ആയൂർ : പൊലിക്കോട്-തടിക്കാട്-മെതുകുംമേൽ പാതയിലെ പൊലിക്കോട് ഇമ്മാനുവൽ പള്ളിയോടു ചേർന്നുള്ള മതിൽ തകർന്ന് മാസങ്ങൾ കഴിഞ്ഞിട്ടും പുനർനിർമാണം വൈകുന്നതിൽ പ്രതിഷേധം ശക്തമായി. റോഡുവികസനത്തിന്റെ ഭാഗമായാണ് മതിലിനോടു ചേർന്നുള്ള മണ്ണ് മാറ്റിയത്. ഇതേത്തുടർന്ന് പാതയിൽനിന്ന് രണ്ട് മീറ്റർ ഉള്ളിലേക്കുനിന്ന മതിലിന് ബലക്ഷയം സംഭവിച്ചും വിള്ളലുകൾ വീണുമാണ് നാശമുണ്ടായത്. 2026 ജൂൺമാസത്തിലെ വലിയ മഴയിലാണ് മതിലിന്റെ ഒരു ഭാഗം നിലംപൊത്തിയത്. മതിലിനോടു ചേർന്നുള്ള ബാക്കിഭാഗവും ഇടിഞ്ഞുതകരുന്ന അവസ്ഥയിലാണ്. ഇനിയും മതിൽ തകർന്നാൽ പാതയോരത്തെ വൈദ്യുതത്തൂണുകൾക്കും നാശമുണ്ടാകും.
ഗതാഗതത്തടസ്സവും അനുഭവപ്പെടും. കാൽനടക്കാരുടെ യാത്രയും ഭീഷണിയിലാകും. എത്രയും വേഗം ഇടവകയോട് ചേർന്നുള്ള മതിൽ പുനർനിർമിച്ച് സംരക്ഷണം ഒരുക്കണമെന്നാവശ്യപ്പെട്ട് പൊതുമരാമത്തുവകുപ്പ് എൻജിനിയർ, അസി. എൻജിനിയർ, കെ.ആർ.എഫ്.ബി., അറയ്ക്കൽ വില്ലേജ് ഓഫീസർ എന്നിവർക്ക് ഇടവക അധികൃതർ പരാതി നൽകിയിരുന്നു.
അതേസമയം അറയ്ക്കൽ ക്ഷേത്രത്തിനു സമീപത്തെ ചിറയുടെ വശം ഇടിഞ്ഞ് രണ്ടുമാസം പിന്നിട്ടിട്ടും പുനർനിർമാണം തുടങ്ങിയിട്ടില്ല. മുൻപ് ചിറയിലേക്ക് മിനിലോറി മറിഞ്ഞ് അപകടമുണ്ടായിരുന്നു. മുപ്പതോളം സ്കൂൾ ബസുകളുൾപ്പെടെ സഞ്ചരിക്കുന്ന റോഡിലാണ് അപകടഭീഷണിയുള്ളത്. 2024-ലാണ് ആറുമീറ്റർ ഉയരമുള്ള സംരക്ഷണഭിത്തി മഴയിൽ തകർന്നത്.
പാതയുടെ പണിക്ക് 2018-ൽ 39.43 കോടി രൂപ അനുവദിച്ചു. പിന്നീട് തുക 47.46 കോടിയായി കിഫ്ബി ഉയർത്തി. 30 കിലോമീറ്റർ ദൈർഘ്യമുള്ള പാതയിലെ സംരക്ഷണഭിത്തിനിർമാണമാണ് ഇഴയുന്നത്. പൊലിക്കോട് പള്ളി, അറയ്ക്കൽ ക്ഷേത്രം, മാരൂർ ഭാഗങ്ങളിലെ പണി വേഗത്തിൽ പൂർത്തിയാക്കണമെന്ന് ജനപ്രതിനിധികളും ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് മരാമത്തുവകുപ്പ് മന്ത്രിക്ക് നിവേദനം നൽകി.
Published: 08 Nov 2026, 02:17 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented