കാട്ടിൽ കുറെ പന്നികൾ ഒത്തുകൂടി. അവർ ഏതോ ഗൗരവമായ ചർച്ചയിലാണ്.

To advertise here,

''നമ്മുടെ കാര്യം അപകടത്തിലാണ്. പണ്ടത്തെപ്പോലെ നമുക്ക് കൃഷിയിടത്തിൽ പോയൊന്നും തിന്നാൻ പറ്റില്ല. പന്നികളെ വെടിവെച്ച് കൊല്ലാനുള്ള അനുമതി കൃഷിക്കാർ നേടിയെടുത്തിരിക്കുന്നു,'' കൂട്ടത്തിൽ പ്രായം കൂടിയ പന്നിമുത്തശ്ശൻ പറഞ്ഞു.

''ഇനി നമ്മളെന്താ ചെയ്യുക?'', മറ്റൊരു പന്നി ചോദിച്ചു.

കുറച്ച് സമയം ആരും ഒന്നും മിണ്ടിയില്ല. കാട്ടിലൊന്നും തിന്നാനില്ല. മാത്രവുമല്ല, പന്നികളുടെ എണ്ണം വർധിച്ചുവരുകയുമാണ്.

''എനിക്കൊരു ആശയം തോന്നുന്നു!'' പന്നിമുത്തശ്ശി മടിച്ചുമടിച്ച് പറഞ്ഞു. ''മനുഷ്യരെപ്പോലെ നമ്മളും കൃഷിചെയ്താലോ? കാട്ടിൽ കൃഷിക്ക് പറ്റിയ ധാരാളം സ്ഥലമുണ്ടല്ലോ.''

ഇത് കേട്ടപ്പോൾ, എല്ലാവരും പരസ്പരം നോക്കി. ഇത് സാധിക്കുമോ എന്നവർക്ക് സംശയമായി. അവരുടെ സംശയത്തിന് ഉത്തരമായി മുത്തശ്ശി ഇങ്ങനെ പറഞ്ഞു: ''അതിയായി ആഗ്രഹിക്കുകയും അതിനനുസരിച്ച് പ്രവർത്തിക്കുകയും ചെയ്താൽ, ഏത് കാര്യവും സാധിക്കും.''

മുത്തശ്ശിയുടെ വാക്കുകൾ കേട്ടപ്പോൾ, അവർക്ക് ആത്മവിശ്വാസം തോന്നി. അങ്ങനെയാണ് അവർ കപ്പ നടാൻ തീരുമാനിച്ചത്. പന്നിക്കുട്ടൻ ഉത്സാഹത്തോടെ നാട്ടിലെ കൃഷിയിടത്തിൽനിന്ന് കപ്പത്തണ്ട് കൊണ്ടുവന്നു. എല്ലാവരും ചേർന്ന് തേറ്റകൊണ്ട് മണ്ണിൽ കിളച്ചശേഷം കപ്പ നട്ടു. തണ്ട് മുറിച്ചുനട്ടപ്പോൾ, ചിലത് മുളച്ചുപൊന്താൻ വൈകി. ചിലതാകട്ടെ, മുളച്ചതുമില്ല. മുളഭാഗം മണ്ണിനടിയിലേക്ക് തിരിഞ്ഞുപോയതുകൊണ്ടാണ് അങ്ങനെ സംഭവിച്ചതെന്ന് അവർക്ക് മനസ്സിലായി. പിന്നീടവർ തണ്ട് മുറിച്ച് വീണ്ടും നട്ടു. വളം ചേർക്കുന്നതും മണ്ണ് കൂട്ടുന്നതുമൊക്കെ അവർ പഠിച്ചു.

വിളവെടുക്കാറായപ്പോൾ, കാട്ടിൽ ഉത്സവമായിരുന്നു. പന്നിമുത്തശ്ശൻ കപ്പ പറിച്ചെടുത്ത് ഉദ്ഘാടനംചെയ്തു. മറ്റുള്ളവർ എല്ലാം മറിച്ചിടാൻ തുടങ്ങിയപ്പോൾ, മുത്തശ്ശൻ തടഞ്ഞു: ''നമ്മൾ എത്ര അധ്വാനിച്ചിട്ടാണ് കൃഷിചെയ്തത്? അതുകൊണ്ട്, ആവശ്യത്തിനുമാത്രം എടുക്കുക. നാട്ടിലിറങ്ങി വിളകൾ അനാവശ്യമായി കുത്തിമറിച്ചിട്ടത് തെറ്റായിരുന്നുവെന്ന് ഇപ്പോൾ നിങ്ങൾക്ക് മനസ്സിലായില്ലേ? നമുക്കാവശ്യമില്ലെങ്കിലും എല്ലാം കിളച്ചുമറിച്ചിടും! പാവം കൃഷിക്കാർ, നിവൃത്തിയില്ലാതെവന്നപ്പോഴാണ് നമ്മെ വെടിവയ്ക്കാനുള്ള അനുമതി നേടിയെടുത്തത്.''

മുത്തശ്ശൻ പറഞ്ഞത് ശരിവെച്ചുകൊണ്ട് എല്ലാവരും ചെറിയ ശബ്ദമുണ്ടാക്കി. അങ്ങനെ, കപ്പയ്ക്ക് പുറമേ ചേമ്പ്, മറ്റ് കിഴങ്ങുവർഗങ്ങൾ എല്ലാം കൃഷിചെയ്ത് ആരെയും ഉപദ്രവിക്കാതെ അവർ കാട്ടിൽ സുഖമായി ജീവിച്ചു.