കോഴിക്കോട്: കൊടുവള്ളിയിൽ പ്രവർത്തിക്കുന്ന എം.ആർ. ഹൈപ്പർ മാർക്കറ്റ് ന്യൂ എന്ന സ്ഥാപനത്തിൽ ഡ്രഗ്സ് കൺട്രോൾ വിഭാഗം നടത്തിയ പരിശോധനയിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 53,500 രൂപ വിലവരുന്ന മിസ്ബ്രാൻഡഡ് സൗന്ദര്യവർധക വസ്തുക്കൾ പിടിച്ചെടുത്തു. ഗോറി ബ്യൂട്ടി ക്രീം, യൂത്ത് ഫേസ് ബ്യൂട്ടി ക്രീം എന്നിവയുൾപ്പെടെയുള്ള കോസ്മെറ്റിക് ഉത്പന്നങ്ങളാണ് കണ്ടെത്തിയത്.

To advertise here,

‘ഓപ്പറേഷൻ സൗന്ദര്യ 5’ന്റെ ഭാഗമായി കോഴിക്കോട് അസിസ്റ്റന്റ് ഡ്രഗ്സ് കൺട്രോളർ ചിത്ര ആർ. ദേവിയുടെ നിർദേശപ്രകാരം റീജണൽ ഡ്രഗ്സ് ഇൻസ്പെക്ടർ സി.വി. നൗഫലിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. ഡ്രഗ്സ് ഇൻസ്പെക്ടർമാരായ കെ. നീതു, യു. ശാന്തികൃഷ്ണ, ഡി. ദിവ്യ, ഇന്റലിജൻസ് ബ്രാഞ്ചിലെ എ.കെ. ലിജീഷ് എന്നിവരും പരിശോധനാസംഘത്തിലുണ്ടായിരുന്നു.

പരിശോധനയിൽ കണ്ടെത്തിയ സൗന്ദര്യവർധക ഉത്പന്നങ്ങൾ കസ്റ്റഡിയിലെടുത്തു. സ്ഥാപനത്തിനെതിരേ ഡ്രഗ്സ് ഇൻസ്പെക്ടർ ഡി. ദിവ്യ നിയമനടപടികൾ സ്വീകരിച്ചു. പിടിച്ചെടുത്ത ഉത്പന്നങ്ങൾ താമരശ്ശേരി ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും.