കൊച്ചി: ഹൃദയം തുറക്കാതെ വാല്‍വ് മാറ്റിവെച്ച് എറണാകുളം ജില്ലാ ജനറല്‍ ആശുപത്രി ചരിത്രം കുറിച്ചു. അയോര്‍ട്ടിക് വാല്‍വ് ചുരുങ്ങിയതു മൂലം മരണാസന്നനായ പെരുമ്പാവൂര്‍ സ്വദേശിയായ അറുപത്തിയൊമ്പതുകാരനാണ് അപൂര്‍വ ശസ്ത്രക്രിയ്ക്ക് വിധേയനായത്.

To advertise here,

ശ്രീ ചിത്തിര ആശുപത്രിയുള്‍പ്പെടെ ചുരുക്കംചില സര്‍ക്കാര്‍ ആശുപത്രികളില്‍ മാത്രമാണ് ട്രാന്‍സ്‌കത്തീറ്റര്‍ അയോര്‍ട്ടിക് വാല്‍വ് റിപ്ലെയ്സ്മെന്റ് (ടി.എ.വി.ആര്‍.) നടത്തിയിട്ടുള്ളത്.

രാജ്യത്ത് ആദ്യമായാണ് ഒരു ജില്ലാതല സര്‍ക്കാര്‍ ആശുപത്രി ഈ ചികിത്സാ രീതി അവലംബിക്കുന്നതെന്ന് നാഷണല്‍ ഹെല്‍ത്ത് മിഷന്‍ എറണാകുളം പ്രോജക്ട് മാനേജര്‍ ഡോ. സജിത്ത് ജോണ്‍ പറഞ്ഞു.

നെഞ്ചോ ഹൃദയമോ തുറക്കാതെ കാലിലെ രക്തക്കുഴലില്‍ ചെറിയ മുറിവുണ്ടാക്കി അതിലൂടെ കത്തീറ്റര്‍ കടത്തിവിട്ടാണ് വാല്‍വ് മാറ്റിവെച്ചത്. രോഗിയെ പൂര്‍ണമായും മയക്കാതെയാണ് ഓപ്പറേഷന്‍ പൂര്‍ത്തിയാക്കിയത്. കാര്‍ഡിയോളജി, കാര്‍ഡിയോതൊറാസിക് സര്‍ജറി, കാര്‍ഡിയാക് അനസ്തേഷ്യ വിഭാഗങ്ങളുടെ കൂട്ടായ പരിശ്രമത്താലാണ് ഈ ചികിത്സ സുഗമമായി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞതെന്ന് ആശുപത്രി സൂപ്രണ്ട് ഇന്‍ ചാര്‍ജ് ഡോ. ആശ കെ. ജോണ്‍ പറഞ്ഞു. രണ്ട് ദിവസത്തിനകം രോഗിക്ക് ആശുപത്രി വിടാനാകും. ശസ്ത്രക്രിയയില്‍ പങ്കെടുത്ത എല്ലാ ഡോക്ടര്‍മാരെയും മറ്റ് ജീവനക്കാരെയും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു.

കാര്‍ഡിയോളജി വിഭാഗം ഡോക്ടര്‍മാരായ ഡോ. ആശിഷ് കുമാര്‍, ഡോ. പോള്‍ തോമസ്, ഡോ. വിജോ ജോര്‍ജ്, ഹൃദയ ശസ്ത്രക്രിയാ വിഭാഗത്തിലെ ഡോ. ജോര്‍ജ് വാളൂരാന്‍, കാര്‍ഡിയാക് അനസ്തേഷ്യ വിഭാഗത്തിലെ ഡോ. ജിയോ പോള്‍, ഡോ. ദിവ്യ ഗോപിനാഥ് എന്നിവര്‍ നേതൃത്വം കൊടുത്ത ശസ്ത്രക്രിയയില്‍ ഡോ. സ്റ്റാന്‍ലി ജോര്‍ജ്, ഡോ. ബിജുമോന്‍, ഡോ. ഗോപകുമാര്‍, ഡോ. ശ്രീജിത് എന്നിവരും പങ്കെടുത്തു.