കാസർകോട്: ദേശീയപാതയിൽ രാത്രി വലിയ വാഹനങ്ങൾ അനധികൃതമായി പാർക്ക് ചെയ്യുന്നത് അപകടം പതിവാക്കുന്നതായും ഇത് അവസാനിപ്പിക്കാൻ നടപടിവേണമെന്നും ജില്ലാ വികസനസമിതി യോഗത്തിൽ ആവശ്യം. ഗോവിന്ദൻ പള്ളിക്കാപ്പിൽ എം.എൽ.എ.യാണ് വിഷയം ഉന്നയിച്ചത്. രാത്രി പട്രോളിങ് ടീമിനെ ഉപയോഗിച്ച് പരിശോധനനടത്തി ദേശീയപാതയിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങൾ കണ്ടെത്താനും അവയ്ക്ക് പിഴചുമത്താനും കളക്ടർ ശ്രീധന്യ സുരേഷ് ആർ.ടി.ഒ.യ്ക്ക് നിർദേശംനൽകി. പ്രവൃത്തികൾ നടക്കുന്നഭാഗത്ത് അപകടമുണ്ടാക്കുന്ന സാഹചര്യം ഒഴിവാക്കാനും ആവശ്യമായ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കാനും കളക്ടർ നിർദേശിച്ചു. പ്ലാൻ ഫണ്ട് എല്ലാ വകുപ്പുകളും കൃത്യമായി വിനിയോഗിക്കണമെന്നും കളക്ടർ നിർദേശിച്ചു.

To advertise here,

ലൈഫ് ഭവന സമുച്ചയം: തടസ്സങ്ങൾ നീക്കണം

ചട്ടഞ്ചാലിലെ ലൈഫ് ഭവനസമുച്ചയം തടസ്സങ്ങൾ നീക്കി പ്രവർത്തനയോഗ്യമാക്കണമെന്ന് കെ. നീലകണ്ഠൻ എം.എൽ.എ. പറഞ്ഞു. കരാർ കമ്പനി അധികതുക ആവശ്യപ്പെട്ടതിനെ തുടർന്നാണ് പ്രവൃത്തി തടസ്സപ്പെട്ടത്. അധികതുക അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാരിലേക്ക് പ്രത്യേക ബില്ല് നൽകുന്നതിനുവേണ്ടി കെട്ടിടത്തിന്റെ ഗുണനിലവാരവും താമസക്കാരുടെ സ്വകാര്യതയും ഉറപ്പാക്കുന്നതിനും ഫ്ളാറ്റിന് സമീപത്തെ കാട് വെട്ടിത്തെളിക്കുന്നതിനുമുള്ള തുടർനടപടികൾക്കായി ലൈഫ് മിഷൻ ചീഫ് എക്‌സി. ഓഫീസർക്ക് കത്ത് നൽകിയിട്ടുണ്ടെന്ന് ലൈഫ് മിഷൻ ജില്ലാ കോഡിനേറ്റർ അറിയിച്ചു.

കാസർകോട് ജനറൽ ആശുപത്രിയിലെ ജെ.പി.എച്ച്.എൻ. ട്രെയിനിങ് സെന്റർ കെട്ടിടത്തിന് സ്ഥലം ലഭ്യമാക്കുന്നതിലെ പുരോഗതി സംബന്ധിച്ച് കല്ലട്ര മാഹിൻ എം.എൽ.എ. ചോദ്യമുന്നയിച്ചു. ഉക്കിനടുക്ക ഗവ. മെഡിക്കൽ കോളേജിന് സമീപം കൈമാറ്റംചെയ്യാൻ റവന്യൂ ഭൂമിയുണ്ടോ എന്നതിൽ റിപ്പോർട്ട് ലഭ്യമാക്കാൻ കാസർകോട് തഹസിൽദാർക്ക് കത്ത് നൽകിയിട്ടുണ്ടെന്ന് ലാൻഡ് റവന്യൂ ഡെപ്യൂട്ടി കളക്ടർ അറിയിച്ചു. തളങ്കര സ്മാർട്ട് വില്ലേജ് ഓഫീസ് നിർമിക്കുന്നതിന് സ്ഥലം കണ്ടെത്തുന്ന നടപടികളിലെ പുരോഗതിയും എം.എൽ.എ. തേടി. നിലവിൽ വില്ലേജ് ഓഫീസ് സ്ഥിതിചെയ്യുന്ന കെട്ടിടത്തിന് സമീപത്തെ സുനാമി ഷെഡ് സ്ഥിതിചെയ്യുന്ന സ്ഥലം അനുവദിക്കുന്നതിനുള്ള നടപടിയെടുക്കാൻ കാസർകോട് നഗരസഭാ സെക്രട്ടറിക്ക് നിർദേശം നൽകിയതായി എ.ഡി.എം. അറിയിച്ചു.

മഞ്ചേശ്വരം ആരിക്കാടിയിൽ ടോൾ പ്ലാസ പ്രവർത്തിക്കുന്നിടത്ത് വലിയ അപകടം പതിയിരിക്കുന്നുണ്ടെന്നും അടിയന്തരമായി അവിടെ മേൽനടപ്പാലം സ്ഥാപിക്കണമെന്നും എ.കെ.എം. അഷ്‌റഫ് എം.എൽ.എ. പറഞ്ഞു. നിലവിൽ വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർ സ്ഥിരമായി യാത്രചെയ്യുന്ന റോഡിൽ താത്കാലിക ആശ്വാസമായി ഹമ്പ് സ്ഥാപിക്കാൻ സാധിക്കുമോ എന്ന് പരിശോധിക്കണം. ഹമ്പ് നിർമാണം സാധ്യമല്ലെന്നും നിലവിൽ ഫലപ്രദമായ തരത്തിൽ സൂചനാ ബോർഡുകൾ സ്ഥാപിക്കാമെന്നും ദേശീയപാത അതോറിറ്റി പ്രതിനിധി അറിയിച്ചു. ആരിക്കാടി ഉൾപ്പെടെ ജില്ലയിലെ വിവിധ ഇടങ്ങളിലെ മേൽനടപ്പാലങ്ങളുടെ നിർമാണം ത്വരപ്പെടുത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ കളക്ടർ എൻ.എച്ച്.എ.ഐ. ഡെപ്യൂട്ടി കളക്ടറെ ചുമതലപ്പെടുത്തി.

രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി., സന്ദീപ് വാരിയർ എം.എൽ.എ., ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു അബ്രഹാം, നീലേശ്വരം നഗരസഭ ചെയർപേഴ്‌സൺ പി.പി. മുഹമ്മദ് റാഫി എന്നിവർ ഉന്നയിച്ച വിവിധ വിഷയങ്ങളും പൊതുവിഷയങ്ങളും യോഗത്തിൽ ചർച്ചചെയ്ത് തുടർനടപടികൾക്ക് ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദേശം നൽകി. കളക്ടർ ശ്രീധന്യ സുരേഷ് അധ്യക്ഷതവഹിച്ചു. ഡോ. ബി.എം. അനിൽകുമാർ, വിവിധ വകുപ്പ് മേധാവികൾ, നിർവഹണ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.