കാസർകോട്: പുതുതലമുറയിൽ കാർഷിക അവബോധവും പ്രകൃതിസ്‌നേഹവും വളർത്തുക എന്ന ലക്ഷ്യത്തോടെ കൃഷിവകുപ്പും വിദ്യാഭ്യാസവകുപ്പും ചേർന്ന് നടപ്പാക്കുന്ന 'കതിര്' (കേരള അഗ്രികൾച്ചർ ടെക്‌നോളജി ഹെറിറ്റേജ് ആൻഡ് ഇനവേഷൻ ഫോർ റൂറൽ അണ്ടർസ്റ്റാൻഡിങ്) കാർഷിക ക്ലബ് പദ്ധതിയുടെ ഭാഗമായി ജില്ലയിലെ 33 വിദ്യാലയങ്ങളിൽ പച്ചക്കറിത്തോട്ടങ്ങളുടെ പ്രവർത്തനം തുടങ്ങി. കൃഷിക്ക് അനുയോജ്യമായ കുറഞ്ഞത് 10 സെന്റ് സ്ഥലമുള്ള എൽ.പി. മുതൽ ഹയർസെക്കൻഡറി വരെയുള്ള വിദ്യാലയങ്ങളെയാണ് പദ്ധതിക്കായി തിരഞ്ഞെടുത്തിരിക്കുന്നത്. പരിശീലനം, മണ്ണ് പരിശോധന, നിലംഒരുക്കൽ, പച്ചക്കറിവിത്ത്, തൈകൾ വാങ്ങൽ, സംയോജിത വളപ്രയോഗം, സംയോജിത കീടരോഗ നിയന്ത്രണം, ജലസേചനസൗകര്യം, ചെറു കാർഷിക ഉപകരണങ്ങൾ വാങ്ങൽ, ഡോക്യുമെന്റേഷൻ, ഡിസ്‌പ്ലേ ബോർഡ് എന്നിവക്കായി ഈ തുക വിനിയോഗിക്കാം. തുടർവർഷങ്ങളിലെ പ്രവർത്തനങ്ങൾക്കായി പി.ടി.എ., അലംനൈ അസോസിയേഷൻ, പൊതുമേഖലസഹകരണ ബാങ്കുകൾ എന്നിവയിലൂടെയും ഫണ്ട് കണ്ടെത്താം.
നടീൽമുതൽ വിളവെടുപ്പ് വരെ വിദ്യാർഥികളെ പങ്കെടുപ്പിച്ചാണ് കുറഞ്ഞത് 10 സെന്റ് സ്ഥലത്ത് സ്‌കൂൾ പോഷകത്തോട്ടങ്ങൾ ഒരുക്കുന്നത്. പച്ചക്കറികൾക്ക് പുറമെ ഫലവൃക്ഷകൃഷി, ഔഷധസസ്യക്കൃഷി, പുഷ്പക്കൃഷി, കൂൺവളർത്തൽ എന്നിവയും പ്രോത്സാഹിപ്പിക്കും. ഉത്പാദിപ്പിക്കുന്ന വിഷരഹിത പച്ചക്കറികൾ സ്‌കൂൾ ഉച്ചഭക്ഷണത്തിൽ ഉപയോഗിക്കുകയോ സ്‌കൂളിൽ തന്നെ വിറ്റഴിക്കുകയോ ചെയ്യാം. ഉത്പന്നങ്ങൾ വിറ്റഴിക്കുന്നതിനായി അധ്യാപകരെയും രക്ഷിതാക്കളെയും ഉൾപ്പെടുത്തി വാട്‌സാപ്പ് മുഖേനയുള്ള മിനി മാർക്കറ്റിങ് പ്ലാറ്റ്‌ഫോമുകളും സജ്ജമാക്കും.
കൃഷിയിൽ താത്പര്യമുള്ള 25 മുതൽ 30 വരെ വിദ്യാർഥികളെ ഉൾപ്പെടുത്തി രൂപവത്കരിക്കുന്ന ഓരോ ക്ലബിനും ഒരു അധ്യാപകനും ഒരു വിദ്യാർഥിയും നോഡൽ ഓഫീസർമാരായി പ്രവർത്തിക്കും. പഞ്ചായത്ത് പ്രസിഡന്റ് ചെയർമാനും പ്രഥമാധ്യാപകർ കൺവീനറും കൃഷി ഓഫീസർ ജോയിന്റ് കൺവീനറുമായ നിരീക്ഷണ സമിതിയാണ് പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത്. വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷൻ, വാർഡ് മെമ്പർ, കൃഷി അസിസ്റ്റന്റ്/അസിസ്റ്റന്റ് കൃഷി ഓഫീസർ, രണ്ട് പി.ടി.എ. പ്രതിനിധികൾ, ഒരു മുതിർന്ന കർഷകൻ എന്നിവരാണ് സമിതിയിലെ മറ്റു അംഗങ്ങൾ. സ്‌കൂളുകളിലെ എൻ.എസ്.എസ്., സ്റ്റുഡന്റ് പോലീസ് കെഡേറ്റ് എന്നിവരുടെ സഹകരണവും ക്ലബ് പ്രവർത്തനങ്ങൾക്ക് ഉറപ്പാക്കും. കൃഷി വകുപ്പിന്റെ ‘AIMS’ പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്ന ക്ലബുകളിൽ മികച്ച പ്രവർത്തനം കാഴ്ചവെക്കുന്നവയെ സർക്കാർ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ പുരസ്‌കാരത്തിനും പരിഗണിക്കും.
Content Highlights: Under the Kathir project, vegetable gardens are being set up across 33 schools in Kasaragod to promote agricultural awareness among students.
Published: 28 Nov 2026, 09:29 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented