കണ്ണൂരിലെ വിവാഹവീടുകളില്‍ പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും വേറെ വേറെ ഇരിപ്പിടങ്ങളാണ്, മിക്കവാറും സ്ത്രീകള്‍ക്ക് പിറകുവശത്താണ് ഭക്ഷണം കഴിക്കാനുളള പന്തല്‍ എന്ന് പറഞ്ഞതിന് സിനിമാനടി നിഖില വിമലിനെ പലരും വിമര്‍ശിക്കുന്നുണ്ട്. അനുകൂലിക്കുന്നവരുമുണ്ട്. പതിവുപോലെ ഇത്തരം സത്യസന്ധവും സാധാരണവുമായ നടപ്പുരീതി തുറന്നുപറഞ്ഞതിന് ആ നടിക്കെതിരെ 'ക്ഷിപ്രകോപി'കളായ കമന്റുകള്‍ തുടര്‍ച്ചയായി പ്രത്യക്ഷപ്പെടുന്നുണ്ട്. ഒരു അഭിപ്രായ പ്രകടനത്തെ ഇങ്ങനെ താറടിച്ചു കാണിക്കാന്‍ ക്ഷിപ്രകോപികളെ പ്രേരിപ്പിക്കുന്നത് എന്താവാം?
കണ്ണൂര്‍ എന്നത് ഒറ്റവാതിലുള്ള ഒരു ദേശമല്ല. അറക്കലും ചിറക്കലും അന്യോന്യം ഇടകലര്‍ന്നതിലൂടെ രൂപപ്പകര്‍ച്ച സംഭവിച്ച ഒരിടമാണത്.നായര്‍ / മുസ്ലിം താവഴികളുടെ അടിവേരുകളുണ്ട്. തീരദേശത്തെത്തുമ്പോള്‍ മുക്കുവ/ മുസ്ലിം താവഴിയുമുണ്ട്. ഞങ്ങളുടെ വല്യുമ്മ ഏതോ ഒരു നായരുമ്മയായിരിക്കാം. അല്ലെങ്കില്‍, കീഴാള സമുദായഘടനയില്‍ ജീവിച്ചു ഒരമ്മ ഉമ്മയായ ചരിത്രം. ആദിമ ഇസ്ലാം സന്ദേശവാഹകരായി അറേബ്യയില്‍നിന്നു വന്ന മുസ്ലിം പ്രബോധകര്‍ ഇണകളെ കണ്ടെത്തിയത് തദ്ദേശീയരായ സ്ത്രീകളെ നിക്കാഹ് ചെയ്താണ്. ആ സ്ത്രീകള്‍ മുസ്ലിംകള്‍ ആയിരുന്നില്ല. മുസ്ലിം പുതിയാപ്പിളമാര്‍ മങ്ങലം കഴിച്ചു ജീവിതത്തിന്റെ ഭാഗമായതോടു കൂടി അവര്‍ ബീടരായി, അല്ലെങ്കില്‍ ബീവിയായി.
'ഞങ്ങളിലില്ല ഹിന്ദു രക്തം, ഞങ്ങളിലില്ല മുസ്ലീം രക്തം, ഞങ്ങളിലില്ല ക്രിസ്ത്യന്‍ രക്തം, ഞങ്ങളിലുള്ളതോ മാനവരക്തം 'എന്ന മുദ്രാവാക്യത്തിനൊന്നും ഇവിടെ പ്രസക്തിയില്ല. ഈ രക്തമെല്ലാം ഇടകലര്‍ന്ന ഒരു വംശധാരയാണ് മലബാര്‍ മുസ്ലിം സംസ്‌കാരം. അതുകൊണ്ട് മറ്റേതു മനുഷ്യരേക്കാളും മാനവരക്തം ഞങ്ങളുടെ ഞരമ്പുകളിലൊഴുകുന്നു. മൈത്രി നെഞ്ചിലെ ഇരമ്പലായി ഉണ്ട്. വംശമഹിമ എന്ന കെട്ടുകഥകള്‍ക്കൊന്നും പ്രസക്തിയില്ല. സംസ്‌കാരം പല ഗ്രൂപ്പുകള്‍ ഇടകലര്‍ന്ന ബ്ലഡ് ബാങ്കാണ്.ഇവിടെയാണ് മൈത്രി ഒരു ഗാഢമായ ആലിംഗനമായി പുലരുന്നത്. ഈ ആലിംഗനങ്ങളില്‍ നായരീഴവപുലയ സാംസ്‌കാരിക അടയാളങ്ങള്‍ പല വിധത്തില്‍ മുസ്ലിം ജീവിതത്തില്‍ സംലയിച്ചു കിടക്കുന്നുണ്ട്.
വിവാഹിതരാവുന്ന പുരുഷന്‍/പുയ്യാപ്ല/പുതിയാപ്പിള ഭാര്യവീട്ടില്‍ മണിയറ ജീവിതം നയിക്കുന്നത് നായര്‍ സംസ്‌കാരത്തിന്റെ തുടര്‍ച്ചയാണ്. ചിറക്കല്‍ കോവിലകത്ത് നിന്നാണ് ആ പാരമ്പര്യം പകര്‍ന്നു കിട്ടിയത്. വംശകഥ പറഞ്ഞു പറഞ്ഞു പോകുമ്പോള്‍ കോലത്തിരി നായര്‍ പ്രമാണിയായ അരയന്‍ കുളങ്ങര നായരാണ് മലബാര്‍ മാപ്ലിളമാരുടെ വല്യുപ്പാപ്പ എന്നു പറയേണ്ടി വരും. ഇങ്ങനെ തദ്ദേശിയമായ സംസ്‌കാരവും അറേബ്യന്‍ ഗോത്രസംസ്‌കാരവും ഇടകലര്‍ന്ന ഒരു 'കണ്ണൂര്‍ മലബാര്‍ മുസ്ലിം കള്‍ച്ചര്‍' രൂപപ്പെട്ടു. ആ സാംസ്‌കാരിക ചിഹ്നങ്ങളില്‍ മങ്ങലം തൊട്ട് മണിയറ വരെ പല തരം കൂടി കലര്‍പ്പുകള്‍ ഉണ്ട്.
നിഖില വിമല്‍ പറഞ്ഞ കാര്യം തന്നെയെടുക്കാം. കല്യാണത്തിന്റെ പന്തല്‍. ഞങ്ങളുടെ വീട്ടിലെ വിവാഹത്തിന് സ്ത്രീകള്‍ക്ക് അടുക്കള ഭാഗത്ത് പ്രത്യേകം പന്തല്‍ കെട്ടിയിരുന്നു. എന്നാല്‍, ഞങ്ങളുടെ അനിയന്റെ കല്യാണപ്പന്തലില്‍ സ്ത്രീകള്‍ക്ക് പ്രത്യേകം പന്തലുണ്ടായിരുന്നെങ്കിലും പുരുഷ പന്തലിലും വിവേചനമില്ലാതെ ഇരിക്കേണ്ടവര്‍ക്ക് അതിനുള്ള അവസരം കിട്ടി. രണ്ടു വര്‍ഷം മുമ്പു നടന്ന ഞങ്ങളുടെ മരുമകളുടെ കല്യാണത്തിന് എല്ലാവര്‍ക്കും ഒരു പന്തലായി. ആരും പരാതി പറഞ്ഞില്ല. അത് ആഹ്ലാദകരമായ അനുഭവമായിരുന്നു. ഞങ്ങള്‍ മുട്ടിപ്പാട്ടും ഏര്‍പ്പാട് ചെയ്തിരുന്നു. പാട്ടു കേട്ട് ,ബിരിയാണി കഴിച്ച് ബന്ധുമിത്രാദികള്‍ പിരിശങ്ങള്‍ പങ്കുവെച്ചു.
എന്നാല്‍, ഞങ്ങളുടെ കുട്ടിക്കാലത്ത് അതായിരുന്നില്ല അനുഭവം.അന്തര്‍ജ്ജനങ്ങള്‍ മറക്കുട ഉപേക്ഷിച്ചിട്ടും മുസ്ലിം സ്ത്രീകള്‍ അത് ഉപേക്ഷിച്ചില്ല. മറക്കുടയുടെ ആകൃതിയിലും നിര്‍മ്മിതിയിലുമായിരുന്നു വ്യത്യാസം. ഏഴിലോടുനിന്ന് എന്റെ ഉപ്പുമ്മയേയും കൂട്ടി മാടായിലേക്ക് വരുമ്പോള്‍ ബുര്‍ഖ കൂടാതെ ഉപ്പുമ്മ കുട ചെരിച്ചുപിടിച്ച്, അപരിചിതനായ ഒരാണിനെ പോലും കാണാത്ത വിധം ബദ്ധശ്രദ്ധാലുവായിരുന്നു. ഉപ്പുമ്മയോടൊപ്പം ഉള്ള ആ യാത്ര എന്നില്‍ ചിരിയും അപകര്‍ഷതയുമുണ്ടാക്കി. ഇനി വിവാഹവീട്ടില്‍ സ്ത്രീകള്‍ പന്തലിലൂടെ മുന്നിലൂടെ കയറുമോ? ഇല്ല. പിന്നിലൂടെ ഒരു വഴി പന്തലിലേക്കുണ്ടാവും. പഴയ മുസ്ലിം മങ്ങലക്കാസറ്റുകള്‍ കണ്ടാല്‍ തന്നെ ഇക്കാര്യം ബോധ്യമാവും. മങ്ങലക്കാസറ്റുകള്‍ കള്‍ച്ചറല്‍ ആര്‍ക്കൈവുകള്‍ ആണ്.കവിതകളില്‍ മാത്രം നമ്മള്‍ സംസ്‌കാരം തിരയണ്ട.
നടക്കാനും ഇരിക്കാനും കൂടെ പരങ്ങാനും സ്വാതന്ത്ര്യമില്ലാതിരുന്ന ഒരു സമൂഹമല്ല മലബാര്‍ മുസ്ലിം സ്ത്രീകള്‍. ഞങ്ങളുടെ കുട്ടിക്കാലത്ത് അപ്പം വിറ്റു ജീവിത വരുമാനം കണ്ടെത്തിയ എത്രയോ സ്ത്രീകളുണ്ടായിരുന്നു. കൃഷിപ്പണിക്ക് പോയവരുമുണ്ടായിരുന്നു. തുറസ്സായ ഒരു തൊഴില്‍ ജീവിതം നയിക്കുമ്പോഴും കല്യാണ വീട്ടില്‍ പിന്നാമ്പുറത്താണ് പന്തല്‍. സ്ത്രീകള്‍ കൂടി ആഗ്രഹിച്ചിട്ടാണ് ആ പന്തലുകള്‍. പുരുഷന്മാരുടെ തുറിച്ചുനോട്ടങ്ങള്‍ ഇല്ലാതെ സ്ത്രീകള്‍ സ്വച്ഛരായി അവിടെയിരുന്നു ഭക്ഷണം കഴിച്ചു.
സ്ത്രീകള്‍ ഏറ്റവും അസ്വസ്ഥമാവുന്ന ആ ഘടകമേതാണ്? സ്വന്തം ശിരസ്. അല്ലെങ്കില്‍ കവിതയില്‍ വാര്‍കൂന്തല്‍ എന്നു പറയുന്ന തലമുടി. ഒരു കൈ കൊണ്ടു തിന്നുകയും മറുകൈ കൊണ്ട് തട്ടം ശരിയാക്കിയും അവര്‍ ഇരുന്നു. കുട്ടിക്കാലത്ത്, തട്ടമിട്ട എന്റെ കൂട്ടുകാരി ബിരിയാണി തിന്നുമ്പോള്‍ ഞാന്‍ വായ് നോക്കി ഇരുന്നു. മൂന്നുരുള ചോറിന് രണ്ടു വട്ടം വീതം ചുമലില്‍ വീഴുന്ന തട്ടം വലിച്ച് തലയിലിട്ട് അവള്‍ നേരെയാക്കുന്നുണ്ടായിരുന്നു. മുടി മറച്ചൂടെ പെണ്ണേ...? ആ ചോദ്യം പേടിച്ചാണത്. കണ്ണൂരിലും തലശ്ശേരിയിലുമാണ് മുടിയഴകുള്ള മുസ്ലിം സ്ത്രീകളെ മുമ്പൊക്കെ കാണാറുണ്ടായിരുന്നത്. ഇപ്പോള്‍ എവിടെത്തിരഞ്ഞൊന്നു നോക്കിയാലും അവിടെയെല്ലാം പര്‍ദ്ദകള്‍ മാത്രം.
മുസ്ലിം സ്ത്രീകളുടെ തന്നെ ഒരു ചോയ്‌സായിരുന്നു മങ്ങല വീട്ടിലെ ആ പിന്നാമ്പുറത്തെ പന്തല്‍. ഇപ്പോള്‍ സ്ഥിതി മാറി. ഓഡിറ്റോറിയത്തിലായാലും പന്തലില്‍ ആയാലും സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഒരേ സ്‌പെയ്‌സ് തന്നെ കിട്ടുന്നുണ്ട്.' കള്ളിക്കാര്‍' (ഉറ്റ ബന്ധുക്കള്‍ ) മാത്രമായി കാരണവന്മാരും മരുമക്കളും ഒക്കെ ചേര്‍ന്ന് മുട്ടിപ്പാട്ടു പാടി ,ഒപ്പന കളിച്ച്, ആര്‍ഭാടത്തില്‍ കൂട്ടിക്കെട്ടി രസത്തിലാക്കും. ഇവിടെ കണ്ണൂരില്‍ 'മരുമക്കള്‍ ' എന്നു കേട്ടാല്‍ കാരണവന്മാര്‍ക്ക് അഭിമാനപൂരിതമായി ചോര തിളക്കും ഞരമ്പുകളില്‍ .ഇതേ ചോര തിളക്കല്‍ പിന്നെ കാണാവുന്നത് പുതിയാപ്പിളമാരുടെ കാര്യം വരുമ്പോഴാണ്. മരിച്ചു കിടന്നാലും പുതിയാപ്പിള പുതിയാപ്പിള തന്നെയാണ്. ചീഞ്ഞാലെന്താ, അയക്കൂറ അയക്കൂറയല്ലാണ്ടാവോ എന്ന് മീന്‍ വില്‍ക്കുന്ന മൊയ്തുക്ക പറയാറുണ്ടായിരുന്നു. പുയ്യാപ്ല മീന്‍ എന്നൊരു മീന്‍ തന്നെ കണ്ണൂര്‍ ഭാഗത്തുണ്ട്.
പുതിയാപ്പിള നിസ്സഹായമായ ഒരു ജന്മമാണ്. സ്വന്തം വീടും ഭാര്യ വീടും ഒരു പോലെ തൂക്കമൊപ്പിച്ചു കൊണ്ടു പോകണം. അങ്ങോട്ടുമിങ്ങോട്ടും ഒപ്പിച്ചെടുക്കുമ്പോഴെക്കും പോക്കറ്റ് സര്‍ക്കാര്‍ ഖജനാവ് പോലെ കാലിയാവും. എന്നാലും സ്‌നേഹം നിരുപാധികമായി ഒഴുകും. ഇതേ നിസ്സഹായത ഭാര്യവീട്ടുകാരും അഭിമുഖീകരിക്കുന്നുണ്ട്. പുതിയാപ്പിളയെ ഭക്ഷണം കൊണ്ടും പലഹാരങ്ങള്‍ കൊണ്ടും സല്‍ക്കരിക്കുക എന്നതാണ് അവരുടെ ടാസ്‌ക്. സ്ത്രീകളുടെ ഊര/നടു തളര്‍ന്നു പോകും, സത്യം.
ഏറ്റവും ഹൃദ്യമാണ് മുസ്ലിം കല്യാണങ്ങള്‍. ലാവിഷായി തിന്നു പോകാം. പുതിയാപ്പിള വരുമ്പോള്‍ മുന്തിയ പരിഗണന കിട്ടും. പുതിയാപ്പിള കുടുംബത്തിനും ആ പരിഗണനയുണ്ട്. ശരിക്കു പറഞ്ഞാല്‍, ഞങ്ങള്‍ കണ്ണൂര്‍ പുതിയാപ്പിളമാര്‍ അതില്‍ സുഖിക്കുന്നുണ്ട്. ഭാര്യവീട്ടില്‍, മണിയറയില്‍ നിത്യഹരിത പുതിയാപ്പിളമാരായി ജീവിക്കുന്നതില്‍ ഞങ്ങള്‍ അഭിമാനം കൊള്ളുന്നു. കേരളത്തില്‍ മുസ്ലിംസ്ത്രീകള്‍ ഏറ്റവും സന്തോഷവതികളായി ജീവിക്കുന്നത് കണ്ണൂര്‍ ജില്ലയിലാണെന്നു പോലും തോന്നിപ്പോകാറുണ്ട്. ഭര്‍തൃവീട് അവര്‍ക്ക് നോമ്പിനും പെരുന്നാളിനും വിശേഷദിവസങ്ങളിലും പോകാനുള്ള വീടാണ്. അവിടെ പോകുമ്പോള്‍ അവര്‍ക്കു കിട്ടുന്ന സ്‌നേഹവും കരുതലും പരിഗണയും ഒന്നു വേറെ തന്നെയാണ്. സവിശേഷമായ ഒരു വിഷയമാണ് കണ്ണൂര്‍ മാപ്പിള ജീവിതം.
Content Highlights: Nikhila Vimal, Thaha Madayi, Kannur Muslim Marriage, Mathrubhumi
Published: 20 Apr 2023, 06:15 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented