ജിഎൽപി-1 (GLP-1) അധിഷ്ഠിത മരുന്നുകൾ കഴിച്ചതിനേത്തുടർന്ന് യുകെയിൽ 200-ലധികം മരണങ്ങൾ സംഭവിച്ചതായി സംശയിക്കുന്നതായി റിപ്പോർട്ട്. യുകെയിലെ മെഡിസിൻസ് ആന്റ് ഹെൽത്ത് കെയർ പ്രൊഡക്റ്റ്സ് റെഗുലേറ്ററി ഏജൻസിയുടെ (MHRA) യെല്ലോ കാർഡ് സിസ്റ്റം വഴി പുറത്തുവിട്ട കണക്കുകളിലാണ് ജിഎൽപി-1 (GLP-1 മരുന്നുകൾ കഴിച്ചവരിലെ മരണങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്. അതേസമയം ജിഎൽപി-1 മരുന്നുകൾ നേരിട്ട് മരണകാരണമായെന്ന് പറയാനാവില്ലെന്നും എംഎച്ച്ആർഎ പറയുന്നു.

To advertise here,

മൗൻജാരോ (Mounjaro) എന്ന പേരിൽ വിൽക്കുന്ന ടിർസെപറ്റൈഡ് (tirzepatide) ഉപയോഗിച്ചവരിൽ 120 മരണങ്ങളും വെഗോവി (Wegovy), ഒസെംപിക് (Ozempic), റിബെൽസസ് (Rybelsus) തുടങ്ങിയ മരുന്നുകളിലെ സജീവ ഘടകമായ സെമാഗ്ലുതൈഡ് (semaglutide) ഉപയോഗിച്ചവരിൽ 59 മരണങ്ങളും, സാക്സെൻഡ (Saxenda) എന്ന പേരിൽ വിൽക്കുന്ന ലിറാഗ്ലുതൈഡുമായി ബന്ധപ്പെട്ട് (liraglutide) 37 മരണങ്ങളും ഉൾപ്പെടുന്നതായി കണക്കുകൾ വ്യക്തമാക്കുന്നു.

ജിഎൽപി-1 (GLP-1) മരുന്നുകളുടെ പാർശ്വഫലങ്ങളുമായി ബന്ധപ്പെട്ട് 158,000-ത്തിലധികം റിപ്പോർട്ടുകളും എംഎച്ച്ആർഎയ്ക്ക് ലഭിച്ചുവെന്നാണ് വിവരം. അതേസമയം ഇവ ജിഎൽപി-1 മരുന്നുകൾ മൂലം നേരിട്ടുണ്ടാകുന്ന മരണങ്ങളല്ലെന്നും മരിച്ച് പാർശ്വഫലങ്ങൾ‌‌‌‌‌ മൂലമായിരിക്കാമെന്നും പറയുന്നുണ്ട്.‌‌‌

മരുന്നാണ് മരണത്തിനു കാരണമായതെന്ന് അർഥമാക്കേണ്ടതില്ലെന്നും എഎച്ച്ആർഎ പറഞ്ഞു. യു.കെ.യിൽ ലക്ഷക്കണക്കിനുപേർ ജിഎൽപി-1 മരുന്നുകൾ ഉപയോഗിക്കുന്നുണ്ട്. ഇതിനാൽ തന്നെ പാർശ്വഫലങ്ങളുടെ നിരക്കും കൂടുമെന്നാണ് എംഎച്ച്ആർഎ പറയുന്നത്. വിദഗ്ധമേൽനോട്ടത്തിൽ ജിഎൽപി-1 മരുന്നുകൾ ഉപയോഗിക്കുന്നതിന്റെ ഗുണഫലങ്ങൾ അവയുണ്ടാക്കുന്ന അപക‌ടഘടകങ്ങളേക്കാൾ കൂടുതലാണെന്നും എംഎച്ച്ആർഎ പറയുന്നു. ‌

പ്രമേഹം, അമിതവണ്ണം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾ ഉള്ളവരിൽ പക്ഷാഘാതം, ഹൃദയാഘാതം, വൃക്ക തകരാറിലാവുക തുടങ്ങിയവയ്ക്കുള്ള സാധ്യത കൂടുതലാണെന്നും ജിഎൽപി-1 മരുന്നുകളെടുക്കുന്ന കാലയളവിലെ മരണങ്ങൾക്കു പിന്നിൽ മരുന്നാണെന്ന് പറയാനാവില്ലെന്നും അധികൃതർ പറയുന്നു..

GLP-1 മരുന്നുകൾ പ്രവർത്തിക്കുന്നതെങ്ങനെ?

വിശപ്പ് കുറയ്ക്കുകയെന്നതാണ് GLP-1 മരുന്നുകളുടെ അടിസ്ഥാന ധർമം. വയറുനിറഞ്ഞുവെന്ന തോന്നലുളവാക്കുന്ന ഒരു ഹോർമോണിനെ (GLP-1) അനുകരിക്കുകയാണ് ചെയ്യുന്നത്. കുറച്ച് ആഹാരം കഴിക്കുമ്പോൾത്തന്നെ ഈ തോന്നൽ വരുത്താൻ ഇവയ്ക്ക് കഴിയും. അതോടൊപ്പം ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയും ഇൻസുലിൻ നിർമാണത്തിന്റെ തോത് കൂട്ടുന്നുമുണ്ട്. അതുകൊണ്ടാണ് പ്രമേഹത്തിന്‌ ഈ മരുന്ന് ഉപയുക്തമാകുന്നത്.

GLP-1 മരുന്നുകളുടെ ലക്ഷ്യങ്ങൾ

ആമാശയത്തിൽ നിന്ന് ഭക്ഷണം പുറത്തുപോകുന്നത് സാവധാനത്തിലാക്കുന്നതിലൂടെ കൂടുതൽ നേരം വയറു നിറഞ്ഞതായി തോന്നാൻ കാരണമാകും. ഉയർന്ന അളവിൽ ഉപയോഗിക്കുമ്പോൾ വിശപ്പ് നിയന്ത്രിക്കാനും തത്ഫലമായി ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കും.

എല്ലാവർക്കും ഉപയോഗിക്കാമോ?

സൗന്ദര്യപരമായ കാരണങ്ങളാൽ വണ്ണംകുറയ്ക്കണമെന്ന് ആഗ്രഹിക്കുന്നവർക്കു വേണ്ടിയുള്ളതല്ല GLP-1 മരുന്നുകൾ. വിദഗ്ധ നിർദേശത്തോടെ ശരീരത്തിന് ആവശ്യമാണോ എന്നതു പരിശോധിച്ചുമാത്രമേ നൽകുകയുള്ളൂ. അമിതവണ്ണം മൂലം ടൈപ് 2 ഡയബറ്റിസ്, ഹൈപ്പർടെൻഷൻ, ഒബ്സട്രക്റ്റീവ് സ്ലീപ് അപ്നിയ തുടങ്ങിയവ ഉള്ളവർക്കാണ് പൊതുവേ നിർദേശിക്കുക. അതേസമയം സ്വാഭാവികമായി വണ്ണംകുറയ്ക്കാൻ കഴിയുന്നവർ വ്യായാമത്തിലൂടെയും ആഹാരം നിയന്ത്രിച്ചും ഉറക്കം കൃത്യമാക്കിയും സമ്മർദം കുറച്ചും വണ്ണംകുറയ്ക്കുന്നതാണ് നല്ലത്.