വേഗവും ദൂരവും കരുത്തുമെല്ലാം അളന്നുമുറിച്ച് സ്വര്‍ണവും വെള്ളിയും വെങ്കലവും നിശ്ചയിക്കുന്ന ഒളിമ്പിക്‌സില്‍ പ്രണയത്തിനൊരു മത്സരമുണ്ടായാല്‍ അതില്‍ ഒന്നാമതെത്തുക സ്വീഡന്റെ പോള്‍വാള്‍ട്ട് താരം മോന്റോ ഡുപ്ലാന്റിസായിരിക്കും. ഇത്തവണ പാരിസ് ഒളിമ്പിക്‌സില്‍ സ്വന്തം പേരിലുള്ള ലോകറെക്കോഡ് തിരുത്തി ഡുപ്ലാന്റിസ് സ്വര്‍ണം കഴുത്തിലണിഞ്ഞപ്പോള്‍ സന്തോഷനിമിഷങ്ങള്‍ക്ക് സാക്ഷിയായി കാമുകി ഡിസെയര്‍ ഇംഗ്ലാണ്ടര്‍ ഗാലറിയിലുണ്ടായിരുന്നു. മൂന്നാം ശ്രമത്തില്‍ 6.25 മീറ്റര്‍ ഉയര്‍ന്നുചാടി പുതിയ റെക്കോഡിട്ടതിന് പിന്നാല ഡിസെയറിന് അടുത്തേക്ക് ഓടിയെത്തിയാണ് ഡുപ്ലാന്റിസ് ആഹ്ളാദം പങ്കിട്ടത്. പിന്നാലെ കാമുകിക്കൊരു ചുംബനവും നല്‍കി. ഒട്ടും വൈകാതെ ക്യാമറക്കണ്ണുകള്‍ ഈ പ്രണയനിമിഷത്തെ പകര്‍ത്തി.

To advertise here,

നാല് വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്റ്റോക്ക്ഹോമില്‍ നടന്ന ഒരു പാര്‍ട്ടിക്കിടയിലാണ് സ്വീഡിഷ് മോഡലായ ഡിസെയറിനെ ആദ്യമായി ഡുപ്ലാന്റിസ് കണ്ടുമുട്ടുന്നത്. അന്ന് ആദ്യ കാഴ്ച്ചയില്‍തന്നെ ഡിസെയറിനോട് ഇഷ്ടം തോന്നിയ ഡുപ്ലാന്റിസ് സംസാരിക്കാന്‍ അടുത്തുചെന്നു. എന്നാല്‍ ഡിസെയര്‍ ഒട്ടും താത്പര്യം കാണിച്ചില്ല. ഡുപ്ലെന്റിസ് ശൃംഗരിക്കാന്‍ വന്നതാണെന്ന തെറ്റിദ്ധാരണയില്‍ ഡിസെയര്‍ ഒഴിഞ്ഞുമാറി. എന്നാല്‍ അതിലൊന്നും പിന്നോട്ടുപോകാന്‍ ഡുപ്ലെന്റിസ് തയ്യാറായിരുന്നില്ല.

സോഷ്യല്‍ മീഡിയ വഴി വളരെ എളുപ്പത്തില്‍തന്നെ ഡിസെയറിന് അടുത്തെത്താന്‍ ഡുപ്ലാന്റിസിന് കഴിഞ്ഞു. 'സദുദ്ദേശത്തോടെയാണ് ഞാന്‍ സംസാരിക്കാന്‍ വന്നതെന്ന് അവര്‍ക്ക് അറിയില്ലായിരുന്നു. ശൃംഗരിക്കാന്‍ വന്നതല്ലെന്ന് എനിക്ക് തെളിയിക്കണമായിരുന്നു. അവളുടെ സ്ഥാനത്ത് ഞാനാണെങ്കിലും അതുപോലെ തന്നെയാണ് പ്രതികരിക്കുക. ഞാന്‍ മാന്യനായ ഒരു ചെറുപ്പക്കാരനാണെന്ന് കാലക്രമേണ എനിക്ക് തെളിയിക്കേണ്ടിവന്നു.' മുമ്പ് നല്‍കിയ ഒരു അഭിമുഖത്തില്‍ ഡുപ്ലാന്റിസ് പറയുന്നു.

2021-ല്‍ ഇരുവരും തങ്ങളുടെ പ്രണയം പരസ്യമാക്കി. ഇന്‍സ്റ്റഗ്രാമിലൂടെയാണ്  ഈ സന്തോഷവാര്‍ത്ത ആരാധകരെ അറിയിച്ചത്. അതിനുശേഷം ഡുപ്ലാന്റിസിനൊപ്പം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഡിസെയര്‍ യാത്ര ചെയ്തു. കാമുകന്റെ മത്സരങ്ങള്‍ കാണാന്‍ എപ്പോഴും കൂടെപ്പോയി. കഴിഞ്ഞ ടോക്യോ ഒളിമ്പിക്‌സില്‍ ഡുപ്ലാന്റിസ് സ്വര്‍ണം നേടിയപ്പോള്‍ ഗാലറിയില്‍ ആര്‍ത്തുവിളിച്ച് ഡിസെയറുണ്ടായിരുന്നു. ഇപ്പോഴിതാ പ്രണയനഗരമായ പാരിസിലും ഡുപ്ലാന്റിസിനൊപ്പം ഡിസെയറുമെത്തി. ചരിത്രനിമിഷത്തിന് സാക്ഷ്യം വഹിച്ചു. 

അതു മാത്രമല്ല, മത്സരം തുടങ്ങുന്നതിന് മുമ്പ് സ്റ്റേഡിയത്തില്‍ എത്തുമ്പോള്‍ ഡുപ്ലാന്റിസിന്റെ കൈയില്‍ എപ്പോഴും ഒരു കൂട്ടം പൂക്കളുണ്ടാകും. അത് ഡിസെയറിന് സമ്മാനിച്ചശേഷമാണ് ഡുപ്ലാന്റിസ് മത്സരത്തിനിറങ്ങുക. അതുപോലൊരു ബൊക്കെ പാരിസിലും ഡുപ്ലാന്റിസ് കരുതിവെച്ചിട്ടുണ്ടായിരുന്നു. വെള്ള ഫ്രോക്കിട്ട് ഗാലറിയില്‍ സുന്ദരിയായിരുന്ന ഡിസെയറിന് അടുത്തെത്തി പൂവ് സമ്മാനിച്ച് ഡുപ്ലാന്റിസ് മത്സരത്തിനിറങ്ങി. പിന്നെ സംഭവിച്ചത് ചരിത്രമായിരുന്നു.