പുതിയ വീട് നിര്‍മിച്ചതിന്റെ സന്തോഷം പങ്കുവെച്ച് നടി അര്‍ച്ചന കവി. നാട്ടില്‍ വിശ്രമജീവിതത്തിനൊരുങ്ങുന്ന മാതാപിതാക്കള്‍ക്കായാണ് വീടെന്ന് നടി വ്യക്തമാക്കി. കണ്ണൂരിലാണ് പുതിയ വീട്. വീടിന്റെ ഗൃഹപ്രവേശം കഴിഞ്ഞ ദിവസം നടന്നു. ഇതിന്റെ ചിത്രങ്ങള്‍ നടി തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു.

To advertise here,

'വീട് എല്ലാവരുടേയും സ്വപ്‌നമാണ്. എന്നാല്‍ മാതാപിതാക്കള്‍ക്കായി ഒരു റിട്ടയര്‍മെന്റ് ഹോം പണിയുക എന്നത് സവിശേഷമാണ്. അത്തരത്തില്‍ ഞങ്ങളുടെ വീടിന്റെ കൊച്ചുകാഴ്ചകള്‍ ഇതാ', എന്ന കുറിപ്പോടെയാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചത്. വീട് നിര്‍മാണത്തിനെത്തിയ തൊഴിലാളികള്‍ക്കൊപ്പം താരം ഇരിക്കുന്നതാണ് ആദ്യത്തെ ചിത്രം. ഫോട്ടോയില്‍ അതിഥി തൊഴിലാളികളേയും കാണാം. ഇവര്‍ക്കൊപ്പം നടി സന്തോഷം പങ്കുവെക്കുന്നതാണ് ചിത്രത്തിലുള്ളത്.

ഗൃഹപ്രവേശ ചടങ്ങിനുവേണ്ടി ഒരുക്കുന്ന അലങ്കാരപ്പണികളുടെ ചിത്രമാണ് പിന്നീട് പങ്കുവെച്ചത്. കുരുത്തോല കൊണ്ടാണ് ചടങ്ങിന് അലങ്കാരങ്ങള്‍ ഒരുക്കിയത്. വീടിന്റെ താക്കോല്‍ കൈമാറുന്നതിന്റേയും വീടിന്റെ അകത്തളത്തിന്റേയും ചിത്രങ്ങള്‍ അര്‍ച്ചന പങ്കുവെച്ചിട്ടുണ്ട്.

കേരളീയ ശൈലിയിലുള്ള വീടാണ് അര്‍ച്ചന മാതാപിതാക്കള്‍ക്കായി ഒരുക്കിയിരിക്കുന്നത്. കണ്ണൂരിലെ കുടിയാന്മലയാണ് അര്‍ച്ചനയുടെ മാതാപിതാക്കളുടെ സ്വദേശം. അര്‍ച്ചന പഠിച്ചതും വളര്‍ന്നതും ഡല്‍ഹിയിലാണ്. എം.ടി. വാസുദേവന്‍ നായര്‍ രചിച്ച് ലാല്‍ ജോസ് സംവിധാനംചെയ്ത 'നീലത്താമര'യിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച താരം ഏറെക്കാലമായി സിനിമയില്‍നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. 'ഐഡന്റിറ്റി' എന്ന ചിത്രത്തില്‍ പ്രധാനവേഷം ചെയ്ത താരം വീണ്ടും സജീവമാവാനൊരുങ്ങുകയാണ്.