ശ്രീകണ്ഠപുരം: മലയോര മേഖലയിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രമായ പൈതൽമലയിലേക്കുള്ള കുടിയാന്മല-പൊട്ടൻപ്ലാവ്-പൈതൽമല റോഡിന്റെ പല ഭാഗവും തകർന്ന് അപകടാവസ്ഥയിൽ. അറ്റകുറ്റപ്പണികൾ പോലും നടത്താത്തതിനെ തുടർന്ന് റോഡിൽ വലിയ കുഴികൾ രൂപപ്പെട്ടതും മെറ്റലുകൾ ഇളകിമാറിയതും യാത്രക്കാരെ കടുത്ത ദുരിതത്തിലാക്കിയിരിക്കുകയാണ്. ക്രിസ്മസ് സീസൺ തുടങ്ങാനായതോടെ നിരവധി പേരാണ് പൈതൽമലയിൽ ട്രക്കിങ്ങിനും റിസോർട്ടുകളിലുമായി എത്തുക. എന്നാൽ യാത്രാദുരിതം മൂലം സഞ്ചാരികളുടെ എണ്ണം കുറയുമോയെന്ന ആശങ്കയുണ്ട്. നിലവിൽ സഞ്ചാരികളുടെ വാഹനങ്ങൾ കുഴികളിൽ വീണ് അപകടത്തിൽപ്പെടുന്നത് പതിവായിട്ടുണ്ട്. ഇരുചക്ര വാഹന യാത്രക്കാരാണ് കൂടുതൽ ദുരിതം അനുഭവിക്കുന്നത്. മഴ പെയ്തതോടെ കുഴികളിൽ വെള്ളം നിറഞ്ഞ് കൂടുതൽ അപകടഭീതിയിലാണ്.
കുടിയാന്മല ടൗൺമുതൽ പൈതൽമലയുടെ താഴ്വാരംവരെ വീതി കുറഞ്ഞ റോഡാണ്. കുത്തനെ കയറ്റമുള്ള റോഡിൽ നിറയെ കുഴികൾകൂടി രൂപപ്പെട്ടതോടെ 'ഓഫ്റോഡ് ഡ്രൈവ്' നടത്തി പൈതൽമലയിൽ എത്തേണ്ട സ്ഥിതിയാണ്. കുടിയാന്മല ടൗണിലെ റോഡ് തുടങ്ങുന്ന ഭാഗം തന്നെ പൂർണമായും തകർന്ന് കിടക്കുകയാണ്. 9.6 കിലോമീറ്റർ ദൂരമുള്ള റോഡിന്റെ 7.3 കിലേമീറ്റർ ജില്ലാ പഞ്ചായത്തിന്റെയും 2.3 കിലോമീറ്റർ ഏരുവേശ്ശി പഞ്ചായത്തിന്റെയുമാണ്. റോഡ് പി.ഡബ്ല്യു.ഡി. ഏറ്റെടുക്കണമെന്ന ആവശ്യം നേരത്തെ ഉയർന്നെങ്കിലും തുടർനടപടികളുണ്ടായിട്ടില്ല. ഏഴരക്കുണ്ട് വെള്ളച്ചാട്ടത്തിലേക്കും ഇതുവഴിയാണ് പോകേണ്ടത്.
ഈ മേഖലയിൽ താമസിക്കുന്നവരും ദുരിതത്തിലാണ്. ഓട്ടോറിക്ഷകളും മറ്റ് ടാക്സി വാഹനങ്ങളും ഇതുവഴി സർവീസ് നടത്താൻ മടിക്കുന്ന സാഹചര്യമാണ്. റോഡ് അടിയന്തരമായി നവീകരിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാരും വിവിധ സംഘടനകളും നിരവധി തവണ അധികൃതർക്ക് പരാതി നൽകിയിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. വിനോദസഞ്ചാര സീസൺ സജീവമാകുന്ന സാഹചര്യത്തിൽ പൊതുമരാമത്ത് വകുപ്പും ടൂറിസം വകുപ്പും അടിയന്തരമായി ഇടപെട്ട് റോഡ് സഞ്ചാരയോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെയും സഞ്ചാരികളുടെയും ആവശ്യം.
ഇരിക്കൂർ നിയോജക മണ്ഡലത്തിലെ ടൂറിസം വികസനം ലക്ഷ്യമാക്കി പാലക്കയംതട്ട്-പൈതൽമല-കാഞ്ഞിരക്കൊല്ലി-കാപ്പിമല എന്നീ ടൂറിസം കേന്ദ്രങ്ങൾ സംയോജിപ്പിച്ചുള്ള ഇരിക്കൂർ ടൂറിസം സർക്യൂട്ട് പദ്ധതിയുടെ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. പൈതൽമല, പാലക്കയംതട്ട്, കാഞ്ഞിരക്കൊല്ലി, കാപ്പിമല, കാലാങ്കി തുടങ്ങിയ ടൂറിസം കേന്ദ്രങ്ങളിൽ അടിസ്ഥാന സൗകര്യവികസനം ഉറപ്പുവരുത്താൻ കർമപദ്ധതികളാണ് ആദ്യഘട്ടമെന്ന നിലയിൽ നടത്തുക. വനംവകുപ്പുമായി ചേർന്നാണ് വികസന പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നത്. പാലക്കയംതട്ടിൽ 3.5 കോടി രൂപയുടെയും പൈതൽമല, കാപ്പിമല മേഖലയിൽ ഒരു കോടി രൂപയുടെയും വിശദപദ്ധതിരേഖയാണ് യഥാക്രമം ടൂറിസം വകുപ്പും വനം വകുപ്പും തയ്യാറാക്കുന്നത്. ഈ പദ്ധതി വഴിയെങ്കിലും റോഡ് വികസനം സാധ്യമാക്കണമെന്നാണ് നാട്ടുകാരുടെ പ്രതീക്ഷ.
Content Highlights: The deteriorated Kudiyanmala-Pottanplavu-Paithalmala road poses severe risks to tourists and commuters, prompting urgent demands for renovation.
Published: 28 Nov 2026, 09:56 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented