
എറണാകുളത്ത് സെയ്ന്റ് ആല്ബര്ട്ട്സ് കോളേജില് ഫിസിക്സ് ബിരുദത്തിന് പഠിക്കുന്ന കാലം, 1958. ദയാനന്ദന് മാഷിന്റെ മലയാളംക്ലാസില് വെച്ചാണ് ഞാന് വൈലോപ്പിള്ളിയെ ആദ്യമായി കവിതയിലൂടെ കണ്ടുമുട്ടുന്നത്. പന്തങ്ങളും പടക്കളത്തിലെ പൂമ്പാറ്റയും മലതുരക്കലും എല്ലാം ആവോളം ആസ്വദിച്ച് ലഹരിപിടിച്ചപ്പോള് അതെല്ലാം എഴുതിയ കവിയുടെ കടുത്ത ആരാധകനായി ഞാന്. പിന്നീട് കേരളംവിട്ട് ആന്ധ്രപ്രദേശില് ഗോദാവരി നദിക്കുമപ്പുറത്ത് റെയില്വേ സ്റ്റേഷന്മാസ്റ്ററായി പോയപ്പോള് ഞാന് കൂട്ടിന് കൂടെക്കൊണ്ടുപോയ കുറച്ചുപുസ്തകങ്ങളില് വൈലോപ്പിള്ളിയുടെ 'ശ്രീരേഖ'യും ഉണ്ടായിരുന്നു.
മലയാളം സംസാരിക്കുന്ന ആരുംതന്നെ ഇല്ലാത്ത ഇടങ്ങളില് താമസിക്കേണ്ടിവന്നപ്പോള് ഗൃഹാതുരമാകുന്ന മനസ്സിന് സാന്ത്വനത്തിനായി വൈലോപ്പിള്ളി കവിതകള് വായിച്ചു. യുദ്ധം വ്രണങ്ങളുണ്ടാക്കിയ ഭൂമിയില് ട്രഞ്ചില് ഒളിച്ചിരിക്കുമ്പോഴും മഞ്ഞപ്പൂമ്പാറ്റയെക്കണ്ട്, കൊന്നപ്പൂക്കള് പൂക്കുന്ന അടിവാരത്തെ സ്വപ്നംകണ്ട പട്ടാളക്കാരനെ ഓര്ത്ത് സങ്കടപ്പെട്ടു.
ഇപ്പോള് ഇതൊക്കെ ഓര്മ്മിക്കാന് കാരണം മാതൃഭൂമി വാരാന്തപ്പതിപ്പില് പ്രിയസുഹൃത്ത് കെ. രഘുനാഥന് എഴുതിയ കണ്നിറയെ കാവ്യഭൂഖണ്ഡം എന്ന മനോഹരമായ ലേഖനപരമ്പരയാണ്. ആ മഹത്തായ കാവ്യഭൂഖണ്ഡത്തില് ഇതുവരെ ആസ്വാദകലോകം കണ്ടിട്ടില്ലാത്ത കൊടുമുടികളും താഴ്വരകളും വൈകാരികസമുദ്രങ്ങളുമെല്ലാം രഘുനാഥന് കാഴ്ചയിലും ഉള്ക്കാഴ്ചയിലും ദൃശ്യമാക്കുന്നു. വൈലോപ്പിള്ളിയെ ആദ്യമായി നേരിട്ടുകണ്ട എന്റെ അനുഭവത്തില് കവിതയും കഥയും ഒന്നും പ്രത്യക്ഷപ്പെടുന്നില്ല.
കഞ്ചിക്കോട് സ്റ്റേഷനില് ജോലിചെയ്യുന്ന കാലത്തെ അനുഭവമാണ്. 1982-ലാണ് എന്നാണ് ഓര്മ്മ. റെയില്വേയിലെ നിയമമനുസരിച്ച് ഒരുസമയം സ്റ്റേഷന്മാസ്റ്ററുടെ കൈവശം രണ്ട് കണ്ണടകള്വേണം. ഒന്ന് മുഖത്തും ഒന്ന് കോട്ടിന്റെ കീശയിലും. ഈ സ്പെയര് കണ്ണട കീശയിലില്ലെങ്കില് സുരക്ഷാഓഫീസര് പരിശോധനയ്ക്ക് വന്നാല് പെട്ടതുതന്നെ. എന്റെ സ്പെയര് കണ്ണട കൈയബദ്ധംപറ്റി തറയില് വീണുടഞ്ഞു. ഞാന് ലീവെടുത്ത് പുതിയകണ്ണട വാങ്ങാന് തൃശ്ശൂര്ക്ക് പുറപ്പെട്ടു. അക്കാലത്ത് റെയില്വേക്കാര് കണ്ണടവാങ്ങാന് പോകാറുള്ള കട തൃശ്ശൂര് റൗണ്ടിലുള്ള സി.എ. ഔസേപ്പ് ആന്ഡ് സണ്സില് ആയിരുന്നു.
ചിലര് യേനു ആന്ഡ് സണ്സിലും പോയിരുന്നു. ഞാന് തൃശ്ശൂര് റൗണ്ടിലെത്തി സി.എ. ഔസേപ്പ് ആന്ഡ് സണ്സ് കണ്ടുപിടിച്ചു. ഒന്നാംനിലയിലാണ് കണ്ണട ഷോപ്പ്. മരത്തിന്റെ കോണിപ്പടിയുണ്ട്. പിടിച്ചുകയറാനായി ഇടയ്ക്ക് കെട്ടുകള് ഇട്ടിട്ടുള്ള ഒരുകയറുമുണ്ട്. ഞാന് ആ കയറില് പിടിച്ചുകയറി. കണ്ണട ഏര്പ്പാടാക്കി. വൈകുന്നേരമേ കിട്ടൂ. ഉച്ചയ്ക്ക് ഹോട്ടലില് ഊണും കഴിച്ച് റെയില്വേസ്റ്റേഷനില് പോയി വിശ്രമിച്ചു.
വൈകീട്ട് വീണ്ടും കണ്ണടഷോപ്പില് എത്തി. കുറച്ചുകൂടി കഴിഞ്ഞേ കണ്ണട തയ്യാറാവൂ എന്ന് കടയുടമ പറഞ്ഞു. ആ ഒന്നാംനിലയില് പുറത്തേക്കുനോക്കി വെറുതേ അങ്ങനെ നിന്നു. മറ്റൊരാളും അവിടെയുണ്ടായിരുന്നു. തൃശ്ശൂര്കാരനായ അദ്ദേഹം എന്നോട് കുശലാന്വേഷണം നടത്തി. എതിര്വശത്തുള്ള തേക്കിന്കാട് മൈതാനവും നോക്കിനിന്ന് ഞങ്ങള് സംസാരിച്ചു. പെട്ടെന്ന് ആ മനുഷ്യന് എന്റെ തോളില് കൈവെച്ചുകൊണ്ട് പറഞ്ഞു:
''അതാ വൈലോപ്പിള്ളി''
എന്റെയുള്ളില് സന്തോഷത്തിന്റെ ഒരു കിടിലം. വൈലോപ്പിള്ളി സൈക്കിളും ഉരുട്ടിക്കൊണ്ട് തേക്കിന്കാട് മൈതാനത്തുകൂടി വരുന്നു. ഞാന് ഒട്ടും സമയംപാഴാക്കാതെ കയറില്പ്പിടിച്ച് കോണിയിറങ്ങി റൗണ്ടിനുകുറുകേ കടന്ന് അദ്ദേഹത്തിന്റെ അടുത്തെത്തി.
റോഡരികിലായി സൈക്കിള് നിര്ത്തി അദ്ദേഹം ചോദ്യഭാവത്തില് എന്റെനേരേ നോക്കി. ഞാന് കൈകൂപ്പി.
''ഞാന് വൈശാഖന് എന്നപേരില് കഥയെഴുതുന്ന ആളാണ്. മാഷെ നേരില്ക്കാണണമെന്ന് ഒരുപാട് കാലായി വിചാരിക്കുന്നു''
''ഞാന് തന്റെ കഥയൊന്നും വായിച്ചിട്ടില്ല''
ഒരു പന്ത് ചുവരിലേക്ക് എറിഞ്ഞാല് തിരിച്ചുവരുന്നതുപോലെ കവിയുടെ മറുപടി.
''കഥയെക്കുറിച്ച് ഒന്നും പറയാനല്ല'' -ഞാന് പറഞ്ഞു. അദ്ദേഹം ഒരുനിമിഷം എന്റെ മുഖത്തേക്ക് സൂക്ഷിച്ചുനോക്കി. മുഖത്തെപേശികള് പിരി അയഞ്ഞതുപോലെ തോന്നി.
''ശരി. പിന്നെ ഇപ്പൊ ന്താ നമ്മള് സംസാരിക്കുക. നടക്കൂ''.
എനിക്ക് ആശ്വാസമായി. സൈക്കിള് ഉരുട്ടിനടക്കുന്ന വൈലോപ്പിള്ളിക്കൊപ്പം ഞാനും നടന്നു. റൗണ്ടില് ഇന്നത്തെപ്പോലെ വാഹനങ്ങളുടെ തിരക്കില്ല. ഒരു ഓരം ചേര്ന്ന് ഞങ്ങള് നടന്നു.
''ഒരു കാര്യംപറയാം. ഞാന് തനിക്ക് സാമ്പാര് ഉണ്ടാക്കുന്നവിധം പറഞ്ഞുതരാം. ഞാനിപ്പോള് അത് ഉണ്ടാക്കിയിട്ട് വരുന്ന വഴിയാണ്''
ഞാന് വളരെ ശ്രദ്ധയോടെ അദ്ദേഹം പറയുന്നത് ശ്രദ്ധിച്ചു.
''ഒരു അരക്കപ്പ് പരിപ്പ് നന്നായി കഴുകിവെക്കുക. ആവശ്യത്തിനു വലുപ്പമുള്ള ഒരുപാത്രത്തില് രണ്ട് ഗ്ലാസ് വെള്ളം സ്റ്റൗവില്വെക്കുക. പരിപ്പ് അതിലിടുക. അത് വെന്തുപാകമാകുമ്പോഴേക്കും നമുക്ക് കഷ്ണം നുറുക്കാം''
വളരെ വിശദമായി ക്ഷമയോടെ അദ്ദേഹം വിവരിച്ചു. വെണ്ടയ്ക്ക, ഉരുളക്കിഴങ്ങ്, മുരിങ്ങാക്ക തുടങ്ങി എല്ലാം നുറുക്കേണ്ട വലുപ്പമൊക്കെ പറഞ്ഞു. കായം ഒരു സ്പൂണില്വെച്ച് ചൂടാക്കി പൊടിച്ചുചേര്ക്കണമെന്ന് പ്രത്യേകം പറഞ്ഞു. സാമ്പാര് പൂര്ത്തിയാകാറായപ്പോള് ഒരു കാറ് ഞങ്ങളുടെ സമീപം വന്നുനിന്നു. വൈലോപ്പിള്ളിമാഷ്ടെ ശിഷ്യരോ പരിചയക്കാരോ ആവും എന്ന് ഞാന് കരുതി. അതൊന്നും ആയിരുന്നില്ല.
കാറില് ഡ്രൈവിങ് സീറ്റില് ഇരുന്ന ആള് വൈലോപ്പള്ളിയോട് ചോദിച്ചു
''എറണാകുളത്തേക്കുള്ള വഴി?''
''നേരേ പോയാല് മതി''
വൈലോപ്പിള്ളിയുടെ മറുപടി പെട്ടെന്നുണ്ടായി. കാര് നേരേ പോയി. ഞാന് ചോദിച്ചു
''നേരേപോയാല് അവര് റൗണ്ട് ചുറ്റുകയല്ലേ ഉള്ളൂ?''
ഒരു നേരിയ പുഞ്ചിരി. അദ്ദേഹം പറഞ്ഞു:
''അയാള് അടുത്ത ജങ്ഷനില് നിര്ത്തി വേറെ ആരോടെങ്കിലും ചോദിച്ചോളും''
കുറച്ചുനേരം സൈക്കിള് ഉരുണ്ടു. സാമ്പാര് വാങ്ങിവെച്ചു. ഞങ്ങളും ഒരു ജങ്ഷനിലെത്തി. കുറുപ്പം റോഡ്. അദ്ദേഹം സൈക്കിള് നിര്ത്തി.
''എന്റെ ഒരു സുഹൃത്ത് എലൈറ്റാശുപത്രിയില് സുഖല്ലാണ്ട് കിടക്കുന്നുണ്ട്. അയാളെ ഒന്നുകാണാന്വേണ്ടി ഇറങ്ങീതാ. സമയം ഇല്ല. ഉണ്ടായിരുന്നെങ്കില് ഞാന് അവിയല് ഉണ്ടാക്കുന്നതുംകൂടി തനിക്ക് പറഞ്ഞുതരുമായിരുന്നു'' -അദ്ദേഹം പറഞ്ഞു
''ഇനി എന്നെങ്കിലും കാണുമ്പോള് പറഞ്ഞാല്മതി മാഷെ''
''ശരി''
അദ്ദേഹം കുറുപ്പം റോഡിലേക്ക് സൈക്കിള് തിരിച്ചു. ഞാന് കണ്ണടക്കടയിലേക്ക് മടങ്ങി. ഏതെങ്കിലും കവിത പഠിച്ച കാര്യം പറയാന് തോന്നിയില്ലല്ലോ എന്ന് ഞാന് പിന്നീട് സ്വയം കുറ്റപ്പെടുത്തി. ഏറെ ആരാധിക്കുന്ന കവിയെ ആദ്യമായി നേരിട്ടുകണ്ടപ്പോഴുണ്ടായ അനുഭവം പതിറ്റാണ്ടുകള് കഴിഞ്ഞിട്ടും ഓര്മ്മയില് തെളിമയോടെ നിലനില്ക്കുന്നു.
വൈലോപ്പിള്ളിയുടെ സ്വഭാവത്തിലെയും പെരുമാറ്റത്തിലെയും സവിശേഷതകളെപ്പറ്റിയും വൈചിത്ര്യങ്ങളെപ്പറ്റിയും പിന്നീട് പലരും പറഞ്ഞുകേട്ടിട്ടുണ്ട്. എന്റെ ജീവിതവീക്ഷണത്തെ രൂപപ്പെടുത്തിയതില് വൈലോപ്പിള്ളി കവിതകള്ക്ക് വലിയപങ്കുണ്ട്. ജീവിതത്തിന്റെ കൊലക്കുടുക്കാക്കാവുന്ന കയറുകൊണ്ട് മലയാളകവിതയ്ക്ക് ഇരുന്നാടുവാന് ഊഞ്ഞാലുകെട്ടിത്തന്ന ആ കവിമനസ്സിനുമുന്പില് ഒരുകോടി കൂപ്പുകൈ.
Content Highlights: A heartwarming tale of a chance meeting with the renowned Malayalam poet Vyloppilli
Published: 13 Jul 2025, 10:20 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented