വണ്ണംകുറയ്ക്കാനായി അപകടകരമായ മാർഗങ്ങൾ പരീക്ഷിക്കുന്നവരുണ്ട്. യാതൊരു അടിസ്ഥാനവുമില്ലാത്ത, അശാസ്ത്രീയമായ മാർഗങ്ങളിലൂടെ വണ്ണംകുറയ്ക്കാൻ ശ്രമിക്കുന്നത് ജീവനുതന്നെ ആപത്താകും. അത്തരത്തിൽ മൂന്നുമാസത്തോളം ജ്യൂസ് മാത്രംകുടിച്ച് വണ്ണം കുറയ്ക്കാൻ ശ്രമിച്ച ശക്തീശ്വരൻ എന്ന പതിനേഴുകാരന്റെ മരണവാർത്തയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിലാണ് സംഭവം നടന്നത്.
ആരോഗ്യവാനായിരുന്ന ശക്തീശ്വരന്റെ മരണകാരണം മൂന്നുമാസത്തോളം ജ്യൂസ് മാത്രം കുടിച്ചതാണെന്ന് കുടുംബം ആരോപിച്ചു. യൂട്യൂബിൽ കണ്ട വീഡിയോയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഈ ഡയറ്റിങ് ആരംഭിച്ചത്. ഡയറ്റിൽ കാര്യമായ മാറ്റം വരുത്തുംമുമ്പ് ശക്തീശ്വരൻ ഡോക്ടർമാരേയോ, വിദഗ്ധരേയോ സമീപിച്ചിരുന്നില്ലെന്നും കുടുംബം വ്യക്തമാക്കി. മകൻ ചില മരുന്നുകൾ കഴിച്ചിരുന്നതായും അടുത്തിടെ വ്യായാമം തുടങ്ങിയതായും കുടുംബം പറഞ്ഞു.
കട്ടിയുള്ള ആഹാരങ്ങളെല്ലാം പാടേ ഒഴിവാക്കിയിരുന്ന ശക്തീശ്വരൻ മൂന്നുമാസമായി പഴച്ചാറുകൾ മാത്രമാണ് കഴിച്ചിരുന്നത്. വ്യാഴാഴ്ച ശ്വാസതടസ്സം അനുഭവപ്പെടുന്നുവെന്നു പറഞ്ഞയുടൻ കുഴഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
വ്യാഴാഴ്ച കുടുംബത്തിൽ നടത്തിയ പൂജയുടെ ഭാഗമായി ശക്തീശ്വരൻ കട്ടിയുള്ള ആഹാരം കഴിച്ചിരുന്നെന്നും മൂന്നുമാസത്തിനിടെ ആദ്യമായി അന്നാണ് ജ്യൂസല്ലാതെ മറ്റൊരു ആഹാരം കഴിക്കുന്നതെന്നും അയൽവാസികൾ പറയുന്നു. ഭക്ഷണം കഴിച്ചതിനു പിന്നാലെ ഛർദി ഉൾപ്പെടെയുള്ള ശാരീരികാസ്വാസ്ഥ്യം പ്രകടിപ്പിക്കുകയും പിന്നാലെ ശ്വാസതടസ്സം അനുഭവപ്പെടുകയും കുഴഞ്ഞുവീഴുകയും ആയിരുന്നെന്നും അയൽവാസികൾ പറയുന്നു.
ഇക്കഴിഞ്ഞ മാർച്ചിൽ കണ്ണൂരിൽ നിന്നും സമാനമായ വാർത്ത പുറത്തുവന്നിരുന്നു. പതിനെട്ടുകാരിയായ എം.ശ്രീനന്ദയാണ് യൂട്യൂബ് നോക്കി ഭക്ഷണക്രമീകരണം നടത്തിയതിനേത്തുടർന്നുണ്ടായ ആരോഗ്യപ്രശ്നങ്ങളാൽ ചികിത്സയിൽ കഴിയവേ മരിച്ചത്.
അടുത്തിടെ ചൈനയിലെ ഹുനാൻ പ്രവിശ്യയിൽ നിന്നുള്ള മെയ് എന്ന പതിനാറുകാരിയും കടുത്ത ഡയറ്റിങ് നടത്തി ആരോഗ്യം അപകടാവസ്ഥയിലെത്തിയിരുന്നു. രണ്ടാഴ്ചയോളം ഭക്ഷണം പാടേ കുറയ്ക്കുകയും പച്ചക്കറികൾ മാത്രം കുറഞ്ഞ അളവിൽ കഴിക്കുകയുമായിരുന്നു. ഇതിനൊപ്പം വയറിളക്കുന്നതിനുള്ള മരുന്നും കഴിച്ചുപോന്നു. വൈകാതെ ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ട് ആശുപത്രിയിലെത്തിച്ചപ്പോഴാണ് മെയുടെ ശരീരത്തിൽ പൊട്ടാസ്യത്തിന്റെ നില അപകടകരമായ രീതിയിൽ താഴ്ന്നിരിക്കുകയാണെന്ന് കണ്ടെത്തിയത്. ഹൈപോകലീമിയ എന്ന അവസ്ഥയായിരുന്നു സ്ഥിരീകരിച്ചത്. മതിയായ ചികിത്സ തേടാതിരുന്നാൽ ശ്വാസതടസ്സവും ഹൃദയസ്തംഭനവും വരെ ഉണ്ടായേക്കാം. സന്തുലിതമല്ലാത്ത ഭക്ഷണരീതിയും നിർജലീകരണവുമാണ് പെൺകുട്ടിയുടെ ആരോഗ്യനില വഷളാക്കിയതെന്ന് മെയ് യെ ചികിത്സിച്ച ഡോക്ടർമാരും വ്യക്തമാക്കി. കൃത്യസമയത്ത് ആശുപത്രിയിലെത്തിച്ചതിനാലാണ് അപകടാവസ്ഥയിലെത്തും മുമ്പെ ജീവൻ രക്ഷിക്കാനായത്.
ആരോഗ്യകരമായ ശരീരം കാക്കാൻ ചില ടിപ്സ്
- പുറത്തുനിന്നുള്ള ഭക്ഷണം പരമാവധി ഒഴിവാക്കുക.
- കഴിക്കുന്ന ഭക്ഷണത്തിൽ അടങ്ങിയിരിക്കുന്ന പോഷകങ്ങൾ എന്തൊക്കെയാണെന്ന് അറിഞ്ഞു കഴിക്കുക.
- പച്ചക്കറികളും പഴങ്ങളും ധാരാളം ഉൾപ്പെടുത്തുക.
- ഭക്ഷണം കൃത്യസമയത്ത് കഴിക്കുക. രാവിലെ ഒമ്പത് മണിക്ക് മുൻപ് ബ്രേക്ക്ഫാസ്റ്റും ഒന്നരയ്ക്ക് മുൻപ് ഉച്ചഭക്ഷണവും രാത്രി എട്ടരയ്ക്ക് മുൻപ് ഡിന്നറും കഴിക്കാൻ ശ്രമിക്കുക.
- ഉറങ്ങുന്നതിന് രണ്ട് മണിക്കൂർ മുൻപെങ്കിലും ഭക്ഷണം അവസാനിപ്പിക്കുക.
- വ്യയാമം, ഉറക്കം, വെള്ളംകുടി എന്നിവ കൂടി ശരിയായ നിലയിൽ കൊണ്ടുപോകണം. എങ്കിലേ വണ്ണം കുറയ്ക്കൽ വിജയകരമാകൂ.
- ഒരു ദിവസം 8-12 ഗ്ലാസ് വെള്ളം കുടിക്കണം.
- വറുത്ത പലഹാരങ്ങൾക്ക് പകരം പഴമോ നട്സുകളോ സ്നാക്ക് ആയി കഴിക്കുന്നത് ശീലമാക്കുക.
- പഞ്ചസാരയുടെ അളവ് കുറയ്ക്കാം.
- ഭക്ഷണം സാവധാനം നന്നായി ചവച്ചരച്ച് കഴിക്കണം. അത് അമിതമായി ഭക്ഷണം കഴിക്കുന്നതിനെ തടയുകയും ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യും.
- ടിവിയോ മൊബൈലോ കണ്ട് ഭക്ഷണം കഴിക്കുന്ന ശീലവും ഒഴിവാക്കണം.
Content Highlights: A 17-year-old boy in Tamil Nadu died after following a juice-only diet for three months
Published: 27 Jul 2025, 11:15 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented