
കോഴിക്കോട്: പാര്‍ലമെന്ററി രാഷ്ട്രീയത്തില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച് മുൻ മന്ത്രി ഡോ. കെ.ടി.ജലീൽ. കൈരളി ബുക്‌സ് പ്രസിദ്ധീകരിച്ച സ്വര്‍ഗസ്ഥനായ ഗാന്ധിജി എന്ന പുസ്തകത്തിലാണ് തിരഞ്ഞെടുപ്പ് രാഷ്ട്രീയം. ഉപേക്ഷിക്കുന്നതിനെക്കുറിച്ച് നിലവിൽ തവനൂർ എം.എൽ.എയായ ജലീൽ തുറന്നു പറയുന്നത്.
നിയമനിര്‍മാണ സഭകളില്‍ കിടന്ന് മരിക്കാമെന്ന് ആര്‍ക്കും വാക്കുകൊടുത്തിട്ടില്ലെന്നും പുതിയ തലമുറയ്ക്ക് കസേര ഒഴിഞ്ഞുകൊടുക്കണമെന്നും ഇരുപത് വർഷമായി ജനപ്രതിനിധിയായി തുടരുന്ന ജലീല്‍ പുസ്തകത്തിൽ പറഞ്ഞു. പുസ്തകത്തിന്റെ അവസാനത്തെ അധ്യായത്തിലാണ് അധികാരക്കസേരകള്‍ മുറുകെ പിടിക്കുന്ന പ്രവണതയ്‌ക്കെതിരെയും പാര്‍ലമെന്ററി രാഷ്ട്രീയം അവസാനിപ്പിക്കാനുള്ള കാരണങ്ങളും ജലീൽ തുറന്നെഴുതുന്നത്. സി.പി.എമ്മിന്റെ സഹയാത്രികനായി തുടരുമെന്നും സുഹൃത്തിനെഴുതിയ കത്തിന്റെ മാതൃകയിലുള്ള ലേഖനത്തിൽ ജലീൽ പറഞ്ഞു. രാഷ്ട്രീയ ഗുരുനാഥനായ കൊരമ്പയില്‍ അഹമ്മദാജിക്കും ഇടതുപക്ഷ ചേരിയില്‍ തനിക്ക് തണലായ കോടിയേരി ബാലകൃഷ്ണനുമാണ് ഒക്ടോബര്‍ രണ്ടിന് പ്രകാശനം ചെയ്യുന്ന പുസ്തകം സമർപ്പിച്ചത്.
പുസ്തകത്തിലെ അവസാന അധ്യായത്തിൽ നിന്ന് ഒരു ഭാഗം വായിക്കാം.
സുഹൃത്തിനൊരു മറുകുറിപ്പ്
പ്രിയപ്പെട്ട ബഷീറിന്,
സുഖം തന്നെയല്ലേ? നമ്മള്‍ തമ്മില്‍ രാഷ്ട്രീയം പറയാതിരിക്കലാണ് ഭംഗി. അത് നമുക്കിടയില്‍ ഒരു ചെറിയ അകല്‍ച്ചയെങ്കിലും ഉണ്ടാക്കിയേക്കുമോ എന്ന് ഞാന്‍ ഭയപ്പെടുന്നു. കീഴുപറമ്പ് വഴി കടന്നു പോകുന്ന അവസരങ്ങളിലെല്ലാം നിന്നെയും കുടുംബത്തെയും അന്വേഷിച്ച് ഞാന്‍ എത്താറുണ്ട്. വീട്ടില്‍ നീ ഉണ്ടെങ്കിലും ഇല്ലെങ്കിലും. നിന്റെ ഉമ്മയെ അത്ര പെട്ടന്ന് മറക്കാനാവില്ലല്ലോ? പ്രീഡിഗ്രിക്ക് പഠിക്കുന്ന കാലത്ത് ഭക്ഷണം എത്ര വെച്ചുവിളമ്പിത്തന്നതാണ് ആ പാവം! നിന്നെക്കാള്‍ പരിഗണന എനിക്കാണ് ഉമ്മ തന്നിരുന്നത്. ഇപ്പോള്‍ കുറച്ചായി യാത്രകള്‍ കുറച്ചിട്ടുണ്ട്. അതുകൊണ്ടാണ് തമ്മില്‍ കാണാന്‍ പറ്റാതിരുന്നത്. അല്ലാതെ ബോധപൂര്‍വ്വമല്ല.
ഞാനൊരു വിരമിക്കല്‍ മൂഡിലാണ്. വായനയും എഴുത്തും ഒരു ഹരമായി മാറിക്കഴിഞ്ഞു. പണ്ട് പുസ്തകങ്ങള്‍ നമ്മുടെ ക്ലാസ്സിലെ കുട്ടികള്‍ മല്‍സരിച്ച് വായിച്ചിരുന്നത് ഇന്നും കണ്ണില്‍ കാണുന്നു. ഒഴുക്കുനിലച്ച ഒരു പുഴ വീണ്ടും ഒഴുകാന്‍ തുടങ്ങിയ പ്രതീതിയാണ് വായന വീണ്ടും ചിന്തകളെ ഉണര്‍ത്തുമ്പോള്‍ അനുഭവപ്പെടുന്നത്. പന്ത്രണ്ടര വര്‍ഷം കോളേജ് ലക്ചറര്‍. അതും എന്റെ രക്തത്തില്‍ അലിഞ്ഞുചേര്‍ന്ന പി.എസ്.എം.ഒ ക്യാമ്പസില്‍. പ്രഥമ മലപ്പുറം ജില്ലാ കൗണ്‍സില്‍ അംഗം. അദ്ധ്യാപകനായിരിക്കെ തന്നെ ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ- ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍. 2006 മുതല്‍ കേരള നിയമസഭാംഗം. 2026-ല്‍ നാലാം ടേമും കൂടി പൂര്‍ത്തിയായാല്‍ 20 കൊല്ലം MLA. അതില്‍ തന്നെ അഞ്ചുവര്‍ഷം മന്ത്രി. സി.പി.എം എന്നെപ്പോലെ ഒരു സാധാരണക്കാരനോട് കാണിച്ച ഉദാരതക്ക് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. പാര്‍ട്ടി ആവശ്യപ്പെടുന്നിടത്തോളം കഴിവിന്റെ പരമാവധി സേവനം ഞാന്‍ നല്‍കും. സി.പി.ഐ (എം)-ന്റെ സഹയാത്രികനായി തുടരും.
നല്ല ജീവിത പങ്കാളി. നമുക്ക് ചീത്തപ്പേരുണ്ടാക്കാത്ത മക്കള്‍. കട്ടക്ക് കൂടെനില്‍ക്കുന്ന സുഹൃത്തുക്കള്‍. നിലമില്ലാകയത്തില്‍ മുങ്ങിത്താണപ്പോള്‍ കൈ തന്ന് കരക്കെത്തിച്ച നാട്ടുകാര്‍. ഒരു പുരുഷായുസ്സ് ധന്യമാകാന്‍ ഇതില്‍പരം എന്തുവണം! ആഗ്രഹങ്ങളെല്ലാം പൂവണിഞ്ഞു. ഇനി മാന്യമായ പിന്‍മാറ്റം. സ്വരം നന്നാകുമ്പോള്‍ പാട്ട് നിര്‍ത്തണമെന്നാണല്ലോ കാരണവന്‍മാര്‍ പറയാറ്! ജീവിതത്തില്‍ എന്ത് ആവുകയാണെങ്കിലും അറുപത് വയസ്സിനു മുമ്പ് ആകണം. അറുപത് കഴിഞ്ഞാല്‍ ശരീരത്തിന് മാത്രമല്ല കിതപ്പ് അനുഭവപ്പെടുക. കണ്ണുകളില്‍ വെളിച്ചക്കുറവ് പടര്‍ന്നു തുടങ്ങും. ദേഷ്യം കൂടും. ഞങ്ങളുടെ കുടുംബം പൊതുവെതന്നെ പെട്ടന്ന് ദേഷ്യം പിടിക്കുന്നവരാണെന്ന് നിനക്കറിയാമല്ലോ? ഓര്‍മ്മശക്തിയും പതിയെ കുറഞ്ഞ് വരും. പുതുതായി വായിക്കുന്നതൊന്നും മനസ്സില്‍ നില്‍ക്കില്ല. മറവിയുടെ വാതിലിന് നീളവും വീതിയും കൂടും. പലരുടെയും പേരുകള്‍ പോലും ഓര്‍ത്തെടുക്കാന്‍ ബുദ്ധിമുട്ടും. പദവികള്‍ വഹിക്കുമ്പോഴുള്ള അസ്വാതന്ത്ര്യം എനിക്കെന്തോ ആസ്വദിക്കാന്‍ ആവുന്നില്ല. ഇനി ന്യുജെന്‍ രംഗത്തുവരട്ടെ. അവരുടേതു കൂടിയാണ് അധികാര പദവികളും അവസരങ്ങളും അടങ്ങുന്ന ഈ ലോകം. നവാഗതര്‍ക്ക് കസേര ഒഴിഞ്ഞു കൊടുക്കാന്‍ ഒരുമടിയും തോന്നുന്നില്ല. നിയമനിര്‍മ്മാണ സഭകളില്‍ കിടന്ന് മരിക്കാമെന്ന് നമ്മള്‍ ആര്‍ക്കും വാക്കൊന്നും കൊടുത്തിട്ടില്ലല്ലോ?
എതിരാളികള്‍ക്ക് 4 തവണ തോല്‍പ്പിക്കാന്‍ അവസരം കൊടുത്തു. നാലിലും അവര്‍ക്ക് ജയിക്കാനായില്ല. ശരിയായ നിലപാട് ഉയര്‍ത്തിപ്പിടിച്ചതിന്റെ പേരില്‍ ചവിട്ടിയരക്കപ്പെട്ടപ്പോഴുണ്ടായ വാശിയായിരുന്നു മുന്നോട്ടുള്ള കുതിപ്പിന് ഊര്‍ജ്ജം പകര്‍ന്നത്. പൊതുപ്രവര്‍ത്തനം സിരകളിലൂടെ ഒരാവേശമായി ഒഴുകിയ കാലത്ത് ആ പ്രയാണം തടസ്സപ്പെടുത്താന്‍ 'ചിലര്‍' ശ്രമിച്ചപ്പോള്‍ തോറ്റ് കീഴടങ്ങി വീട്ടിലിരിക്കാന്‍ മനസ്സ് അനുവദിച്ചില്ല. അകാരണമായി അപമാനിക്കപ്പെടുമ്പോള്‍ ഏതൊരാള്‍ക്കും ഉണ്ടാകുന്ന ക്ഷോഭം. വിപ്ലവബോധം ചിന്താമണ്ഡലത്തെ പ്രകമ്പനം കൊള്ളിച്ചപ്പോള്‍ രണ്ടും കല്‍പ്പിച്ച് കളത്തിലിറങ്ങി. ഒന്നുകില്‍ 'രാഷ്ട്രീയ മരണം', അല്ലെങ്കില്‍ അസാധ്യമെന്ന് ഭൂരിഭാഗം ആളുകളും കരുതിയ 'അതിജീവനം'. ജനങ്ങള്‍ കയ്യുംമെയ്യും മറന്ന് ഐക്യപ്പെട്ടപ്പോള്‍ കന്നിയങ്കത്തില്‍ ചരിത്രവിജയം. അന്ന് തുടങ്ങിയ വിശ്രമരഹിതമായ രണ്ട് പതിറ്റാണ്ട്! മല്‍സരിക്കാന്‍ മനുഷ്യാധ്വാനം മാത്രം പോര. വലിയ പണച്ചെലവും അനിവാര്യമാണ്. നമ്മളല്ലെങ്കിലും മറ്റേതെങ്കിലും ആളുകള്‍ പണം തന്ന് സഹായിച്ചാലല്ലേ പ്രചരണ പ്രവര്‍ത്തനങ്ങള്‍ നടക്കുകയുള്ളൂ. ഒരു താല്‍പര്യങ്ങളുമില്ലാതെ നാല് തെരഞ്ഞെടുപ്പുകളില്‍ അടുപ്പക്കാരും അഭ്യുദയകാംക്ഷികളും പാര്‍ട്ടിയും കയ്യയച്ച് സഹായിച്ചു. ഇനിയും അവരെ എന്തിന് ബുദ്ധിമുട്ടിക്കണം? അവര്‍ ഇനിയും തരും. എന്നെക്കാള്‍ നന്നായി എന്നെ അറിയുന്നവരാണല്ലോ അവര്‍! പക്ഷെ, നമുക്കും വേണ്ടേ ഒരൗചിത്യം?
2026 ആകുമ്പോള്‍ എനിക്കും നിനക്കും വയസ്സ് 59 ആകും. 60 തികയാന്‍ ഒരു വര്‍ഷം മാത്രം ബാക്കി. തെരഞ്ഞെടുപ്പ് ഗോദയില്‍ നില്‍ക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാന്‍ ഏറ്റവും യോജ്യമായ സമയം.
പെന്‍ഷന്‍ തുക സ്വരൂപീച്ച് വര്‍ഷത്തിലൊരിക്കല്‍ ലോകം ചുറ്റിക്കറങ്ങണം. കണ്ടതെല്ലാം കുറിച്ചിടണം. നേരനുഭവങ്ങള്‍ ലോകരോട് വിളിച്ചു പറയണം. ഇതിനകം പത്തു പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു. രണ്ടെണ്ണം അച്ചടിയിലാണ്. 'കേരളത്തിന്റെ ദാരാഷുക്കോ'യും'സ്വര്‍ഗ്ഗസ്ഥനായ ഗാന്ധിജി'യും, ഉടന്‍ വെളിച്ചം കാണും. ഇപ്പോള്‍ പതിമൂന്നാമത്തെ പുസ്തകത്തിന്റെ പണിപ്പുരയിലാണ്. റഫറന്‍സ് ഗ്രന്ഥങ്ങളില്‍ ആവശ്യമുള്ളത് മുങ്ങിത്തപ്പുന്നതിന് ഇടയിലാണ് നീ അയച്ച മെസ്സേജ് കിട്ടിയത്. ഉടനെത്തന്നെ മറുകുറിപ്പ് അയയ്ക്കാമെന്ന് കരുതി. വായന കൂടുമ്പോള്‍ ചോദ്യങ്ങളും കൂടിക്കൂടി വരും. സംശയ നിവാരണത്തിന് പരമാവധി ശ്രമിക്കുന്നുണ്ട്. അറിയുന്നവരെ ഫോണില്‍ വിളിച്ചാണ് കാര്യങ്ങള്‍ തിരക്കുന്നത്. 'സോഷ്യലിസ്റ്റായ മുഹമ്മദ് നബി' എന്നാണ് എഴുതിക്കൊണ്ടിരിക്കുന്ന പുസ്തകത്തിന്റെ തലക്കെട്ട്. എല്ലാ ഹദീസ് ഗ്രന്ഥങ്ങളുടെ മലയാള പരിഭാഷകളും എന്റെ മേശപ്പുറത്തുണ്ട്. ചില നിരീക്ഷണങ്ങളൊക്കെ വായിക്കുമ്പോള്‍ ചിരി വരും. അഭിപ്രായങ്ങള്‍ യുക്തിഭദ്രമാകുമ്പോഴേ ബുദ്ധിയുള്ളവര്‍ക്ക് അത് ഉള്‍കൊള്ളാനാകൂ.
മക്കള്‍ അവരുടെ യോഗ്യതയില്‍ തന്നെ ഭേദപ്പെട്ട സ്ഥാനങ്ങളില്‍ എത്തി. അതില്‍ എന്റെ പങ്ക് പൂജ്യമാണ്. നല്ലപാതി കുഞ്ഞിമോള്‍ക്കാണ് മുഴുവന്‍ ക്രെഡിറ്റും. പൊതുപ്രവര്‍ത്തകര്‍ക്ക് കുടുംബ കാര്യങ്ങള്‍ പലപ്പോഴും ശ്രദ്ധിക്കാന്‍ കഴിയാറില്ല. അതിന്റെ ഒരു നീരസം ഉപ്പാക്കും ഉമ്മാക്കും ഭാര്യക്കും മക്കള്‍ക്കും കുടുംബക്കാര്‍ക്കും എല്ലാമുണ്ട്. തറവാട്ടു സ്വത്തില്‍ പങ്കുവേണ്ടെന്ന് ഇപ്പോഴേ തീരുമാനിച്ചു. അത് പെങ്ങന്‍മാരും അനിയന്‍മാരും എടുക്കട്ടെ. നിന്നോടിത് പരസ്യപ്പെടുത്തുന്നത് ഒരു വീണ്ടുവിചാരം ഇക്കാര്യത്തില്‍ ഉണ്ടാകാതിരിക്കാന്‍ വേണ്ടിയാണ്. ഇത്തരമൊരു തീരുമാനത്തിനു പിന്നില്‍ ചില കാരണങ്ങളുണ്ട്. ഏഴുമക്കളില്‍ ഞാനാണ് മൂത്തയാള്‍. എനിക്ക് ശമ്പളം കിട്ടിത്തുടങ്ങിയപ്പോഴേക്ക് പെങ്ങന്മാരുടെ കല്യാണമെല്ലാം കഴിഞ്ഞിരുന്നു. എല്ലാം ഉപ്പ ഒറ്റക്കാണ് നടത്തിയത്. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ക്ക് നടുവില്‍ ചക്രശ്വാസം വലിക്കുമ്പോഴും മറ്റു പല രക്ഷിതാക്കളെയും പോലെ പഠിത്തം നിര്‍ത്തി ഗള്‍ഫില്‍ പോകാന്‍ ഒരിക്കലും അദ്ദേഹം നിര്‍ബന്ധിച്ചില്ല. ഞങ്ങള്‍ ഏഴുമക്കളുടെ ഭാരവും ഉപ്പ ഒറ്റക്ക് പേറി. എന്റെ വിവാഹത്തിന്റെ ചെലവെല്ലാം വഹിച്ചത് ഉപ്പയാണ്. കല്ല്യാണ സമയത്ത് ഞാന്‍ എം.ഫിലിന് യൂണിവേഴ്‌സിറ്റിയില്‍ പഠിക്കുകയാണ്. ഭാര്യക്ക് നിര്‍ബന്ധമായും നല്‍കേണ്ട ''മഹറ്'(സ്വര്‍ണ്ണത്താലി) വാങ്ങിത്തന്നത് പോലും ഉപ്പയായിരുന്നു. എന്തിനധികം എനിക്ക് ആദ്യത്തെ കുട്ടി ജനിച്ചപ്പോള്‍ ബലിയറുക്കാന്‍ പോത്തിനെ വാങ്ങി നല്‍കിയതും ഉപ്പ തന്നെ. അതുകൊണ്ടാണ് ഉപ്പയുടെ സമ്പാദ്യത്തില്‍ കണ്ണും നട്ടിരിക്കാന്‍ മനസ്സ് സമ്മതിക്കാത്തത്. ഉപ്പയുടെയും ഉമ്മയുടെയും കാലശേഷം വല്ലതുമുണ്ടാകുമെങ്കില്‍ അത് കൂടപ്പിറപ്പുകള്‍ പങ്കിട്ടെടുക്കട്ടെ. അവരാണ് അതിന്റെ യഥാര്‍ത്ഥ അവകാശികള്‍. എന്റെ മുന്‍ഗണനാ പട്ടികയില്‍ പണത്തിന്റെ സ്ഥാനം വളരെ പിറകിലാണ്. പൊന്നിനും പണത്തിനും മുമ്പില്‍ ഒരിക്കലും തോറ്റു കൊടുത്തിട്ടില്ല. സൗഹൃദത്തിനും സ്‌നേഹത്തിനും മുന്നില്‍ പലപ്പോഴു അടിയറവ് പറഞ്ഞിട്ടുണ്ട്. എന്നെ അടുത്ത് മനസ്സിലാക്കിയ നിനക്ക് അത് ബോദ്ധ്യമായിക്കാണുമല്ലോ?

ഒരുതരി സ്വര്‍ണ്ണവും ഒരുരൂപയും കൊടുക്കാതെയാണ് എന്റെ രണ്ട് പെണ്‍മക്കളെയും വിവാഹം കഴിപ്പിച്ചത്. ഒന്നും വാങ്ങാതെ മകന്റെ നിക്കാഹും കഴിഞ്ഞു. മൂത്തമോള്‍ അസ്മ ബീവി കാലിഫോര്‍ണിയയില്‍ 'NVIDIA' എന്ന കമ്പനിയില്‍ ഡീപ് ലേണിംഗ് എഞ്ചിനീയറാണ്. രണ്ടാമത്തെ മകന്‍ മുഹമ്മദ് ഫാറൂഖ് അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുന്നു. മൂന്നാമത്തെ മകള്‍ സുമയ്യ ബീഗം എം.ബി.ബി.എസ് പൂര്‍ത്തിയാക്കി. അവളിപ്പോള്‍ MD-ക്ക് പഠിക്കുന്നു. മൂന്നുപേര്‍ക്കും മെറിറ്റില്‍ പ്രവേശനം ലഭിച്ചതിനാല്‍ പഠനത്തിന് വലിയ പണമോ ശുപാര്‍ശയോ വേണ്ടി വന്നില്ല. മൂത്ത മരുമകന്‍ അജീഷ് കാലിഫോര്‍ണിയയില്‍ 'ആപ്പിളില്‍' സീനിയര്‍ സോഫ്റ്റ് വെയര്‍ എഞ്ചിനീയറാണ്. മരുമകള്‍ ശുഅയ്ബ LLB അവസാന വര്‍ഷത്തിലേക്ക് കടക്കുന്നു. ചെറിയ മകളുടെ ഭര്‍ത്താവ് ഷരീഫ് എം.ബി.ബി.എസ് കഴിഞ്ഞ് ശ്രീനഗര്‍ സ്‌കിംസില്‍ (SKIMS) MD ചെയ്യുന്നു.
കുഞ്ഞിമോള്‍ 2026-ല്‍ റിട്ടയര്‍ ചെയ്യും. ഉപ്പാക്കും ഉമ്മാക്കും വലിയ ബുദ്ധിമുട്ടുകളില്ല. അനിയന്‍മാരും അനിയത്തിമാരും എന്നെക്കാള്‍ സാമ്പത്തിക ഭദ്രതയുള്ളവരാണ്. കുറേ നല്ല കൂട്ടുകാരാണ് എക്കാലത്തെയും എന്റെ വലിയ സമ്പാദ്യം. അവരുടെ അകമഴിഞ്ഞ സ്‌നേഹം നല്‍കിയ കരുത്ത് ചെറുതല്ല. ജീവിത വഴിയിലെ കൊടുംചൂടില്‍ തണലേകിയ സഹപാഠികളെ മരിച്ചാലും മറക്കില്ല. ആശയകലഹം തീര്‍ത്ത പോരാട്ട ഭൂമികയില്‍ ഉയിര്‍ക്കൊണ്ട നിശ്ചയങ്ങളെല്ലാം സാദ്ധ്യമായത് ജനങ്ങളുടെ അകമഴിഞ്ഞ ഐക്യദാര്‍ഢ്യം കൊണ്ടാണ്. അവരോടുള്ള കടപ്പാട് വാക്കുകള്‍ക്കതീതമാണ്.
ഇപ്പോള്‍ ഞാന്‍ പത്ത് പൈസയുടെ കടക്കാരനല്ല. നമ്മള്‍ ഒരുമിച്ച് പഠിച്ചിരുന്ന കാലത്തും എന്റെ സ്വഭാവം നിനക്കറിയാമല്ലോ? എന്തെങ്കിലും വാങ്ങിയ വകയില്‍ പോലും ഒരാള്‍ക്കും ഒരു രൂപ കൊടുക്കാനില്ല. സമ്പത്തിക ബാദ്ധ്യതയുടെ ഭാരമില്ലാതെ സ്വന്തം നാട്ടില്‍ നടക്കാന്‍ കഴിയുക എന്നതിനപ്പുറം സന്തോഷം തരുന്ന മറ്റൊന്നില്ല. ക്രയവിക്രയത്തില്‍ സൂക്ഷ്മത പാലിച്ചാലേ ഏത് കൊമ്പന്റെ മുഖത്ത് നോക്കിയും സംസാരിക്കാനുള്ള ത്രാണിയുണ്ടാകൂ. രാത്രി കിടന്നാല്‍ പെട്ടന്ന് ഉറക്കം വരാനും അത് അനിവാര്യമാണ്.
പൊതുപ്രവര്‍ത്തന വീഥിയില്‍ എല്ലാവരെയും പരമാവധി സഹായിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. വോട്ടര്‍മാര്‍ക്ക് നല്‍കിയ ഉറപ്പുകള്‍ പാലിക്കാനുള്ള നെട്ടോട്ടത്തിലാണ്. ഇനി ഏതാണ്ട് രണ്ട് വര്‍ഷമല്ലേ അവശേഷിക്കുന്നുള്ളൂ. ജനപ്രതിനിധി എന്ന നിലയില്‍ എന്നെ വിവിധ ആവശ്യങ്ങള്‍ക്കായി സമീപിച്ചവരോട് പരമാവധി നീതി പുലര്‍ത്തിയിട്ടുണ്ട്. ആരോടും ഒരു വിവേചനവും കാണിച്ചിട്ടില്ല. ഒരാളുടെയും അഭിമാനം ബോധപൂര്‍വ്വം ക്ഷതപ്പെടുത്തിയിട്ടുമില്ല. എന്നാലും സമ്പൂര്‍ണ്ണത അവകാശപ്പെടാന്‍ ആവില്ല. കുറ്റങ്ങളും കുറവുകളും സംഭവിച്ചിട്ടുണ്ടാകും. ഉറപ്പാണ്. മനുഷ്യനല്ലെ? വ്യക്തിജീവിതത്തിലും തെറ്റുകള്‍ പറ്റിയിട്ടുണ്ട്. വന്‍പാപങ്ങളൊന്നും ചെയ്തിട്ടില്ലെന്നാണ് എന്റെ വിശ്വാസം. എല്ലാം അറിയുന്ന ഒരു ശക്തി മേലെയുണ്ടല്ലോ? അവന്റെ റഡാറിനോളം വലിയ റഡാര്‍ ലോകത്ത് വേറെയുണ്ടോ? ഈശ്വരന്റെ ഖജാനയിലുള്ള കനിവിന്റെ നിധിശേഖരം ഈ വിനീതനുവേണ്ടിയും തുറക്കപ്പെടാതിരിക്കില്ല. പടച്ചതമ്പുരാന്‍ പൊറുക്കുമായിരിക്കും. സ്‌നേഹനിധികളായ മികച്ച ഗുരുനാഥന്‍മാരുടെ ശിക്ഷണം പിന്നിലേക്ക് തിരിഞ്ഞു നോക്കുമ്പോള്‍ സ്മരിക്കാതിരിക്കാന്‍ ആവില്ല.
എല്ലാ അര്‍ത്ഥത്തിലും ധന്യമായ ജീവിതം. സഫലമായ ഒരു തീര്‍ത്ഥാടനം പോലെ. വെള്ളാരം കല്ലുകള്‍ നിറഞ്ഞ കാട്ടാറിലൂടെ തണുത്ത വെള്ളമായി ഇടക്കിടെ കളകള ശബ്ദമുണ്ടാക്കി ഒഴുകണം. എങ്ങുനിന്നോ കുത്തിയൊലിച്ച് വരുന്ന പുഴയുടെ മാറിനോട് ചേര്‍ന്ന് കടലിന്റെ ഉപ്പുരസമായി അലിയണം. ചിതലിന് ഭക്ഷണമായി മാറണം. നല്ലപാതി കുഞ്ഞിമോള്‍ക്ക് നാഥന്‍ ദീര്‍ഘായുസ്സ് നല്‍കട്ടെ എന്ന പ്രാര്‍ത്ഥന മാത്രമേയുള്ളൂ. അവളാണ് ഞങ്ങളുടെ കുടുംബത്തിന്റെ നെടുംതൂണ്‍. മേല്‍ പറഞ്ഞതൊന്നും ഭംഗിവാക്കുകളല്ല. എന്റെ കരളാണ് നിന്റെ മുമ്പില്‍ തുറന്നു വെച്ചത്. അതും ചെമ്പരത്തിപ്പൂവാണെന്ന് പറയുന്നവരുണ്ടാകും. ആരുടെയും വായ മൂടിക്കെട്ടാന്‍ നമുക്കാവില്ലല്ലോ? 'ദൈവം നോക്കുക നമ്മുടെ ഹൃദയത്തിലേക്കാണെന്ന്' പണ്ട് നമ്മള്‍ ക്ലാസ്സിലെ ഒരേ ബെഞ്ചിലിരുന്ന് പഠിച്ചത് ഓര്‍മ്മയില്ലെ! അതാണ് ഒരു സമാധാനം. എന്തൊക്കെ പുകിലുകള്‍ കഴിഞ്ഞു. എല്ലാം ജലരേഖയാണെന്ന് തെളിഞ്ഞല്ലോ? പണത്തോട് ആര്‍ത്തിയില്ലാത്തവന് ആരെപ്പേടിക്കാന്‍? നമ്മുടെ ഉള്ള് പടപ്പുകള്‍ കണ്ടില്ലെങ്കിലും പടച്ചവന്‍ കാണുമെന്ന ഉറച്ച പ്രതീക്ഷയില്‍, നന്‍മകള്‍ നേര്‍ന്നുകൊണ്ട്.
സ്‌നേഹപൂര്‍വ്വം
സ്വന്തം ജലീല്‍
Content Highlights: KT Jaleel announced his retirement from parliamentary politics through newbook swargastanaya gandhij
Published: 01 Oct 2024, 04:55 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented