
വീട്ടില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് കരയുന്ന അമ്മ/ പുതിയ വീട്ടില്‍ നിന്നുള്ള ചിത്രം | Photo: Reddit
സ്വന്തമായി ഒരു വീടുണ്ടാക്കുക എന്ന് മിക്കവരുടേയും സ്വപ്‌നമാണ്. വാടക വീടുകളിലെ കഷ്ടപ്പാടുകള്‍ ഓര്‍ക്കുമ്പോള്‍ സ്വന്തമായി ഒരു വീട് എന്ന് ആഗ്രഹിക്കാത്ത മനുഷ്യരുണ്ടാകില്ല. വാടക വീട്ടില്‍ നിന്ന് സ്വന്തമായുണ്ടാക്കിയ വീട്ടിലേക്കെത്തുമ്പോഴുള്ള സന്തോഷവും പറഞ്ഞറിയിക്കാനാകാത്തതാണ്.
അത്തരത്തില്‍ വീട് എന്ന സ്വപ്‌നം സഫലമാക്കിയതിനെ കുറിച്ച് റെഡ്ഡിറ്റില്‍ പങ്കുവെച്ച ഒരു പോസ്റ്റാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയം. വാടക വീട്ടില്‍ നിറയെ വെള്ളം കയറിയതിനെ തുടര്‍ന്ന് അമ്മ കരയുന്നത് കണ്ടതോടെ ലോണെടുത്തും മറ്റുമായി സ്വന്തമായി ഒരു വീടുണ്ടാക്കിയതിനെ കുറിച്ചാണ് പോസ്റ്റില്‍ പറയുന്നത്.
'അവസാനം എന്റെ അമ്മയ്ക്കായി ഒരു വീട് നിര്‍മിച്ചു' എന്ന തലക്കെട്ടോടെയാണ് കുറിപ്പ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിനൊപ്പം രണ്ട് ചിത്രങ്ങളും ഉണ്ടായിരുന്നു. ഒന്നില്‍, മലിനജലം വീടിനുള്ളില്‍ കയറിയതിനെ തുടര്‍ന്ന് നിരാശയും ദുഃഖവും നിറഞ്ഞ മുഖത്തോടെ ഇരിക്കുന്ന അമ്മയെ കാണാമായിരുന്നു. രണ്ടാമത്തേതില്‍ പുതുതായി നിര്‍മിച്ച തന്റെ വീടിന്റെ ചിത്രവുമാണുണ്ടായിരുന്നത്.
'ആദ്യത്തെ ചിത്രത്തിലുള്ള സ്ത്രീ എന്റെ അമ്മയാണ്. കനത്ത മഴയെ തുടര്‍ന്ന് ഞങ്ങള്‍ താമസിച്ചിരുന്ന വാടക വീടിനുള്ളില്‍ മലിനജലം കയറിയപ്പോള്‍ ഒരു കൊച്ചുകുട്ടിയെപ്പോലെ അവര്‍ കരയുകയായിരുന്നു. അതെനിക്ക് ഒരു വഴിത്തിരിവായിരുന്നു. ഞാനൊരു ഇടത്തരം താഴ്ന്ന കുടുംബത്തില്‍ നിന്നാണ് വരുന്നത്. ഇതുവരെ ഞങ്ങള്‍ വാടക വീടുകളില്‍ മാത്രമാണ് താമസിച്ചിട്ടുള്ളത്.
ഏകദേശം 300 ചതുരശ്ര അടി മാത്രം വിസ്തീര്‍ണ്ണമുള്ള ഒരു സര്‍ക്കാര്‍ ക്വാര്‍ട്ടേഴ്‌സിലായിരുന്നു ഞങ്ങള്‍ താമസിച്ചിരുന്നത്. അവിടെ ജീവിതം വളരെ ദുഷ്‌കരമായിരുന്നു. ഞങ്ങള്‍ക്ക് സ്വന്തമായി ഒരു കുളിമുറി പോലും ഇല്ലായിരുന്നു. അമ്മയ്ക്കും സഹോദരിക്കും ഉപയോഗിക്കാന്‍ വേണ്ടി ഞങ്ങള്‍ താത്ക്കാലികമായി ഒരു സംവിധാനം ഉണ്ടാക്കിയിരുന്നു. ഞങ്ങള്‍ താമസിച്ചിരുന്ന ക്വാര്‍ട്ടേഴ്‌സ് അച്ഛന്റെ ഓഫീസിനുള്ളില്‍ ആയിരുന്നതുകൊണ്ട് ഞാനും അച്ഛനും അദ്ദേഹത്തിന്റെ ഓഫീസിലെ ശുചിമുറിയാണ് ഉപയോഗിച്ചിരുന്നത്. അവിടെയുള്ള ഓരോ ദിവസവും ഞാന്‍ വെറുത്തിരുന്നു, പക്ഷേ അക്കാലത്ത് ഞങ്ങള്‍ക്ക് താങ്ങാനാവുന്നത് അതായിരുന്നുവെന്ന് എനിക്കറിയാമായിരുന്നു.
ആദ്യ ചിത്രത്തിലെ സംഭവത്തിന് ശേഷം എന്നില്‍ മാറ്റമുണ്ടായി. ഒരുപാട് നിര്‍ബന്ധിച്ചതിന് ശേഷം ഞാന്‍ എന്റെ കുടുംബത്തെ ആ നരകത്തില്‍ നിന്ന് മെച്ചപ്പെട്ട ഒരു വീട്ടിലേക്ക് മാറ്റി. അതും വാടകവീടായിരുന്നു. ഞങ്ങള്‍ മുമ്പ് നല്‍കിയിരുന്നതിനേക്കാള്‍ വളരെ ഉയര്‍ന്ന വാടകയായിരുന്നു അതിന്. അക്കാലത്ത് എനിക്കൊരു ജോലി പോലും ഇല്ലായിരുന്നു. കോളേജില്‍ പഠിക്കുകയായിരുന്നു. പണം സമ്പാദിക്കാന്‍ വേണ്ടി ഞാന്‍ അടുത്തുള്ള കുട്ടികള്‍ക്ക് ട്യൂഷന്‍ എടുക്കാനും മറ്റ് ചെറിയ ജോലികള്‍ ചെയ്യാനും തുടങ്ങി.
ആ സംഭവം കഴിഞ്ഞ് അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം ഞാന്‍ ഒടുവില്‍ എന്റെ കുടുംബത്തിനായി ഒരു വീട് നിര്‍മിച്ചു. ലോണ്‍ അടക്കാനുണ്ടെങ്കിലും ഇത് സ്വന്തം വീട് പോലെയാണ് തോന്നുന്നത്. ഗൃഹപ്രവേശന പൂജ നടത്തിയപ്പോള്‍ അമ്മയുടെ മുഖത്തുണ്ടായ സന്തോഷം പറഞ്ഞറിയിക്കാനാകില്ല. ഒരു യുദ്ധം ജയിച്ച സന്തോഷമായിരുന്നു അത്. ഈ പുതിയ വീട് അത്ര ആഡംബരമുള്ളതോ വലുതോ അല്ലെന്ന് എനിക്കറിയാം. പക്ഷേ ഇത് ഞങ്ങളുടേതാണ്. അതുകൊണ്ട്, സുഹൃത്തുക്കളേ, നിങ്ങളുടെ സ്വപ്നങ്ങള്‍ക്കായി പരിശ്രമിച്ചുകൊണ്ടേയിരിക്കുക. ഒരു ദിവസം നിങ്ങള്‍ തീര്‍ച്ചയായും അവിടെയെത്തും.' എന്നാണ് പോസ്റ്റില്‍ പറഞ്ഞിരിക്കുന്നത്.
Content Highlights: man beats poverty builds dream home for mother
Published: 17 Oct 2025, 09:39 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented