
രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി സെപ്റ്റംബര്‍ മൂന്നിനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ബ്രൂണൈയിലെത്തിയത്. ബ്രൂണൈ സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് മോദി. ബ്രൂണൈ ഭരണാധികാരി സുല്‍ത്താന്‍ ഹസ്സനല്‍ ബോള്‍കിയയുടെ പ്രത്യേക അതിഥിയായാണ് മോദി സന്ദര്‍ശനത്തിനെത്തിയത്. ലോകത്തിലെ ഏറ്റവും ധനികരായ ഭരണാധികാരികളില്‍ ഒരാള്‍കൂടിയാണ് ഹസ്സനല്‍ ബോള്‍കിയ. മോദിയ്ക്ക് വിരുന്നൊരുക്കിയ ബ്രൂണൈ ഭരണാധികാരിയുടെ കൊട്ടാരത്തിന്റെ വിശേഷങ്ങളാണ് ഇപ്പോള്‍ ശ്രദ്ധയാകര്‍ഷിക്കുന്നത്.
'വിശ്വാസത്തിന്റെ വെളിച്ചത്തിന്റെ കൊട്ടാരം' എന്നാണ് ബ്രൂണൈ ഭരണാധികാരിയുടെ കൊട്ടാരം അറിയപ്പെടുന്നത്. ഇസ്താന നൂറുല്‍ ഇമാന്‍ കൊട്ടാരം ലോകത്തിലെ ഏറ്റവും വലിയ ആള്‍പ്പാര്‍പ്പുള്ള ഔദ്യോഗിക വസതിയായി ഗിന്നസ് വേള്‍ഡ് റെക്കോഡ് രേഖപ്പെടുത്തിയിട്ടുണ്ട്. രണ്ട് ലക്ഷം ചതുരശ്ര മീറ്ററാണ് കൊട്ടാരത്തിന്റെ വലിപ്പം. 1788 മുറികളും 257 കുളിമുറികളും 5000 അതിഥികളെ ഉള്‍ക്കൊള്ളാവുന്ന സ്വീകരണഹാളും കൊട്ടാരത്തിലുണ്ട്. 1500 വിശ്വാസികള്‍ക്ക് ഒരേ സമയം ആരാധന നടത്താവുന്ന പള്ളിയാണ് കൊട്ടാരത്തിലെ മറ്റൊരു പ്രത്യേകത.
110 കാറുകള്‍ക്കുള്ള പാര്‍ക്കിങ് സ്‌പോട്ടുകള്‍, 200 പോളോ പോണികള്‍ക്കുള്ള എയര്‍ കണ്ടീഷന്‍ ചെയ്ത കുതിരാലയവും കൊട്ടാരത്തിലുണ്ട്. കൂടാതെ അഞ്ച് സ്വിമ്മിങ് പൂളുകള്‍, 44 സ്റ്റെയര്‍കേസുകള്‍ തുടങ്ങിയവയാണ് കൊട്ടാരത്തെ കുറിച്ച് ലഭ്യമായ മറ്റു വിവരങ്ങള്‍. 38 ഇനത്തിലുള്ള മാര്‍ബിള്‍ കൊട്ടാരത്തിന് കൂടുതല്‍ മാറ്റേകുന്നു. ഈ കൊട്ടാരത്തിന്റെ നിര്‍മാണത്തിന് 1.4 ബില്യണ്‍ ഡോളര്‍ (ഏകദേശം 12000 കോടി രൂപ) ചെലവായതായാണ് റിപ്പോർട്ടുകൾ.
കൊട്ടാരത്തിന്റെ വാസ്തുവിദ്യയും ഏറെ പ്രത്യേകതയുള്ളതാണ്. വെള്ള, സ്വര്‍ണ ചായങ്ങള്‍ പൂശിയ കൊട്ടാരത്തിന് സുവര്‍ണ താഴികക്കുടങ്ങള്‍ കൂടുതല്‍ ചാരുത പകരുന്നു. 22 കാരറ്റ് സ്വര്‍ണം പൂശിയതാണ് പ്രധാന താഴികക്കുടം. ബ്രൂണൈയുടെ ഇസ്ലാമിക സംസ്‌കാരത്തിന്റേയും മലായ് പാരമ്പര്യത്തിന്റേയും സംയോഗമാണ് കൊട്ടാരത്തിന്റെ ദൃശ്യഭംഗിയില്‍ നിഴലിക്കുന്നത്. ദുബായിലെ ബുര്‍ജ് ഖലീഫയുടെ ഇന്റീരിയര്‍ ഡിസൈന്‍ ചെയ്ത ഖുവാന്‍ ച്യൂ തന്നെയാണ് കൊട്ടാരത്തിന്റേയും ഇന്റീരിയര്‍ രൂപകല്‍പന ചെയ്തിരിക്കുന്നത്.
സ്റ്റെല്ലാര്‍ ആര്‍ട്ട് ഇന്റീരിയറിന് കൂടുതല്‍ ഭംഗിയേകുന്നു. പ്രശസ്ത ഫ്രഞ്ച് ചിത്രകാരന്‍ പിയര്‍ ഓഗസ്റ്റ് റെന്‍വായുടെ 70 മില്യണ്‍ ഡോളര്‍ (ഏകദേശം 59 കോടി രൂപ) വിലമതിക്കുന്ന പെയിന്റിങ് കൊട്ടാരത്തിന് അലങ്കാരമാകുന്നു. അതുപോലം വിലപിടിപ്പുള്ള ഏറെ വസ്തുക്കള്‍ കൊട്ടാരത്തെ അലങ്കരിക്കുന്നുണ്ട്.
1981 ല്‍ സുല്‍ത്താന്‍ ഹസ്സനല്‍ ബോള്‍കിയ തന്നെയാണ് കൊട്ടാരത്തിന്റെ നിര്‍മാണം ആരംഭിച്ചത്. 1984 ല്‍ നിര്‍മാണം പൂര്‍ത്തിയായി. ഫിലിപ്പീന്‍സ് നിര്‍മാണകമ്പനിയായ അയാല കോര്‍പറേഷന്റെ സഹവര്‍ത്തിത്വത്തോടെ ഫിലിപ്പിനോ ആര്‍ക്കിടെക്ട് ലിയാനാര്‍ഡോ ലോക്‌സിനാണ് നിര്‍മാണം പൂര്‍ത്തികരിച്ചത്.
Content Highlights: Sultan Hassanlal Bolkiah Istana Nurul Iman Palace PM Modi's Brunei Visit
Published: 05 Sept 2024, 10:40 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented