പീരുമേട്: പരസ്യ-മാധ്യമരംഗത്തെ പെപ്പർ ക്രിയേറ്റീവ് അവാർഡ്‌സിന്റെ ഇരുപതാം വാർഷിക പതിപ്പിൽ പീരുമേട് സ്വദേശി ആൽബിൻ ആന്റണിയുടെ സി.എൻ.എം. ഗ്ലോബൽ ഇന്നവേഷൻ പ്രൈവറ്റ് ലിമിറ്റഡിന് പുരസ്കാരം. ക്രിയേറ്റീവ് ടീം രൂപകൽപ്പനചെയ്ത ബ്രോഷറിനാണ് അംഗീകാരം ലഭിച്ചത്. എം.ഡി. ആൽബിൻ ആന്റണി, ഡയറക്ടർ മെഴ്‌സി അനു, ഇ.ജി.എം. ഫ്രാങ്ക്ലിൻ ആന്റോ, അഞ്ജലി വേണുഗോപാൽ, സാന്ദ്ര എലിസബത്ത് സാബു, മേഘ ബാബു, പാർവതി ചന്ദ്രകുമാർ, ക്രിയേറ്റീവ് ടീമംഗങ്ങൾ എന്നിവർ ചേർന്ന് പുരസ്കാരം ഏറ്റുവാങ്ങി.

To advertise here,

പഴയ പാമ്പനാർ തോട്ടത്തിലെ ലയത്തിൽ തോട്ടം തൊഴിലാളിയുടെ മകനായി ജനിച്ച ആൽബിൻ, പീരുമേട്ടിലെ സർക്കാർ സ്‌കൂളിൽനിന്ന് പ്ലസ്ടു പൂർത്തിയാക്കി. അച്ഛൻ ആന്റണിയുടെ മരണശേഷം അമ്മ ലൂർദ് മേരി തോട്ടംപണി ചെയ്താണ് കുടുംബം പുലർത്തിയത്. തോട്ടം പൂട്ടിയതോടെ വരുമാനം നിലച്ചു. ഇതോടെ, മഠത്തിൽ പാചകജോലിക്കായി ലൂർദ് മേരി കൊച്ചിയിലെത്തിയപ്പോൾ പതി​നെട്ടാംവയസ്സിൽ ആൽബിനും ഒപ്പംകൂടി. 100 രൂപ ദിവസവേതനത്തിൽ വി-ഗാർഡിൽ ഹെൽപ്പറായി തുടങ്ങി പിന്നീട് ഓഫീസ് ബോയിയായി.

വി-ഗാർഡിന്റെ പുതിയ ഉത്പന്ന കവർ ഡിസൈനിനായി പല കമ്പനികളും നൽകിയ രൂപകൽപ്പന തൃപ്തികരമാകാതിരുന്നപ്പോൾ, രാത്രികാലങ്ങളിൽ ഓഫീസ് കംപ്യൂട്ടർ ഉപയോഗിച്ച് ആൽബിൻ തയ്യാറാക്കിയ ഡിസൈൻ കമ്പനിക്ക് ഏറെ ഇഷ്ടപ്പെട്ടു. തുടർന്ന് വിഷ്വൽ മീഡിയ കമ്യൂണിക്കേഷൻ പഠിപ്പിച്ച് കമ്പനി ആൽബിനെ സ്വന്തം ഡിസൈനറാക്കി. പിന്നീട് ഏണസ്റ്റ് ആൻഡ് യങ്ങിൽ ഡിസൈൻ വിഭാഗം മേധാവിയായി പ്രവർത്തിക്കവേയാണ് ജോലി രാജിവെച്ച് സ്വന്തം സംരംഭം തുടങ്ങിയത്.

നാല് ജീവനക്കാരുമായി കൊച്ചിയിലെ വാടകവീട്ടിലെ മുറിയിൽ ആരംഭിച്ച സി.എൻ.എം. ഗ്ലോബൽ ഇന്നവേഷൻ, തുടക്കത്തിൽ വായ്പ തിരിച്ചടവ് മുടങ്ങി ബാങ്ക് ജപ്തി ഭീഷണിപോലും നേരിട്ടു. പ്രതിസന്ധികൾ മറികടന്നതോടെ അന്താരാഷ്ട്ര കമ്പനികൾപോലും ആൽബിന്റെ ഡിസൈനിനായി കാത്തുനിൽക്കുന്ന നിലയിലേക്ക് വളർന്നു. നൂറിലേറെ ജീവനക്കാരും ഒട്ടേറെ പുരസ്കാരങ്ങളുമായി സ്ഥാപനം ഇന്ന് കുതിക്കുകയാണ്.