ജലഗതാഗത വകുപ്പിന്റെ എ-47 ബോട്ടു ജീവനക്കാരനായി വെള്ളിയാഴ്ച കാലെടുത്തു വെച്ചപ്പോള്‍ ആലപ്പുഴയിലെ പെരുമ്പളം ദ്വീപുകാരനായ വെങ്കിടേഷ് ബാബുവിന്റെ ഓര്‍മകള്‍ 29 വര്‍ഷം പിന്നോട്ടു പറന്നു. അന്നൊരു രാത്രി താന്‍ പിറന്നുവീണ അതേ ബോട്ടില്‍ ഇന്ന് ജീവനക്കാരന്‍! അന്ന് പാണാവള്ളി-പൂത്തോട്ട റൂട്ടില്‍ സര്‍വീസ് നടത്തിയിരുന്ന ബോട്ട് ഇന്ന് നെടുമുടി-ആലപ്പുഴ സൂപ്പര്‍ എക്‌സ്പ്രസ്.

To advertise here,

ബോട്ട് ലാസ്‌കര്‍ തസ്തികയില്‍ പിഎസ്‌സി നിയമനം കിട്ടിയ വെങ്കിടേഷ്, വെള്ളിയാഴ്ച രാവിലെ നെടുമുടി സ്റ്റേഷന്‍ മാസ്റ്റര്‍ മനാഫ് ഖാദറിനു മുന്നില്‍ ഒപ്പിട്ടു. ശേഷം മുതിര്‍ന്ന ലാസ്‌കര്‍ സി. ബൈജുവിനു ദക്ഷിണ നല്‍കി ഇനി പോറ്റമ്മയാകേണ്ട ബോട്ടില്‍ പ്രവേശിച്ചു. സാക്ഷികളായി മാതാപിതാക്കളും സഹോദരനും.

1996 ജൂണ്‍ മൂന്നിനു പുലര്‍ച്ചെ രണ്ടിനാണ് പെരുമ്പളം സൗത്ത് കിഴക്കനേത്ത് ടി.വി. ബാബുവിന്റെ ഭാര്യ ഷൈലയ്ക്ക് പ്രസവവേദന തുടങ്ങിയത്. അക്കാലത്ത് പെരുമ്പളം ദ്വീപിലെ സൗത്ത് ജെട്ടിയിലാണ് എ-47 ബോട്ട് രാത്രി കെട്ടിയിരുന്നത്. ദ്വീപുകാര്‍ക്ക് രാത്രിയില്‍ അസുഖം വന്നാല്‍ ആശുപത്രിയിലേക്കു പോകാന്‍ ഈ ബോട്ട് പ്രത്യേക സര്‍വീസ് നടത്തുമായിരുന്നു.

ആ രാത്രി ഷൈലയുമായി ഭര്‍ത്താവും മാതാപിതാക്കളും ധൃതിയില്‍ ബോട്ടു യാത്ര തുടങ്ങി. പക്ഷേ, ഷൈലയ്ക്ക് ഉടന്‍ പ്രസവവേദന കലശലായി. അഞ്ചു മിനിറ്റിനുള്ളില്‍ ഒരാണ്‍കുഞ്ഞ് ബോട്ടില്‍ പിറന്നുവീണു. അവന് വെങ്കിടേഷ് ബാബു എന്നു പേരിട്ടു. ഈ കഥ കേട്ടാണ് കുട്ടി വളര്‍ന്നത്. അന്നുമുതല്‍ ബോട്ടുമായി വൈകാരിക ബന്ധമുണ്ടായിരുന്നു.

ബോട്ട് പിന്നീട് ആലപ്പുഴയിലേക്കു സര്‍വീസ് മാറ്റി. 2018-ല്‍ അറ്റകുറ്റപ്പണിക്കായി ആലപ്പുഴ ഡോക്് യാര്‍ഡിലെത്തിച്ചപ്പോള്‍ വെങ്കിടേഷ് പോയി കണ്ടിരുന്നു. ലേലത്തില്‍ കിട്ടുമോയെന്നും തിരക്കി. ബോട്ടു ജീവനക്കാരനാകാനുള്ള ആഗ്രഹംകാരണം അതിനിടെ ബോട്ട് ലാസ്‌കര്‍, സ്രാങ്ക്, സെക്കന്‍ഡ് ക്ലാസ് മാസ്റ്റര്‍, എന്‍ജിന്‍ ഡ്രൈവര്‍, ഫസ്റ്റ് ക്ലാസ് എന്‍ജിന്‍ ഡ്രൈവര്‍ ലൈസന്‍സുകളും എംടിടി സര്‍ട്ടിഫിക്കറ്റും വെങ്കിടേഷ് സ്വന്തമാക്കിയിരുന്നു.

തുടര്‍ന്ന്, ജലഗതാഗത വകുപ്പില്‍ താത്കാലിക ജോലി ചെയ്തു. പിന്നീട്, കൊച്ചി വാട്ടര്‍ മെട്രോയിലെ ജോലി. ഇതിനിടെയാണ് പിഎസ്സിയുടെ ലാസ്‌കര്‍ പരീക്ഷയെഴുതിയത്. കഴിഞ്ഞദിവസം നിയമന ഉത്തരവു കിട്ടിയപ്പോള്‍ സുഹൃത്തുക്കള്‍ മുഖനേ എ-47 ബോട്ടുമായുള്ള തന്റെ ബന്ധം ജലഗതാഗത വകുപ്പിനെ അറിയിച്ചു. അതേ ബോട്ടില്‍ ജോലിക്കാരനാകാനുള്ള വെങ്കിടേഷിന്റെ ആഗ്രഹത്തിന് ജലഗതാഗത വകുപ്പ് എംഡി ഷാജി വി. നായര്‍ അനുമതി നല്‍കി.

സഹോദരന്‍ ഗണേഷ്ബാബു വാട്ടര്‍ മെട്രോയില്‍ ബോട്ട് അസിസ്റ്റന്റാണ്. പെരുമ്പളം കുടുംബാരോഗ്യ കേന്ദ്രത്തിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ നെബിതയാണു ഭാര്യ.

'തടി' എ 47-ന്റെ കരുത്ത്

തടിബോട്ടുകള്‍ കൂടുതല്‍ക്കാലം നിലനില്‍ക്കും. ഇവയ്ക്ക് എല്ലാ കൊല്ലവും അറ്റകുറ്റപ്പണിയും തുറമുഖ വകുപ്പിന്റെ പരിശോധനയുമുണ്ട്. മൂന്നുകൊല്ലം കൂടുമ്പോള്‍ തടി മാറ്റുന്നതുള്‍പ്പെടെയുള്ള പണിനടത്തും. പിന്നീട്, തുറമുഖ ഉദ്യോഗസ്ഥര്‍ പരിശോധിച്ച് ലൈസന്‍സ് പുതുക്കും. അതിനാലാണ് എ-47 ഇപ്പോഴും സര്‍വീസ് നടത്തുന്നത്.