ഒരു ജനസമൂഹത്തിന്റെ ഓര്മയുടെയും ചരിത്രാനുഭവത്തിന്റെയും ആത്മാവബോധത്തിന്റെയും സംസ്കാരത്തിന്റെയും നാള്വഴിരേഖയാണ് ആ സമൂഹത്തിന്റെ മാതൃഭാഷ. ലോകത്തെ എല്ലാ സമൂഹത്തിനും രാജ്യങ്ങള്ക്കും ആ ബോധമുണ്ട്. മാതൃഭാഷാസംരക്ഷണവും പരിപോഷണവും മാതൃഭാഷയിലൂടെയുള്ള വിദ്യാഭ്യാസവും രാഷ്ട്രീയ-സാംസ്കാരിക ദൗത്യമായി ലോകത്തെ എല്ലാരാജ്യവും ഏറ്റെടുത്തിരിക്കുന്നത് അതിനാലാണ്. ഈ പ്രപഞ്ചത്തില് ആ ബോധമില്ലാത്ത ഒരേയൊരു പ്രദേശമേ കാണൂ എന്നാണ് തോന്നുന്നത്; നിര്ഭാഗ്യവശാല് അത് കേരളമാണ്. ആ ഭാഗ്യംകെട്ട മാതൃഭാഷ മലയാളവും.
ഭാഷാടിസ്ഥാനത്തില് സംസ്ഥാനരൂപവത്കരണമെന്ന നയത്തെ പിന്തുടര്ന്ന് മലയാളം മാതൃഭാഷയായുള്ളവര് അധിവസിക്കുന്ന പ്രവിശ്യയെന്ന രീതിയിലാണ് കേരളസംസ്ഥാനം രൂപംകൊണ്ടത്. കേരളത്തെ സൃഷ്ടിച്ചത് മലയാളമാണെന്ന് സാരം. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളും അങ്ങനെത്തന്നെയെങ്കിലും അവയെയെല്ലാമപേക്ഷിച്ച് മലയാളം സംസാരിക്കുന്നവരുടെ എണ്ണം ശതമാനക്കണക്കില് ഏറെയാണ് കേരളത്തില്- 97.3 ശതമാനം. എങ്കിലും ജനതയുടെ ജീവിതവ്യവഹാരമണ്ഡലങ്ങളില്നിന്ന് മാതൃഭാഷയെ പാടേ മാറ്റിനിര്ത്താനുള്ള ബോധപൂര്വമായ ശ്രമങ്ങള് നടക്കുന്ന ഏകസംസ്ഥാനവും കേരളംതന്നെ.
കേരളീയജീവിതത്തിന്റെ ഇടമായ 'മാണ്പിയന്ന മലയാള'ത്തെ പിഞ്ചുകുഞ്ഞുങ്ങളുടെ മനസ്സിനടുത്തേക്കുപോലും കൊണ്ടുവരാന് അനുവദിക്കാത്ത രീതിയില് വിദ്യാഭ്യാസത്തെത്തന്നെ അവതാളത്തിലാക്കുന്നു. ഒന്നരവര്ഷംമുമ്പ് ഉദ്യോഗാര്ഥം ബെംഗളൂരുവിലേക്ക് ചേക്കേറിയ യുവദമ്പതിമാര് കുറ്റബോധത്തോടെ പറഞ്ഞ കാര്യം ഓര്ത്തുപോകുന്നു. അവരുടെ എട്ടും നാലും വയസ്സുള്ള കുട്ടികളെ കേരളത്തിലായിരുന്നപ്പോള് മലയാളമേ പഠിപ്പിക്കാത്ത ഒരു അണ്എയ്ഡഡ് സ്കൂളിലാണ് ചേര്ത്തത്. ഭാവിയില് പുറപ്പെട്ടുപോകേണ്ട മലയാളികളായി അവരെ വളര്ത്താന് വേണ്ടിയാണ് അപ്രകാരംചെയ്തത്. ഇപ്പോള് കര്ണാടകത്തിലുള്ള ഒരു അണ്എയ്ഡഡ് സ്കൂളില് ചേര്ത്തപ്പോള് അവര് കന്നഡ പഠിച്ചേപറ്റൂ. മലയാളിയായാലും ബംഗാളിയായാലും മറാഠിയായാലും കന്നഡ നിര്ബന്ധം. അത് ആ സംസ്ഥാനത്തെ നിയമമാണ്.
കേരളത്തിലും നിയമം പാസാക്കിയിട്ടുണ്ട്- 2017-ലെ പഠനനിയമം. അതില് പത്താംതരംവരെ മാതൃഭാഷ നിര്ബന്ധമാണ്. പക്ഷേ, പഠനനിയമവും ചട്ടങ്ങളും കൃത്യമായി നടപ്പാക്കുന്നുണ്ടോ? മലയാളം പഠിപ്പിക്കാത്ത സ്കൂളുകള് ഇപ്പോഴും പ്രവര്ത്തിക്കുന്നു. ഓരോ വര്ഷവും പരിശോധനാസമിതികള് രൂപവത്കരിച്ച് എല്ലാ സ്കൂളും പരിശോധിക്കണമെന്നും ഓരോ അക്കാദമികവര്ഷത്തിലും ഓഗസ്റ്റ് 31-നുമുമ്പ് പരിശോധന പൂര്ത്തിയാക്കി റിപ്പോര്ട്ട് സമര്പ്പിക്കണമെന്നും മലയാളം പഠിപ്പിക്കാത്ത ഏതുസിലബസിലെ ഏതുസ്കൂളായാലും ശിക്ഷാനടപടിയെടുക്കണമെന്നും വ്യവസ്ഥയുണ്ട്. അഞ്ചുവര്ഷം കഴിഞ്ഞു. നാളിതുവരെ സമിതിയുമില്ല. പരിശോധനയുമില്ല. എസ്.എസ്.എല്.സി. പരീക്ഷയ്ക്ക് മലയാളത്തില് കൂടുതല് മാര്ക്കുവാങ്ങുന്ന കുട്ടികള്ക്ക് സ്കോളര്ഷിപ്പ് നല്കണമെന്ന് ചട്ടം പറയുന്നു. കൊടുത്തിട്ടേയില്ല. പഠനനിയമവും ചട്ടങ്ങളും നടപ്പാക്കേണ്ടത് പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിന്റെ ഉത്തരവാദിത്വമാണ്.
ഉന്നതവിദ്യാഭ്യാസമണ്ഡലത്തില്നിന്ന് മലയാളത്തെ പാടേ നിര്മാര്ജനംചെയ്യാനുള്ള ശ്രമങ്ങള് തകൃതിയായി നടക്കുന്നതും ഇവിടെത്തന്നെ. വിദേശവിദ്യാര്ഥികളെ ആകര്ഷിക്കുന്നതരം വിദ്യാഭ്യാസം നടപ്പാക്കുന്ന നവകേരളം വരാന്പോകുന്നുവെന്ന് അശരീരിയുമുണ്ട്. കേരളത്തിലെ വിദ്യാഭ്യാസസംവിധാനം പ്രാഥമികമായി കേരളീയര്ക്കുവേണ്ടിയാകണ്ടേ? വിദ്യാഭ്യാസത്തിലൂടെ വിവരാര്ജനമല്ല ഉണ്ടാകേണ്ടത്. വിജ്ഞാനമാണ്. ആ വിജ്ഞാനം അവബോധംകൂടിയാകണം. എന്നാലല്ലേ പ്രതിഭകളുണ്ടാകൂ? നവംനവങ്ങളായ ആശയങ്ങളുണ്ടാകൂ? ഇവിടെ ശാസ്ത്രപ്രതിഭകളുണ്ടാകാതെ പോകുന്നതിന്റെ കാരണം കാര്യംമനസ്സിലാകാതെ കാണാതെ പഠിക്കുന്നതുകൊണ്ടല്ലേ? വിദ്യാഭ്യാസം ഒരു ബിസിനസല്ലെന്ന് മനസ്സിലാക്കുന്നതാണ് കേരളത്തിനുനല്ലത്.
ഇന്ത്യയിലെ മറ്റെല്ലാ സംസ്ഥാനങ്ങളുടെയും ഔദ്യോഗികഭാഷ അവരവരുടെ മാതൃഭാഷയായിരിക്കുമ്പോള് കേരളത്തില്മാത്രം അതങ്ങനെയല്ല. ഇവിടെയത് പഴയ കൊളോണിയല് ഭാഷയോ മലയാളമോ എന്നതാണ്. എത്രസുഖം! 67 വര്ഷമായിട്ട് അതൊന്നുമാറ്റാന് നമുക്ക് കഴിഞ്ഞിട്ടില്ല! സെക്രട്ടേറിയറ്റിന് പുച്ഛമാണ് മലയാളത്തോട്.
തുടര്ന്ന് വായിക്കാന് ഈ ലിങ്കില് ക്ലിക്ക് ചെയ്യുക.
Content Highlights: Article on why Keralites hate Malayalam language
Published: 21 Feb 2024, 08:33 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented