‍മ്മക്കു വരുന്ന കത്തുകള്‍ കൈകാര്യം ചെയ്യുന്നതിനായ് കിളിമാനൂരില്‍ ഒരു തപാല്‍ കാര്യാലയം തുറക്കേണ്ടി വന്നു. 1890-ല്‍ രവിവര്‍മ്മയുടെ 14 ചിത്രങ്ങള്‍ തിരുവന്തപുരത്ത് പ്രദര്‍ശനത്തിനു വച്ചു. ആയില്യം തിരുന്നാള്‍ മഹാരാജാവിനെ തുടര്‍ന്ന് ഭരണം ഏറ്റെടുത്ത ശ്രീമൂലം തിരുന്നാളിന്റെ പ്രോത്സാഹനക്കുറവിനെ തുടര്‍ന്ന് രവിവര്‍മ്മ മുംബയിലേക്ക് മാറി.

ബറോഡ രാജാവ് തന്റെ സ്വന്തം ചെലവില്‍ രവിവര്‍മ്മയുടെ പ്രദര്‍ശനം അവിടെ നടത്തി. ആയിരങ്ങളാണ് അത് കാണാനെത്തിയത്, അന്ന് വിറ്റഴിഞ്ഞ ചിത്രങ്ങളുടെ കോപ്പികളുടെ എണ്ണം ലക്ഷത്തോടടുത്തു വരും. അക്കാലത്ത് രവിവര്‍മ്മ, വ്യവസായി ആയിരുന്ന ഗോവര്‍ദ്ധനദാസ് മക്കന്‍ജിയുമായി ചേര്‍ന്ന് മുംബൈയില്‍ ചിത്രമുദ്രണ അച്ചുകൂടം (lithographic press) സ്ഥാപിച്ചു. 1893-ല്‍ ഷിക്കാഗോവില്‍ നടന്ന ലോകമേളയില്‍ മലബാര്‍ മനോഹരി, അച്ഛന്‍ അതാ വരുന്നു, വധു തുടങ്ങി പത്ത് ചിത്രങ്ങള്‍ അയച്ചിരുന്നു, അവിടെയും രവിവര്‍മ്മക്കായിരുന്നു ഒന്നാം സ്ഥാനം, ഷിക്കഗോവില്‍ ഭാരതം നേടിയ രണ്ടു വിജയങ്ങളില്‍ ഒന്നായിരുന്നു അത്, അതേ മേളയില്‍ പ്രഭാഷണത്തില്‍ അസാമാന്യ വിജയം നേടിയ സ്വാമി വിവേകാനന്ദന്‍ ആയിരുന്നു മറ്റേയാള്‍. 1897-ല്‍ മുംബൈയില്‍ പ്ലേഗ് പടര്‍ന്നു പിടിച്ചതോടെ തിരുവനന്തപുരത്തെത്തിയ രവിവര്‍മ്മ പങ്കുകാരന് നഷ്ടമുണ്ടാകാതിരുക്കാന്‍ മുദ്രണാലയം വിറ്റു. 1904-ല്‍ ബ്രിട്ടീഷ് ഭരണകൂടം 'കൈസര്‍-എ-ഹിന്ദ്'(Kaisar-i-Hind) എന്ന അപൂര്‍വ ബഹുമതി രവിവര്‍മ്മക്ക് നല്‍കി.

1904 നവംബറില്‍ അനുജന്‍ രാജരാജവര്‍മ്മ മരിച്ചു, ഇത് രവിവര്‍മ്മയെ തളര്‍ത്തി. എങ്കിലും അദ്ദേഹം നേരത്തേ ഏറ്റിരുന്ന ചിത്രങ്ങളുടെ രചനയില്‍ മുഴുകി. 1906 ആയപ്പോഴേക്കും പ്രമേഹ രോഗബാധിതനായിരുന്ന രവിവര്‍മ്മയുടെ നില മോശത്തിലായി, 1906 സപ്തംബറില്‍ രവിവര്‍മ്മ രോഗശ്ശയ്യയില്‍ എന്ന് ഇന്ത്യയിലേയും വിദേശത്തേയും പത്രങ്ങളിലെല്ലാം വാര്‍ത്ത വന്നു. ലോകമെമ്പാടു നിന്നും, ആരാധകരും സുഹൃത്തുക്കളും അദ്ദേഹത്തെ കാണാനായി എത്തിക്കൊണ്ടിരുന്നു. ഒക്ടോബര്‍ രണ്ടിന് അദ്ദേഹം അന്തരിച്ചു.

Content Highlights: raja ravi varma Birth anniversary