തളിപ്പറമ്പ്: കേരരക്ഷാവാരാചരണത്തിന്റെ ഭാഗമായി ജില്ലയിലെ നാളികേര കർഷകർക്ക് തെങ്ങിന്റെ കൂമ്പുചീയൽരോഗം ഫലപ്രദമായി പ്രതിരോധിക്കാൻ ട്രൈക്കോ കെയ്‌ക്കുകൾ വിതരണം തുടങ്ങി. പൂർണമായും ജൈവനിയന്ത്രണ മാർഗമായതിനാൽ ട്രൈക്കോ കെയ്‌ക്ക് ഉപയോഗം തികച്ചും പ്രകൃതിസൗഹൃദവും കർഷകസൗഹൃദവുമാണ്. തളിപ്പറമ്പ് ജില്ലാ കൃഷിത്തോട്ടം മുഖേന ഉത്പാദിപ്പിച്ച 3,10,000 ട്രൈക്കോ കെയ്‌ക്കുകളാണ് ഈ വർഷം പയ്യന്നൂർ, തളിപ്പറമ്പ്, കല്യാശ്ശേരി, പാനൂർ, ഇരിട്ടി, ഇരിക്കൂർ എന്നീ ബ്ലോക്കുകളിലായി വിവിധ കൃഷിഭവനുകൾ വഴി കർഷകരിലേക്കെത്തുക.

To advertise here,

തെങ്ങിന്റെ കൂമ്പുചീയൽരോഗത്തിന് കാരണമാകുന്ന ഫൈറ്റോഫ്ത്തോറ എന്ന രോഗകാരിയായ കുമിളിനെ ഫലപ്രദമായി നിയന്ത്രിക്കാൻ ട്രൈക്കോ കെയ്‌ക്കിന്റെ ഉപയോഗം സഹായിക്കുമെന്നാണ് ഫാം അധികൃതർ പറയുന്നത്. ഒരു തെങ്ങിന് അഞ്ച് ട്രൈക്കോ കെയ്‌ക്കുകൾ വീതം തെങ്ങിന്റെ ഓലക്കവിളുകളിൽ നിക്ഷേപിക്കുകയാണ് വേണ്ടത്. ഓലക്കവിളുകളിലെ നേരിയ ഈർപ്പത്തിൽ പ്രവർത്തനക്ഷമമാകുന്ന ട്രൈക്കോ കെയ്‌ക്കിലെ മിത്രകുമിളായ ട്രൈക്കോഡർമ രോഗകാരിയായ കുമിളിന്റെ വളർച്ച തടയാൻ സഹായിക്കും. ഇതുവഴി കൂമ്പുചീയൽ രോഗത്തിന് പ്രതിരോധമാകും.

തളിപ്പറമ്പ് ജില്ലാ കൃഷിത്തോട്ടത്തിൽ രണ്ടുവർഷം മുൻപാണ് ട്രൈക്കോകേക്ക് ഉത്പാദനമാരംഭിച്ചത്. സി. പി.സി.ആർ.ഐ.യിൽ നിന്നുമാണ് ഇതിനുള്ള സാങ്കേതിക പരിശീലനം ലഭിച്ചത്. കഴിഞ്ഞവർഷം രണ്ട് ലക്ഷം ട്രൈക്കോ കെയ്‌ക്ക് ഉത്പാദിപ്പിച്ചപ്പോൾ ഈ വർഷം മൂന്ന് ലക്ഷത്തിലധികമായി. അഞ്ച് രൂപയാണ് ഒന്നിന്റെ വില. ഫാമിന്റെ വില്പനകേന്ദ്രത്തിൽനിന്ന് ഇവ ലഭിക്കും. നാളികേര കർഷകർക്ക് രോഗപ്രതിരോധ മാർഗങ്ങൾ അവലംബിക്കുന്നതിനും തെങ്ങുകളുടെ ആരോഗ്യവും ഉത്ദപാനക്ഷമതയും നിലനിർത്തുന്നതിനും ഈ പദ്ധതി ഏറെ പ്രയോജനകരമാണെന്ന് പറയുന്നു.