ലോകത്തെ ഏറ്റവും അപകടകാരിയായ പകര്‍ച്ചാരോഗമായി ലോകാരോഗ്യസംഘടന നിര്‍വചിച്ച ക്ഷയരോഗം ലോകത്താകമാനം കുതിച്ചുയരുന്നു. കഴിഞ്ഞവര്‍ഷം മാത്രം എണ്‍പതുലക്ഷം ആളുകളിലാണ് ക്ഷയരോഗം സ്ഥിരീകരിക്കപ്പെട്ടത്. ഐക്യരാഷ്ട്രസംഘടനയുടെ ആരോഗ്യവിഭാഗം ക്ഷയരോഗത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തുടങ്ങിയതിനുശേഷമുള്ള ഏറ്റവും ഉയര്‍ന്ന രോഗബാധ നിരക്കാണ് 2023-ല്‍ സംഭവിച്ചിരിക്കുന്നതെന്ന് ലോകാരാഗ്യസംഘടന ചൊവ്വാഴ്ച പുറത്തുവിട്ട ബുള്ളറ്റിനില്‍ പറയുന്നു.
ഗ്ലോബല്‍ ട്യൂബര്‍കുലോസിസ് റിപ്പോര്‍ട്ടുപ്രകാരം ഏകദേശം പന്ത്രണ്ടര ലക്ഷം പേരാണ് ക്ഷയരോഗം ബാധിച്ച് കഴിഞ്ഞ വര്‍ഷം മാത്രം മരണപ്പെട്ടത്. കോവിഡ് -19നു ശേഷം ലോകത്തിലെ ഏറ്റവും വലിയ 'കൊലയാളി' പകര്‍ച്ചവ്യാധിയായി ടി.ബി തിരിച്ചെത്തിയിരിക്കുന്നുവെന്നും റിപ്പോര്‍ട്ട് പറയുന്നു. 2023-ല്‍ എച്ച്.ഐ.വി ബാധിച്ച് മരിച്ചവരുടെ എണ്ണത്തിന്റെ ഇരട്ടിയാണ് ക്ഷയരോഗത്താല്‍ മരണപ്പെട്ടവരുടെ എണ്ണം.
തെക്കു-കിഴക്കന്‍ ഏഷ്യയിലാണ് ടി.ബി വളരയെധികം പടര്‍ന്നുപിടിച്ചിരിക്കുന്നതെന്ന് ലോകാരാഗ്യസംഘടന പറയുന്നു. ഇന്ത്യ, ഇന്തോനേഷ്യ, ചൈന, ഫിലിപ്പീന്‍സ്, പാകിസ്താന്‍, വെസ്റ്റേണ്‍ പസഫിക്, ആഫ്രിക്ക എന്നിവിടങ്ങളിലാണ് ലോകത്താകമാനമുള്ള ക്ഷയരോഗികളില്‍ പകുതിയുമുള്ളത്.
ക്ഷയരോഗം നിര്‍ണയിക്കാനും ചികിത്സിക്കാനും പ്രതിരോധിക്കാനും ഫലപ്രദമായ മാര്‍ഗങ്ങള്‍ നിലവിലിരിക്കെത്തന്നെ ധാരാളം ആളുകള്‍ മരണപ്പെടുന്നു എന്നത് ആശങ്കാജനകമാണെന്ന് ലോകാരോഗ്യസംഘടനയുടെ ഡയറക്ടര്‍ ജനറല്‍ റ്റെഡ്രോസ് അഥനോം ഗബ്രിയേസസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നുണ്ട്.
വായുവില്‍ കൂടി പകരുന്ന ബാക്ടീരിയ മൂലമാണ് ക്ഷയരോഗമുണ്ടാവുന്നത്. ശ്വാസകോശങ്ങളെയാണ് ട്യൂബര്‍ക്കിള്‍ ബാസിലസ് എന്ന ബാക്ടീരിയ തകരാറിലാക്കുന്നത്. ആഗോളജനസംഖ്യയുടെ കാല്‍ഭാഗം പേരിലും (നാലില്‍ ഒരാള്‍ എന്ന തോതില്‍) ക്ഷയോരോഗമുള്ളതായി ലോകാരോഗ്യ സംഘടന റിപ്പോര്‍ട്ടു ചെയ്യുന്നുണ്ട്. അവരില്‍ത്തന്നെ 5-10 ശതമാനം വരെയുള്ളവരില്‍ മാത്രമേ രോഗത്തിന്റെ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കാറുള്ളൂ. ആഗോളതലത്തില്‍ ടി.ബി ടെസ്റ്റിങ് വളരെ വേഗത്തില്‍ നടപ്പാക്കാനുള്ള പദ്ധതികള്‍ നടപ്പാക്കണമെന്നും റിപ്പോര്‍ട്ട് നിര്‍ദ്ദേശിക്കുന്നു.
Content Highlights: tuberculosis infected 8 million people in 2023 the most WHO has ever tracked
Published: 30 Oct 2024, 08:05 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented