ലയാളിയുടെ സ്വീകരണമുറിയിലെ പ്രിയ മുഖങ്ങളില്‍ ഒന്നാണ് അശ്വതി ശ്രീകാന്തിന്റേത്. കോമഡി സൂപ്പര്‍ നൈറ്റിലൂടെ മലയാളികള്‍ക്ക് പരിചിതമായ മുഖം. പൊട്ടിച്ചിരിപ്പിക്കുന്ന കൗണ്ടര്‍ അറ്റാക്കുകളിലൂടെ പ്രേക്ഷകരെ ടി.വി.ക്കുമുന്നില്‍ മണിക്കൂറുകളോളം പിടിച്ചിരുത്തുന്ന മിടുക്കി. അവതാരകവേഷമണിഞ്ഞ ആദ്യകാലങ്ങളെപ്പറ്റി, സ്റ്റേജിലെ മറക്കാനാകാത്ത നിമിഷങ്ങളെപ്പറ്റി, പ്രേക്ഷകരില്‍നിന്ന് ഏറ്റുവാങ്ങിയ സ്നേഹാഭിനന്ദനങ്ങളെപ്പറ്റി അശ്വതി സംസാരിക്കുന്നു. 

To advertise here,

ദുബായില്‍ റേഡിയോ ജോക്കിയായിരുന്നപ്പോഴാണ് ഫ്ളവേഴ്സില്‍നിന്ന് കോള്‍ വരുന്നത്. പോസ്റ്റ്പാര്‍ട്ടം ഡിപ്രഷനിലൂടെ കടന്നുപോകുന്ന സമയമായിരുന്നു അത്. മാസത്തില്‍ നാല് ദിവസമേ ഷൂട്ടുള്ളൂ. ബാക്കിസമയം ഫ്രീയാണ്. റിലാക്സ് ചെയ്ത് പോകാമെന്ന് തോന്നി. അങ്ങനെ ടെലിവിഷന്‍ ലോകത്തിന്റെ ഭാഗമായി. 

ഞാന്‍ പൊതുവെ ഇന്‍ട്രോവെര്‍ട്ട് ആണ്. പ്രോഗ്രാം അവതരിപ്പിക്കുന്ന സമയത്ത് വേറെയാളായി മാറും. ഉറക്കെ സംസാരിക്കും. തമാശകള്‍ പറയും. അത്ര ഇഷ്ടമില്ലാത്ത കോസ്റ്റ്യൂമും മേക്കപ്പും ഇടേണ്ടി വരും. നമ്മള്‍ അറിയാതെ മറ്റൊരാളായി മാറുകയാണ്. അപ്പോഴും ചെയ്യുന്ന ജോലി ആസ്വദിക്കാന്‍ പറ്റാറുണ്ട്.'കോമഡി സൂപ്പര്‍ നൈറ്റി'ല്‍ സുരാജേട്ടന്‍ (സുരാജ് വെഞ്ഞാറമൂട്) കൂട്ടിനുണ്ടായിരുന്നതുകൊണ്ട് എന്‍ജോയ് ചെയ്താണ് അവതരിപ്പിച്ചത്.

എഴുത്തുകാരി എന്ന ലേബല്‍

എഴുത്ത് ചെറുപ്പം തൊട്ടേയുണ്ട്. തൊടുപുഴയിലാണ് ജനിച്ചത്. ചെറുപ്പത്തില്‍ എനിക്ക് കൈമുതലായി കിട്ടിയ ഒരു കാര്യം വായനയാണ്. അഭിനയവും പ്രോഗ്രാം അവതരണവും ജീവിക്കാനുള്ള മാര്‍ഗങ്ങളായിട്ടാണ് ഞാന്‍ കാണുന്നത്. എഴുത്ത് അങ്ങനെയല്ല. ആദ്യ പുസ്തകമായ 'ഠ'യില്ലാത്ത മുട്ടായികള്‍' പലകാലത്തെ ഓര്‍മകള്‍ നിറഞ്ഞ കഥകളായിരുന്നു.    

തിരക്കുകള്‍ക്കിടയിലും ജീവിതം ആസ്വദിക്കുന്നു

ആകെയൊരു ജീവിതമേ ഉള്ളൂ എന്ന് ആലോചിക്കുന്നയാളാണ് ഞാന്‍. ഇപ്പോള്‍ പറ്റിയില്ലെങ്കില്‍ പിന്നെയൊരിക്കലും സന്തോഷങ്ങളെ എത്തിപ്പിടിക്കാന്‍ കഴിയില്ല. തിരക്കുപിടിച്ച സമയത്തിലൂടെയാണ് കടന്നുപോകുന്നത്. ജോലി, കുടുംബം തുടങ്ങിയ സംഗതികളെല്ലാം ഒരു വശത്തുണ്ട്. കിട്ടുന്ന സമയത്ത് ചെയ്യാന്‍ പറ്റുന്നതെല്ലാം ചെയ്യുക എന്നതാണ് ഇപ്പോഴത്തെ പ്ലാന്‍. സന്തോഷം പങ്കുവച്ച് ഓരോ സന്ദര്‍ഭത്തിലും നമ്മള്‍ ബോധപൂര്‍വം ഒഴിവാക്കുന്ന ചില കാര്യങ്ങളുണ്ടാകും. അതുപോലെ പ്രാവര്‍ത്തികമാക്കാന്‍ പറ്റാത്ത കാര്യങ്ങളും ഉണ്ട്. അത്തരത്തില്‍ മറ്റുള്ളവര്‍ക്ക് പ്രയോജനമുണ്ടാകുന്ന കാര്യങ്ങള്‍ അവതരിപ്പിക്കാമെന്ന ആലോചനയിലാണ് യൂട്യൂബ് ചാനല്‍ തുടങ്ങിയത്. ഒപ്പം വ്യക്തിജീവിതത്തിലെ ചില സന്തോഷങ്ങളും പങ്കുവെക്കാമെന്നു തോന്നി.

ലൈഫ് കോച്ചിങ് കരിയര്‍

കോവിഡ് സമയത്ത് അഭിനയത്തിലേക്കും കടന്നു. ഇപ്പോള്‍ ലൈഫ് കോച്ചിങ് കരിയറും തുടങ്ങിയിട്ടുണ്ട്. ഇമോഷണല്‍ സപ്പോര്‍ട്ട് ആവശ്യമുള്ള ആളുകളെ കണ്ടെത്തി അവരുടെ മുന്നോട്ടുള്ള ജീവിതത്തിന് കരുത്ത് പകരുകയാണ് ലൈഫ് കോച്ചിങ്ങിലൂടെ. എനിക്ക് കിട്ടിയ അവസരങ്ങളെല്ലാം എന്നെ തേടിവന്നതായിരുന്നു. ഭാഗ്യവശാല്‍ അതെല്ലാം ഭംഗിയായി ചെയ്യാനും സാധിച്ചു. പലപ്പോഴായി പ്രേക്ഷകരില്‍നിന്ന് ലഭിച്ച സ്നേഹം തന്നെയാണ് ഈ യാത്രയില്‍ എന്റെ കരുത്ത്.

(ഗൃഹലക്ഷ്മിയില്‍ പ്രസിദ്ധീകരിച്ചത്)