ദുബായ്: മകന്‍ ഇസ്ഹാന്റെ ആറാം ജന്മദിനം രണ്ടിടങ്ങളിലായി പ്രത്യേകം ആഘോഷിച്ച് ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സയും മുന്‍ ഭര്‍ത്താവും പാകിസ്താന്‍ ക്രിക്കറ്റ് താരവുമായ ഷുഐബ് മാലിക്കും. 2018 ഒക്ടോബര്‍ 30-നായിരുന്നു ഇസ്ഹാന്റെ ജനനം. ദുബായിലാണ് ഇരുവരും മകന്റെ ജന്മദിനം വ്യത്യസ്ത ഇടങ്ങളിലായി ആഘോഷിച്ചത്. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും ഇരുവരും ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചിട്ടുമുണ്ട്.

To advertise here,

'എന്റെ കുഞ്ഞേ, നിനക്ക് 6 വയസായെന്ന് എനിക്ക് വിശ്വസിക്കാന്‍ കഴിയുന്നില്ല. എന്റെ പുഞ്ചിരിക്ക് കാരണം നീയാണ്, ജന്മദിനാശംസകള്‍ ലഡ്ഡു' - ചിത്രങ്ങള്‍ക്കൊപ്പം സാനിയ കുറിച്ചു. 

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ആരാധകനായ ഇസ്ഹാന് റൊണാള്‍ഡോയുടെ രൂപത്തിനൊപ്പമുള്ള കേക്കാണ് സാനിയ സമ്മാനിച്ചത്. താരത്തിന്റെ ഐക്കോണിക് ഏഴാം നമ്പര്‍ ജേഴ്‌സിയും ധരിച്ച് നില്‍ക്കുന്ന ഇസ്ഹാന്റെ രൂപവും ഇതിനൊപ്പമുണ്ട്.

നദീതീരത്തുള്ള ഒരു റസ്റ്റോറന്റില്‍വെച്ചാണ് ഷുഐബ് മാലിക്ക് മകനൊപ്പം ജന്മദിനം ആഘോഷിച്ചത്. കാറുകള്‍ ഇഷ്ടപ്പെടുന്ന ഇസ്ഹാന്, മാലിക്ക് ഒരുക്കിയ കേക്ക് കാറിന്റെ തീമിലുള്ളതായിരുന്നു. കേക്കിനു മുകളില്‍ മഞ്ഞ ലംബോര്‍ഗിനിയുടെ മിനി പതിപ്പ് ഇടംപിടിച്ചു. കേക്കിന് ചുറ്റും ബിഎംഡബ്ല്യു, ഓഡി, ബുഗാട്ടി, പോര്‍ഷെ, ഫെരാരി തുടങ്ങിയ ബ്രാന്‍ഡുകളെ പ്രതിനിധീകരിക്കുന്ന കാര്‍-തീം മഫിനുകളും ഉണ്ടായിരുന്നു.

2010 ഏപ്രിലില്‍ ഹൈദരാബാദില്‍വെച്ചായിരുന്നു സാനിയയും ഷുഐബ് മാലിക്കും വിവാഹിതരായത്. ഇരുവരും ദുബായിലായിരുന്നു താമസം. തുടര്‍ന്ന് 2022 മുതല്‍ സാനിയയും ഷുഐബും വേര്‍പിരിഞ്ഞാണ് കഴിഞ്ഞിരുന്നത്. എന്നാല്‍ ഇരുവരും വിവാഹമോചനത്തെ കുറിച്ച് ഔദ്യോഗികമായി സംസാരിച്ചിരുന്നില്ല. ഇതിനിടെ 2024 ജനുവരിയില്‍ പാക്ക് നടി സന ജാവേദിനെ ഷുഐബ് വിവാഹം ചെയ്യുകയായിരുന്നു. ഇതോടെ ഷുഐബില്‍ നിന്ന് വേര്‍പിരിഞ്ഞുവെന്ന് സാനിയയും ഔദ്യോഗികമായി ആരാധകരെ അറിയിക്കുകയായിരുന്നു.