മലയാളിയുടെ സ്വീകരണമുറിയിലെ പ്രിയമുഖങ്ങളില്‍ ഒന്നാണ് മീര അനില്‍. കോമഡി സ്റ്റാര്‍സിന്റെ അവതാരക. അവതാരക വേഷമണിഞ്ഞ ആദ്യകാലങ്ങളെപ്പറ്റി, സ്റ്റേജിലെ മറക്കാനാകാത്ത നിമിഷങ്ങളെപ്പറ്റി, പ്രേക്ഷകരില്‍നിന്ന് ഏറ്റുവാങ്ങിയ സ്നേഹാഭിനന്ദനങ്ങളെപ്പറ്റി മീര സംസാരിക്കുന്നു.

To advertise here,

പ്ലസ്ടു കഴിഞ്ഞ് സിവില്‍ എന്‍ജിനീയറിങ്ങിന് ചേര്‍ന്നു. പഠിച്ചുതുടങ്ങിയതോടെ എനിക്ക് പറ്റിയതല്ലെന്ന് മനസ്സിലായി. ഒരു വിധത്തില്‍ പാസായി. ജോലിക്ക് കയറിയപ്പോള്‍ തോന്നി കഷ്ടപ്പെട്ട് ജോലി ചെയ്യുന്നതിനേക്കാളും നല്ലത് ഇഷ്ടപ്പെട്ട് ജോലി ചെയ്യുന്നതാണെന്ന്. ആങ്കറിങ്ങിനോടുള്ള ഇഷ്ടം ഉള്ളിലുണ്ട്. കോളേജില്‍ ആങ്കറിങ്ങായിരുന്നു എന്റെ മെയിന്‍. അങ്ങനെ ഇലക്ട്രോണിക് ജേര്‍ണലിസം ചെയ്തു.

പിന്നീടൊരിക്കല്‍ ഒരു സുഹൃത്തിനൊപ്പം ഏഷ്യാനെറ്റില്‍ 'നേര്‍ക്കുനേര്‍' എന്ന ഷോ കാണാന്‍ പോയി. കഥാകൃത്ത് ഉണ്ണി. ആര്‍ ആയിരുന്നു ഷോയുടെ പ്രൊഡ്യൂസര്‍. അദ്ദേഹം പറഞ്ഞതനുസരിച്ച് സ്‌ക്രീന്‍ ടെസ്റ്റില്‍ പങ്കെടുത്തു. ഏഷ്യാനെറ്റ് ന്യൂസില്‍ ജോയിന്‍ ചെയ്തു. 'സ്ത്രീ' എന്ന പരിപാടിയാണ് ആദ്യമായി അവതരിപ്പിച്ചത്. ഒരു വര്‍ഷം കഴിഞ്ഞ് കൈരളിയിലേക്ക്. ലൈവ് പരിപാടി അവതരിപ്പിക്കേണ്ട ചുമതല. ആ അനുഭവങ്ങള്‍ പിന്നീട് കരിയറിലുടനീളം മുതല്‍ക്കൂട്ടായി.

സിനിമയിലേക്ക്

പ്രോഗ്രാം കണ്ട  ടി.കെ. രാജീവ്കുമാര്‍ സാര്‍ എന്നെ 'തത്സമയം ഒരു പെണ്‍കുട്ടി' എന്ന സിനിമയിലേക്ക് വിളിച്ചു. കുറച്ച് കഴിഞ്ഞ് മതിയെന്ന് വീട്ടുകാര്‍ പറഞ്ഞതോടെ അത് വേണ്ടെന്നുവച്ചു. പിന്നീടും അവസരങ്ങള്‍ വന്നു. പക്ഷേ അന്നും ഇന്നും സിനിമ എന്നെ ആകര്‍ഷിച്ചിട്ടില്ല.

കരിയര്‍ ബ്രേക്ക്

കോമഡി സ്റ്റാര്‍സില്‍ അഭിനയിക്കുന്നവരുടെ വിശേഷങ്ങള്‍ പറയുന്ന പ്രൊഫൈല്‍ പ്രോഗ്രാം ചെയ്തുകൊണ്ടാണ് ഞാന്‍ ഷോയുടെ ഭാഗമാകുന്നത്. ശ്രുതി മേനോനാണ് അന്ന് ആങ്കറായിരുന്നത്. ജഗദീഷേട്ടന്‍, കല്പനചേച്ചി എന്നിവരെല്ലാം സ്റ്റേജില്‍ പരിപാടി അവതരിപ്പിക്കുന്നത് ഞാന്‍ നോക്കിനില്‍ക്കും. സ്റ്റേജിനോട് അഭിനിവേശം തോന്നുന്നത് അങ്ങനെയാണ്. രണ്ടാമത്തെ സീസണിലാണ് ഞാന്‍ ആങ്കറായി എത്തുന്നത്. ''മീരയ്ക്ക് ഞങ്ങള്‍ അകത്തേക്ക് ഒരു എന്‍ട്രി തരികയാണ്. നന്നായി ചെയ്താല്‍ തനിക്ക് കൊള്ളാം '' എന്നാണ് ഷോയുടെ ഡയറക്ടര്‍ ബൈജു മേലില സാര്‍ എന്നോട് പറഞ്ഞത്. അവര്‍ എന്നില്‍ അര്‍പ്പിച്ച വിശ്വാസം ഞാന്‍ ഇന്നും നിലനിര്‍ത്തുന്നു.

അനുഭവങ്ങള്‍ പാളിച്ചകള്‍

കോമഡി, സിനിമാതാരങ്ങളെ കൗണ്ടറടിച്ച് വീഴ്ത്താന്‍ എളുപ്പമല്ല. 'കോമഡി അവാര്‍ഡ്സ് നൈറ്റി'ല്‍ പാഷാണം ഷാജിച്ചേട്ടന്‍ കോമഡിയടിച്ച് എന്നെ തളര്‍ത്തിയിട്ടുണ്ട്. പ്രതീക്ഷിക്കാത്ത സമയത്ത് ഇവരെല്ലാം പറയുന്ന കോമഡികള്‍ കേട്ട് മിണ്ടാതെ നില്‍ക്കാനേ പറ്റൂ. കോമഡി സ്റ്റാര്‍സില്‍ ''ആരും എവിടെയും പോകരുത്, എ ഷോര്‍ട്ട് ബ്രെയ്ക്ക്'' എന്ന എന്റെ ഡയലോഗ് പറയാന്‍ പരിപാടികള്‍ക്ക് പോകുമ്പോള്‍ ആളുകള്‍ ആവശ്യപ്പെടാറുണ്ട്. സുരാജേട്ടന്‍ ഈ ഡയലോഗ് പറഞ്ഞ് കളിയാക്കാറുണ്ട്.

(ഗൃഹലക്ഷ്മിയില്‍ പ്രസിദ്ധീകരിച്ചത്)