
കൊല്ലം പ്ലാമൂട്ട് സ്വദേശിയായ ആര്‍. പരമേശ്വരമേനോന്‍. പ്ലാമൂട്ടിലെ ഹൈസ്‌കൂള്‍ വിദ്യാഭ്യാസത്തിനുശേഷം മദ്രാസ് ഗവ. ടെക്‌നിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും എന്‍ജിനീയറിങ്ങില്‍ ഡിപ്ലോമ. പ്രൊഡക്ഷന്‍ എന്‍ജിനീയറിങ്ങില്‍ ബിരുദം. ആദ്യം ഉദ്യോഗം വെച്ചുനീട്ടിയത് റോയല്‍ ഇന്ത്യന്‍ നേവിയായിരുന്നെങ്കിലും പരമേശ്വര മേനോന്റെ ആഗ്രഹം ഇംഗ്ലണ്ടില്‍ ഉപരിപഠനം നേടുക എന്നതായിരുന്നു. പഠനം പൂര്‍ത്തിയാക്കിയ മേനോന്‍, പക്ഷേ, ഇന്ത്യന്‍ റെയില്‍വേയുടെ ഗ്ലാമറില്‍ വശീകരിക്കപ്പെട്ടത് കാലത്തിന്റെ മറ്റൊരു നിയതി. ഇരുപത്തിയാറാമത്തെ വയസ്സില്‍ പശ്ചിമ റെയില്‍വേയില്‍ ഉദ്യോഗസ്ഥനായി. മൂന്നരപ്പതിറ്റാണ്ട് കാലം റെയില്‍വേ ജീവിതമായിരുന്നു പിന്നീട്. ഡെപ്യൂട്ടി ചീഫ് മെക്കാനിക്കല്‍ എന്‍ജിനീയറായിട്ടാണ് മേനോന്‍ വിരമിക്കുന്നത്. ബുദ്ധിയിലും ഔദ്യോഗിക കൃത്യനിഷ്ഠയിലും മുന്നിട്ടുനിന്ന പരമേശ്വര മേനോനെ ഇന്നും മലയാളികള്‍ പലവിധത്തില്‍ പ്രയോഗിക്കുന്നു, ഉപയോഗിക്കുന്നു- പമ്മന്‍ എന്ന ഉപമയിലൂടെ, രൂപകത്തിലൂടെ, നാമത്തിലൂടെ!
ആരായിരുന്നു പമ്മന്‍ എന്ന അന്വേഷണത്തിന് ഉത്തരങ്ങള്‍ ഒരുപക്ഷേ പക്ഷം ചേര്‍ന്നുള്ള പലതായിരിക്കാം. പക്ഷേ മലയാള സാക്ഷരതാസംസ്‌കാരത്തിന് ഒഴിച്ചുകൂടാനാവാത്ത പേരായിരുന്നു പമ്മന്‍. എഴുപതുകളിലെ മലയാള ചലച്ചിത്രമേഖല പമ്മനാല്‍ അനുഭവിച്ച പ്രമേയസമ്പത്ത് ചെറുതൊന്നുമല്ലായിരുന്നു. ചെറുതും വലുതുമായി മുപ്പതോളം നോവലുകള്‍. അഞ്ച് ചെറുകഥാസമാഹാരങ്ങള്‍. നാല് നാടകങ്ങള്‍. പമ്മന്‍ എഴുതിയത് സാംസ്‌കാരിക ബൗദ്ധികതയെ തൊട്ടില്ല. പക്ഷേ, സാധാരണ ജനങ്ങളുടെ ജീവിതഗന്ധമറിഞ്ഞു. ശരീരം ശരീരത്തോട് കാണിക്കുന്ന അതിപ്രസരമല്ല ലൈംഗികതയെന്നും അതിന് അക്ഷരങ്ങളുടെ ചൂടുണ്ടെന്നും പമ്മന്‍ കഥകള്‍ വിളിച്ചുപറഞ്ഞു. തോട്ടം പണിക്കാരും തൊഴിലാളികളും അക്ഷരങ്ങളിലെ ദീര്‍ഘനിശ്വാസങ്ങളില്‍ നിന്നും രതിയും പ്രണയവും ജീവിതവും ലൈംഗികതയും ആശ്വാസവും അനാശ്വാസവുമറിഞ്ഞു. 'യഥാര്‍ഥ സാക്ഷരതാപ്രവര്‍ത്തനം' എന്ന് ജനപ്രിയ സാഹിത്യത്തെ സുകുമാര്‍ അഴീക്കോട് വിശേഷിപ്പിച്ചത് പമ്മന്‍ പ്രാവര്‍ത്തികമാക്കി. തങ്ങളുടെ തോട്ടപ്പണിക്കൂലിയില്‍ നിന്നും തുച്ഛം പണം മിച്ചംവെച്ച് അക്ഷരങ്ങള്‍ കൂട്ടിവായിക്കാന്‍ പഠിച്ച ആളുകള്‍ പമ്മനെ വായിച്ചു. പമ്മനെന്ന മെക്കാനിക്കല്‍ എന്‍ജിനീയര്‍ ജീവിതത്തെ യാന്ത്രികമായി കാണാതെ ജീവിതത്തെ, പ്രണയത്തെ, കാമത്തെ മോഹിച്ചവര്‍ക്ക് അക്ഷരപാനമേകി.
പരമേശ്വര മേനോന്‍ പമ്മനെന്ന കുപ്പായത്തില്‍ ഭദ്രമായിരുന്ന കാലം! പക്ഷേ, പമ്മന്‍ കാലം ആഘോഷിച്ചിരുന്ന വാരികകള്‍ക്ക് കത്തുകള്‍ കൊണ്ട് നില്‍ക്കപ്പൊറുതിയില്ലായിരുന്നു. ഇതേക്കുറിച്ച് പമ്മന്‍ പ്രതികരിച്ചത് ഇങ്ങനെയായിരുന്നു- 'ഒന്നും രണ്ടും ആളുകളല്ല, അനവധി ആളുകള്‍ എന്നെ അന്വേഷിച്ചിരുന്നു. ഇന്നും അന്വേഷിക്കുന്നുണ്ട്. അവരാണ് എന്നെ വീണ്ടും വീണ്ടും എഴുതാന്‍ പ്രേരിപ്പിക്കുന്നത്. അതൊക്കെ, പക്ഷേ, നേരത്തേ പറഞ്ഞ ആ സാധാരണ മനുഷ്യന്റെ സന്തതിപരമ്പരകളില്‍പ്പെട്ട സാധാരണക്കാരാണ്- (ഒരു നിമിഷം-ലേഖനം പമ്മന്‍).'
പക്ഷേ, നിരൂപകര്‍ തന്റെ കഥകളെ പരിഗണിക്കാന്‍ മടിച്ചതില്‍ പമ്മന്‍ തിരിച്ചടിച്ചു. പമ്മന്‍കഥകള്‍ നിരൂപണം ചെയ്താല്‍ തങ്ങളുടെ ഡോക്ടര്‍ ബഹുമതിക്ക് ക്ഷതം സംഭവിക്കുമോ എന്ന് അവര്‍ കരുതുന്നതായി പമ്മന്‍ വിശ്വസിച്ചു. തന്റെ സാഹിത്യത്തെ ഒരൊഴുക്കന്‍ മട്ടില്‍ ഒറ്റവാചകത്തില്‍ പരാമര്‍ശിച്ച ഡോ. എം ലീലാവതി യോടുള്ള നീരസം പമ്മന്‍ മറച്ചുവെച്ചില്ല. അതിങ്ങനെയായിരുന്നു- 'സാധാരണക്കാരുടെ താവഴികളില്‍ ഒന്നുംപെടാത്ത മറ്റൊരു കൂട്ടരും നമ്മുടെ ചുറ്റും ജീവിച്ചിരിപ്പുണ്ട്- നിരൂപകര്‍. ഡോക്ടര്‍ ബിരുദത്തിന് അര്‍ഹമായ വിദഗ്ധപഠനവും വിശകലനവും എന്ന് ഡോ. എം ലീലാവതി പുകഴ്ത്തിയ എം.അച്യുതന്റെ ചെറുകഥ ഇന്നലെ ഇന്ന്-ലെ ഒരു ഭാഗം : 'ശ്രീ പമ്മന്‍ തുടങ്ങിയ സഹൃദയര്‍ക്ക് സുപരിചിതരായ കഥാകൃത്തുക്കള്‍ സുവര്‍ണദശയിലെ കഥാപാരമ്പര്യം ഉള്‍ക്കൊണ്ട് നല്ല കഥകള്‍ രചിച്ചിട്ടുണ്ട്.' അത്രമാത്രം! നിരുപദ്രവകരമായ ഒരൊറ്റ ഒഴുക്കന്‍ വാചകം. കഥയുടെ സുവര്‍ണദശയിലെ പാരമ്പര്യം ഉള്‍ക്കൊണ്ട് നൂറ്റിയിരുപതോളം നല്ല കഥകള്‍ രചിച്ച കഥാകൃത്തിനെ അങ്ങനെയാണ് നിരൂപക പരിചയപ്പെടുത്തുന്നത്. അതെങ്കില്‍ അത്. അത്രയും ആയില്ലേ!'
തന്റെ കൃതികളെ അശ്ലീലമെന്ന് വിധിച്ചവരോട്, പഴിച്ചവരോട് പമ്മന്‍ ഉറക്കെ പറഞ്ഞു- 'ജീവിതമേ ആവിഷ്‌കരിക്കേണ്ടൂ, ജീവിതത്തിന്റെതായ എന്തും ആവിഷ്‌കരിക്കപ്പെടുകയും വേണം. എന്റെ നോവലുകളില്‍ അശ്ലീലം അതിരുകടക്കാറുണ്ടെന്നത് പരക്കേയുള്ള പരാതിയാണ്. ആ ഗുണകാംക്ഷികളായ പരാതിക്കാരോട് തര്‍ക്കിക്കാനോ, ന്യായവാദത്തിനോ ഞാന്‍ തയ്യാറല്ല. പക്ഷേ, അവരോട് ഒരപേക്ഷ മാത്രം. നമ്മുടെ നാട്ടിലെ മഹത്തായ പുണ്യക്ഷേത്രങ്ങളില്‍ രതിക്രീഡകളുടെ വിവിധ രീതികള്‍, വിവിധ രീതികള്‍ മാത്രമല്ല, വിവിധ വൈകൃതങ്ങളും പച്ചയായിത്തന്നെ കൊത്തിവെച്ചിട്ടുണ്ടല്ലോ. അതൊക്കെ ആരാണ്? ആര്‍ക്കുവേണ്ടിയാണ്? എന്തിനുവേണ്ടിയാണ് ചെയ്തതെന്ന് ഒന്നന്വേഷിച്ചറിയുക. അതറിയാന്‍ കഴിഞ്ഞാല്‍ എന്റെ നേര്‍ക്കുള്ള ആക്ഷേപങ്ങള്‍ അസ്ഥാനത്താണെന്നു വന്നേക്കാം.' തന്റെ സാഹിത്യത്തെ അശ്ലീല സാഹിത്യത്തിന്റ മടിത്തുമ്പില്‍ കെട്ടിവെച്ചവരോട് പമ്മന്‍ അസഹിഷ്ണുവായി. പക്ഷേ, മലയാള ചെറുകഥാസാഹിത്യത്തെ പമ്മന്‍ നിശ്ചയിച്ച നിര്‍മിതിയില്‍ത്തന്നെ അദ്ദേഹം നിര്‍ത്തി. ജീവിതാസക്തികള്‍ നിറഞ്ഞ നോവലുകളുടെ അതിപ്രസരത്തില്‍ പമ്മന്‍ കഥകളും ആ ശ്രേണിയില്‍ നിരത്തപ്പെട്ടു. തന്നെ വായിക്കാതെ വിധിച്ചവരോടായിരുന്നു നിശബ്ദമെങ്കിലും പമ്മന്റെ അക്ഷരകലഹങ്ങള്‍.
ചെറുകഥ എന്ന സങ്കേതത്തോട് പമ്മന്‍ എന്നും നീതിപുലര്‍ത്താന്‍ ശ്രമിച്ചിരുന്നു. തന്റെ ചെറുകഥകളെ പമ്മന്‍ താലോലിച്ചത് ഇങ്ങനെയായിരുന്നു- 'കഥയെഴുത്തിന്റെ കാര്യത്തില്‍ കണക്കുകൂട്ടലുകളൊന്നും എനിക്കൊരിക്കലും ഉണ്ടായിരുന്നില്ല. പറയാനുള്ളത് നേരെ ചൊവ്വേ പറയുക. അനുഭവിച്ചതും പരിചയമുള്ളതും വിവരിക്കുക. ആര്‍ഭാടമുള്ള ഭാഷയും ദുര്‍ഗ്രഹമായ ശൈലിയും ഒഴിവാക്കുക. മനുഷ്യനന്മയിലും ജീവിതത്തിലും ശുഭാപ്തി പുലര്‍ത്തിപ്പോരുക.'
തന്റെ സമകാലികരുടെ കഥകളോട്, ആഖ്യാനത്തോട്, പ്രമേയാവതരണത്തോട് പമ്മന് ചില നിലകളില്‍ എതിര്‍പ്പുണ്ടായിരുന്നു. നഷ്ടകാലത്തെ പ്രകീര്‍ത്തിക്കുക, കാലഹരണപ്പെട്ട തടവാട്ടുപരിസരങ്ങളില്‍ അങ്ങോളമിങ്ങോളം കഥാപാത്രങ്ങളെ കെട്ടിയിട്ടു കഷ്ടപ്പെടുത്തുക, മരുമക്കത്തായത്തിന്റെ നെടുംതൂണുകളായ തറവാട്ടുമങ്കമാരുടെ സഹനങ്ങള്‍... തുടങ്ങി തന്റെ സമകാലികരുടെ കഥകള്‍ എടുത്തുകാട്ടുന്ന വിഷയങ്ങളെ പമ്മന്‍ അതിന്റെ വഴിക്കുവിട്ടു. പകരം ഗ്രാമത്തിലെയും നഗരത്തിലെയും സാധാരണമനുഷ്യര്‍ വന്ന് ജീവിതം പറഞ്ഞു. അവരുടെ ജീവിതം അതേപടി പകര്‍ത്തുമ്പോള്‍ ഭാവോക്തികളെ പമ്മന്‍ പടിക്കുപുറത്തുനിര്‍ത്തി. 'മനുഷ്യജീവിതത്തിലെ ഭൂത-വര്‍ത്തമാനകാലങ്ങളുടെ ശിലാസ്മാരകങ്ങളല്ല, സജീവസ്മാരകങ്ങള്‍' തന്നെയാണ് തന്റെ കഥകളോരോന്നുമെന്ന് പമ്മന്‍ തന്നെ ഉറക്കെ പറഞ്ഞു, മറ്റൊരാളും അതേപ്പറ്റി പറയാന്‍ മിനക്കെട്ടതുമില്ല.
മനുഷ്യജീവിതത്തില്‍ സാധാരണയായി നാം എത്തിനോക്കാന്‍ മടിക്കുന്ന, എന്നാല്‍ അസാധാരമല്ലാത്ത സംഭവങ്ങള്‍ കഥയാക്കിക്കളഞ്ഞു, സ്വയം നിസ്സാരനായി മാറി എന്നൊരു ആക്ഷേപവും പമ്മന്‍ നേരിട്ടിരുന്നു. പമ്മന്‍ തന്നെ അതിനു മറുപടി പറഞ്ഞത് ഇങ്ങനെയാണ്- 'നുള്ളുനുറുങ്ങുകളും ഞാന്‍ കാണുന്ന ജീവിതത്തിന്റെ ഭാഗമായിപ്പോയി എന്തുചെയ്യാം?' അതോടെ നുള്ളുനുറുങ്ങു സാഹിത്യാരോപകര്‍ക്ക് കിട്ടേണ്ടത് കിട്ടി. ജീവിതത്തെ മറയില്ലാതെ അവതരിപ്പിക്കാന്‍ തന്റെ കലവറയിലെ അക്ഷരങ്ങള്‍ക്ക് പകിട്ടുകളേതുമില്ലാതെ അനുഭവങ്ങളുടെ കുപ്പായമിടീക്കാന്‍ പമ്മന് കഴിഞ്ഞു. വായനക്കാരുടെ ആവശ്യത്തിനും കഥയുടെ സന്ദര്‍ഭത്തിനുമനുസരിച്ച് ആ കുപ്പായം താനേ അഴിഞ്ഞുനഗ്നത തുറന്നുകാട്ടി. മലയാള ഭാഷയിലെ ഒട്ടുമിക്ക ആനുകാലികങ്ങളും വലിപ്പച്ചെറുപ്പമില്ലാതെ പമ്മനു പിറകേ നടന്നു. കാരണം മലയാള സാഹിത്യം അതിന്റെ ജാടയാര്‍ന്ന ബൗദ്ധികതയില്‍ രമിക്കുമ്പോഴും പമ്മന്റെ ഗ്ലാമര്‍ നിലനിന്നു. അതായിരുന്നു പമ്മന്‍സാഹിത്യം എന്ന സെല്ലിങ് പോയിന്റ്. പക്ഷേ, വെളിച്ചത്തുനിന്നാരും പമ്മനെ വായിച്ചില്ല, നിരൂപിച്ചില്ല, തങ്ങളുടെ ബൗദ്ധികനിരൂപണക്കുപ്പായം നിറം മങ്ങിപ്പോകുമോ എന്ന ഭയത്താല്‍. 'പടയാളി'യും 'ബംഗാളിബാബു'വും 'പട്ടിപ്രമാണി'യും 'വിളഞ്ഞ വിത്തു'കളും പോലുള്ള കഥകള്‍ എല്ലാ വേഷവിധാനത്തിലും അണിഞ്ഞൊരുങ്ങിയിട്ടും വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല.
പമ്മന്റെ നോവലുകള്‍ക്ക് നിയോഗം മറ്റൊന്നായിരുന്നു. മടിയില്‍ തിരുകിയ ഉറഞ്ഞ വെളിച്ചെണ്ണ വെയിലുകൊണ്ടതുപോലെ നോവലുകള്‍ നടാടെ ഒഴുകിപ്പരന്നു. ഈയാംപാറ്റകള്‍, തിരനോട്ടം, നിര്‍ഭാഗ്യജാതകം, അടിമകള്‍, സിസ്റ്റർ, ചട്ടക്കാരി, തമ്പുരാട്ടി, ഭ്രാന്ത് തുടങ്ങിയ നോവലുകള്‍ക്ക് കിട്ടിയ മൗത്ത് കാമ്പയിൻ അക്കാലത്തെ സ്വീകാര്യനായ എഴുത്തുകാരുടെ കൃതികളേക്കാള്‍ വലുതായിരുന്നു. ഇതില്‍ ഭ്രാന്ത് എന്ന നോവലിലെ അമ്മുക്കുട്ടിയും സാക്ഷാല്‍ മാധവിക്കുട്ടിയും തമ്മിലുള്ള അകലം വളരെ കുറവായിരുന്നുവെന്ന് പരക്കെ ആക്ഷേപമുയര്‍ന്നു. നാലാപ്പാട്ട് തറവാടിനെ മേലേപ്പാട്ട് തറവാട് ആക്കിയും ആത്മാവിന്റെ ഏകാന്തതയില്‍ കവിതയും കഥയും കൂട്ടിനുവന്ന് ലോകപ്രശസ്ത എഴുത്തുകാരിയായി അമ്മുക്കുട്ടി മാറുന്നതും അവരുടെ പുരുഷബന്ധങ്ങളും പമ്മന്‍ ചിത്രീകരിച്ചു. പതിപ്പുകളില്‍ നിന്നും പതിപ്പുകളിലേക്ക് അതിവേഗം സഞ്ചരിച്ച പമ്മന്റെ നോവല്‍ പ്രയാണത്തില്‍, പക്ഷേ, ഭ്രാന്തിന് അത്ര സ്വീകാര്യത കിട്ടിയില്ല. മാധവിക്കുട്ടിയായിരുന്നു അമ്മുക്കുട്ടിയുടെ പ്രചോദനമെങ്കില്‍ മാധവിക്കുട്ടിയെന്ന കടലിലെ ഒരു തിരയെങ്കിലും എണ്ണാന്‍ പമ്മന് കവിഞ്ഞില്ല എന്നുവേണം കരുതാന്‍.
പമ്മന്റെ ജനപ്രിയസാഹിത്യത്തിന്റെ വാണിജ്യസാധ്യത തിരിച്ചറിഞ്ഞത് സിനിമാവ്യവസായമാണ്. പമ്മന്‍ എഴുത്തുകളുടെ ദൃശ്യാത്മകത അതിനു സഹായകമായി. ചട്ടക്കാരിക്ക് തോപ്പില്‍ ഭാസിയാണ് തിരക്കഥയൊരുക്കിയത്. കെ.എസ് സേതുമാധവന്‍ സംവിധാനവും. പിന്നാലെ അടിമകള്‍, അമ്മിണി അമ്മാവന്‍, മിസ്സി തുടങ്ങിയ നോവലുകളും സിനിമയായി. കെ.ജി ജോര്‍ജ്ജിന്റെ സ്വപ്‌നാടനം എന്ന സിനിമയ്ക്ക് തിരക്കഥയൊരുക്കിയത് പമ്മനായിരുന്നു. ജീവിതത്തെ വിഴുങ്ങിയ അക്ഷരങ്ങള്‍ കൊണ്ട് ആസക്തികളുടെ മേദസ്സുറ്റ ഒരു ലോകം സാധാരണക്കാര്‍ക്കിടയില്‍ സൃഷ്ടിച്ചുകൊണ്ട്, ജീവിതത്തിന്റെ രതിഗന്ധങ്ങളില്‍ പച്ചയായ മനുഷ്യരെ തളപ്പുകൊണ്ട് കെട്ടിയിട്ട് ആര്‍. പരമേശ്വര മേനോന്‍ എന്ന റെയില്‍വേ ഡെപ്യൂട്ടി ചീഫ് മെക്കാനിക്കല്‍ എന്‍ജിനീയര്‍ തന്റെ അവതാരോദ്ദേശം നടപ്പിലാക്കി സലാം പറഞ്ഞിട്ട് പതിനെട്ട് വര്‍ഷമായിരിക്കുകയാണ്. സിനിമയും സാഹിത്യവും തമ്മിലുള്ള വലിയ ഒരു അന്തരമുണ്ട്- രണ്ടും പറയുന്നത് ജീവിതമാണെങ്കിലും സംവേദന ഭാഷ വലിയൊരു ഘടകം തന്നെയാണെന്ന് പുരസ്‌കാരങ്ങള്‍ തെളിയിച്ചു. സംസ്ഥാന ചലച്ചിത്രപുരസ്‌കാരം രണ്ടുതവണ പമ്മനെ തേടിയെത്തിയത് സാഹിത്യം നിഷേധിച്ച അതേ നോവലുകളുടെ അടിസ്ഥാനത്തില്‍ ചിത്രീകരിക്കപ്പെട്ട സിനിമകള്‍ക്കായിരുന്നു എന്നത് മറ്റൊരു നേര്.
Content Highlights: pamman writer 18th death anniversary
Published: 03 Jun 2025, 05:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented