ക്രിക്കറ്റിന്റെ മെക്കയായ ലോര്‍ഡ്‌സിലെ ബാല്‍ക്കണിയില്‍ ജഴ്‌സിയൂരി വീശി വിജയം ആഘോഷിച്ച സൗരവ് ഗാംഗുലിയുടെ മുഖം ആര്‍ക്കും മറക്കാന്‍ കഴിയില്ല. അഗ്രസീവ് ക്രിക്കറ്റ് എന്താണെന്ന് ഇന്ത്യയെ പഠിപ്പിച്ച, ക്രിക്കറ്റിനോടുള്ള ഇന്ത്യന്‍ ആരാധകരുടെ വിശ്വാസം തിരിച്ചുപിടിച്ച, ഇന്ത്യന്‍ ടീമിന്റെ മുഖച്ഛായ തന്നെ മാറ്റിയ ഇതിഹാസ നായകന്‍. ഓഫ്‌സൈഡിലെ ദൈവമായും കൊല്‍ക്കത്തയുടെ സ്വന്തം ദാദയായും അദ്ദേഹം ഇന്ത്യന്‍ ആരാധകരുടെ മനസില്‍ എന്നെന്നേക്കുമായി ഒരു കസേരയിട്ട് ഇരുപ്പുറപ്പിച്ചു. 2002-ലെ നാറ്റ്‌വെസ്റ്റ് പരമ്പരയില്‍ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് ഇന്ത്യ കിരീടം നേടിയതോടെ ഗാംഗുലിയെ ഒരുനോക്ക് കാണാന്‍ ആരാധകര്‍ തിക്കുംതിരക്കുംകൂട്ടി. പെണ്‍കുട്ടികളുടെ മനസില്‍ ഗാംഗുലിയോടുള്ള പ്രണയം മൊട്ടിട്ടു. പല ഭാഷകളിലുള്ള ലൗ ലെറ്റേഴ്‌സ് ദാദയെ തേടി കൊല്‍ക്കത്തയിലെ വീട്ടിലെത്തി. 

To advertise here,

എന്നാല്‍ ഇന്ത്യന്‍ ജേഴ്‌സി അണിയുന്നതിനും വര്‍ഷങ്ങള്‍ക്ക് മുമ്പേ ഗാംഗുലി തന്റെ ജീവിതപങ്കാളിയെ കണ്ടെത്തിയിരുന്നു. കുട്ടിക്കാലം മുതല്‍ ഒരുമിച്ച് കളിച്ചുവളര്‍ന്ന ഡോണയെന്ന പെണ്‍കുട്ടിയായിരുന്നു ആ മനസ് മുഴുവന്‍. എന്നാല്‍ ഡോണയെ സ്വന്തമാക്കാന്‍ ഗാംഗുലി കുറച്ചൊന്നുമല്ല കഷ്ടപ്പെട്ടത്. ക്രിക്കറ്റ് ഗ്രൗണ്ടില്‍ ത്രില്ലര്‍ മത്സരങ്ങള്‍ കാഴ്ച്ചവെച്ച് ഗാംഗുലി അതിനേക്കാള്‍ ത്രില്ലുള്ള രംഗങ്ങളിലൂടെ കടന്നുപോയാണ് ഡോണയെ ജീവിതത്തില്‍ ഒപ്പംകൂട്ടിയത്. വെള്ളിത്തിരയിലെ ഒരു പ്രണയകഥ പോലെ വാഗ്വദങ്ങളും പൊട്ടിത്തെറിയും ട്വിസ്റ്റുമെല്ലാം ചേര്‍ന്നൊരു ഉഗ്രന്‍ പ്രണയം. 

ബാല്‍ക്കണിയില്‍ നൃത്തം ചെയ്യുന്ന ഡോണ

കൊല്‍ക്കത്തയിലെ ബെഹാലയിലെ രാജകുടുംബത്തിലാണ് ഗാംഗുലി ജനിച്ചത്. ഗാംഗുലിയുടെ അച്ഛന്‍ ചണ്ഡിദാസ് കൊല്‍ക്കത്തയിലെ അറിയപ്പെടുന്ന ബിസിനസുകാരനായിരുന്നു. ആ നഗരത്തിലെ ഏറ്റവും ധനികനുമായിരുന്നു. അതുകൊണ്ടുതന്നെ ഒന്നിന്റേയും കുറവ് അറിയാതെയാണ് ഗാംഗുലി വളര്‍ന്നത്. 

ഗാംഗുലിയുടെ വീടിന് തൊട്ടടുത്തെ വീട്ടിലായിരുന്നു ഡോണ റോയ് മാതാപിതാക്കള്‍ക്കൊപ്പം താമസിച്ചിരുന്നത്. ബിസിനസുകാരനായ സഞ്ജീവ് റോയിയുടേയും സ്വപ്ന റോയിയുടേയും മകള്‍. കുട്ടിക്കാലം മുതല്‍ നൃത്തത്തോട് ഡോണ പ്രത്യേക താത്പര്യം കാണിച്ചിരുന്നു. മൂന്നാം ക്ലാസ് മുതല്‍ പ്രശസ്ത നര്‍ത്തകി അമല ശങ്കറിന് കീഴില്‍ ശാസ്ത്രീയ നൃത്തം അഭ്യസിക്കാനും തുടങ്ങി. എന്നാല്‍ പിന്നീട് ഇഷ്ടം ഒഡീസിയിലേക്ക് മാത്രമായി ചുരുങ്ങി. 

വീടിന്റെ ബാല്‍ക്കണയില്‍ നിന്ന് നൃത്തം ചെയ്യുന്ന ഡോണയുടെ ചിത്രമാണ് ഗാംഗുലിയുടെ പ്രണയകഥയിലെ ആദ്യ 'ബ്യൂട്ടിഫുള്‍ ഫ്രെയിം'. പലപ്പോഴും ഡോണയെ കാണാന്‍വേണ്ടി അവരുടെ വീടിന് മുന്നിലൂടെ ഗാംഗുലി ഓട്ടപ്രദക്ഷിണം നടത്തും. ഫുട്‌ബോള്‍ കളിക്കാന്‍ പോകുമ്പോഴും കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങാന്‍ പോകുകയാണെന്ന വ്യാജേനയുമെല്ലാം ഗാംഗുലി ഡോണയുടെ വീടിന് മുന്നിലെത്തും. ഒരു തവണയെങ്കിലും ഡോണയെ കാണാന്‍ പറ്റിയെങ്കിലോ എന്ന ചിന്തയായിരിക്കും മനസുനിറയെയുണ്ടാകുക. 

placeholder
.
ഡോണയുടെ നൃത്തം, ലോര്‍ഡ്‌സ് ബാല്‍ക്കണയില്‍ വിജമാഘോഷിക്കുന്ന ഗാംഗുലി | Photo: instagram/ dona ganguly/ BCCI

ദൂതനായി ഷട്ടില്‍കോക്ക്

ഗാംഗുലി കളിക്കുന്നത് ക്രിക്കറ്റാണെങ്കിലും ഡോണയുമായുള്ള പ്രണയത്തില്‍ ബാഡ്മിന്റണിന്റെ ഷട്ടില്‍കോക്കിന് ഒരു നിര്‍ണായക റോള്‍ തന്നെയുണ്ട്. ഡോണയുടെ വീടിന് അടുത്തെ ചെറിയ ഗ്രൗണ്ടില്‍ ഗാംഗുലിയും കൂട്ടുകാരും ഇടയ്ക്ക് ബാഡ്മിന്റണ്‍ കളിക്കാന്‍ പോകും. ഇതിനിടയില്‍ ഷട്ടില്‍ കോക്ക് ഡോണയുടെ വീട്ടുമുറത്തെത്തും. ഇതെടുക്കാന്‍ എപ്പോഴും ഗാംഗുലി തന്നെയാണ് പോകുക. ആ ഷട്ടില്‍കോക്കും പിടിച്ച് ഡോണ അവിടെ കാത്തിരിപ്പുണ്ടാകും. ഡോണയ്ക്ക് ഗാംഗുലിയോട് തിരിച്ചും ഇഷ്ടം തോന്നിത്തുടങ്ങിയ കാലമായിരുന്നു അത്. ഈ ചെറിയ കൂടിക്കാഴ്ച്ചയായിരുന്നു ഇവരുടെ പ്രണയത്തിലെ ഏക ആശ്വാസം.

ആദ്യ ഡേറ്റ്

ഇതിനിടയില്‍ ഒരു ദിവസം ഡോണയെ ഗാംഗുലി മന്ദാരിനിലെ ഒരു ചൈനീസ് റെസ്‌റ്റോറന്റിലേക്ക് ഡേറ്റിങ്ങിനായി വിളിച്ചു. അച്ഛനും അമ്മയും അറിയുമോ എന്ന പേടി ഡോണയ്ക്കുണ്ടായിരുന്നു. അത് മറച്ചുപിടിച്ച് അവര്‍ ഗാംഗുലിക്കൊപ്പം റെസ്റ്റോറന്റിലെത്തി.

അന്ന് ഗാംഗുലി കഴിച്ച ഭക്ഷണത്തിന്റെ അളവ് കണ്ട് താന്‍ അമ്പരന്നുപോയെന്ന് പിന്നീട് അഭിമുഖങ്ങളില്‍ ഡോണ പറഞ്ഞിട്ടുണ്ട്. രണ്ടില്‍ കൂടുതല്‍ പേര്‍ക്ക് കഴിക്കാനുള്ള ഭക്ഷണം ഗാംഗുലി ഓര്‍ഡര്‍ ചെയ്തിരുന്നു. ഡോണ അതില്‍നിന്ന് കുറച്ചു മാത്രമേ കഴിച്ചുള്ളു. ബാക്കിയുള്ള ഭക്ഷണമെല്ലാം ഗാംഗുലി ഒറ്റയ്ക്ക് കഴിച്ചുതീര്‍ത്തു. 

എന്നാല്‍ ഇതൊന്നും ഇരുവരുടേയും വീട്ടുകാര്‍ക്ക് അറിയില്ലായിരുന്നു. കുടുംബാംഗങ്ങള്‍ തമ്മില്‍ ചെറിയ അസ്വാരസ്യങ്ങളുള്ളതിനാല്‍ വീട്ടുകാരുടെ ആശീര്‍വാദത്തോടെ വിവാഹം കഴിക്കാന്‍ കഴിയില്ലെന്ന തിരിച്ചറിവ് ഡോണയ്ക്കും ഗാംഗുലിക്കുമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ഓരോ കൂടിക്കാഴ്ച്ചയും ഇരുവരും രഹസ്യമാക്കിവെച്ചു. പക്ഷേ അത് അധികകാലം നീണ്ടുനിന്നില്ല. ആ പ്രണയം വീട്ടുകാര്‍ കണ്ടുപിടിച്ചു. രണ്ട് വീട്ടിലും പ്രശ്‌നങ്ങളുണ്ടായി. ബന്ധം അവസാനിപ്പിക്കണമെന്ന് ഇരുവരോടും കുടുംബാംഗങ്ങള്‍ ആവശ്യപ്പെട്ടു.

placeholder
.
ഗാംഗുലി കുടുംബാംഗങ്ങള്‍ക്കൊപ്പം | Photo: ANI

ലോര്‍ഡ്‌സ് അരങ്ങേറ്റവും വിവാഹവും

ഇതിനിടയിലാണ് ഇന്ത്യന്‍ ടീമിലേക്ക് ഗാംഗുലി തിരഞ്ഞെടുക്കപ്പെടുന്നത്. 1996 ജൂണില്‍ ലോര്‍ഡ്‌സ് ഗ്രൗണ്ടില്‍ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റില്‍ ഗാംഗുലി അരങ്ങേറി. ഇംഗ്ലീഷ് ബൗളര്‍മാരെ അടിച്ചൊതുക്കിയ പൊടിമീശക്കാരന്‍ പയ്യന്‍ സെഞ്ചുറിലൂടെ തന്റെ വരവറിയിച്ചു.

ഈ പരമ്പരയ്ക്ക് പിന്നാലെ ഇന്ത്യയിലേക്ക് തിരിച്ചെത്തിയ ഗാംഗുലി ആദ്യം ചെയ്ത കാര്യം ഡോണയുമായുള്ള രഹസ്യ വിവാഹമായിരുന്നു. അന്ന് ഗാംഗുലിക്ക് 24ഉം ഡോണയ്ക്ക് 20ഉം വയസ്സായിരുന്നു. രജിസ്ട്രാര്‍ ഓഫീസില്‍ പോയി വിവാഹം ചെയ്യാനായിരുന്നു ഇരുവരും ആദ്യം പദ്ധതിയിട്ടത്. എന്നാല്‍ ഗാംഗുലിയെ ആളുകള്‍ തിരിച്ചറിയുമെന്നും വിവാഹം വീട്ടില്‍ അറിയുമെന്നും മനസിലായതോടെ ആ പദ്ധതി ഉപേക്ഷിച്ചു. തുടര്‍ന്ന് ഗാംഗുലി രഞ്ജി ടീമിലെ സഹതാരത്തിനോട് സഹായം ചോദിച്ചു. അദ്ദേഹം വിവാഹത്തിനുവേണ്ട കാര്യങ്ങള്‍ ചെയ്തു. സുഹൃത്തിന്റെ വീട്ടിലേക്ക് രജിസ്ട്രാര്‍ വന്നു. അടുത്ത സുഹൃത്തുക്കള്‍ വിവാഹത്തിന് സാക്ഷിയായി. 

ഒടുവില്‍ വീട്ടുകാരുടെ സമ്മതം

എന്നാല്‍ ഈ രഹസ്യവിവാഹം പരസ്യമാകാന്‍ അധികകാലം വേണ്ടിവന്നില്ല. അഞ്ചു മാസങ്ങള്‍ മാത്രമേ ആ രഹസ്യത്തിന് ആയുസുണ്ടായിരുന്നുള്ള. വിവാഹം രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞതിനാല്‍ വീട്ടുകാര്‍ക്ക് മറ്റൊന്നും ചെയ്യാനുണ്ടായിരുന്നില്ല. ഇരുവരോടും ദേഷ്യപ്പെട്ടെങ്കിലും ഒടുവില്‍ വിവാഹത്തിന് സമ്മതംമൂളി. അങ്ങനെ 1997 ഫെബ്രുവരി മൂന്നിന് ഇരുവരുടേയും വിവാഹം വീണ്ടും വീട്ടുകാര്‍ എല്ലാ ചടങ്ങുകളോട് കൂടിയും നടത്തി. ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം ആ ചടങ്ങില്‍ പങ്കെടുത്തു. 

placeholder
.
ഗാംഗുലി-ഡോണ വിവാഹചിത്രം | Photo: instagram/ dona ganguly

നടി നഗ്മയെ ചേര്‍ത്തുള്ള ഗോസിപ്പ്

ഇന്ത്യന്‍ ക്രിക്കറ്റില്‍ ഗാംഗുലി മേല്‍വിലാസമുണ്ടാക്കിയതോടെ നടി നഗ്മയുമായും ഇന്ത്യന്‍ ക്യാപ്റ്റന്റെ പേര് കൂട്ടിവായിക്കപ്പെട്ടു. 1990-കളുടെ അവസാനത്തിലായിരുന്നു ഈ പ്രണയകഥ പരന്നത്. ഇരുവരും ക്ഷേത്രസന്ദര്‍ശനം നടത്തിയതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നതായിരുന്നു ഇതിനെല്ലാം കാരണം. 1999-ലെ ഏകദിന ലോകകപ്പിനിടെ ഗാംഗുലിയും നഗ്മയും കണ്ടുമുട്ടിയതും വാര്‍ത്താ തലക്കെട്ടുകള്‍ സൃഷ്ടിച്ചു.

എന്നാല്‍ ഇതിനെ കുറിച്ച് ഗാംഗുലി ഒരു പ്രതികരണവും നടത്തിയിരുന്നില്ല. ഇതെല്ലാം പ്രചരിക്കുന്നതിനിടയില്‍ ഗാംഗുലിയും ഡോണയും തമ്മിലുള്ള വിവാഹം നടന്നിരുന്നു. നഗ്മയുമായി ഗാംഗുലി പ്രണയത്തില്‍ അല്ലായിരുന്നുവെന്നും വ്യാജപ്രചരണങ്ങളുടെ സമയത്ത് ഇന്ത്യന്‍ ക്യാപ്റ്റന് കരുത്ത് പകര്‍ന്ന്ത ഭാര്യ ഡോണയാണെന്നും ആരാധകര്‍ പറഞ്ഞുനടന്നു. എന്നാല്‍ വീട്ടുകാരുടെ എതിര്‍പ്പ് മൂലമാണ് ഗാംഗുലി നഗ്മയുമായുള്ള വിവാഹത്തില്‍ നിന്ന് പിന്മാറിയത്, ഡോണയെ വിവാഹം ചെയ്തശേഷവും ഗാംഗുലി നഗ്മയുമായുള്ള ബന്ധം തുടരാന്‍ ശ്രമിച്ചിരുന്നുവെന്നും നഗ്മ എതിര്‍ക്കുകയായിരുന്നുവെന്നും മറുവാദമുണ്ട്. ഗാംഗുലി കരിയറില്‍ പിന്നോട്ട് പോയതോടെ നഗ്മയെ ആരാധകര്‍ വിമര്‍ശിച്ചതും താരസുന്ദരിയുമായുള്ള ബന്ധം തകരാന്‍ കാരണമായെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു.

placeholder
.
നഗ്മയും ഗാംഗുലിയും | Photo: twitter

വര്‍ഷങ്ങള്‍ക്കുശേഷം 2009-ല്‍ ടെലഗ്രാഫിന് നല്‍കിയ അഭിമുഖത്തില്‍ നഗ്മ ഗാംഗുലിയുമായുള്ള ബന്ധത്തെ കുറിച്ച് പറയുന്നുണ്ട്. 'ചില വ്യക്തികള്‍ ദശലക്ഷക്കണക്കിന് ആളുകളുടെ മനസ് കീഴടക്കും. ഈ ഫീല്‍ഡ് വ്യത്യസ്ത പശ്ചാത്തലത്തിലുള്ളവര്‍ക്ക് തമ്മില്‍ കണ്ടുമുട്ടാനുള്ള വേദിയൊരുക്കും. പ്രശസ്തരായ രണ്ടുപേര്‍ ഇത്തരത്തില്‍ കണ്ടുമുട്ടി അടുത്താല്‍ ആളുകളുടെ ഇടയില്‍ അത് ചര്‍ച്ചയാകും. പ്രശസ്തരായ രണ്ടു പേര്‍ ഒന്നിക്കുന്നത് ലോകം ഇഷ്ടപ്പെടുന്നില്ല. ഒരു ബന്ധം സത്യസന്ധമാണെങ്കില്‍ അത് ഒരിക്കലും തകര്‍ന്നുപോകില്ലെന്ന് ഞാന്‍ വിശ്വസിക്കുന്നു. സുഹൃത്തുക്കള്‍ എപ്പോഴും സുഹൃത്തുക്കളായിതന്നെ തുടരും. നിങ്ങള്‍ ആ വ്യക്തിയുമായി നല്ല നിമിഷങ്ങള്‍ പങ്കിട്ടിട്ടുണ്ടെങ്കില്‍ ആ ബന്ധമോ നിമിഷമോ ഒരിക്കലും ജീവിതത്തില്‍ നിന്ന് പോകില്ല.'  ഗാംഗുലിയുടെ പേര് പരാമര്‍ശിക്കാതെയായിരുന്നു നഗ്മയുടെ ഈ പ്രതികരണം. 2020-ല്‍ ഗാംഗുലിക്ക് പിറന്നാള്‍ ആശംസ അറിയിച്ച് നഗ്മ പങ്കുവെച്ച ട്വീറ്റും ഏറെ ചര്‍ച്ചാവിഷയമായി മാറി. 

അമ്മയെപ്പോലെ സനയും നര്‍ത്തകി

വിവാഹം കഴിഞ്ഞ് നാല് വര്‍ഷത്തിന് ശേഷം ഗാംഗുലിയ്ക്കും ഡോണയ്ക്കും ആദ്യ കുഞ്ഞ് പിറന്നു. സന എന്നാണ് ഇരുവരും മകള്‍ക്ക് പേര് നല്‍കിയത്. അമ്മയുടെ പാത പിന്തുടര്‍ന്ന സനയും നൃത്തത്തിന്റെ ലോകത്താണ് ചുവടുവെച്ചത്. അമ്മയെപ്പോലെ ഒഡീസി നൃത്തം തന്നെ തിരഞ്ഞെടുത്തു. രണ്ടുപേരും ഇടയ്ക്ക് ഒരുമിച്ച് സ്‌റ്റേജില്‍ ഒഡീസി ചെയ്യാറുണ്ട്. ആ സമയത്തെല്ലാം വേദിയില്‍ കാഴ്ച്ചക്കാരനായി ഗാംഗുലിയുമുണ്ടാകും.

ഗാംഗുലി എപ്പോഴും തിരക്കുകളില്‍ ആയതിനാല്‍ 16 വയസ്സുവരെ മകളുടെ എല്ലാ കാര്യങ്ങളും നോക്കിയിരുന്നത് താനാണെന്ന് ഒരു അഭിമുഖത്തില്‍ ഡോണ പറഞ്ഞിരുന്നു. സനയെ സ്‌കൂളില്‍ വിടുന്നതും തിരിച്ചുകൊണ്ടുവരുന്നതുമെല്ലാം താന്‍ ആയിരുന്നെന്നും അതെല്ലാം ആസ്വദിച്ചാണ് ചെയ്തിരുന്നതെന്നും അവര്‍ പറയുന്നു. ഇതിനായി നീണ്ട വര്‍ഷം തന്റെ നൃത്ത കരിയര്‍ മാറ്റിവെക്കേണ്ടി വന്നതില്‍ തനിക്ക് കുറ്റബോധം തോന്നിയിട്ടില്ലെന്നും അവര്‍ വ്യക്തമാക്കുന്നു.

placeholder
.
ഗാംഗുലിയും ഡോണയും മകള്‍ സനയ്‌ക്കൊപ്പം | Photo: instagram/ sourav ganguly

'എന്റെ ജീവിതത്തില്‍ കരിയറിനേക്കാള്‍ അമ്മയുടെ റോളിനാണ് ഞാന്‍ പ്രാധാന്യം നല്‍കുന്നത്. അതിനാണ് ആദ്യ പരിഗണന. 16-ാം വയസ്സുവരെ അവളുടെ ഓരോ കാര്യത്തിനും ഞാന്‍ കൂടെനിന്നു. സ്‌കൂളിലെ പരിപാടിക്ക് പോയിരുന്നതെന്നും പ്രോഗസ് കാര്‍ഡ് ഒപ്പിട്ടുനല്‍കിയിരുന്നതുമെല്ലാം ഞാനായിരുന്നു. ഒന്നോ രണ്ടോ തവണ മാത്രമാണ് അവളുടെ കൂടെ സ്‌കൂളിലേക്ക് പോകാതെ നിന്നിട്ടുള്ളത്.' അഭിമുഖത്തില്‍ ഡോണ പറയുന്നു.

ഗാംഗുലിയുടെ ഭാര്യ എന്ന പേരില്‍ അറിയപ്പെടുന്നത് തനിക്ക് അഭിമാനം നല്‍കുന്ന കാര്യമാണെന്നും ഡോണ പറയുന്നു. 'മിസ് സൗരവ് ഗാംഗുലി എന്നത് അഭിമാനകരമായ കാര്യമാണ്. അദ്ദേഹത്തിന്റെ പേരില്‍ അറിയപ്പെടുന്നതും അദ്ദേഹത്തെ എന്റെ സുഹൃത്തും ജീവിതപങ്കാളിയുമായി കിട്ടിയതും ഞാന്‍ ഭാഗ്യമായി കരുതുന്നു. ക്രിക്കറ്റിനെ സ്‌നേഹിക്കുന്ന അദ്ദേഹം വിദേശത്ത് എങ്ങനെ ജയിക്കാമെന്ന് ഇന്ത്യയെ പഠിപ്പിച്ചു. ഇതാണ് ആളുകള്‍ അദ്ദേഹത്തെ സ്‌നേഹിക്കാന്‍ കാരണം. അതുപോലെ, ഒരു ഒഡീസി നര്‍ത്തകി എന്ന നിലയിലുള്ള എന്റെ ചെറിയ വ്യക്തിത്വം നിലനിര്‍ത്തുന്നതില്‍ ഞാന്‍ സന്തോഷവതിയാണ്. എന്റെ നൃത്തത്തോടുള്ള അഭിനിവേശമാണ് എന്നെ മുന്നോട്ട് നയിക്കുന്നത്'-ഡോണ പറഞ്ഞുനിര്‍ത്തുന്നു.