ആലോക്യ സര്‍വ്വ ശാസ്ത്രാണി
വിചാര്യ ച പുനഃ പുനഃ
ഇദ മേകം സുനിഷ്പന്നം
യോഗശാസ്ത്രം പരം മതം

To advertise here,

എന്ന ശിവ സംഹിതയിലൊരു ശ്‌ളോകമുണ്ട്.

യോഗയുടെ പരമ പ്രാധാന്യം വ്യക്തമാക്കുന്നതാണിത്. യോഗ ഒരു അദ്ഭുതമാണ്. അയ്യായിരത്തിനുമപ്പുറം വര്‍ഷം മുന്‍പുള്ള പുരാതന ഭാരതീയ തത്ത്വചിന്തയുടെ പ്രായോഗികമായ നിവര്‍ത്തനമാണത്. യുജ് എന്നവാക്കില്‍നിന്നും ഉദ്ഭവിച്ച കൂടിച്ചേരല്‍ എന്ന അര്‍ഥമുള്ള സനാതനഭാരതത്തിലെ പ്രശസ്തവും ആധുനികകാലത്ത് പ്രസക്തവുമായ വാക്ക്. ഐക്യരാഷ്ട്രസംഘടന അര്‍ഹമായ അംഗീകാരം നല്‍കുകയും ലോകരാജ്യങ്ങള്‍ പലതും തങ്ങളുടെ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തിട്ടും നമ്മുടെ ആള്‍ക്കാര്‍ക്കുമാത്രം മുറ്റത്തെമുല്ലയ്ക്കുമണമില്ല എന്ന പഴയചൊല്ലുപോലെ യോഗ ഇപ്പോഴും തീണ്ടാപ്പാടകലെയാണ്. നാം റാപ്പിനെയും സൂംബയെയും തേടിപ്പോകുന്ന തിരക്കിലാണ്.

പുരാണവുമായി ബന്ധമുണ്ട് അതുകൊണ്ട് അത് ആധുനികമല്ല എന്ന ന്യായം ഉയര്‍ത്തി മാറ്റിനിര്‍ത്തപ്പെടുന്ന പ്രവണതയാണ് പരക്കെ. പരമശിവനാണ് പുരാണങ്ങളില്‍ യോഗയുടെ പ്രഥമാചാര്യന്‍. ഭഗവാന്‍, പാര്‍വ്വതീദേവിക്ക് യോഗാഭ്യാസത്തിന്റെ ഗുണഗണങ്ങള്‍ മനസ്സിലാക്കിക്കൊടുക്കുന്ന രീതിയിലാണ് പതഞ്ജലി മഹര്‍ഷിയുടെ യോഗരചന. അഷ്ടാംഗയോഗ, പതഞ്ജലിയോഗസൂത്ര എന്നിങ്ങനെയുള്ള പേരുകളില്‍ അറിയപ്പെടുന്ന ഈ ഗ്രന്ഥം ആദിമകാലത്ത് വാമൊഴിയിലൂടെ ഗുരുപരമ്പരകള്‍ കൈമാറിക്കൈമാറി പിന്നീട് വരമൊഴിയാക്കപ്പെടുകയാണ് ഉണ്ടായത്.

ശാരീരികാഭ്യാസം മാത്രമല്ല യോഗ

ചതുരശീത്യാസനാനി
ശിവേന കഥിതാനി ച
തേദ്യാശ്ചതുഷ്‌കമാദായ
സാരഭൂതം ബ്രവീമൃഹം

എന്നിങ്ങനെ 84 ആസനങ്ങളാണ് ശിവൻ ഉപദേശിച്ചിരിക്കുന്നത്. അതിൽ പ്രധാന ആസനങ്ങളെങ്കിലും നാം നിത്യ ജീവിതത്തിൽ പ്രയോഗത്തിൽ വരുത്തണം. ആസനങ്ങൾ പലവിധമുള്ളതിനാൽ
കേവലം ശാരീരികാഭ്യാസം മാത്രമാണ് യോഗയിലൂടെ അനുഭവപ്പെടുന്നത് എന്നതാണ് ഒരുവിഭാഗത്തിന്റെ ചിന്ത. ചടുലമല്ലാത്ത നീക്കങ്ങളും വിഷമകരമായ, ആദ്യകാലത്ത് തീരേ ആസ്വാദ്യകരമല്ലാത്ത തീവ്രമായ യത്‌നം ആവശ്യപ്പെടുന്ന ആസനങ്ങളും മാത്രമല്ല യോഗ. ശരീരത്തെയും മനസ്സിനെയും ആത്മാവിനെയും ഒന്നായിച്ചേര്‍ക്കുന്ന പൂര്‍ണമായ ശാരീരിക - മാനസിക പ്രക്രിയയാണത്. നമ്മുടെ ദൈനംദിന ജീവിതത്തെ മാത്രമല്ല  മൊത്തത്തിലുള്ള ജീവന്റെ ക്ഷേമത്തെയും ആഴത്തില്‍ അത് അതിന്റെ ഒട്ടേറെയുള്ള ഗുണങ്ങളാല്‍ മെച്ചപ്പെടുത്തുന്നു.

ശരീരത്തിന്റെ വഴക്കവും ശക്തിയും വര്‍ദ്ധിപ്പിക്കുന്നു

'ശരീരമാദ്യം ഖലുധര്‍മ്മസാധനം' എന്ന ആപ്തവാക്യപ്രകാരം ശ്വസനക്രമങ്ങള്‍ക്കൊപ്പം ശാരീരികമായ ക്രിയകളും യോഗയുടെ അടിസ്ഥാനമാണ്. അതിന്റെ ഘട്ടങ്ങളും ക്രിയാപ്രവര്‍ത്തന മേഖലയും മാറിമാറി വരുന്നു. നമുക്ക് പരിസ്ഥിതിയുമായും ലോകവുമായും ബന്ധംവരുന്നത് ശ്വസനക്രിയയിലൂടെയും ഊര്‍ജം പ്രധാനം ചെയ്യുന്ന ഭക്ഷണങ്ങളിലൂടെയുമാണ്. 'അന്നമയം പ്രാണമയം പ്രാണമയം മനോമയം' എന്നിങ്ങനെയുള്ള ചൊല്ലുകള്‍ കാണിക്കുന്നത് പ്രകൃതിയും ജീവികളുടെ നിലനില്പും തമ്മിലുള്ള ബന്ധമാണ്.

ആ ബന്ധത്തെ നമ്മുടെ നിലനില്പിന് സാധ്യമായ രീതിയില്‍ ഇണക്കിയെടുത്ത് പ്രയോഗിക്കാനുള്ള അനന്ത സാധ്യതകളാണ് പഴയ പിതാമഹന്മാര്‍ നമുക്കേകിയത്. ഭക്ഷണത്തിന്റെ പ്രത്യേകതകളും അവയുടെ തിരഞ്ഞെടുപ്പും മികവുറ്റരീതിയിലുള്ള വിനിയോഗവും നമ്മുടെ ശാരീരികാരോഗ്യത്തെ സ്വാധീനിക്കുന്നതുപോലെത്തന്നെ പ്രാണവായും അതിന്റെ ശുദ്ധാശുദ്ധതകളും അതിന്റെ സ്വീകരിക്കപ്പെടുന്ന അളവുകളും രീതിയും നമ്മുടെ ബോധത്തെയും പ്രാണക്രിയകളെയും സ്വാധീനിക്കുമെന്ന തത്ത്വമാണ് ഋഷീശ്വരന്മാര്‍ പറയാന്‍ ശ്രമിച്ചത്; പ്രാവര്‍ത്തികമാക്കാനും.

സ്വച്ഛമായി ശ്വസിക്കാന്‍ കഴിയുന്നിടത്ത് മാനസികമായി ഉല്ലാസവും ഉണര്‍വും ബോധത്തെളിവും ലഭിക്കുന്നുവെന്നത് ആധുനിക ശാസ്ത്രത്തിന്റെ അടിത്തറയില്‍വരെ തെളിയിക്കപ്പെട്ടതാണ്. ശുദ്ധമായ വായു ലഭിക്കുകയെന്നത് പരിസ്ഥിതിയുമായി ബന്ധപ്പെട്ടുനില്‍ക്കുന്നുവെങ്കിലും അത് സ്വീകരിക്കുന്നതിന്റെ അളവും രീതിയും നിയതമായ രീതിയില്‍ നിശ്ചയിക്കാനാകുമെന്നതാണ് യോഗയിലെ ശ്വസന നിയന്ത്രണത്തിന്റെ പ്രധാനകാര്യം.  മാനസിക  സമ്മര്‍ദ്ദം കുറയ്ക്കല്‍, വികാരങ്ങള്‍ നിയന്ത്രിച്ചുനിര്‍ത്താന്‍ വ്യക്തികളെ സഹായിക്കല്‍ എന്നിങ്ങനെ പ്രാണായാമം മാനസികപ്രയാസങ്ങള്‍  ലഘൂകരിക്കുന്നതിനും ശരീരപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനും മികച്ച ഉറക്കത്തെ പിന്തുണയ്ക്കുന്നതിനും സഹായകമാകുന്നു.

ഉള്ളിലേക്ക് നോക്കാം നമ്മെയറിയാം

നാം വായിച്ചെടുക്കേണ്ട ആദ്യത്തെ പുസ്തകം നാം തന്നെയാണ്. ഉള്ളിന്റെയുള്ളില്‍ നമ്മെ ശ്രദ്ധിക്കാനും നമ്മില്‍ നടക്കുന്ന മാനസികവും ശരീരാന്തരികവും ആയ പ്രവര്‍ത്തനങ്ങള്‍ സ്വയമറിയാനും യോഗയുടെ ശ്രദ്ധാപൂര്‍വുമള്ള നിവര്‍ത്തനത്തിന് കഴിയുന്നു. തത്ത്വമസിയെന്ന സ്വയംപ്രേബാധനം ഒരര്‍ഥത്തില്‍ സാധൂകരിക്കപ്പെടാന്‍ മാനസികമായി നമ്മളെ തയ്യാറാക്കാന്‍ യമനിയമങ്ങള്‍ക്ക് കഴിവുണ്ട്. യമം എന്നാല്‍ നിയന്ത്രണമെന്നും നിയമം എന്നാല്‍, പരീശീലനം എന്നുമാണ് അര്‍ഥം. അതായത് ശ്വസനനിയന്ത്രണവും ആസനപരിശീലനങ്ങളും. യോഗയെ ഒരു വ്യായാമം എന്നതിലുപരിയായി സ്വീകരിക്കുന്നതിലൂടെ, വ്യക്തികള്‍ക്ക് സ്വത്വവുമായി ആഴത്തിലുള്ള ബന്ധം വളര്‍ത്തിയെടുക്കാനും ശാരീരികക്ഷമതയിലും മാനസിക പ്രതിരോധശേഷിയിലും പുരോഗതി അനുഭവിക്കാനും കഴിയും.

ആസനപ്രധാനം ജീവിതം
 
ജീവിതകാലത്ത് നാം അനുഷ്ഠിച്ചുവരുന്ന എല്ലാ പ്രക്രിയകളിലും യോഗയുടെ വിവിധ ആസനങ്ങള്‍ കടന്നുവരുന്നുണ്ട്. ഒരു കുഞ്ഞ് മുട്ടിലിഴയുന്നതും എഴുന്നേറ്റ് നില്‍ക്കുന്നതും നടക്കുന്നതും ആസനത്തിന്റെ വിവിധരൂപത്തിലാണ്. പഴയകാലത്ത് നിലത്തിരുന്നു ഭക്ഷണം കഴിച്ചിരുന്നത് പത്മാസനസ്ഥരായാണ്. എല്ലാദിവസവും നാം ഉറങ്ങുമ്പോള്‍ ശവാസനത്തില്‍ തുടങ്ങി ഉറക്കത്തിന്റെ പലവിധഘട്ടങ്ങളില്‍ കിടന്നുകൊണ്ടുള്ള വിവിധ ആസനരൂപങ്ങളിലൂടെ കടന്നുപോകുന്നു. നമസ്‌കരിക്കുന്നതും പൂജചെയ്യുന്നതും ബലികര്‍മ്മങ്ങളില്‍ ഏര്‍പ്പെടുന്നതും എന്തിന് ശൗചാലയത്തില്‍ ഇരിക്കുന്നതുവരെ ആസനത്തിന്റെ മറ്റൊരു രൂപമാണ്..

യോഗയുടെ  ഗുണങ്ങള്‍

യോഗയ്ക്ക് ശാരീരികവും മാനസികവുമായ ഒട്ടേറെ ഗുണങ്ങളുണ്ട്. ആസനങ്ങള്‍ മികച്ച വ്യായാമമുറകള്‍കൂടിയായതുകൊണ്ട് പേശിവളര്‍ച്ചയ്ക്കും പേശികള്‍ക്ക് ദൃഢതയും വഴക്കവും ഉണ്ടാക്കാനും സഹായിക്കുന്നു. പതിവായുള്ള പരീശീലനങ്ങള്‍ ശരീരത്തെ ഒതുക്കമുള്ളതാക്കുന്നു.

മാനസിക സമ്മര്‍ദ്ദം കുറയ്ക്കുന്നതോടൊപ്പംതന്നെ മാനസിക വ്യക്തത, ഏകാഗ്രത, ശ്രദ്ധ എന്നിവയെ വര്‍ധിപ്പിക്കുന്നു. വൈജ്ഞാനികമായ അവബോധത്തെയുണര്‍ത്തി ബുദ്ധിയെയും പ്രതിസന്ധി ഘട്ടങ്ങളില്‍ തീരുമാനങ്ങളെടുക്കാനുള്ള കഴിവിനെ മൂര്‍ച്ചപ്പെടുത്തുന്നു.

ശ്വസന പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനുള്ള  ബോധപൂര്‍വമായ ശ്വസന സാങ്കേതിക വിദ്യകള്‍ക്ക് പ്രാധാന്യം നല്‍കുന്നതിലൂടെ ശ്വാസകോശ ശേഷി വര്‍ദ്ധിപ്പിക്കാനും, ഓക്‌സിജന്റെ ആഗിരണം മെച്ചപ്പെടുത്താനും സഹായിക്കുന്നു.
 
യമ നിയമങ്ങള്‍ ശാരീരിക മാനസിക ശുദ്ധി വരുത്തുന്നതോടെ മെച്ചപ്പെട്ട ഉറക്കം ലഭിക്കാനും സഹായിക്കുന്നു. പതിവായുള്ള യോഗ പരിശീലനം  നമ്മുടെ രക്തചംക്രമണ വ്യവസ്ഥയെ  ത്വരപ്പെടുത്തി നാഡീവ്യവസ്ഥയെ ഉത്തേജിപ്പിച്ച് ശരീരത്തെ വലിയ ഊർജനില കൈവരിക്കാൻ പ്രാപ്തമാക്കുന്നു. 

ഭക്ഷണശീലങ്ങളില മാറ്റം, ഊർജത്തിൻ്റെ സൂക്ഷ്മമായ വിതരണം ശരീരത്തിൻ്റെ ഭാരം കുറയ്ക്കാനും ആയത് നിലനിർത്താനും സഹായിക്കുന്നു. രോഗ പ്രതിരോധ ശേഷി വർധിക്കുന്നു ശരീരത്തിൻ്റെ ഓരോ അവയവത്തിൻ്റെയും പ്രവർത്തനത്തെ ഉദ്ദീപിപ്പിച്ച് ശരീരത്തിന്റെ സ്വാഭാവിക പ്രതിരോധത്തെ ഉയർത്തുന്നു.

അവബോധനം, ആന്തരികമായ സ്വസ്ഥത., സമാധാനം, സീകാര്യത എന്നിവ . വൈകാരിക ക്ഷേമം പ്രാപ്തമാക്കുന്നു. ചുരുക്കത്തിൽ ശാരീരികവും മാനസികവും ആയി ഓരോ വ്യക്തിയെയും പരിസ്ഥിതിയോടിണങ്ങി ലോകത്തെ അറിഞ്ഞ് ജീവിക്കാൻ യോഗ നമ്മെ സഹായിക്കുന്നു. ഇത് ഒരു പഠന വിഷയമാക്കാനും ജീവിതചര്യയാക്കാനും ഇനിയം അമാന്തിച്ചു കൂടാ..