ഉദുമ: സംസ്ഥാനത്തുനിന്നുള്ള രണ്ട് കുട്ടിശാസ്ത്രജ്ഞർ ജപ്പാൻ എറോസ്പെയ്സ് എക്സ്പ്ലൊറേഷൻ ഏജൻസിയുടെ കേന്ദ്രത്തിൽ അദ്ഭുതങ്ങൾ കാണുന്ന തിരക്കിലാണ്. ജപ്പാൻ സയൻസ് ആൻഡ് ടെക്നോളജി ഏജൻസി നടത്തുന്ന 'സകുറ സയൻസ് എക്സ്ചേഞ്ച് പ്രോഗ്രാ'മിന്റെ ഭാഗമായാണിവർ ടോക്കിയോയിലെത്തിയത്. ദൈനംദിന ജീവിതത്തിലെ പ്രശ്നങ്ങൾക്ക് ശാസ്ത്രീയമായ പരിഹാരം കണ്ടെത്തുന്നതിൽ വിജയിച്ച കാസർകോട് പള്ളിക്കര കല്ലിങ്കാലിലെ സി.എച്ച്. മുഹമ്മദ് ആദിലും കോട്ടയം പള്ളിക്കത്തോട് ഒന്നാം മൈലിലെ അനന്തു ദിലീപുമാണിങ്ങനെ ജപ്പാനിലെത്തിയത്.
രണ്ടുപേരും ഇത്തവണ പത്താം ക്ലാസ് ജയിച്ച് പ്ലസ് വൺ പ്രവേശനം നേടിയവരാണ്. ‘സകുറ’യിലേക്ക് ഇവരടക്കം 56 പേരാണ് രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ടത്. ജപ്പാനിലെ പ്രമുഖ സർവകലാശാലകൾ, ഗവേഷണകേന്ദ്രങ്ങൾ തുടങ്ങിയവ സന്ദർശിക്കാനുള്ള അവസരം ഇവർക്ക് ലഭിക്കും. നൊബേൽ സമ്മാനജേതാക്കൾ, ശാസ്ത്രജ്ഞർ തുടങ്ങിയവരുമായി സംവദിക്കുകയും ചെയ്യാം. ജപ്പാനിലെ ശാസ്ത്രസാങ്കേതിക വികസനം, സംസ്കാരം തുടങ്ങിയവ പരിചയപ്പെടാനും അവസരമുണ്ട്. ജൂലായ് നാലുവരെ ജപ്പാനിൽ താമസിച്ച് പഠനം നടത്തും.
സ്കൂൾ വിദ്യാർഥികളിൽ ശാസ്ത്രാവബോധവും സർഗാത്മക ചിന്തയും വളർത്തിയെടുക്കാൻ കേന്ദ്ര ശാസ്ത്രസാങ്കേതിക വകുപ്പും നാഷണൽ ഇനവേഷൻ ഫൗണ്ടേഷനും ചേർന്ന് നടപ്പിലാക്കുന്ന ‘ഇൻസ്പെയർ മാനക്’ പദ്ധതിയാണ് ഇവർക്ക് ‘സകുറ’യിലേക്ക് വഴിതുറന്നത്. മുഹമ്മദ് ആദിൽ പള്ളിക്കര ജി.എം.യു.പി. സ്കൂളിൽ ഏഴാം തരത്തിൽ പഠിക്കുമ്പോഴാണ് ഹൈജീനിക് ഓട്ടോമാറ്റിക് ടേബിൾ ക്ലീനർ വികസിപ്പിച്ചത്. കല്ലിങ്കലിലെ കച്ചവടക്കാരൻ സി.എച്ച്. ഷംസുദ്ദീനിന്റെയും വീട്ടമ്മയായ എൻ.എ. ഉമ്മാൻഞ്ഞിയുടെയും മകനാണ്.
ചെടികൾക്ക് ദോഷം വരുത്താതെ ഇപ്പോൾ വേണ്ടിവരുന്നതിന്റെ പകുതി സമയത്തിനുള്ളിൽ കുരുമുളക് വിളവെടുക്കാനുള്ള നൂതന ഉപകരണം വികസിപ്പിച്ചതുവഴിയാണ് അനന്തു ദിലീപ് ജപ്പാനിലെത്തിയത്. കോട്ടയം മണലുങ്കൽ സെയ്ന്റ് അലോഷ്യസ് ഹൈസ്കൂളിൽ നിന്നാണ് പത്താംതരം പൂർത്തിയാക്കിയത്. പള്ളിക്കത്തോട് ഒന്നാംമൈൽ കൂട്ടുങ്കര വീട്ടിൽ ദിലീപ് കുമാറിന്റെയും സനിതയുടെയും മകനാണ്.
Published: 03 Jul 2026, 08:10 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented