മലയാളികളുടെ പ്രിയപ്പെട്ട ഗായികയാണ് ഉഷാ ഉതുപ്പ്. വ്യത്യസ്തമയ ശബ്ദം കൊണ്ടും വ്യക്തിത്വം കൊണ്ടുമെന്ന പോലെ സ്‌റ്റൈല്‍ കൊണ്ടും ഉഷ ഉതുപ്പ് എന്നും ആരാധകര്‍ക്കിടയിലെ ശ്രദ്ധാകേന്ദ്രമായിരുന്നു. ഇപ്പോഴിതാ തന്റെ കാഞ്ചീവരം സ്‌നീക്കേര്‍സ് പരിചയപ്പെടുത്തി രംഗത്തുവന്നിരിക്കുകയാണ് താരം. റെഡ് എഫ്എം ഇന്ത്യ റേഡിയോ സ്‌റ്റേഷന് നല്‍കിയ അഭിമുഖത്തിലാണ് കാഞ്ചീവരത്തില്‍ നിര്‍മിച്ച സ്‌നീക്കറുകള്‍ ഉഷ ഉതുപ്പ് പരിചയപ്പെടുത്തിയത്. 

To advertise here,

ഏറെക്കാലമായി സാരിയുടെ കൂടെ ഹൈഹീല്‍സ് ആണ് ഞാന്‍ ധരിച്ചിരുന്നത്. എന്നാല്‍ ഹീല്‍സ് ധരിക്കുമ്പോഴുള്ള കംഫര്‍ട്ട് കുറഞ്ഞുവരികയായിരുന്നു. അപ്പോഴാണ് രാവിലെ നടക്കാന്‍ പോകുമ്പോള്‍ സ്‌നീക്കേര്‍സ് ധരിക്കാമെങ്കില്‍ സാരിയുടെ കൂടെ ഹീല്‍സുകള്‍ക്ക് പകരം സ്‌നീക്കേര്‍സ് ധരിച്ചുകൂടേയെന്ന് മകള്‍ ചോദിക്കുന്നത്. എന്റെ കൈയില്‍ കറുപ്പും വെളുപ്പും നിറത്തിലുള്ള രണ്ട് സ്‌നീക്കറുകള്‍ മാത്രമാണുണ്ടായിരുന്നത്. അതിനാല്‍ എന്തെങ്കിലും വ്യത്യസ്തമായി ചെയ്യാന്‍ എന്റെ സാരിയുടെ ബോര്‍ഡറുകള്‍ സ്‌നീക്കറുകളില്‍ തുന്നിച്ചേര്‍ക്കാന്‍ തീരുമാനിച്ചു. അങ്ങനെയാണ് കാഞ്ചീവരം സ്‌നീക്കറുകള്‍ നിര്‍മിക്കുന്നത്. മിശ്രി, സുനില്‍ എന്നുപേരുള്ള പണിക്കാരാണ് എന്നെ സഹായിച്ചത്. ഞാന്‍ അവര്‍ക്ക് എന്റെ സാരിയും സ്‌നീക്കറുകളും നല്‍കി. പിന്നെ അവര്‍ ഉണ്ടാക്കിയെടുത്തത് ഒരു അത്ഭുതമായിരുന്നു. സ്റ്റൈലും ക്ലാസ്സിയുമാണിത്. കാഞ്ചീവരം ഷൂ പ്രോജക്ട് രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന് മുന്നില്‍ അവതരിപ്പിച്ചുവെന്നും രാജ്യത്തെ ഇത്തരം ജോലി ചെയ്യുന്നവരെ പിന്തുണയ്ക്കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ടതായും ഉഷ ഉതുപ്പ് പറഞ്ഞു. 

റെഡ് എഫ്എം ഇന്ത്യ അവരുടെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെച്ച വീഡിയോ ഇതുവരെ ആറ് ലക്ഷത്തോളം പേര്‍ കണ്ടുകഴിഞ്ഞു. സ്റ്റൈലും ക്ലാസ്സിയുമായ സ്‌നീക്കറുകള്‍ ഇനി ട്രെന്‍ഡാവുമെന്നാണ് വീഡിയോയ്ക്ക് താഴെ വരുന്ന പ്രതികരണങ്ങള്‍.