
തിങ്കള്‍ക്കലപോലെ വിളര്‍ത്തോ-
രെന്നുയിരിന്‍ താമരനൂലുകള്‍
പൊട്ടാതേ, ഇപ്പടര്‍മുള്ളില്‍
തട്ടാതേ, എമ്മട്ടെച്ചിലില്‍
മുട്ടാതേ പോറ്റേണ്ടൂ ഞാന്‍?...ദു:ഖവും സന്തോഷവും രാജ്യസ്‌നേഹവും നിലപാടുകളും അക്ഷരങ്ങളുടെ പക്വതയാല്‍ പകര്‍ന്നുതന്ന കവി വിഷ്ണുനാരായണന്‍ നമ്പൂതിരി ഓര്‍മയായിട്ട് ഒരു വര്‍ഷം തികയുന്നു. കവിയെക്കുറിച്ച് ആത്മാരാമന്‍ എഴുതുന്നു.
പ്രക്ഷോഭകാരികള്‍ക്കാണ് എന്നും ആനുകാലികപ്രശസ്തി. പ്രക്ഷോഭമല്ല, പ്രശ്രയം - അഗാധമായ വിനയം -ആയിരുന്നു വിഷ്ണുനാരായണന്‍ നമ്പൂതിരിയുടെ വഴി. പ്രശ്രയമൂര്‍ത്തി എന്നു പേരിടാവുന്നയാള്‍. നിരുന്മേഷമായ നിത്യവിരസവിശേഷണങ്ങളാല്‍ നിര്‍വിവേകം സ്തുതിച്ചവരോടും നിരന്തരം നിന്ദിച്ചവരോടും പ്രശ്രയമായിരുന്നു എന്നും തന്റെ നയം. എങ്കിലും, വിഷയം രാഷ്ട്രതന്ത്രമാകട്ടേ, രതിയാകട്ടേ, ആത്മീയതയാകട്ടേ,സംയതവും വിനീതവുമായ ശാന്തദൃഢസ്വരത്തില്‍ താന്‍ വിസമ്മതം രേഖപ്പെടുത്താതിരിയ്ക്കില്ല,
എന്റെ കണ്ണില്‍പ്പെട്ട രാഷ്ട്രതന്ത്രപരമായ ആദ്യവിസമ്മതി തൊള്ളായിരത്തിഎഴുപത്തിമൂന്നിലെഴുതി മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധം ചെയ്ത 'സ്വാതന്ത്ര്യദിനചിന്തകള്‍ 1973' എന്ന രചനയാണ്. അതിന്ന് അന്യഥാ പ്രാധാന്യമൊന്നുമില്ല. എന്നാല്‍ അതിന്റെ ഒടുക്കം ഇങ്ങനെ -
തൂണു പിളര്‍ന്നു വരുന്നതാരാണിത്?
ദേവനോ?
ദൈത്യനോ?
മര്‍ത്യനോ?
ജന്തുവോ?
പിഞ്ചിളംഭ്രൂണം കുടിയ്ക്കുന്ന ദസ്യുക്കളുടെ അട്ടഹാസം ഇതാ, നേരിട്ടടുത്തെത്തി, നിങ്ങള്‍ കേള്‍ക്കുന്നില്ലേ എന്നായിരുന്നു ചോദ്യം. 'പ്രണയഗീതങ്ങ'ളുടെ കവി ഇമ്മട്ടില്‍ ദുരന്തം ആസന്നമാണെന്നെഴുതാനെന്തു കാരണമെന്ന് എന്നിലെ പതിനഞ്ചുവയസ്സുകാരന്ന് അന്നു പിടികിട്ടിയില്ല.
എന്നാല്‍ പിന്നാലെ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ത്തന്നെ അച്ചടിച്ചുവന്ന ''ഒരു സ്വകാര്യക്കത്ത് ' സംശയാതീതമായ രചനയായിരുന്നു. കാര്യങ്ങള്‍ കൈവിട്ടു പോകുകയാണെന്നു തുറന്നുപറഞ്ഞ രചന. ഇപ്പോള്‍ കാണുന്നതല്ല അതിന്റെ ആദ്യപാഠം. തുടക്കമിങ്ങനെ -
എന്‍ പ്രിയസഖ! എഴുതട്ടേ ഞാന്‍!
പരിഭവശങ്കകളൊട്ടാകെ-
പ്പറയണമെന്നല്ലി സുഹൃത്തേ
ഭവദാജ്ഞ? നമുക്കെന്നാലോ
പറയാതെയിരിപ്പാനല്ലോ
പണി...
(ജി. എന്‍. പിള്ളയാണ് ഈ പ്രിയസഖാവ്.
പനയന്നാര്‍കാവില്‍ എഴുന്നള്ളത്തിന്റെ
പടമെന്നോര്‍ത്തിയാള്‍ വരച്ച ചിത്രത്തില്‍
കുടയു,ണ്ടാനകള്‍, കൊടി,തഴകളും,
കടുനിറം ചുറ്റിപ്പുരുഷാരങ്ങളും -
ഒരുത്തന്നുമെന്നാല്‍ മുഖമി,ല്ലീ വിദ്വാന്‍
മുഴുപ്പിരിയനോ, മഹാവേദാന്തിയോ?
എന്ന് 'മുഖമെവിടെ?' എന്ന കവിതയില്‍ മാസ്റ്റര്‍ അനുസ്മരിച്ചയാള്‍.)
ഇരുപത്തഞ്ചാണ്ടു വിയര്‍ത്തി-
ട്ടുയിര്‍ കത്തും പേക്കോലങ്ങള്‍,
അവരിലുണര്‍വേകാന്‍ അറിവു-
റ്റവര്‍ നല്‍കിടുമാഹ്വാനങ്ങള്‍;
പേയിളകിയൊരീ ചൂതാട്ടം,
കാടേ ഗതിയെന്നതു തിട്ടം!
ഇളകുന്നു കിരീടം, കുട, തഴ,
ചിതറുന്നൂ തേരുകള്‍, കാലാള്‍...
ഈ ചപലാശയകീര്‍ത്തനകലവികളുടെയും മൃതമുദ്രാവാക്യം വിളികളുടെയും നടുവില്‍ താന്‍ വാക്കുകള്‍ പാഴാക്കുകയാണ്. അതിനാല്‍
വാക്കുകളേക്കാള്‍ വരം അകമേ
ദീപ്രതരം നിശിതം മൗനം!
കൂടണയൂ പ്രിയവാക്കുകളേ!
വീടണയൂ കര്‍മശതങ്ങളേ!
സംഭൃതമിനി നിങ്ങടെ വീര്യം
ജൃംഭിതമാം എന്‍ മൗനത്തില്‍.
അടിയന്തരാവസ്ഥയ്ക്കു പതിനെട്ടു മാസമെങ്കിലും മുമ്പാണിതെഴുതിയത്. സ്വയം വരിച്ച സെന്‍സര്‍ഷിപ്പ്. ഇന്ദിരാഗാന്ധിയുടെ പതനത്തെ ഇത്രയ്ക്കു വാച്യമായി പ്രവചിയ്ക്കുന്ന വേറെ മലയാളകവിതയൊന്നും മുമ്പെഴുതിക്കണ്ടിട്ടില്ല. ഡി.വിനയചന്ദ്രന്‍ എഴുതിയതു നേര്; 'ആദ്യം ആരും ശ്രദ്ധിച്ചില്ല... ആദ്യം ആരും ശ്രദ്ധിയ്ക്കുന്നില്ല.'
സര്‍ക്കാരുദ്യോഗം. അകത്തുള്ളാള്‍ക്ക് വരുമാനമൊന്നുമില്ല. രണ്ടു പെണ്മക്കള്‍ സ്‌ക്കൂളില്‍ പഠിയ്ക്കുന്നു. അഷ്ടിയ്ക്കു വേറെ വകയൊന്നുമില്ല.
തിങ്കള്‍ക്കലപോലെ വിളര്‍ത്തോ-
രെന്നുയിരിന്‍ താമരനൂലുകള്‍
പൊട്ടാതേ, ഇപ്പടര്‍മുള്ളില്‍
തട്ടാതേ, എമ്മട്ടെച്ചിലില്‍
മുട്ടാതേ പോറ്റേണ്ടൂ ഞാന്‍?
പിന്നെ മൂന്നു കൊല്ലത്തോളം ഏറെ കവിതയൊന്നുമെഴുതിയില്ല. സര്‍ക്കാരിന്റെ സെന്‍സര്‍ഷിപ്പിനെ പേടിച്ചെഴുതാഞ്ഞതല്ലെന്നു മാത്രം. ജോണ്‍ ഒളിവര്‍ പെറിയുടെ സമാഹാരത്തില്‍ ഒരു കൊച്ചുകവിതയേ ഉള്ളൂ. തൊള്ളായിരത്തി എഴുപത്തിയാറു ജനുവരിയില്‍ പ്രശസ്ത ബ്രിട്ടിഷ് കവി ജെഫ്രി ഹില്‍ യൂണിവഴ്‌സിറ്റി കോളെജില്‍ വന്നപ്പോള്‍ 'Duskfall 1976' എന്ന പേരില്‍ ഒരു ഇംഗ്ലീഷ് രചന വായിച്ചു. 'I know when the earth is hungry' എന്നവസാനിയ്ക്കുന്ന ഒരു കുഞ്ഞിക്കവിത.
മേയില്‍ എന്‍.വി.യുടെ ഷഷ്ടിപൂര്‍ത്തിക്കാലത്തെഴുതി സമര്‍പ്പിച്ച കവിതയാണ് ശ്രദ്ധേയം -'ആടുകള്‍'.
ഹേ തഥാഗത!ചാട്ട
വാറേറ്റു പുളഞ്ഞേറെ-
പ്പേടിയാല്‍ച്ചൂളി,ത്തരി-
യ്ക്കുന്ന നാവുകള്‍ പൂട്ടി
ഞങ്ങളീ നിഴല്‍ ചാറു-
മന്തിയില്‍ നിഴല്‍പ്പറ്റ-
മെന്നപോല്‍ വേച്ചും വീണു-
മിവിടെക്കിതയ്ക്കുമ്പോള്‍ ...
ഇനിയെന്താവോ! ഞങ്ങള്‍
ആയതു ചിന്തിപ്പീലാ,
തെരുവില്‍ കശാപ്പുകാര്‍
കത്തി തേയ്ക്കയാണത്രേ,
പുരിയില്‍ പൊങ്ങുന്നുണ്ടു യാഗശാലയൊന്നത്രേ...
എന്നാണതിന്റെ സഞ്ചാരം. അതിലെ പ്രധാനതമമായ വാക്യം, പക്ഷേ, ഇതാണ്-
സഞ്ചിതവീര്യത്തിന്മേല്‍
സ്വാപകം ചേര്‍ക്കും ജന-
വഞ്ചകനെന്നും നാളെ-
ച്ചിലരങ്ങയെ വാഴ്ത്താം.
അതു പരമസത്യമായി ഭവിച്ചു പില്‍ക്കാലത്ത്. പ്രവചനാത്മകമായ ഒരു വിയോജനക്കുറിപ്പ്.
(ഇടശ്ശേരിയുടെ 'ബിംബിസാരന്റെ ഇടയ'നില്‍ കണ്ട അതേ ആടുകളാണോ ഇവ? ആഗസ്വികളായ ആടുകള്‍?)
'നാവു നല്‍കി നീ ഭയാശങ്കകള്‍,ക്കിടര്‍ച്ചയ്ക്കും' എന്ന് ആചാര്യനായ എന്‍.വി.യെ വാഴ്ത്തിയെങ്കിലും അവിടെയും വിനീതമായ വിയോജനക്കുറിപ്പെഴുതാതെ വയ്യ തനിയ്ക്ക്. 'പെയ്യുക, മൂടിക്കെട്ടി നില്‍ക്കായ്ക മുകിലേ,നിന്‍/ കയ്യിലെക്കോപ്പെന്തെന്നു കണ്ടുകൊള്ളട്ടേ ഞങ്ങള്‍!' എന്നു തുടങ്ങുന്ന ('മഴക്കാറിനോട്') കവിത ചൊല്ലി എന്‍.വി. ഇരുന്നപ്പോഴേയ്ക്കും ശിഷ്യന്‍ കുറിച്ചു നീട്ടിക്കൊടുത്ത പ്രതികവിതയിങ്ങനെ -
പെയ്വതെങ്ങനെ?കാറ്റും
പുകയും താനെന്നുള്ളം;
പെയ്യുമെന്നു ഞാന്‍ ഓതീ-
ടുന്നതു പച്ചക്കള്ളം!
അക്കാലത്തെ അനന്തസംഘര്‍ഷങ്ങള്‍ക്കിടയില്‍ സച്ചിദാനന്ദന്റെ 'നാവുമരം'', വൈലോപ്പിളളി മാസ്റ്ററുടെ 'ശ്രീവത്സം', 'മാവേലി നാടുവാണീടും കാലം', കാര്‍ട്ടൂണ്‍ കവിതകള്‍, കക്കാടിന്റെ 'ഇര', 'പോത്ത് ' എന്നിവ അവതരിച്ചപ്പോഴത്തെ ആദരപൂര്‍വമായ പരസ്യാഹ്ലാദപ്രകടനവും പ്രചാരണവും കാണേണ്ടതുതന്നെയായിരുന്നു. പ്രത്യാഘാതങ്ങളെപ്പറ്റി അറിയാഞ്ഞല്ല, നേരിനോടുള്ള പ്രതിജ്ഞാബദ്ധതകൊണ്ടും അതു വിളിച്ചു പറയാന്‍ ധൈര്യം കാട്ടിയ സുഹൃത്തുക്കളോടുള്ള അഭിനന്ദനം കൊണ്ടും മാത്രം.
അന്നത്തെ കേരളഗ്രന്ഥശാലാസംഘത്തിന്റെ മുഖപത്രം 'ഗ്രന്ഥാലോകം''. പത്രാധിപര്‍ തായാട്ടു ശങ്കരന്‍; സഹപത്രാധിപര്‍ മാസ്റ്റര്‍. പത്രാധിപര്‍ സ്ഥലത്തില്ലാത്തതിനാല്‍ പണി മുഴുവനും സഹപത്രാധിപര്‍ക്കായിരുന്നു. മുഖ്യമന്ത്രി സി. അച്യുതമേനോന്റെ സര്‍ക്കാര്‍ ഗ്രന്ഥശാലാസംഘത്തില്‍ നടത്തിയ ഇടപെടല്‍ ജനാധിപത്യവിരുദ്ധമെന്ന് ഉറച്ചു വിശ്വസിച്ച മാസ്റ്റര്‍ അടിയന്തരാവസ്ഥയുടെ ഭീകരതയെയും പി.എന്‍.പണിക്കരുടെ അപ്രിയത്തെയും വകവെയ്ക്കാതെ സഹപത്രാധിപത്യം ഒഴിഞ്ഞു. 'എന്റെ എളിയ സ്വത്വം കാക്കാന്‍' എന്നെഴുതിയച്ചടിച്ച ഒരു കാര്‍ഡ് എഴുത്തുകാര്‍ക്കെല്ലാം അയച്ചുകൊടുത്തു; ഒരെണ്ണം മുഖ്യമന്ത്രിയ്ക്കും. വിനീതമായ മറ്റൊരു വിയോജനക്കുറിപ്പ്!
ജയപ്രകാശ് നാരായണനോടുള്ള ആദരം വളര്‍ന്നതും അക്കാലത്തുതന്നെ. 'ഫാസിസ്റ്റ് ജെ.പി. ഗോ ബാക്ക് ' എന്ന കമ്യൂണിസ്റ്റു ചുവരെഴുത്തുകള്‍ കണ്ടുകണ്ടാണ് ഞങ്ങള്‍ ജെ.പി.യുടെ പ്രസംഗം കേള്‍ക്കാന്‍ വെള്ളയമ്പലത്തെ ഇന്‍സ്റ്റിറ്റ്യൂട്ട് ഒാഫ് എന്‍ജിനീയേഴ്‌സ് ഹാളിലേയ്ക്ക് നടന്നു ചെന്നത്. ഓരോ ചുവരെഴുത്തു കാണുമ്പോഴും അസ്വസ്ഥനായി ചോദിയ്ക്കുമായിരുന്നു - ജെ.പി. ഫാസിസ്റ്റാണോ? എന്താണ് ജെ.പി.യുടെ ഫാസിസം? ഫാസിസത്തെ എതിര്‍ക്കയല്ലേ ജെ.പി.ചെയ്യുന്നത്? ജെ.പി.യുടെ പ്രഭാഷണവേദിയുടെ തൊട്ടുമുന്നില്‍ ചമ്രം പടിഞ്ഞ് മുന്നോട്ടാഞ്ഞ് ദത്തശ്രദ്ധനായി കേട്ടുകൊണ്ടിരുന്ന മാസ്റ്ററുടെ ചിത്രം മറക്കവയ്യ. 'വെണ്‍മയുടെ ജൈത്രയാത്ര'യിലെ 'വിണ്ണില്‍ ചോടു തെറ്റാതേ നീങ്ങുമൊരു വൃദ്ധനക്ഷത്രം' ജെ.പി.യാണ്.
ഇന്ദിരാഗാന്ധി തെരഞ്ഞെടുപ്പില്‍ തോറ്റമ്പിയ രാത്രി - തൊള്ളായിരത്തി എഴുപത്തേഴ് മാര്‍ച്ച് ഇരുപത്തിയൊന്നാന്തി രാത്രി - അഥവാ എ.കെ.ജി.മരിച്ച രാത്രി - തിരുവനന്തപുരത്തേയ്ക്ക് തീവണ്ടിയില്‍ വരവേ ഒരു കവിതയെഴുതി - 'ഇടശ്ശേരിയുടെ ഓര്‍മ''. പിന്നീടെഴുതി പ്രസിദ്ധം ചെയ്ത പ്രധാനകവിത ജെ.പി.യ്ക്ക് സമര്‍പ്പിതം - 'ജയം'.
നിനക്കു നന്ദി ചൊല്ലട്ടേ
നിറന്ന വിനയത്തൊടേ
നിന്നാല്‍ സനാഥരായ്ത്തീര്‍ന്ന
ഞങ്ങള്‍ ഐമ്പതു കോടികള്‍!
മൂവാണ്ടെഴുതാഞ്ഞതിന്റെ കുറ തീര്‍ത്തെഴുതി പിന്നീട്. രാജന്‍ കേസിന്റെ വിശദാംശങ്ങളുടെ ദുസ്സഹമായ വൈകാരികപശ്ചാത്തലത്തില്‍ എഴുതിയതാണ് 'ഒരു കുട്ടനാടന്‍ പാട്ട്', 'അഴലും വെളിവും' ഇത്യാദി. ജനതാ സര്‍ക്കാരിന്റെ വഴിപിഴച്ച പോക്കിനോടു വിയോജിച്ചെഴുതിയതാണ് 'ചന്ദ്രാസ്തമയം'. മരണാസന്നനായ ജെ.പി.യെ മാനിയ്ക്കാഞ്ഞ ഭരണകൂടത്തെ അന്യാപദേശരീത്യാ സൂചിപ്പിച്ചെഴുതിയത്.
തേഞ്ഞുതേഞ്ഞമൃതത്തിന്‍
ഏകരശ്മിയായ്, കൃശ-
ചാന്ദ്രലേഖയായ്, അസ്‌തോ-
മുഖനാം പ്രകാശാത്മന്‍!
നീയുദിയ്ക്കയാല്‍ കോളു-
കൊണ്ടൊരീ കടലിന്നും
നീയിന്നു ചതുര്‍ത്ഥിയായ്-
ക്കഴിഞ്ഞോ മഹാഭാഗ?
' ഹേ കാളിദാസ! ' എന്ന രചനയിലാണ് 'ഇന്ത്യയെന്നുള്ള വികാരപുണ്യസ്മൃതി ' എന്ന പദസംഘാതം ആദ്യം അവതരിയ്ക്കുന്നത്. പല കവിതകളിലും എണ്ണമറ്റ പ്രഭാഷണങ്ങളിലും മാസ്റ്റര്‍ പങ്കുവെച്ചത് ആ വികാരത്തിലൂന്നിയ ഭീതികളായിരുന്നു. ആദ്യകാലത്ത് നെഹ്‌റുവിനെ അഭിനന്ദിച്ചെഴുതിയെങ്കിലും നെഹ്‌റുവിയന്‍ ഭരണരീതിയിലും കുടുംബവാഴ്ചയിലും അമര്‍ഷം ഏറിവന്നു. നെഹ്‌റുവിനോടുള്ള തന്റെ വിയോജിപ്പാണ് 'അച്ഛന്റെ വടി'. 'ഉജ്ജയിനിയിലെ രാപ്പകലുക'ളിലും ആ അമര്‍ഷത്തിന്റെ ലാഞ്ഛനങ്ങള്‍ കാണാം. വിസമ്മതം നിഗൂഹനം ചെയ്തതിന്റെ ലാഞ്ഛനങ്ങള്‍.
എങ്കിലും ഇന്ത്യ മാത്രമല്ല, ഇന്ത്യയുടെ അയല്‍രാജ്യങ്ങളും അന്താരാഷ്ട്രീയപ്രശ്‌നങ്ങളും തന്റെ ഉത്കണ്ഠയ്ക്കു വിഷയമാണ്. മാസ്റ്ററെ എക്കാലവും ഏറ്റവും അലട്ടിയത് തിബത്തന്‍ പ്രശ്‌നമാണ്. ത്രിവിഷ്ടപത്തെ ബൃഹദ് ഭാരതത്തിന്റെ ഭാഗമായല്ലാതെ കാണുക വയ്യ. അതിനാല്‍ ബുദ്ധമതത്തോടു വിപ്രതിപത്തികള്‍ ഇരിയ്‌ക്കെത്തന്നെ ദലൈലാമയോടു തനിയ്ക്കുള്ള ആദരത്തിന്ന് തെല്ലും കുറവില്ലായിരുന്നു. തിബത്തന്‍ അഭയാര്‍ത്ഥികള്‍ക്ക് ധനസഹായം നല്‍കിയും അവരോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിയ്ക്കുവാന്‍ സമ്മേളനങ്ങളില്‍ പങ്കെടുത്തുമാണ് ദലൈലാമയുടെ സമരമാര്‍ഗത്തെ മാസ്റ്റര്‍ അഭിനന്ദിച്ചത്.
പോരും നമുക്കു ശമത്തിന്‍ പടച്ചട്ട,
നേരിന്റെ വി, ല്ലിച്ഛയാകുമമ്പും,
എള്ളോളമുന്നം പിഴയ്ക്കാത്ത കര്‍മവും-
നന്മയെവിടെ. ജ്ജയമവിടെ!
ഗോര്‍ബച്ചേവിന്റെ റഷ്യയും ടിയാനന്‍മെന്‍ ചത്വരത്തിലെ രുധിരച്ചോപ്പും തന്നെ ഒരേ പോലെ ബാധിയ്ക്കുന്ന വിഷയങ്ങളാണ്.സേനയെ പിന്‍തള്ളുന്ന രാഷ്ട്രരക്ഷാവ്യവസ്ഥയാണ് തന്റെ ആദര്‍ശം. സര്‍വാര്‍ത്ഥസാധകമായ വിനയമാണ് അതിന്റെ ആധാരം.
കളരിയാശാനായി വരിച്ച കാളിദാസകവിയ്ക്കു സമശീര്‍ഷനായി ലോകകവിതയില്‍ മാസ്റ്റര്‍ കണ്ടിരുന്നത് വില്യം ബട്‌ലര്‍ യേറ്റ്‌സിനെയാണ്. തോമസ് മാന്റെ 'നമ്മുടെ കാലത്ത് മനുഷ്യന്റെ വിധി അതിന്റെ അര്‍ത്ഥം വെളിപ്പെടുത്തുന്നത് രാഷ്ട്രതന്ത്രപരമായ സംജ്ഞകളിലൂടെയാണ് ' എന്ന ഉദ്ധരണി ഇരുവരും തങ്ങളുടെ കവിതകളുടെ മുഖവാക്യമായി സ്വീകരിച്ചു. എന്റെ അറിവില്‍ വിനീതി വെടിഞ്ഞ്, കാവ്യരചനാതത്ത്വങ്ങളുടെ നിയന്ത്രണങ്ങള്‍ വെടിഞ്ഞ് മാസ്റ്റര്‍ ഒറ്റക്കവിതയേ എഴുതിയിട്ടുള്ളൂ. 'ഇതെങ്കിലും എഴുതിയില്ലെങ്കില്‍ പിന്നെ ജീവിച്ചിട്ടെന്തു കാര്യം? വൈലോപ്പിള്ളിമാസ്റ്റര്‍ എന്താണു ചെയ്യുമായിരുന്നത്? മാസ്റ്ററെക്കണ്ട കണ്ണുകളല്ലേ നമ്മുടേത്?' എന്നാണ് അതിന്നു ന്യായം പറഞ്ഞത്.
ചപ്പില പോലെ തെറിച്ചുവീഴും നമ്മെ-
ച്ചുറ്റിടുമീ അടിമത്തഭാരം;
നമ്മിലൊരാള്‍ പോരുമീവേലി കാക്കുവാന്‍,
നമ്മിലൊരാള്‍ വിത്തിറക്കുവാനും.
നമ്മിലൊരാള്‍ അറ പൂട്ടാനും ആലയില്‍
ചെമ്പുമിരുമ്പും ഉരുക്കുവാനും.
കാളിദാസന്നും യേറ്റ്‌സിന്നും സമശീര്‍ഷനായി ഒറ്റക്കവിയെയേ മാസ്റ്റര്‍ മാനിച്ചിരുന്നുള്ളൂ- വൈലോപ്പിള്ളിയെ മാത്രം.
Content Highlights: athmaraman writes about poet vishnunarayanan namboothiri during his 1 death anniversary
Published: 25 Feb 2022, 11:41 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented