ചിലപ്പോള്‍ എനിക്കവന്റെ മുഖം സങ്കല്പിക്കാന്‍ കഴിഞ്ഞേക്കും, ക്ഷണനേരത്തേക്കുമാത്രം. ഇതാ, എനിക്കത് നഷ്ടപ്പെട്ടുകഴിഞ്ഞു. അവന്റെ കണ്ണുകള്‍, ചുണ്ടുകളുടെ ആകൃതി, പല്ലുകള്‍ അതൊക്കെ എനിക്കറിയാം, പക്ഷേ, അതൊന്നും പൂര്‍ണമാകുന്നില്ല. അവന്റെ ശരീരത്തെ മാത്രമേ തിരിച്ചറിയാന്‍ കഴിയൂ. പക്ഷേ, കൈകള്‍ ഇതുവരെ തിരിച്ചറിയാനായിട്ടില്ല. കണ്ണീരിന്റെ വക്കിലെത്തുന്നതുവരെ ഞാന്‍ ആസക്തിയാല്‍ വിഴുങ്ങപ്പെട്ടിരിക്കുന്നു. 'ഒരു സ്ത്രീയുടെ കഥ' എന്ന പുസ്തകത്തിലൂടെ എഴുത്തില്‍ ഒരുതരം പൂര്‍ണത കൈവന്നിരിക്കുന്നുവെന്ന് വിശ്വസിക്കുന്നതിനാല്‍ പ്രണയത്തില്‍ എനിക്ക് പരിപൂര്‍ണത കൂടിയേതീരൂ. മുന്‍കരുതലുകളെല്ലാം കാറ്റില്‍പ്പറത്തുന്നതിലൂടെമാത്രമേ അത് സംഭവിക്കൂ.
സാഹിത്യത്തിനുള്ള ഈ വര്‍ഷത്തെ നൊബേല്‍ പുരസ്‌കാരം നേടിയ ആനി എര്‍നൊ(Annie Ernaux)വിന്റെ Getting Lost എന്ന പുസ്തകത്തിലെ ഒരു ഭാഗമാണ് മുകളില്‍. ആത്മകഥാപരമായ ഈ പുസ്തകത്തില്‍ 1988ല്‍ എര്‍നൊ സോവിയറ്റ് യൂണിയനിലേക്കുനടത്തിയ യാത്രയും അവിടെവെച്ച് ഒരു റഷ്യക്കാരനുമായി പ്രണയത്തിലാകുന്നതുംമറ്റുമാണ് ഇതിവൃത്തം. നഗ്‌നമായ, ലജ്ജാഹീനമായ പ്രണയത്തിന്റെയും കാമത്തിന്റെയും തുറന്നെഴുത്തുകൂടിയാണ് ഈ പുസ്തകം.
എഴുത്തും പ്രണയവും കാമവും എര്‍നൊവിന് രണ്ടുധ്രുവങ്ങളല്ല, ഒരേ ആയുധത്തിന്റെ മൂര്‍ച്ചയേറിയ ഇരുതലകള്‍മാത്രമാണെന്ന് മുകളില്‍ക്കൊടുത്ത ഭാഗത്തുനിന്നുതന്നെ വ്യക്തമാകുന്നുണ്ട്. രണ്ടിലും അവര്‍ മുറുകെപ്പിടിച്ചിരിക്കുന്നു. രണ്ടും അവരെ കീറിമുറിക്കുന്നു. എഴുത്തില്‍ പരിപൂര്‍ണത കൈവരിച്ചതുകൊണ്ട് പ്രണയത്തിലും അതുവേണമെന്ന് അവര്‍ ശഠിക്കുന്നു. പക്ഷേ, പ്രണയം ശാരീരികംകൂടിയാണ്. 48കാരിയായ അവരെ 35കാരനായ റഷ്യന്‍ കാമുകന്‍ നിരാകരിക്കുന്നു. അവര്‍ പരാജയപ്പെടുന്നു.
എഴുത്തില്‍ ഒരുതരം പൂര്‍ണത കൈവരിച്ചെന്ന് അവര്‍ കരുതുന്ന A woman's Story എന്ന പുസ്തകത്തില്‍നിന്ന് ഒരു ഭാഗം:
പിന്നീട്, 1940ന്റെ തുടക്കത്തില്‍, ജീവിതം ഒരിക്കല്‍ക്കൂടി: അവള്‍ രണ്ടാമത്തെ കുട്ടിയെ ഗര്‍ഭംധരിച്ചിരിക്കയായിരുന്നു. സെപ്റ്റംബറില്‍ ജനിക്കേണ്ടതായിരുന്നു ഞാന്‍. എന്റെ അമ്മയെക്കുറിച്ചാണ് ഞാന്‍ എഴുതുന്നതെന്നാണ് എന്റെ വിശ്വാസം. കാരണം അവളെ ഈ ലോകത്തിലേക്ക് കൊണ്ടുവരേണ്ടത് ഇപ്പോള്‍ എന്റെ ഊഴമാണ്.
ഈ രണ്ടാമത്തെ ഖണ്ഡികയില്‍ എര്‍നൊവിന്റെ എഴുത്തിന്റെ മുഴുവന്‍ സാരാംശവുമുണ്ടെന്നുതോന്നുന്നു. ആരുമറിയാത്ത അമ്മയെ തന്റെ എഴുത്തിലൂടെ അവര്‍ ലോകത്തിലേക്ക് കൊണ്ടുവരുന്നു. എല്ലാ എഴുത്തിന്റെയും ആകത്തുക അതുതന്നെയായിരിക്കാം. ചരിത്രത്തിന്റെ ഇരുട്ടില്‍ ആരുമറിയാതെ മറഞ്ഞുപോകുന്ന ജന്മങ്ങളെ അത് ലോകത്തിന്റെ വെളിച്ചത്തിലേക്ക് കൊണ്ടുവരുന്നു. അതുകൊണ്ടാവാം ആ പുസ്തകം എഴുതിയതിലൂടെ എഴുത്തില്‍ ഒരുതരം പൂര്‍ണത കൈവരിച്ചെന്ന് എര്‍നൊ കരുതുന്നതും. അമ്മയെപ്പറ്റി അഭിമാനിക്കാന്‍ ഒന്നുംതന്നെയില്ല. പക്ഷേ, അവരെ ചരിത്രത്തിന്റെ ഭാഗമാക്കുമ്പോള്‍മാത്രമേ എഴുത്തിലൂടെവാക്കുകളും ആശയങ്ങളും ഭരിക്കുന്ന ഈ ലോകത്തില്‍ അത്രയൊന്നും ഒറ്റയ്ക്കല്ലെന്ന് എഴുത്തുകാരിക്ക് തോന്നുന്നുള്ളൂ.
എലേന ഫെറാന്റെയെപ്പോലെ സ്ത്രീകളുടെ ആന്തരലോകത്തിന് ഊന്നല്‍ കൊടുക്കുന്ന എഴുത്തുകാരിയല്ല ആനി എര്‍നൊ. ബാഹ്യലോകം അതിന്റെ എല്ലാ കരാളതയോടുംകൂടി അവരുടെ ഒപ്പംതന്നെയുണ്ട്; ഒരിക്കലും വിട്ടുമാറാതെ. A Girl's Story എന്ന പുസ്തകത്തില്‍ അവര്‍ എഴുതുന്നു:
മറ്റുള്ളവരുടെ യാഥാര്‍ഥ്യങ്ങള്‍, അവരുടെ സംസാരശൈലി, അവര്‍ കാലുകള്‍ പിണച്ചുവെക്കുന്ന രീതി, സിഗരറ്റ് കത്തിക്കല്‍ എന്നിവയില്‍ പൂര്‍ണമായി പരാജയപ്പെട്ടുപോകുന്ന ചില ജീവികളുണ്ട്. മറ്റുള്ളവരുടെ സാന്നിധ്യത്തില്‍ അവര്‍ ചെളിയില്‍ പൂഴ്ന്നതുപോലെയായിത്തീരുന്നു. ഒരു പകലില്‍ അതിനെക്കാള്‍ ഒരു രാത്രിയില്‍ അപരന്റെ ആഗ്രഹത്തിനകത്ത് അവര്‍ ഒലിച്ചുപോകുന്നു. അവര്‍ അവരെപ്പറ്റി വിശ്വസിച്ചിരുന്നതെല്ലാം അപ്രത്യക്ഷമാകുന്നു. അവര്‍ അലിഞ്ഞില്ലാതാകുന്നു; എന്നിട്ട് അജ്ഞേയമായ സംഭവഗതികളില്‍ അവര്‍ പ്രവര്‍ത്തിക്കുന്നതിന്റെയും അനുസരിക്കുന്നതിന്റെയും തുടച്ചുമാറ്റപ്പെടുന്നതിന്റെയും പ്രതിബിംബങ്ങളെ നോക്കിനില്‍ക്കുന്നു. എപ്പോഴും ഒരടി മുന്നില്‍നില്‍ക്കുന്ന ആ അപരന്റെ പിന്നിലായിരിക്കും അവരെപ്പോഴും. അവര്‍ ഒരിക്കലും ഒപ്പമെത്തുകയില്ല.
ബാഹ്യലോകം അങ്ങനെയാണ്; അതിന്റെ ചെറുചലനങ്ങള്‍പോലും, ഒരു കാല്‍മടക്കലോ സിഗരറ്റ് കത്തിക്കലോപോലും പലപ്പോഴും ഹിംസാത്മകമായിത്തീരുന്നു.
എര്‍നൊവിന് ജീവിതം പലപ്പോഴും പേടിസ്വപ്നങ്ങള്‍മാത്രം സമ്മാനിക്കുന്ന ഒന്നാണ്. ഒരുപാട് കാല്പനികവത്കരിക്കപ്പെട്ട മാതൃത്വം എന്ന ആശയത്തെ Happening എന്ന നോവലില്‍ അവര്‍ കീറിയെറിയുന്നുണ്ട്:
ഗര്‍ഭിണിയാണെന്നറിഞ്ഞപ്പോള്‍ അതില്ലാതാക്കാന്‍ ഡോക്ടര്‍ കുത്തിവെപ്പുകള്‍ നല്‍കി. അതിന്റെ ഫലപ്രാപ്തിയെക്കുറിച്ച് അദ്ദേഹത്തിനുതന്നെ സംശയമുണ്ടായിരുന്നു. വാതില്‍പ്പടിയില്‍വെച്ച് അദ്ദേഹം എന്റെ നേരെ പുഞ്ചിരിച്ചു, 'കുട്ടികളെ സ്‌നേഹിക്കുന്നതാണ് ഏറ്റവും മനോഹരം' എന്നൊരു ഭയാനകമായ പ്രസ്താവന.
താമസസ്ഥലത്തേക്ക് ഞാന്‍ തിരിച്ചു നടന്നു. ഡയറിയില്‍ ഞാന്‍ ഇങ്ങനെ എഴുതി: 'ഗര്‍ഭിണിയാണ് ഞാന്‍. അതൊരു പേടിസ്വപ്നമാണ്.'
പിന്നീട് അവര്‍ ഗര്‍ഭച്ഛിദ്രത്തിന് ശ്രമിക്കുന്നു. ആദ്യം ഒരു തുന്നല്‍സൂചി ഉപയോഗിച്ചുള്ള ശ്രമം വിഫലമാകുന്നു. ഫ്രാന്‍സില്‍ ഗര്‍ഭച്ഛിദ്രം നിയമവിരുദ്ധമായിരുന്നു അന്ന്. ഒടുവില്‍ ഗര്‍ഭം അലസിപ്പിക്കുന്ന ഒരുവനെ അവര്‍ കണ്ടെത്തുന്നു. മൂന്നുമാസം വളര്‍ച്ചയെത്തിയ ഭ്രൂണം കുളിമുറിയില്‍വെച്ച് ഒടുവില്‍ പുറത്തുവരുന്നു. അതിനെ ടോയ്‌ലറ്റിലിട്ട് അവര്‍ ഫ്‌ലഷ്‌ചെയ്ത് കളയുന്നു. ക്രൂരതയോളമെത്തുന്ന നിര്‍മമത അതാണ് എര്‍നൊവിന്റെ എഴുത്ത്. അല്ലെങ്കില്‍ മനുഷ്യചരിത്രത്തില്‍ ക്രൂരതയല്ലാതെ എന്താണുള്ളതെന്ന് ആ എഴുത്തുകള്‍ നമ്മളോട് ചോദിച്ചേക്കാം. കറുപ്പാണ് കൂടുതല്‍, വെളിച്ചത്തിന്റെ ചെറിയ പൊട്ടുകളുണ്ടെങ്കില്‍ അത് അണയാനുള്ളതാണ്.
പക്ഷേ, പരുപരുത്ത യാഥാര്‍ഥ്യങ്ങള്‍ കാണാതെപോകരുതെന്ന് അവരുടെ എഴുത്ത് പറയുന്നു. അനുഭവങ്ങളുടെ കയ്പ് കൂടുമ്പോള്‍ ഓര്‍മകള്‍ ചിലപ്പോള്‍ ഓര്‍മത്തെറ്റുകളായി മാറുന്നു. മറവിരോഗംബാധിച്ച് മരിച്ച അമ്മയെ മറക്കാതിരിക്കാന്‍കൂടിയാവാം ഫിക്ഷനില്‍നിന്ന് അവരുടെ എഴുത്ത് ഓര്‍മകളിലേക്ക് കൂടുമാറുന്നത്. അതുകൊണ്ടായിരിക്കാം സ്വീഡിഷ് അക്കാദമി വ്യക്തിപരമായ ഓര്‍മകളുടെ വേരുകളും വിയോഗങ്ങളും ഒന്നിച്ചുള്ള നിയന്ത്രണങ്ങളും വെളിവാക്കുന്നതില്‍ അവര്‍ കാണിച്ച ധൈര്യത്തിനും ക്ലിനിക്കല്‍ സൂക്ഷ്മതയ്ക്കും നൊേബല്‍ പുരസ്‌കാരം നല്‍കാന്‍ ശുപാര്‍ശ ചെയ്തത്.
പക്ഷേ, വേരുകളെയല്ല വേരറക്കലിനെയാണ് അവരുടെ എഴുത്തുകള്‍ തുറന്നുകാണിക്കുന്നത് എന്നത് വേറൊരുകാര്യം. ഇത്രമാത്രം ഇരുണ്ടതാണോ ലോകമെന്ന് വായനക്കാര്‍ സംശയിച്ചുപോകുന്നത് രണ്ടാമത്തെ കാര്യം.
പ്രധാന കൃതികള്‍
എ വുമണ്‍സ് സ്റ്റോറി, പൊസിഷന്‍സ്, സിംപിള്‍ പാഷന്‍, പാഷന്‍ പെര്‍ഫെക്ട്, ഐ റിമെയ്ന്‍ ഇന്‍ ഡാര്‍ക്ക്‌നസ്, എ ഫ്രോസന്‍ വുമണ്‍, ഷെയിം, എ ഗേള്‍സ് സ്റ്റോറി
ജീവിതം | എഴുത്ത്
1940ല്‍ ഫ്രാന്‍സിലെ നോര്‍മന്‍ഡിയിലെ യിവെറ്റോ പട്ടണത്തില്‍ തൊഴിലാളികുടുംബത്തില്‍ ജനനം
1974ല്‍ പുറത്തിറങ്ങിയ ലെസ് ആര്‍മൊയേഴ്‌സ് വൈഡ്‌സ് (ക്ലീന്‍ഡ് ഔട്ട്) ആണ് ആദ്യ നോവല്‍. വിദ്യാര്‍ഥിയായിരിക്കെ ഗര്‍ഭച്ഛിദ്രം ചെയ്യേണ്ടിവന്ന സംഭവം ഭാവനാത്മകമായി ഇതില്‍ അവതരിപ്പിച്ചു.
2000ത്തില്‍ പുറത്തിറങ്ങിയ ഹാപ്പനിങ് എന്ന കൃതിയിലും ഗര്‍ഭച്ഛിദ്രമായിരുന്നു പ്രമേയം. 2021ല്‍ ഹാപ്പനിങ്ങിന്റെ ചലച്ചിത്രാവിഷ്‌കാരം ഏറെ പ്രശംസനേടി.
2008ലെ 'ദ ഇയേഴ്‌സ്' എന്ന പുസ്തകമാണ് എര്‍നൊയെ ലോകപ്രശസ്തയാക്കിയത്. ഈ പുസ്തകം 2019ലെ മാന്‍ ബുക്കര്‍ പുരസ്‌കാരത്തിന് നാമനിര്‍ദേശം ചെയ്യപ്പെട്ടിരുന്നു
പല രചനകളും ഫ്രാന്‍സില്‍ പാഠപുസ്തകങ്ങളുടെ ഭാഗമായിട്ടുണ്ട്. തൊഴിലാളിവര്‍ഗ രാഷ്ട്രീയപ്രചാരക, സ്ത്രീപക്ഷവാദി എന്ന നിലകളിലും ആനി എര്‍നൊ പ്രശസ്തയാണ്.
എഴുത്തുകാരനും പരിഭാഷകനുമാണ് ലേഖകന്‍
Content Highlights: annie ernaux life and literature
Published: 07 Oct 2022, 11:04 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented