
അമ്പതു കൊല്ലം മുമ്പാണ് കര്‍ണാടക സംഗീതക്കച്ചേരികള്‍ കേള്‍ക്കാന്‍ പോയിത്തുടങ്ങിയത്. ചെമ്പൈ, ശെമ്മങ്കുടി, ഡി.കെ. പട്ടമ്മാള്‍, മധുര സോമസുന്ദരം, ആര്.കെ. ശ്രീകണ്ഠന്, കെ.വി. നാരായണസ്വാമി, എം.ഡി. രാമനാഥന്, ഡി.കെ. ജയരാമന്, എം. ബാലമുരളീകൃഷ്ണ, ടി.വി. ഗോപാലകൃഷ്ണന്, തൃശ്ശൂര്‍ വി. രാമചന്ദ്രന്, ടി.എന്‍. ശേഷഗോപാലന് ഇത്യാദി രണ്ടു തലമുറയിലെ ഗായകരുടെ കച്ചേരികള്‍ നേരില്‍ കേട്ടിട്ടുണ്ട്. തിരുവനന്തപുരത്ത് മുടങ്ങാതെയെത്താറുള്ള മറ്റു രണ്ടുപേര്‍ മഹാരാജപുരം സന്താനവും ഡോ. എസ്. രാമനാഥനും; ഇരുവരുടെയും കച്ചേരികള്‍ നിറയെ കേട്ടു.
ഇക്കൂട്ടത്തില്‍ നേരില്‍ കാണാനാകാഞ്ഞത് മധുര മണി അയ്യരെ. ടി.വി. ശങ്കരനാരായണന്റെ കച്ചേരികളും കേട്ടതു കുറവ്. പിന്നീട് മദിരാശിയില്‍ പോയപ്പോഴാണ് അദ്ദേഹത്തിന്റെ കച്ചേരികള്‍ പലതും കേട്ടത്. അന്ന് ഏതാണ്ടു മുപ്പത്തിയഞ്ചു വയസ്സേ ഉള്ളൂ ടി.വി.എസ്സിന്. ആ തുറന്ന പാടല്‍ എനിക്ക് ഏറെ പ്രിയപ്പെട്ടതായി. പത്തു കൊല്ലത്തിനിപ്പുറം എന്റെ ഒരു സുഹൃത്തിന്റെ മകളുടെ കല്യാണത്തിന് അദ്ദേഹം പാടാന്‍ വന്നു. അന്നേ മോഹിച്ചതാണ് ടി.വി.എസ്സിന്റെ ഒരു കച്ചേരി നടത്തണമെന്ന്.
2017 ഡിസംബറില്‍ രണ്ടു പുസ്തകങ്ങള്‍ തിരുവനന്തപുരത്ത് കോട്ടയ്ക്കകത്ത് ഭജനപ്പുരക്കൊട്ടാരത്തില്വെച്ചു പ്രകാശനം ചെയ്യാന്‍ തീരുമാനിച്ചപ്പോഴാണ് തലേന്ന് ഒരു സംഗീതക്കച്ചേരി നടത്തിയാലോ എന്ന് ആലോചിച്ചത്. സംഗീതരസികനായ സുഹൃത്ത് പി.കെ. ഉത്തമന് പലരുടെയും പേരുകള്‍ നിര്‍ദേശിച്ചു; കൂട്ടത്തില്‍ ടി.വി. ശങ്കരനാരായണന്റേതും. അതിമോഹമല്ലേ, നടക്കുമോ എന്നു ശങ്കിച്ചു. ഉത്തമന് ശങ്കയേതുമില്ല. ടി.വി.എസ്സിനെ വിളിച്ച് സംസാരിച്ച് തീയതി ഉറപ്പിച്ചു.
പിന്നാലെ ഞാന്‍ ഫോണ്‍ ചെയ്തു. യാത്ര, താമസം, പ്രതിഫലം - ഇവയെപ്പറ്റിയൊന്നും അദ്ദേഹം സംസാരിച്ചില്ല. വിമാന ടിക്കറ്റ് അയച്ചുകൊടുത്തു. അക്കാലത്ത് ഒളപ്പമണ്ണയുടെ ഇളയ മകന് രാകേശ് രംഗവിലാസം കൊട്ടാരത്തിലെ കുറച്ചു മുറികള്‍ പാട്ടത്തിനെടുത്ത് വാടകയ്ക്കു കൊടുക്കുന്നുണ്ടായിരുന്നു. അവിടെ ഒരു മുറി പറഞ്ഞുറപ്പിച്ച കാര്യം അറിയിച്ചു. പക്കത്തിന് വയലിന് ആവണീശ്വരം വിനു, മൃദംഗം കടയ്ക്കാവൂര്‍ ജി.എസ്. രാജേഷ്നാഥ്, ഘടം കോട്ടയം ഉണ്ണിക്കൃഷ്ണന് എന്നിവര്‍ മതിയോ എന്ന് ആരായുകയും ചെയ്തു. രാജേഷ്നാഥിനെ ഓര്മ വരുന്നില്ല, ഒരു പടം അയച്ചുതരൂ എന്നായി ടി.വി.എസ്. പടം കണ്ടപ്പോള്‍ ആളെ ഓര്മ വന്നു; മാവേലിക്കര വേലുക്കുട്ടിനായരുടെ ശിഷ്യനാണെന്നു കേട്ടപ്പോള്‍ ബഹുസന്തോഷം -'മൂവരും എന്റെ അനന്തരവര്.'
ആര്‍ട്ടിസ്റ്റ് ഭട്ടതിരിയാണ് ക്ഷണപത്രിക തയാറാക്കിയത്. സംഗീതവിദുഷി ഇന്ദിരാ മേനോന് Great Masters of Carnatic Music: 1930-1965 എന്ന പുസ്തകത്തില്‍ മണി അയ്യരെപ്പറ്റി എഴുതിയ ഇംഗ്ലീഷ് ലേഖനത്തില്‍ ടി.വി.എസ്സിനെപ്പറ്റി പറയുന്ന ഭാഗം സദസ്യര്‍ക്കു വിതരണം ചെയ്യാന്‍ അച്ചടിച്ചു വെച്ചിരുന്നു.
കച്ചേരിനാള് ഉച്ചയോടെ ടി.വി.എസ്. എത്തി. ഉച്ചയൂണു കഴിഞ്ഞു മുറിയില്‍ വിശ്രമിച്ച ശേഷം ഇടനേരം കാപ്പിക്ക് വീട്ടില്‍ വന്നപ്പോള്‍ പറഞ്ഞു: 'ക്ഷണക്കത്ത് സുന്ദരമായിരിക്കുന്നു, എനിക്ക് നാലഞ്ചു കോപ്പി വേണം. ഇന്ദിരാ മേനോനെ നല്ല പരിചയമാണെനിയ്ക്ക്, മഹാവിദുഷി. അവരുടെ വാക്കുകള്‍ സദസ്യര്‍ക്ക് അച്ചടിച്ചു കൊടുത്തത് എനിക്ക് അമൂല്യമായ ബഹുമതിയാണ്. ഞാന്‍ അഞ്ചു പതിറ്റാണ്ടായി കച്ചേരി പാടി നടക്കുന്നു. മുമ്പൊരു കച്ചേരിക്കും ആരും ഇങ്ങനെ ചെയ്തിട്ടില്ല.' രംഗവിലാസത്തിലെ മുറിയെപ്പറ്റി ഇങ്ങനെയും- 'ഞാന്‍ അമേരിക്കയിലും യൂറോപ്പിലുമെല്ലാം പല തവണ കച്ചേരി നടത്തിയിട്ടുണ്ട്. സംഘാടകര്‍ പെരിയ ഹോട്ടലുകളിലാണ് താമസിപ്പിക്കുക. എന്നാലും ഇവിടത്തെ താമസം ഞാന്‍ മറക്കില്ല. സ്വാതി തിരുനാളിന്റെ കുതിരമാളികയോടു ചേര്‍ന്ന്; കച്ചേരിമണ്ഡപത്തോടു ചേര്‍ന്ന്... സത്യത്തില്‍ രാജകീയമായ സത്കാരം. ഞാന്‍ താങ്കളോടു കടപ്പെട്ടിരിക്കുന്നു.'
അന്ന് ഏതാണ്ടു രണ്ടരമണിക്കൂറിലേറെ പാടി. ഇടയ്ക്ക് സ്വാതി തിരുനാളിന്റെ ചരമവാര്‍ഷികം രണ്ടു നാള്‍ക്കു മുമ്പ്-ഡിസംബര്‍ 25-ആയിരുന്നുവെന്ന് സദസ്സിനെ ഓര്‍മിപ്പിച്ചു. തന്റെ ഗുരുവും മാതുലനുമായ മണി അയ്യര്‍ക്ക് ഏറെ പ്രിയപ്പെട്ട 'മാ ജാനകി' (കാംബോജി) വിശദമായി പാടി. സദസ്യരുടെ അഭ്യര്‍ത്ഥന മാനിച്ച് തന്റെ ഇഷ്ടകൃതിയായ 'എപ്പോ വരുവാരോ' (ജോന്‍പുരി) പാടി അവസാനിപ്പിച്ചു.
അത്താഴത്തിന്നുമുമ്പ് എന്റെ മകനോടു ചോദിച്ചു - 'എന്റെ പാട്ടിഷ്ടമായോ?'' വിനയപൂര്വമായ മൗനമായിരുന്നു അവന്റെ ഉത്തരം. അപ്പോള്‍ തിരിഞ്ഞെന്നോട്- 'ഇവന്റെ കല്യാണത്തീയതി അറിയിക്കണം. അന്നു ഞാന്‍ വന്നു പാടാം.'
2019 ഡിസംബറിലേയ്ക്ക് കല്യാണം തീരുമാനിച്ചപ്പോള്‍ എനിക്കു സംശയമായി; കച്ചേരിക്കാര്യം ഓര്മിപ്പിക്കണമോ? എന്തായാലും വിവരം അറിയിക്കുക തന്നെ. കേട്ട പാടേ പറഞ്ഞു, 'ശരി, ഞാന്‍ വരും. കല്യാണക്കച്ചേരി എന്റെ വക.' മാര്‍ഗഴി മാസത്തിലെ രണ്ടുനാള്‍ കച്ചേരികളെല്ലാം ഒഴിവാക്കി കല്യാണസത്കാരത്തിന്നെത്തി.
2018-2022 വരെ നാലരക്കൊല്ലം ഞങ്ങള്‍ ഒരു വീടുപോലെയാണു കഴിഞ്ഞത്. കരമന നീലകണ്ഠശിവന്‍ സംഗീതസഭയിലെ കച്ചേരിയ്ക്കെത്തിയപ്പോള് വീട്ടില്‍ വന്നു. 'സംഘാടകര്‍ എല്ലാം തരും; എങ്കിലും കച്ചേരിക്കിടെ കുടിയ്ക്കാന്‍ മഞ്ഞള്‍പ്പൊടിയിട്ട ചുടുപാല് കൊണ്ടുവരണം. അത്താഴത്തിനു രണ്ടു ചപ്പാത്തിയും.' തീര്‍ത്ഥപാദ മണ്ഡപത്തില്‍ തുളസീവന സംഗീതോത്സവത്തിനു പാടാന്‍ മകന് ശങ്കരനാരായണന് വന്നപ്പോള്‍ ഇങ്ങനെയും - 'തിരുവനന്തപുരത്ത് എന്റെ ചിരകാല സുഹൃത്തുക്കള്‍ പലരുണ്ട്. എങ്കിലും താങ്കള്‍ കച്ചേരിക്കു പോകണം.' പത്നി വിജയയുടെ അനാരോഗ്യം, മകള്‍ അമൃതയുടെ കല്യാണത്തിലെ വിളംബം, മകന്റെ ജോലിക്കാര്യം. പുതിയ ഫ്ളാറ്റു വാങ്ങുന്ന കാര്യം- എല്ലാം ഞങ്ങളുടെ കുടുംബവിഷയങ്ങളായി. (അമൃതയുടെ കല്യാണം നടന്നത് 2021 ഏപ്രിലില്‍. ടി.വി.എസ്സിന്റെ ചിരകാലാഭിലാഷ സാഫല്യമായിരുന്നു അത്.) മറിച്ചിങ്ങോട്ടും അങ്ങനെതന്നെ.

ഇക്കാലമത്രയും എനിയ്ക്ക് വിനയാധാനത്തിന്റെയും ശിക്ഷണത്തിന്റെയും കാലമായിരുന്നു. അദ്ദേഹം ഏറെയും പറഞ്ഞു തന്നത് അമ്മാമന്റെ വിശേഷങ്ങളായിരുന്നു. (ഇന്ദിരാ മേനോന് ' എപ്പടി പാടിനാരോ 'എന്ന ഗ്രന്ഥത്തില്‍ മധുര മണിഅയ്യരെപ്പറ്റി ടി.വി.എസ്. പറഞ്ഞുകൊടുത്ത വിശേഷങ്ങള്‍ നന്ദിപൂര്‍വം സ്മരിയ്ക്കുന്നുണ്ട്.) മണിഅയ്യരുടെ ലളിതജീവിതം, പാരമ്പര്യശുദ്ധിയിലുള്ള ശാഠ്യം, സംഗീതത്തോടുള്ള സമ്പൂര്‍ണ സമര്‍പ്പണം, ശിഷ്യസ്നേഹം, സൗമ്യത - എല്ലാം ഭാഗിനേയനെ അഗാധമായി സ്വാധീനിച്ചു. മണിഅയ്യരുടെ നിര്‍ദേശങ്ങളെല്ലാം താന്‍ പ്രത്യക്ഷരം പാലിച്ചുവെന്നാണ് ടി.വി.എസ്. പറയുക.
പതിനൊന്നാം വയസ്സില്‍ മദിരാശിയിലേയ്ക്കു താമസം മാറ്റിയപ്പോള്‍ ക്രിക്കറ്റിലായി കമ്പം. പില്ക്കാലത്ത് അക്കൗണ്ടന്‍സിയും നിയമവും പഠിച്ചു. സംഗീതം തൊഴിലാക്കാമോ എന്ന ശങ്ക പരിഹരിച്ചതും മണിഅയ്യര്‍ തന്നെ. അദ്ദേഹത്തിന്റെ വ്യക്തിജീവിതത്തിലെ പരിശുദ്ധിയാണ് തനിക്ക് ഏറ്റവും വരണീയമായിത്തോന്നിയത്. ടി.വി.എസ്സിന് പറഞ്ഞാലും പറഞ്ഞാലും മതിയാകാത്തതൊന്നു മാത്രം- തന്റെ പതിനഞ്ചാം വയസ്സില്‍ അമ്മാമന്റെ പ്രസംഗം വായിക്കാൻ മദ്രാസ് മ്യൂസിക് അക്കാദമിയില്‍ പോയ കഥ. മണിഅയ്യര്ക്ക് സംഗീതകലാനിധിപ്പട്ടം കിട്ടിയതായിരുന്നു സന്ദര്‍ഭം. അതേ ബിരുദം 2003-ല്‍ മരുമകനും കിട്ടി.
ആംഗലഭാഷാപ്രേമമാണ് അമ്മാമന്റെയും അനന്തരവന്റെയും മറ്റൊരു സമാനത. ബര്‍ണാര്‍ഡ് ഷാ ആയിരുന്നു അമ്മാമന്റെ ഇഷ്ടസാഹിത്യകാരന്; പി.ജി. വുഡ്ഹൗസിനോടായിരുന്നു അനന്തരവനു പ്രിയം. ചെറിയ വാട്ട്സ്ആപ്പ് സന്ദേശങ്ങള്‍ എഴുതുമ്പോള്പോലും കാണാം ആ ശൈലീവല്ലഭത്വം. ഒരിയ്ക്കല്‍ ഞാന്‍ ഇക്കാര്യം എഴുതിച്ചോദിച്ചു. ഇതാണു കിട്ടിയ മറുപടി. 'I have had a great fascination for the English language as also Tamizh. During my college days, Wodehouse caught my fancy. I became a member of all the libraries here in Chennai and gorged myself with every one of the 19th and 20th century writers of fiction, drama, mystery, and humour( both British and American ) I may even be branded as one of those voracious readers! Even during my first trip to US in 1975, I went on a pilgrimage visit to Dulwich college where PGW studied! Don't laugh. I read more for the vocabulary and the brilliantly embellishing flourishes of exuberant syntax! Plus or minus ? Don't have the foggiest idea. It has somehow stuck, though I don't read anymore.'
എഴുതി മുഴുമിക്കാത്തതുപോലെ അദ്ദേഹം ഒരു ചെറുകുറിപ്പുകൂടി അയച്ചു.'Vijaya appreciates my flair for flowery writing in English . I want to make it less extravagant though ! Because you are reading it, I go the extra length; sure, as the poet of the family, you will like it!'
എനിക്കൊരു കുസൃതി തോന്നി. ഞാന്‍ ഒരു ഉപചോദ്യം ഉന്നയിച്ചു. 'That literary flair and flourish do not seem to have impacted your 'Baani'. What's your take on this comment?'
ടി.വി.എസ്സിന്റെ മറുപടി: 'You have asked a very pertinent question indeed ! My music is inborn and my 'Baani' is so ingrained that it is infused into every nerve fibre of my being. (The very best I could ever have had and it has come to stay with me with lots of discipline, thanks to my revered uncle and parents!) My language expressional preference is simply personal and just cultivated because of varied reading of the best, I could lay my hands on. I find pleasure in a good turn of phrase - That's how simple, I am!
ഫലിതപ്രിയനായിരുന്നു അദ്ദേഹം. മഹാസംഭാഷണപ്രിയന്. എങ്കിലും ആലപനത്തില്‍ അമ്മാമന്റെ നര്‍മബോധം എവിടെ? കൃതികളിലെ നര്‍മത്തെ താങ്കള്‍ അംഗീകരിയ്ക്കുന്നുണ്ടോ, അതില്‍ ഊന്നാറുണ്ടോ, ആലാപനത്തില്‍ അതിനിടം കൊടുക്കാറുണ്ടോയെന്ന എന്റെ ചോദ്യങ്ങള്‍ക്കു കിട്ടിയ മറുപടി ഇതായിരുന്നു: Only Bhakti predominates in our compositions except in a few compositions of Sri Thyagaraja and a few others, where they indulge in 'Nindastuti', one of ' navavidha bhaktis'. It's humour of a mirthless variety. Not my space to emphasize on the outpourings of agony.
യദൃച്ഛയാ കേട്ട ഒരു ഗായകന്റെ ചില വീഡിയോ ക്ലിപ്പുകള്‍ രണ്ടു കൊല്ലം മുമ്പ് ഞാന്‍ ടി.വി.എസ്സിന് അയച്ചുകൊടുത്തു. ഗുരുകുലരീത്യാ പഠിച്ച ഒരാള്‍ എമ്മട്ടിലാണ് പുതിയ ഗായകരെ പാരമ്പര്യത്തിന്റെയും ഭാവാത്മകതയുടെയും മാനദണ്ഡങ്ങള്‍ ഉപയോഗിച്ചു നോക്കിക്കാണുന്നതെന്നറിയാനായിരുന്നു എനിയ്ക്ക് ഔത്സുക്യം. മറുപടി മൂന്നു സന്ദേശങ്ങളായാണു വന്നത്: Impressed with his singing. Great 'gnanam' but 'Iayam ' is slightly lacking in tightness. Seems to have been influenced by Sarvashri KVN and MDR. Whose disciple is he ? He is also otherwise talented. I listened to quite a bit of his light classical (cinema ?) singing too with orchestra. Pretty good, sings llke Jesudas and other good Kerala singers. Is he on a come back trail, after 30 years ?
I usually think my place is to be first and foremost a rasika rather than one indulging in critical judgement. His voice is more suited to the more emotional light singing where he soars like a free bird! Classical renditions seem more laboured as he is conditioned to follow a style!
He oozes love lorn emotionality so much - his sad expression makes him amazingly impressive! Please listen to his songs composed by himself, with orchestra. His mush makes him fit for the part to a tee!
ഇങ്ങനെ ഉദ്ധരിയ്ക്കാനെങ്കില് ഏറെയുണ്ട്. എന്റെ സംശയങ്ങളും അദ്ദേഹത്തിന്റെ ക്ഷമാശീലവും തമ്മിലെ ബലാബലം. അനാരോഗ്യം മൂലം പലപ്പോഴും മറുപടി വൈകാറുണ്ടെന്നു മാത്രം. എങ്കിലും 2022 മേയ് മാസം കഴിഞ്ഞ് ഫോണ്‍ വിളികളില്ലാതായി, സന്ദേശങ്ങള്‍ക്കു മറുപടികളില്ലാതായി. പ്രമേഹത്തിന്റെ ദുര്‍ഘടവും വീടുമാറ്റത്തിന്റെ തിരക്കുമാകാമെന്ന് ഞാന്‍ സ്വയം സമാശ്വസിപ്പിച്ചു. ഒടുവില്‍ കഴിഞ്ഞ ആഗസ്റ്റ് 28-ന് ഞാന്‍ ശഠിച്ചെഴുതി, എനിയ്ക്ക് സംസാരിച്ചേ പറ്റൂവെന്ന്. പിറ്റേന്നു തന്നെ വന്നു മറുപടി: My health is not too much to boast about ! Ups and downs, no thanks to sugar- Interiors are being done to the flat.I give it a month before we move in...Please let me know your convenient time tomorrow. I'll call myself.
ആഗസ്റ്റ് 30-ന് രാത്രി ഏഴരയ്ക്ക് ടി.വി.എസ്. വിളിച്ചു. ഏതാണ്ട് അര മണിക്കൂര്‍ നേരം. ദേഹസുഖം പോരാ, ദൂരസ്ഥലങ്ങളിലെ കച്ചേരികള്‍ കുറച്ചു - ഇതൊക്കെയാണ് സംസാരിച്ചത്. ഒരു മാസത്തിനകം രാജാ അണ്ണാമലൈപുരത്തെ പുതിയ ഫ്ലാറ്റിലെ പണിയെല്ലാം കഴിയുമെന്നും. അതു ഞങ്ങളുടെ അന്ത്യസംഭാഷണമാണെന്ന് ഞാന്‍ അറിഞ്ഞതേയില്ല. വീണ്ടും വിളിച്ചുകൊള്ളാമെന്ന വാഗ്ദാനത്തോടെ ഫോണ്‍ വെച്ചു.
മൂന്നാം ദിവസം. സെപ്റ്റംബര്‍ രണ്ട്. അന്നു നേരത്തേ അത്താഴം കഴിച്ചു. സോഫയിലിരുന്നു. 'കൊഞ്ചം വലിയ്ക്കിറുതേ' എന്നു പറഞ്ഞു.
മരിച്ചു. അത്ര തന്നെ. മകള്‍ അമൃത കുറച്ചുനാള്‍ മുമ്പ് ബാംഗ്ളൂരില്‍നിന്ന് വന്നതിനാല്‍ അടുത്തുണ്ടായിരുന്നു.
മൂന്നം തിയ്യതി ഞാന്‍ പത്നി വിജയാ ശങ്കരനാരായണന്നെഴുതി, എനിക്കൊന്നു സംസാരിക്കണം. ഞങ്ങള്‍ മുപ്പതാം തിയ്യതി ദീര്‍ഘനേരം ഫോണില്‍ സംസാരിച്ചതറിയാമല്ലോ. എന്തിനാണ് അന്നുതന്നെ സംസാരിച്ചേ മതിയാകൂവെന്ന് കുട്ടികളെപ്പോലെ ശാഠ്യം പിടിച്ചത്?
രാത്രി വിളിച്ചപ്പോള്‍ അവര്‍ പറഞ്ഞു: 'നേത്തുക്ക് ഇന്ത ടൈമിലെ ഒങ്കളോടു ഫ്രണ്ട് ഇരുന്തിത്. ഇന്നേയ്ക്ക് അവര്‍ ഇല്ലൈ. വേറെ ഒന്നുമേ തെരിയാത്.'
അതേ, ഒന്നുമേ തെരിയാത്, ഒന്നുമേ തെരിയാത്.
Content Highlights: T.V Sankaranarayanan, Indian Carnatic Vocalist, Athmaraman, Mathrubhumi
Published: 01 Sept 2023, 05:51 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..

Most Commented