
കോഴിക്കോട് മേയ്ത്ര ഹോസ്പിറ്റല്‍ ലോകഹൃദയാരോഗ്യദിനാചരണത്തിന്റ ഭാഗമായി സംഘടിപ്പിച്ച 'ഹൃദയത്തെ കണ്ടെത്താം ഇക്കിഗായിലൂടെ' എന്ന പരിപാടിയില്‍ ഇക്കിഗായ് എന്ന വിഖ്യാത രചനയുടെ എഴുത്തുകാരിലൊരാളായ ഫ്രാന്‍സെസ്ക് മിറലസ് സംസാരിക്കുന്നു.
'ഇക്കിഗായ്' പ്രസിദ്ധീകരിച്ച് ഇത്രയും നാളുകള്‍ക്കുള്ളില്‍ ലോകത്തെ നിരവധി സ്കൂളുകളിലും യൂണിവേഴ്സിറ്റികളിലും ഞാന്‍ പോയിട്ടുണ്ട്. എല്ലാവരും ചോദിക്കുന്നു എന്താണ് ഇക്കിഗായ് എന്ന്. ജപ്പാനിലെ ഇക്കിഗായ് സമ്പ്രദായം പിന്തുടരുന്നവരെ ഞാന്‍ സ്നേഹിക്കുന്നു. പക്ഷേ എന്താണ് ഇക്കിഗായ് എന്നുചോദിച്ചാല്‍ സംതൃപ്തിയേകുന്ന ഉത്തരം തരാന്‍ എനിക്ക് സാധിക്കുന്നില്ല. ഇക്കിഗായ് പ്രസിദ്ധീകരിച്ചുവന്നതോടെ ആളുകള്‍ അവരവരുടെ ഇക്കിഗായ് കണ്ടെത്തിക്കൊണ്ടിരിക്കുന്നു. അതുകൊണ്ടുതന്നെ നമുക്ക് ജപ്പാനിലെ ഒക്കിവാന ഗ്രാമത്തെക്കുറിച്ചും അവിടത്തെ ജനങ്ങളെക്കുറിച്ചും നൂറുവയസ്സുകഴിഞ്ഞിട്ടും സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കുന്ന ഗ്രാമീണരെക്കുറിച്ചും പറയുന്നതാണ് ഉചിതം. ഇക്കി, ഗായ് എന്നീ ജാപ്പനീസ് പദങ്ങളില്‍ നിന്നാണ് 'ഇക്കിഗായ്' എന്ന പദം ഞാനും എന്റെ സഹഎഴുത്തുകാരനായ ഹെക്ടര്‍ ഗാര്‍സ്യയും കണ്ടെത്തുന്നത്. ഇക്കി എന്നുപറഞ്ഞാല്‍ ജീവിതം, ഗായ് എന്നാല്‍ മൂല്യവത്തുള്ളതായിരിക്കുക. നിങ്ങളുടെ ജീവിതത്തിന് അര്‍ഥമുണ്ടാകണമെങ്കില്‍ നിങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്ന പ്രവൃത്തിയെ ആസ്വദിക്കാനുള്ള കഴിവുണ്ടായിരിക്കണം. നിങ്ങളുടെ മറ്റെല്ലാ ദുരിതങ്ങളെയും പാടേ മറന്ന് ആ ജോലിയില്‍ നിരന്തരം മുഴുകാനുള്ള മാനസികാവസ്ഥയുണ്ടായിരിക്കണം. വര്‍ത്തമാനകാലത്തെക്കുറിച്ച് നിങ്ങള്‍ ആരോഗ്യകരമായ ചര്‍ച്ചകള്‍ പരസ്പരം നടത്തണം, കഴിഞ്ഞുപോയതിനെക്കുറിച്ച് വിലപിക്കരുത്, ഏതെങ്കിലുമൊരു സംഗീതോപകരണത്തോട് അഭിനിവേശമുണ്ടായിരിക്കണം. നിങ്ങളുടെ കുട്ടികളോടും മാതാപിതാക്കളോടും സ്നേഹവും ജനാധിപത്യവും സൂക്ഷിക്കാന്‍ കഴിയുക, അവര്‍ക്ക് നിങ്ങളോടും തിരിച്ച് അതേ മനോഭാവം സൂക്ഷിക്കാന്‍ കഴിയുക...ഇതൊക്കെയാണ് ജപ്പാനിലെ ഓക്കിവാന ഗ്രാമത്തിലെ ഇക്കിഗായ് ജീവിതരീതികള്‍.
നൂറുകഴിഞ്ഞ ധാരാളം ആളുകള്‍ അവിടെ ആരോഗ്യവാന്മാരായി ജീവിക്കുന്നു. അവര്‍ക്ക് ഒരിക്കലും റിട്ടയര്‍മെന്റ് ലൈഫ് എന്ന കാഴ്ചപ്പാടില്ല. ഞങ്ങളുടെ പുസ്തകം തുടങ്ങുന്നതുതന്നെ രണ്ട് സ്ത്രീകളുടെ ഒരു ദിവസത്തെ ജീവിതം പറഞ്ഞുകൊണ്ടാണ്. അഞ്ചാറ് പേജ് വായിച്ചുകഴിയുമ്പോഴാണ് വായനക്കാര്‍ക്ക് മനസ്സിലാവുക ആ സ്ത്രീകള്‍ എണ്‍പത്തിയെട്ടും തൊണ്ണൂറ്റിയഞ്ചും വയസ്സുള്ള രണ്ട് സ്ത്രീകളാണെന്ന്. വയോധികര്‍ എന്നു പറയാന്‍ പറ്റില്ല. കാരണം അവരുടെ മനസ്സിനോ ശരീരത്തിനോ വാര്‍ധക്യം ബാധിച്ചിട്ടില്ല. അഞ്ചുവര്‍ഷങ്ങള്‍ക്കുശേഷം ഞങ്ങള്‍ അവരെ വീണ്ടും കണ്ടു. അതില്‍ ഒരാള്‍ നൂറുകടന്നിരിക്കുന്നു. സ്വന്തം വീട്ടില്‍ ശരീരം എല്ലായ്പ്പോഴും ചലിപ്പിച്ചുകൊണ്ട് വിരലുകള്‍ക്ക് വിശ്രമം കൊടുക്കാതെ അവര്‍ ഒരു പുസ്തകശാലയില്‍ ജോലിചെയ്യുകയാണ്. സന്തോഷം എവിടെനിന്നാണെങ്കിലും ഇക്കിഗായികള് കണ്ടെത്തിയിരിക്കും. അതില്‍ പ്രധാനപ്പെട്ടതാണ് അവരുടെ സൗഹൃദം. സൗഹൃദസംഗമങ്ങള്‍, പങ്കിട്ടുകഴിക്കുന്ന ഭക്ഷണങ്ങള്‍. അവര്‍ തങ്ങളുടെ വയറിന്റെ എണ്പതുശതമാനമേ ഭക്ഷണം കൊണ്ട് നിറയ്ക്കുകയുള്ളൂ. ബാക്കി വിശപ്പിനെ അവര്‍ മാറ്റി വെക്കുകയാണ് പതിവ്. ഇക്കിഗായികളുടെ ഒരു ദിവസം തുടങ്ങുന്നത് റേഡിയോയില്‍ നിന്നും കേള്‍ക്കുന്ന വ്യായാമത്തിലൂടെയാണ്. അത് വളരെ മനോഹമായ കാഴ്ചയാണ്. എല്ലാവരും ഒരു പച്ചക്കറിത്തോട്ടം വീട്ടില്‍ ഉണ്ടാക്കിയിട്ടുണ്ടാവും. എല്ലാത്തരം ഭക്ഷണവും അവര്‍ കഴിക്കും. പക്ഷേ അതില്‍ ഭൂരിഭാഗവും പച്ചയിലകളും നാരുകളടങ്ങിയ ഭക്ഷണവുമായിരിക്കും. നോക്കൂ, അവര്‍ ജീവിതത്തെ എങ്ങനെയാണ് സമീപിക്കുന്നതെന്ന്! ജപ്പാനിലുള്ളവര്‍ വളരെ വ്യത്യസ്തമായ മെന്റാലിറ്റിയുള്ളവരാണ്. അവര്‍ എപ്പോഴും തങ്ങളുടെ ശരീരം ചലനക്ഷമതയോടെ സംരക്ഷിക്കുന്നു. അവര്‍ക്ക് എല്ലായ്പ്പോഴും എന്തെങ്കിലും ജോലികള്‍ ചെയ്തുകൊണ്ടേയിരിക്കണം. ജോലിയിലെ ഉയര്‍ച്ചതാഴ്ചകള്‍ അവരെ ബാധിക്കുന്നേയില്ല.
ജപ്പാനിലെ ഒക്കുവാന എന്ന ഗ്രാമം രണ്ടാം ലോകമഹായുദ്ധകാലത്ത് തകര്ന്നുതരിപ്പണമായിപ്പോയിരുന്നു. പുനര്ജന്മം ഒരിക്കലും സാധ്യമാവില്ല എന്ന് ലോകം വിധിയെഴുതിയ നാട്ടിലാണ് ഇക്കിഗായ് ജീവിതശൈലിയിലൂടെ ലോകത്തെ ഏറ്റവും ക്ഷമയുള്ള, കാര്യക്ഷമതയുള്ള ജനമായി ഇവര്‍ മാറിയത്. ഇന്നത് ലോകത്തിലെ സ്വര്‍ഗമാണ്. ഞങ്ങളുടെ ഗവേഷണത്തിനായി ഒക്കുവാന തന്നെ തിരഞ്ഞെടുക്കാനുള്ള കാരണവും അതുതന്നെയായിരുന്നു. എന്തുകൊണ്ടാണ് ഈ ജനങ്ങള്‍ ലോകത്തെ ഏറ്റവും സന്തോഷവാന്മാരായി കാണപ്പെടുന്നത് എന്ന് അമേരിക്കക്കാരനായ ഒരാള്‍ ചോദിച്ചു. അവര്‍ സന്തോഷം കണ്ടെത്തുന്നതാണ് കാരണം എന്നാണ് ഞങ്ങള്‍ ഉത്തരം പറഞ്ഞത്. ശ്രമിക്കുക, പരാജയപ്പെടുക, വീണ്ടും ശ്രമിക്കുക, വിജയത്തിനടുത്തെത്തുക...അതാണ് അവരുടെ രീതി. നിങ്ങളുടെ ശരീരത്തെയും സാമൂഹികജീവിതത്തെയും കാര്യക്ഷമമായി നിലനിര്‍ത്തുകയാണെങ്കില്‍ ആയുസ്സ് നൂറ്റാണ്ട് പിന്നിടും എന്നതിനുള്ള ഉദാഹരണമാണ് ഇക്കിഗായിയില്‍ ഞങ്ങള്‍ കണ്ട ജീവിതങ്ങള്‍. നിങ്ങള്‍ സദാകര്മനിരതരാണെങ്കില് മറ്റ് അലട്ടലുകളൊന്നും തന്നെ നിങ്ങളെ ബാധിക്കുകയില്ല. ഇക്കിഗായ് പിന്തുടരുന്നവര്‍ക്ക് ഭക്ഷണത്തിന്റെ സൈക്കോളജിയറിയാം. പരസ്പരബഹുമാനത്തിന്റെ ശാസ്ത്രമറിയാം. വിരമിക്കല്‍ എന്നാല്‍ മരണം എന്നാണ് അവര്‍ മനസ്സിലാക്കി വെച്ചിരിക്കുന്നത്.നിങ്ങള്‍ എല്ലാദിവസവും സ്വന്തം ശരീരത്തിനുവേണ്ടി നല്ലതുമാത്രം ചെയ്തുകൊണ്ടേയിരിക്കുമ്പോള്‍ നിങ്ങള്‍ ദിവസം കഴിയും തോറും യൗവനത്തിലേക്ക് തിരികെ നടക്കുകയാണ് ചെയ്യുന്നതെന്ന് അവര്‍ പഠിപ്പിക്കുന്നു.
കായികവിനോദമാണ് മറ്റൊരുകാര്യം. അവിടെ പ്രായഭേദമന്യേ ആളുകള്‍ വിനോദങ്ങളില്‍ ഏര്‍പ്പെടുന്നു. അത് അവരുടെ ജീവിതശൈലിയുടെ ഭാഗമാണ്. നൂറുകഴിഞ്ഞവര്‍ ആരോഗ്യത്തോടെ മുന്നേറുന്ന രാജ്യം ജപ്പാന് മാത്രമാണ്. സ്നേഹിക്കപ്പെടുമ്പോഴാണ് ആളുകള്‍ കൂടുതല്‍ ശക്തരാവുന്നത് എന്ന് അവര്‍ തിരിച്ചറിഞ്ഞു. അവര്‍ ജീവിതം എക്സ്പ്ലോര്‍ ചെയ്യുകയാണ്. ഭൂതകാലസംഭവങ്ങളുടെ ട്രോമകള്‍ അവരെ ബാധിക്കുന്നില്ല. കാരണം അവര്‍ക്ക് ചിന്തിക്കാന്‍ സമയമില്ല. ഇക്കിഗായ് എന്നത് ഓരോരുത്തര്‍ക്കും വ്യത്യസ്തമാണ്. പക്ഷേ ഒരു പൊതുതത്വം അവര്ക്കിടയിലുണ്ടായിരിക്കും. സന്തോഷത്തോടെ ഇരിക്കുക എന്നതാണ് ആ പൊതുതത്വം. അവര്‍ക്കിടയില്‍ പരസ്പരം മത്സരങ്ങളില്ല. കാരണം അവനവനെത്തന്നെയാണ് അവര്‍ ഏറ്റവും വിജയിച്ചയാളായി അംഗീകരിക്കുന്നതും ആദരിക്കുന്നതും. അതേ അംഗീകാരവും ആദരവും അവര്‍ മറ്റുള്ളവരോടും കാണിക്കുന്നു. പുഞ്ചിരിയോടെയല്ലാതെ അവരെ നിങ്ങള്‍ക്ക് കാണാനാവില്ല.
ഇന്നത്തെ തലമുറ ധാരാളം അറിവുകളാല്‍ യഥാര്‍ഥത്തില്‍ ആശയക്കുഴപ്പത്തിലാണ്. എല്ലാ കുട്ടികളും സ്മാര്ട്ഫോണ്യുഗത്തിലാണ് ജീവിക്കുന്നത്. ഡീ-ടോക്സിഫിക്കേഷന് ക്ലിനിക്കുകള്‍ എല്ലായിടത്തും സാധാരണമായിക്കൊണ്ടിരിക്കുന്നു. അവനവനിലേക്ക് ലോകം തന്നെ ചുരുങ്ങിപ്പോവുകയാണ്. ഇക്കിഗായ് ജീവിതരീതിയുടെ പ്രസക്തി ഇവിടെയാണുള്ളത്. നല്ല സൗഹൃദങ്ങളാല്‍ നിങ്ങളുടെ ജീവിതത്തെ വലയം ചെയ്യാനാണ് ഇക്കിഗായ് പഠിപ്പിക്കുന്നത്. പ്രകൃതിയുമായി പുനര്‍ബന്ധം സ്ഥാപിക്കുക. എന്ത് സഹായം ചോദിച്ചാലും ഉപകാരം ലഭിച്ചാലും ആദരവോട് നന്ദി പറയാന്‍ പഠിപ്പിക്കുന്നു. ആ നിമിഷത്തില്‍ ജീവിക്കാന്‍ നമ്മളെ പഠിപ്പിക്കുന്നു. ഇക്കിഗായ് ഓരോരുത്തര്‍ക്കും വ്യത്യസ്തമാണ്. അവനവന്റെ ഇക്കിഗായ് കണ്ടെത്തി ശീലമാക്കുക.
Content Highlights: Francesc Miralles, Ikigai, Japan
Published: 28 Sept 2023, 05:26 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented